കൊട്ടിയൂർ ഉത്സവം;കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും

keralanews kottiyoor festival ksrtc will start more services

കണ്ണൂർ:കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി ജില്ലയിൽ കൂടുതൽ സർവീസ് നടത്തും.ഈ മാസം 27 മുതൽ ഉത്സവം അവസാനിക്കുന്ന ജൂൺ 22 വരെയാണ് സർവീസ് ഉണ്ടാകുക.ഇതിനോടനുബന്ധിച്ച് കെഎസ്ആർടിസി തലശ്ശേരി ഡിപ്പോയ്ക്ക് 20 ബസ്സുകൾ അനുവദിച്ചു.തെക്കൻ കേരളത്തിൽ നിന്നെത്തുന്ന കൊട്ടിയൂർ തീർത്ഥാടകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന നഗരമെന്ന നിലയിലാണ് തലശേരിയിൽ നിന്നും പ്രത്യേക സർവീസുകൾ നടത്തുന്നത്.മലപ്പുറത്ത് നിന്നും അഞ്ചും ബത്തേരിയിൽ നിന്നും മൂന്നും ബസ്സുകൾ കൊട്ടിയൂരിലേക്ക് സർവീസ് നടത്തും.കൂടാതെ ഉത്സവത്തിന്റെ പ്രധാനപ്പെട്ട ദിവസങ്ങളിൽ കണ്ണൂർ,കാഞ്ഞങ്ങാട്,പയ്യന്നൂർ,കാസർകോഡ് ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി അധിക സർവീസുകളും നടത്തും.ടയർ ക്ഷാമവും മറ്റുപല കാരണങ്ങളാലും നിരവധി കെഎസ്ആർടിസി ബസ്സുകളാണ് കട്ടപ്പുറത്തിരിക്കുന്നത്.അതിനാൽ കൊട്ടിയൂർ സർവീസുകൾക്ക് വരുമാനം കുറഞ്ഞ റൂട്ടുകളിലെ  ബസ്സുകൾ ഉപയോഗിക്കാനാണ് തീരുമാനം.

പുതിയ തൊഴിൽ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി

keralanews the cabinet has approved a new labor policy

തിരുവനന്തപുരം:തൊഴിൽമേഖലയിലെ അനാരോഗ്യ പ്രവണതകൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനായി പുതിയ തൊഴിൽ നയത്തിന് മന്ത്രിസഭായോഗം അനുമതി നൽകി.പുതിയ തൊഴിൽ നയം നിലവിൽ വരുന്നതോടെ തൊഴിൽമേഖലയിൽ എല്ലാ അനാരോഗ്യ പ്രവണതകളും അവസാനിക്കുമെന്ന് തൊഴിൽമന്ത്രി ടി.പി രാമകൃഷ്ണൻ അറിയിച്ചു. ചെയ്യാത്ത ജോലിക്ക് കൂലിവാങ്ങിയാൽ കർശന നടപടികൾ സ്വീകരിക്കും.ഗാർഹിക തൊഴിലാളികളുടെ ജോലിക്കും സംരക്ഷണത്തിനുമായി പ്രത്യേക ലേബർ ബാങ്ക് രൂപീകരിക്കും. തൊഴിൽ തർക്കങ്ങൾ ഒഴിവാക്കുന്നതിനായി തൊഴിലാളി-തൊഴിലുടമ ബന്ധം ഉറപ്പാക്കും. കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ തൊഴിൽ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഇടപെടും. സ്ത്രീ തൊഴിലാളികൾക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും സുരക്ഷയും ഉറപ്പാക്കും.സ്കൂൾ പാചക തൊഴിലാളികൾക്ക് ജോലിസ്ഥിരതയും കുറഞ്ഞ കൂലിയും ഉറപ്പാക്കും.ഇതരസംസ്ഥാന തൊഴിലാളികൾക്കും ജോലിസ്ഥിരതയും കുറഞ്ഞ കൂലിയും ഉറപ്പാക്കും.ഒരു തൊഴിലാളിയെങ്കിലും ഉള്ള സ്ഥാപങ്ങളിൽ നാല് ദേശീയ അവധികൾ ബാധകമാകും.ഇവർക്ക് പൊതുതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് അവധിയും നൽകണം. തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ ഇരിപ്പിടം ഉറപ്പാക്കുകയും ചെയ്യും.എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ സർക്കാർ,അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ കണക്കെടുക്കാനും തീരുമാനിച്ചു.നഴ്സുമാരുടെ ശമ്പള വർധനവിൽ നിന്നും പിന്നോട്ടില്ലെന്നും പുതുക്കിയ ശമ്പളം നല്കാൻ മാനേജ്മെന്റുകൾ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അവസാന തീയതി ഈ മാസം 30 വരെ നീട്ടി

keralanews the last date for plus one single window entry was extended till may 30th

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അവസാന തീയതി ഈ മാസം 30 വരെ നീട്ടി. ഈ മാസം 18 വരെയായിരുന്നു നിലവിൽ അപേക്ഷിക്കാൻ അവസരം നല്കിയിരുന്നത്. എന്നാൽ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപനം അനിശ്ചിതമായി വൈകുന്ന പശ്ചാത്തലത്തിലാണ് പ്ലസ് വൺ അപേക്ഷാ സമർപ്പണത്തിനുള്ള തീയതി ഈ മാസം 30 വരെ നീട്ടാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

കർണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

keralanews bs yeddyurappa took oath as karnataka chief ministe

ബെംഗളൂരു:കർണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു.രാജ്ഭവനിൽ ഗവർണർ വാജുഭായ് വാല അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.15 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ യെദിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാലഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുകയായിരുന്നു.ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് അര്‍ധരാത്രിയോടെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ചെയ്യാനാവില്ലെന്നായിരുന്നു പരമോന്നത കോടതിയുടെ വിധി. രാത്രിതന്നെ കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വിയാണ് സുപ്രീംകോടതിയിലെത്തിയത്. 105 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പിയും 117 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് -ജെ.ഡി (എസ്) സഖ്യവും ബുധനാഴ്ച ഗവര്‍ണറെ കണ്ട് അവകാശവാദമുന്നയിച്ചു. എന്നാല്‍, നിയമവശം ആലോചിച്ചശേഷം മറുപടി നല്‍കാമെന്ന് അറിയിച്ച ഗവര്‍ണര്‍ രാത്രിയോടെ ബി.ജെ.പിയെ ക്ഷണിക്കുകയായിരുന്നു. യെദിയൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഉൾപ്പെടെ ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. വലിയ ആഘോഷങ്ങളില്ലാതെ ലളിതമായ ചടങ്ങുകളാണ് രാജ്ഭവനില്‍ നടന്നത്. കോണ്‍ഗ്രസ്, ജെഡി-എസ് പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിനേത്തുടർന്ന് സത്യപ്രതിജ്ഞ നടക്കുന്ന രാജ്ഭവനു മുന്നിലും സംസ്ഥാന തലസ്ഥാനത്തും വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിക്കൂർ പിന്നിട്ട മാരത്തോണ്‍ വാദത്തിനു ശേഷമാണ് ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയാനാവില്ലെന്ന് പരമോന്നത കോടതി വാക്കാൽ പരാമർശിച്ചത്. എന്നാൽ വിഷയത്തിൽ വീണ്ടും വാദം കേൾക്കുമെന്ന് ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൂടാതെ, ഹർജിയിൽ യെദിയൂരപ്പയെ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചു.

എയർപോർട്ട് അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ നാലംഗസംഘം കൊച്ചിയിൽ പിടിയിൽ

keralanews the four member team was arrested in cochin for offering employment in the airport authority

കൊച്ചി:എയർപോർട്ട് അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ നാലംഗസംഘം കൊച്ചിയിൽ പിടിയിൽ.എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഒറിജിനല്‍ ലെറ്റര്‍ ഹെഡിനെ വെല്ലുന്ന ലെറ്റർ ഹെഡിൽ ഇന്റർവ്യൂവിനു എത്തിയവർക്കെല്ലാം ഓഫർ ലെറ്റർ നൽകിയ ശേഷം അഡ്വാന്‍സ് തുകയും വാങ്ങി മുങ്ങുന്നതിനിടെയാണ് സംഘം പിടിയിലാവുന്നത്.ഇന്റർവ്യൂവിന് എത്തിയ ഒരു ഉദ്യോഗാർത്ഥിക്ക് സംശയം തോന്നി ഇക്കാര്യം എയര്‍പോര്‍ട്ട് അഥോറിറ്റിയുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമാകുന്നത്. തുടര്‍ന്ന് വിവരമറിഞ്ഞ പൊലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ തട്ടിപ്പുസംഘം പൊലീസ് വലയിലാവുകയായിരുന്നു. എറണാകുളം എ.സി.പി ലാല്‍ജിയുടേയും മുളവുകാട് എസ്‌ഐ ശ്യാംകുമാറിന്റെയും നിര്‍ണ്ണായകമായ ഇടപെടല്‍ മൂലം വന്‍ തട്ടിപ്പാണ് തടയാനായത്.  വാട്ട്‌സാപ്പ് വഴിയും എസ്.എം.എസ് വഴിയുമാണ് കൊച്ചി എയര്‍പ്പോര്‍ട്ട് അതോറിറ്റിയിൽ ജോലി ഒഴിവുണ്ടെന്ന് തട്ടിപ്പ് സംഘം പ്രചരിപ്പിച്ചത്. വിശ്വാസ്യത ഉറപ്പിക്കാന്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഹോട്ടല്‍ ഹയാത്തില്‍ ആണ് ഇന്റര്‍വ്യൂ എന്നു കൂടി പറഞ്ഞതോടെ മിക്കവരും ഇത് ശരിയാണെന്ന് വിശ്വസിച്ചു. എയര്‍പ്പോര്‍ട്ട് അതോറിറ്റി  ബോര്‍ഡംഗങ്ങളാണ് എന്നാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ സ്വയം പരിചയപ്പെടുത്തിയത്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ് ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവിനായി എത്തിയത്. ഇന്റര്‍വ്യൂവിനായി എത്തുന്നവര്‍ അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ എത്തുവാനാണ് സംഘം നിര്‍ദ്ദേശിച്ചത്. അവിടെ നിന്നും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാര്‍ വന്ന് ഇവരെ കൂട്ടിക്കൊണ്ടു പോകുമെന്നാണ് പറഞ്ഞിരുന്നത്. ഇതിന്‍ പ്രകാരം സ്റ്റേഷനിലെത്തിയ ഉദ്യോഗാര്‍ത്ഥികളെ കൊച്ചിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബോര്‍ഡ് വച്ച കാര്‍ എത്തി ബൊള്‍ഗാട്ടിയിലെ ഹോട്ടലിലേക്ക് കൊണ്ടു പോകുകയായിരുന്നു.പണം കൊണ്ടു വന്നിട്ടുണ്ടോ എന്നായിരുന്നു ഇന്റര്‍വ്യൂവിന് എത്തിയവരോട് ആദ്യം ചോദിച്ചത്. കൊണ്ടുവന്നവര്‍ മാത്രം ഇന്റർവ്യൂവിൽ പങ്കെടുത്താൽ മതി എന്നും അറിയിച്ചും.പിന്നീട് ഇന്റര്‍വ്യൂ നടത്തിയ ശേഷം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലെറ്റര്‍ ഹെഡ്ഡില്‍ ഓഫര്‍ ലെറ്റര്‍ നൽകുകയും എല്ലാവരുടെയും കൈയില്‍ നിന്നും അഡ്വാന്‍സ് തുക കൈപ്പറ്റുകയും ചെയ്തു.ബാക്കി തുക അപ്പോയ്‌മെന്റ് ലെറ്റര്‍ കിട്ടുമ്ബോള്‍ തരണമെന്നും പറഞ്ഞാണ് ഇവരെ അയക്കുന്നത്.ഇതിൽ സംശയം തോന്നിയ ആലുവ സ്വദേശിയായ ഉദ്യോഗാര്ഥി എയർപോർട്ട് അതോറിറ്റിയുടെ നമ്പറിൽ ബന്ധപ്പെട്ട അവർ ഇന്റർവ്യൂ സംഘടിപ്പിച്ചിട്ടുണ്ടോ എന്ന അന്വേഷിച്ചു.തുടര്‍ന്ന് ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ എയർപോർട്ട് അതോറിറ്റി ജീവനക്കാരാണ് ഇക്കാര്യം പൊലീസില്‍ അറിയിക്കുന്നത്.ചെന്നൈയില്‍ താമസിച്ചുവരുന്ന മലപ്പുറം തിരൂര്‍ സ്വദേശി ശ്രീജിത്ത് നമ്ബ്യാര്‍ ആയിരുന്നു ഈ വ്യാജ ഇന്റര്‍വ്യൂവിന്റെ സൂത്രധാരന്‍. എം ബി എ ബിരുദധാരിയാണെന്നാണ് ശ്രീജിത്ത് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. കൂടെയുണ്ടായിരുന്ന മറ്റ് മൂന്നുപേരും പലപ്പോഴായി ചെന്നൈ നഗരത്തില്‍ വച്ച്‌ ഇയാള്‍ പരിചയപ്പെട്ട ടാക്സി കാര്‍ഡ്രൈവര്‍മാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഇടപാടുകളെ പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പൊലീസ്.

ലോകകപ്പിനുള്ള സാധ്യത ടീമുകളെ പ്രഖ്യാപിച്ചു

keralanews world cup foot ball team has been announced

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫിലേക്ക് ഇനി 29 ദിനങ്ങള്‍ മാത്രം.ഫുട്‌ബോള്‍ ലോകത്തിന്റെ സ്വര്‍ണകപ്പ് നേടാനുള്ള അവസാന പടയൊരുക്കത്തിലാണ് താരങ്ങള്‍. ലോകകപ്പ് സാധ്യതയിൽ മുൻപന്തിയിലുള്ള ജർമനി, ബ്രസീൽ, അർജന്‍റീന, പോർച്ചുഗൽ, ക്രൊയേഷ്യ, കൊളംബിയ തുടങ്ങിയവ അടക്കം 20 ടീമുകൾ റഷ്യയിലേക്കുള്ള സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചു. സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, ബെൽജിയം തുടങ്ങിയ വൻശക്തികൾ ഉൾപ്പെടെ 12 ടീമുകളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.അന്തിമടീമിനെ പ്രഖ്യാപിക്കേണ്ടത് അടുത്തമാസം നാലിനാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ 35 അംഗ സാധ്യതാ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രസീൽ ലോകകപ്പിനിറങ്ങിയ 11 പേരെ പരിശീലകൻ ഫെർണാണ്ടോ സാന്തോസ് നിലനിർത്തിയിട്ടുണ്ട്. ഫെഡറേഷൻസ് കപ്പിൽ കളിച്ച 19 പേരും ഇടംകണ്ടെത്തിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാപോരില്‍ പ്രതിരോധത്തിന്റെ കരുത്തായിരുന്ന ഡാനി ആല്‍വേസ് ഇല്ലാതെയാണ് പരിശീലകന്‍ ടിറ്റെ ബ്രസീല്‍ സാധ്യതാസംഘത്തെ പ്രഖ്യാപിച്ചത്. 23 അംഗ ടീമില്‍ പകരക്കാരനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡാനിലോ കയറി. പരിക്കില്‍നിന്ന് മുക്തനായി പരിശീലനം തുടങ്ങിയ നെയ്മറെ ടിറ്റെ ടീമില്‍ എടുത്തിട്ടുണ്ട്. ഷാക്തര്‍ ഡൊണെത്സ്‌കിന്റെ മുന്നേറ്റക്കാരായ ഫ്രെഡും ടൈസണും അപ്രതീക്ഷിതമായി ടീമില്‍ ഇടംപിടിച്ചു.നിലവിലെ ലോകചാമ്പ്യാന്മാരായ  ജർമനി 27 അംഗ സാധ്യതാ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2022വരെ പരിശീലകനായി തുടരാനുള്ള കരാർ ഒപ്പിട്ട ജോകിം ലോയുടെ സംഘത്തിൽ 2014 ലോകകപ്പ് ഫൈനലിൽ അർജന്‍റീനയെ കണ്ണീരിലാഴ്ത്തി ജർമനിക്ക് കപ്പ് സമ്മാനിച്ച ഗോൾ നേടിയ മാരിയോ ഗോറ്റെസ് ഇല്ല. അതേസമയം, കഴിഞ്ഞ സെപ്റ്റംബർ മുതൽ പരിക്കേറ്റു പുറത്തായിരുന്ന ഗോളി മാനുവൽ നോയറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുപ്പത്തഞ്ച് അംഗ സാധ്യതാ ടീമിനെയാണ് അർജന്‍റൈൻ പരിശീലകൻ ഹൊർഹെ സാംപോളി പ്രഖ്യാപിച്ചത്.പരിക്കേറ്റ് വിശ്രമത്തിലുള്ള സെർജ്യോ അഗ്യേറോ, പൗലോ ഡൈബാല, മൗറോ ഇക്കാർഡി എന്നിവരെ മുന്നേറ്റനിര സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഡിയേഗോ പെറോട്ടി, ലൗതാറോ മാർട്ടിനസ്, ഗോണ്‍സാലോ ഹിഗ്വിൻ, ലയണൽ മെസി എന്നിവരാണ് മുന്നേറ്റ നിരയിലുള്ള മറ്റംഗങ്ങൾ. 13 മധ്യനിരക്കാർ, 11 പ്രതിരോധക്കാർ, നാല് ഗോൾകീപ്പർമാർ എന്നിങ്ങനെയാണ് സംപോളിയുടെ പ്രാഥമിക സംഘത്തിലുള്ളത്.

അടുത്ത 48 മണിക്കൂറിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

keralanews there is a chance of heavy rain and storm in kerala and lakshadweep in 48 hours

തിരുവനന്തപുരം:അടുത്ത 48 മണിക്കൂറിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഡെൽഹിയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാല് ദിവസം ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കാലവർഷത്തിന്  തൊട്ടുമുൻപായി മഴയുണ്ടാകാറുണ്ടെങ്കിലും ഇത്തവണ മഴയ്ക്ക് ശക്തി കൂടുതലാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി

keralanews it is not illegal to drive while talking through mobile phone

കൊച്ചി: മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി. കാക്കനാട് സ്വദേശി എം.ജെ. സന്തോഷ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പോലീസ് ആക്ടിൽ ഇല്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.നിലവിൽ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കാറുള്ളത്. അറിഞ്ഞുകൊണ്ട് ഒരാൾ പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നത് കുറ്റകരമാണെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്. ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്ന ഒരാളെ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാൻ കഴിയില്ലെന്നും കേസെടുക്കാൻ സാധിക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ സസ്‌പെൻഷൻ പിൻവലിച്ചു

keralanews the suspension of youth congress leader rijil makkutti has been withdrawn

കണ്ണൂർ:കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ സസ്‌പെൻഷൻ പിൻവലിച്ചു.കശാപ്പ് നിയന്ത്രണ നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ പരസ്യമായി കന്നുകുട്ടിയെ അറുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് ദേശീയ നേതൃത്വം റിജിൽ മാക്കുറ്റിയെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ പിൻവലിച്ചതോടെ യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് റിജിൽ വീണ്ടുമെത്തും.ഇതേ വിഷയവുമായി ബന്ധപ്പെട്ട് റിജിൽ മക്കുട്ടിയോടൊപ്പം സസ്പെൻഷനിലായിരുന്ന ലോക്സഭാ മണ്ഡലം സെക്രെട്ടറി ജസ്റ്റിസൻ ചാണ്ടിക്കൊല്ലി,അഴീക്കോട് നിയോജകമണ്ഡലം പ്രസിഡന്റ് ഷറഫുദ്ധീൻ കാട്ടാമ്പള്ളി എന്നിവരുടെ സസ്‌പെൻഷനും പിൻവലിച്ചിട്ടുണ്ട്. റിജിൽ സസ്പെൻഷനിലായതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രെട്ടറി ജോഷി കണ്ടത്തിലിനായിരുന്നു ചുമതല.

മാഹിയിലെ ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെ കൊലപാതകം;രണ്ടു സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ

keralanews two cpm workers under custody in rss worker shamej murder case

കണ്ണൂർ:ന്യൂ മാഹിയിൽ ആർഎസ്എസ് പ്രവർത്തകൻ ഷമേജ് കൊല്ലപ്പെട്ട കേസിൽ രണ്ട് സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ.ബെംഗളൂരുവിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് ഉറപ്പില്ലെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.കൊലപാതകം സംബന്ധിച്ച സൂചന കസ്റ്റഡിയിലായവരിൽ നിന്നും പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്.കൊലപാതകത്തിന് ശേഷം ബംഗളൂരുവിലേക്ക് കടന്ന ഇവരെ കർണാടക പോലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്.കേസുമായി ബന്ധപ്പെട്ട ഇതിനോടകം 36 പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.രാഷ്ട്രീയ വൈരാഗ്യം മൂലം ആറ് സിപിഎം പ്രവർത്തകർ ചേർന്ന് ഷമേജിനെ കൊലപ്പെടുത്തി എന്നതാണ് കേസ്.തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.