കണ്ണൂർ:ബൈക്കിൽ കടത്തുകയായിരുന്ന ഒരുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊളച്ചേരി പന്ന്യങ്കണ്ടി പീത്തിയിൽ ഹൗസിൽ പി.വി റംഷാദാണ്(25) പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ടൌൺ എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് റംഷാദ് പിടിയിലായത്. കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവക്കാരനായ റംഷാദിനെ തിങ്കളാഴ്ച രാത്രി ഒൻപതരയോടെ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്ര പരിസരത്തുവെച്ചാണ് പിടികൂടിയത്.കഞ്ചാവ് ചെറിയ പായ്‌ക്കറ്റുകളിലാക്കി ബൈക്കിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു. മംഗലാപുരത്തുനിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് കണ്ണൂരിലെത്തിക്കുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ വില്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. സ്കൂൾ തുറക്കുന്നതോടെ കഞ്ചാവ് വിൽപ്പന സജീവമാകുമെന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.
കേരളത്തിലും ഗൾഫിലും റംസാൻ വ്രതാരംഭം വ്യാഴാഴ്ച
കോഴിക്കോട്:കേരളത്തിലും ഗൾഫിലും റംസാൻ വ്രതാരംഭം വ്യാഴാഴ്ച.മാസപ്പിറവി കാണാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റംസാൻ വ്രതം ആരംഭിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ,സമസ്ത ജനറൽ സെക്രെട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാർ,കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ,സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ,കെ.വി ഇമ്പിച്ചമ്മദ് ഹാജി,ഹിലാൽ കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് മദനി എന്നിവർ അറിയിച്ചു. യുഎഇ,സൗദി,ഖത്തർ,ഒമാൻ, കുവൈറ്റ്,ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലും വ്യാഴാഴ്ച റംസാൻ വ്രതം ആരംഭിക്കും.
ഉത്തർപ്രദേശിലെ വാരാണസിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു വീണ് 19 പേർ മരിച്ചു
വാരാണസി:ഉത്തർപ്രദേശിലെ വാരണാസിയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു വീണ് 19 പേർ മരിച്ചു.അപകടത്തിൽ പാലത്തിനടിയിൽ കുടുങ്ങിയവരെ പൂർണ്ണമായും പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല.അതുകൊണ്ടു തന്നെ മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യത.വാരാണസിയിലെ കാണ്ഡിലായിരുന്നു സംഭവം. പാലത്തിന്‍റെ രണ്ടു തൂണുകളാണ് തകർന്നു വീണത്. നാലു കാറുകളും ഓട്ടോറിക്ഷയും മിനിബസും കോൺക്രീറ്റ് തൂണിനടിയിൽപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.പാലത്തിന്‍റെ പണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടവരിലേറെയും. തകർന്നു വീഴുന്ന സമയത്ത് 50 തൊഴിലാളികളെങ്കിലും ഈ പരിസരത്തുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സംഭവസ്ഥലത്തെത്തി.സംസ്ഥാന ബ്രിഡ്ജ് കോർപറേഷനാണ് പാലത്തിന്‍റെ നിർമാണ ചുമതല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
കർണാടകയിൽ അനിശ്ചിതത്വം തുടരുന്നു; കരുനീക്കങ്ങളുമായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ
ബെംഗളൂരു:കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു.ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയും കോൺഗ്രസ്-ജെഡിഎസ് നേതാക്കളും മന്ത്രിസഭാ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവർണറെ കണ്ടു.രണ്ടു ദിവസത്തെ സാവകാശമാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.ജെഡിഎസുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്.സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സർക്കാർ രൂപീകരണത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം അറിയിച്ചു. എച് ഡി ദേവഗൗഡയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കും എന്ന് ദേവഗൗഡയെ കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം.ഇത്രയും സീറ്റുകൾ ബിജെപിക്ക് കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് കോൺഗ്രസ് ജെഡിഎസുമായി ചേർന്ന് സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചത്.കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഗവർണ്ണർ വാജുഭായ് വാലയുടെ തീരുമാനം നിർണായകമാണ്.മോദിക്ക് നിയമസഭയിലെത്താൻ തന്റെ മണ്ഡലം ഒഴിഞ്ഞു കൊടുത്തയാളാണ് വാജുഭായ് വാല.മോദിയുടെ വിശ്വസ്തനായ ഗവർണ്ണർ സ്വീകരിക്കുന്ന നിലപാടിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.
കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം; കുമാരസ്വാമി മുഖ്യമന്ത്രിയായേക്കും
ബെംഗളൂരു:കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് തടയുന്നതിന് വേണ്ടി കോണ്‍ഗ്രസ് ജനതാദള്‍ എസുമായി സഖ്യത്തിന്.ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ 39 സീറ്റുള്ള ജനതാദള്‍ എസിനെ കൂട്ടുപിടിച്ച് ഭരണം നേടിയെടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജെ.ഡി.എസ് അദ്ധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയെ അറിയിച്ചു. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് ആയിരിക്കും.ഇന്ന് വൈകിട്ട് തന്നെ കോണ്‍ഗ്രസ് ജെ.ഡി.എസുമൊത്ത് ഗവര്‍ണര്‍ വജുഭായ് വാലയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കും. അതേസമയം, ഗുജറാത്തിലെ മുന്‍ സ്‌പീക്കറും മുന്‍ മന്ത്രിയുമായ വജുഭായ് വാല ഏത് കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്നതാണ് നിര്‍ണായകം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സാധാരണ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് പതിവ്. ഇവിടെ ഗവർണ്ണർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുന്നതിനെ ചെറുക്കാന്‍ ബി.ജെ.പിയും രംഗത്തുണ്ട്. ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.
കർണാടകയിലും താമര വിരിഞ്ഞു;കോൺഗ്രസിന് തകർച്ച
ബെംഗളൂരു:കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലയിൽ കേവലഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി.നിലവിൽ ബിജെപി 109 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.കോൺഗ്രസ് 70 സീറ്റുകളിലും ലീഡ് ചെയ്യുന്നു.ജെഡിഎസ് 39 സീറ്റുകളിലും മറ്റുള്ളവർ 3 സീറ്റുകളിലും ലീഡ് ചെയ്യുന്നു.ശിക്കാരിപുര മണ്ഡലത്തിൽ നിന്നും ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി യെദ്യൂരപ്പ വിജയിച്ചു.അത്സമയം മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിൽ മണ്ഡലത്തിൽ തോറ്റു.12000 വോട്ടുകൾക്കാണ് തോൽവി.ജെഡിഎസ് സ്ഥാനാർഥി ജി.ടി. ദേവഗൗഡയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ കോൺഗ്രെസ്സിനായിരുന്നു ലീഡ്.എന്നാൽ പിന്നീട് ലീഡ് നില മാറിമറിയുകയായിരുന്നു.
ശിക്കാരിപുരയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി യെദ്യൂരപ്പ വിജയിച്ചു
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദ്യൂരപ്പ വിജയിച്ചു. ശിക്കാരിപുരയിൽ 9,857 വോട്ടുകൾക്കാണ് യെദ്യൂരപ്പയുടെ വിജയം. കോൺഗ്രസ് സ്ഥാനാർഥി ജെ.ബി. മലതേഷിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കർണാടകയിൽ ബിജെപി കേവല ഭൂരിപക്ഷത്തിന്‍റെ ലീഡ് കടന്നിരിക്കുകയാണ്. 119 സീറ്റിലാണ് ബിജെപി ലീഡ് നേടിയിരിക്കുന്നത്.എന്നാൽ കോൺഗ്രസ് 57 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ജെഡി-എസ് 44 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്;ബിജെപിക്ക് കേവലഭൂരിപക്ഷത്തിന്റെ ലീഡ്
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന്‍റെ ലീഡ്. വോട്ടെടുപ്പ് നടന്ന 222 മണ്ഡലങ്ങളിൽ 113 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. എന്നാൽ ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കോൺഗ്രസ് 68 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇതോടെ ജെഡിഎസ് കർണാടകയിൽ നിർണായക ശക്തിയായി മാറിയിരിക്കുകയാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദ്യൂരപ്പ ശിക്കാരിപുരയിൽ 3,420 വോട്ടിന്‍റെ ഭൂരിപക്ഷം നേടി കഴിഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച ചാമുണ്ഡേശ്വരിയിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. എന്നാൽ ബദാമിയിൽ 160 വോട്ടുകൾക്ക് സിദ്ധരാമയ്യ ലീഡ് ചെയ്യുകയാണ്.
പയ്യന്നൂരിൽ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ പിടിയിൽ
കണ്ണൂർ:പയ്യന്നൂരിൽ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ പിടിയിൽ. ബേബിരാജ് എന്നയാളാണ് പിടിയിലായത്.കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം.കുടുംബത്തോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴുവയസ്സുകാരിയെ തട്ടിക്കോണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.കുട്ടി ബഹളംവെച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി രക്ഷപ്പെടുത്തുകയായിരുന്നു.പീഡനശ്രമം ആയിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അതേസമയം കേസ് ഒത്തുതീർപ്പാക്കാൻ യുവാവിന്റെ അഭിഭാഷകൻ ശ്രമിച്ചതായി കുട്ടിയുടെ കുടുംബം ആരോപിച്ചു. പയ്യന്നൂർ സ്റ്റേഡിയത്തിലെ തുറസ്സായ സ്ഥലത്താണ് നാടോടി കുടുംബത്തിന്റെ താമസം.ഇവരുടെ കൂടെയുള്ള രണ്ടു പെൺകുട്ടികളെ അധികൃതർ കണ്ണൂരിലെ നിർഭയ ഹോമിലേക്ക് മാറ്റി.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്;ലീഡ് നില മാറി മറിയുന്നു;കോൺഗ്രസ്-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം
ബംഗളൂരു:രാജ്യം ആകാംഷയോടെ ഉറ്റുനോക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി.പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണിയത്.ആദ്യ ഫലസൂചനകൾ അനുസരിച്ച് കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.ഓരോ മിനിട്ടിലും ലീഡ് നില മാറിമറിയുകയാണ്.ബിജെപിയും കോൺഗ്രസ്സും തമ്മിൽ ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് നടക്കുന്നത്.വോട്ടെണ്ണലിന്റെ തുടക്കത്തിൽ കോൺഗ്രസ് ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ബിജെപി മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.തൊട്ടു പുറകിൽ കോൺഗ്രസ്സുമുണ്ട്. 222 മണ്ഡലങ്ങളിലെക്കാന് വോട്ടെടുപ്പ് നടന്നത്.ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്.വ്യക്തമായ ഒരു ഭൂരിപക്ഷം പ്രവചിക്കാന്‍ അഭിപ്രായ സര്‍വേകള്‍ക്കോ എക്സിറ്റ് പോളുകള്‍ക്കോ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പം എത്തിയേക്കുമെന്നും ജെ ഡി എസ് നിര്‍ണായക ശക്തിയായേക്കും എന്നുമാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് ബിജെപി 100 സീറ്റുകളിലും കോൺഗ്രസ് 77 സീറ്റുകളിലും ജെഡിഎസ് 40 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്.രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്.11 മണിയോടെ വ്യക്തമായ സൂചനകള്‍ ലഭ്യമാകും.