ബെംഗളൂരു:കർണാടക നിയമസഭയിൽ നാളെ വൈകുന്നേരം നാലുമണിക്ക് മുൻപായി ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപിയോട് സുപ്രീം കോടതി. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞയും ഗവർണറുടെ നിലപാടും ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ, എസ്.എ.ബോബ്ഡെ എന്നിവരുൾപ്പെട്ട ബെഞ്ചാണ് രാജ്യം ശ്രദ്ധിച്ച വിധി പ്രസ്താവിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.15 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കുന്നതിന് വേണ്ടി യെദ്യൂരപ്പയ്ക്ക് അനുവദിച്ച് നല്‍കിയത്. എന്നാല്‍ ഇത്രയും സമയം നല്‍കേണ്ട ആവശ്യം എന്തായിരുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു. നാളെത്തന്നെ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താമോ എന്ന ചോദ്യവും കോടതി ചോദിച്ചു.ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം പരമാവധി നീട്ടിയെടുക്കാനുള്ള ബിജെപി അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയുടെ ശ്രമം ഒന്നും കോടതിയിൽ വിലപ്പോയില്ല.ഭൂരിപക്ഷം ശനിയാഴ്ച തെളിയിക്കാൻ കഴിയുമോ എന്ന് കോടതി ആദ്യം ചോദിച്ചപ്പോൾ എതിർക്കാതിരുന്ന ബിജെപി, ഒടുവിൽ തിങ്കളാഴ്ച വരെയെങ്കിലും സമയം നൽകണമെന്ന് അപേക്ഷിച്ചു. എന്നാൽ കോടതി ഇക്കാര്യവും പരിഗണിച്ചില്ല. വിശ്വാസ വോട്ടെടുപ്പ് നീട്ടിവെയ്ക്കാന്‍ സാധിക്കില്ലെന്നും നാളെ വൈകിട്ട് തന്നെ യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാന്‍ 8 എംഎല്‍എമാരുടെ കുറവാണ് ബിജെപിക്കുള്ളത്.
ഇരിട്ടി പാലത്തിൽ കണ്ടയ്‌നർ ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു
ഇരിട്ടി:ഭാരനിയന്ത്രണ നിർദേശം ലംഘിച്ച് ഇരിട്ടി പാലത്തിൽ കയറിയ കണ്ടെയ്‌നർ ലോറി പാലത്തിൽ കുടുങ്ങി.ഇതേത്തുടർന്ന് തലശേരി-കുടക് സംസ്ഥാനാന്തര പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം.. ടൗണിൽനിന്നു പാലത്തിൽ കയറുന്ന കവാട ഭാഗത്തു തന്നെ പാലത്തിന്റെ മേൽക്കൂടിന്‍റെ ഭാഗമായുള്ള ഇരുമ്പു ഗർഡറുകളിൽ കണ്ടെയ്‌നറിന്‍റെ മുകൾഭാഗം കുടുങ്ങി.അങ്ങോട്ടും ഇങ്ങോട്ടും മാറ്റാനാവാത്ത അവസ്ഥയിലായിരുന്നു ലോറി.തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ലോറിയുടെ ടയറിന്‍റെ കാറ്റുകൾ അഴിച്ചുവിട്ട് ഉയരവിതാനം ക്രമീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് മേൽക്കൂടിന്‍റെ ഒരുഭാഗം മുറിച്ചുനീക്കി.ലോറി പിന്നോട്ടെടുത്തപ്പോൾ വീണ്ടും മേൽക്കൂടിന്‍റെ ഇരുമ്പ് ഗർഡറുകൾ ഉരഞ്ഞുപൊട്ടുകയും വലിയ ശബ്ദമുണ്ടാകുകയും ചെയ്തു. പാലം കുലുങ്ങുകയും ചെയ്തതോടെ കുറച്ചുനേരം ഭീതി പരത്തി. കാലപ്പഴക്കത്താൽ തകർച്ച നേരിടുന്ന ഇരിട്ടി പാലത്തിൽ 12 ടണ്ണിലധികം ഭാരമുള്ള വാഹനം കടന്നുപോകരുതെന്നാണ് ഉത്തരവുള്ളത്. ഇതുറപ്പാക്കാൻ ഇരുവശത്തും ഹോം ഗാർഡിനെയും നിയോഗിച്ചിരുന്നു. പുതിയ പാലത്തിന്‍റെ നിർമാണം ആരംഭിച്ചതോടെ പഴയ പാലത്തിലൂടെ ഒരു നിയന്ത്രണവുമില്ലാതെയായിരുന്നു ഗതാഗതം. അഞ്ചു ദിവസം മുന്പും സമാനമായ രീതിയിൽ പാലത്തിൽ ലോറി കുടുങ്ങിയിരുന്നു. അന്നും മേൽക്കൂട് മുറിച്ചുമാറ്റുകയായിരുന്നു.
മുഴപ്പിലങ്ങാട് എസ്‌ഡിപിഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമം
മുഴപ്പിലങ്ങാട്:എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമം.എസ്.ഡി.പി.ഐ. മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അർഷാദ് മഠത്തിന് നേരെയാണ് ഇന്നലെ ഉച്ചയോടെ വധശ്രമം ഉണ്ടായത്.അർഷാദ് ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയ അക്രമിസംഘം ഇരുമ്പ് പൈപ്പ് കൊണ്ട് അർഷാദിന്റെ തലക്കടിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അർഷാദിന് നേരെ ബോംബെറിയുകയുമായിരുന്നു.സി.പി.ഐ.എം. പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.ഗുരുതരമായി പരിക്കേറ്റ അർഷാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ ഹൈദരാബാദിൽ
ബംഗളൂരു: ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളുരുവിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേക്കു മാറ്റി.ഇന്ന് പുലർച്ചെ ബെംഗളൂരുവിൽ നിന്നും ഹൈദരാബാദിലേക്ക് യാത്ര തിരിച്ച എംഎൽഎമാർ രാവിലെയാണ് ഹൈദെരാബാദിലെത്തിയത്.എച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ റോഡുമാർഗം രണ്ടു ബസ്സുകളിലായാണ് ഇവർ ഹൈദരാബാദിലെ ബെഞ്ചര ഹിൽസ് റിസോർട്ടിലേക്ക് എത്തിയത്. എംഎൽഎമാരെ മാറ്റുന്നതിനുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ഇതേതുടർന്നാണ് റോഡ് മാർഗം എംഎൽഎമാരെ ഹൈദരാബാദിൽ എത്തിച്ചത്.സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതിനു പിന്നാലെ കർണാടകയിൽ കോണ്‍ഗ്രസ് എംഎൽഎമാരെ താമസിപ്പിച്ചിട്ടുള്ള റിസോർട്ടിന്‍റെ സുരക്ഷ യെദിയൂരപ്പ സർക്കാർ പിൻവലിച്ചു. റിസോർട്ടിനുമുന്നിൽ കാവൽ നിൽക്കുന്ന പോലീസുകാരെ തിരിച്ചുവിളിക്കാൻ യെദിയൂരപ്പ പോലീസ് മേധാവിക്കു നിർദേശം നൽകി. ഇതോടെയാണ് എംഎൽഎമാരെ റിസോർട്ടിൽനിന്നു നീക്കാൻ ശ്രമങ്ങൾ തുടങ്ങിയത്.
കർണാടകയിൽ യെദ്യൂരപ്പ സർക്കാരിന്റെ ഭാവി സുപ്രീം കോടതി ഇന്ന് പറയും
ന്യൂഡൽഹി: കർണാടകയിലെ യെദ്യൂരപ്പ സർക്കാരിന് ദീർഘായുസ് ഉണ്ടോയെന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്നു തീരുമാനം പറയും. ബി.എസ്.യെദിയൂരപ്പ സർക്കാരിനെതിരെ കോൺഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി എന്തുനിലപാട് എടുക്കുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്. മന്ത്രിസഭ ഉണ്ടാക്കാൻ അവകാശമുന്നയിച്ചു യെദിയൂരപ്പ ഗവർണർക്ക് നല്കിയ കത്തുകൾ രാവിലെ 10.30-ന് കോടതി പരിശോധിക്കും.യെദിയൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ വിളിച്ചതു ശരിയായോ എന്ന് അതിനുശേഷം തീരുമാനിക്കും. ബി.എസ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യം ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയെങ്കിലും കാതുകൾ ഹാജരാകാനുള്ള നിർദേശം വഴിത്തിരിവാകും. എന്നാൽ യെദ്യൂരപ്പ ഗവർണ്ണർക്ക് കൈമാറിയ കത്തിലെ ഉള്ളടക്കം എന്താണെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല.തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പേരുകൾ യെദ്യൂരപ്പ ഗവർണ്ണർക്ക് കൈമാറിയില്ലെന്ന് ഉറപ്പുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തിലുള്ള അവ്യക്തത മാറ്റാനും ഗവർണ്ണറുടെ വിവേചനാധികാരം കൃത്യമായാണോ ഉപയോഗിച്ചിരിക്കുന്നത് എന്ന് പരിശോധിക്കാനാണ് കോടതി കത്ത് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചുകൊണ്ട് ഗവർണ്ണർ നൽകിയ കത്തും ഇന്ന് ഹാജരാക്കണം.ഗവർണ്ണറുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് നൂറ്റിപതിനേഴുപേരുടെ പിന്തുണയുണ്ടെന്നുമാണ് കോൺഗ്രസിന്റെ വാദം.ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിക്ക് പതിനഞ്ചു ദിവസം നൽകിയത് കുതിരക്കച്ചവടത്തിനാണെന്നും കോൺഗ്രസ് കോടതിയിൽ ആരോപിച്ചു.ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസം നല്കിയതെന്തിനെന്നുള്ള ചോദ്യവും ശ്രദ്ധേയമാണ്.
വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യക്ക് സർക്കാർ ജോലി ലഭിച്ചു
കൊച്ചി:വാരാപ്പുഴ പോലീസ് കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു.റവന്യൂവകുപ്പില്‍ വില്ലേജ് അസിസ്റ്റന്‍റായാണ് അഖിലയെ നിയമിച്ചിരിക്കുന്നത്.അഖിലയ്ക്ക് എറണാകുളം ജില്ലാ കളക്ടര്‍ നേരിട്ട് വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. ശ്രീജിത്തിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനും ഭാര്യയ്ക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു.ജോലി ശ്രീജിത്തിന്റെ ജീവന് പകരമാകില്ല എന്നാലും ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഖിലയും ശ്രീജിത്തിന്‍റെ അമ്മ ശ്യാമളയും പറഞ്ഞു. എന്നാല്‍ ശ്രീജിത്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല, മുഖ്യമന്ത്രി വീട്ടിലേക്ക് വരാത്തതില്‍ ദുഖമുണ്ടെന്നും അവര്‍ പറഞ്ഞു.
തളിപ്പറമ്പ് ടാഗോര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഡ്മിഷന്‍ നറുക്കെടുപ്പിലൂടെ നടത്താൻ തീരുമാനം
തളിപ്പറമ്പ്:തളിപ്പറമ്പ് ടാഗോര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഡ്മിഷന്‍ നറുക്കെടുപ്പിലൂടെ നടത്താൻ തീരുമാനം.നേരത്തെ പ്രവേശനപരീക്ഷയിലൂടെ കുട്ടികളെ പ്രവേശിച്ചുവരുന്നത് ഈ വര്‍ഷം ശാസ്ത്രസാഹിത്യപരിഷത്തിന്റെ പരാതിയെ തുടര്‍ന്ന് ഡിപി ഐ ഒഴിവാക്കിയിരുന്നു. ഇതേതുടര്‍ന്ന് തലേന്ന് രാത്രി മുതല്‍ തന്നെ രക്ഷിതാക്കള്‍ അഡ്മിഷന് ക്യൂനിന്നത് വലിയ വാര്‍ത്തയായിരുന്നു. 256 കുട്ടികളാണ് ഇത്തരത്തില്‍ അഞ്ചാംക്ലാസില്‍ അപേക്ഷ നല്‍കിയത്. എട്ടാംക്ലാസിലേക്ക് 56 കുട്ടികളും അപേക്ഷിച്ചു . അഞ്ചിലേക്ക് 60, എട്ടിലേക്ക് 30 എന്നിങ്ങനെയാണ് അഡ്മിഷന്‍ നല്‍കുന്നത്.സ്റ്റേയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ പ്രവേശനനടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.എന്നാൽ ഇന്നലെ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌കൂള്‍ ഉപദേശകസമിതി യോഗം നറുക്കെടുപ്പിലൂടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.അതേസമയം വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമായി ടാഗോര്‍ സ്കൂളില്‍ പ്രവേശനം നടത്തിയാല്‍ എന്ത് വിലകൊടുത്തും തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി. സര്‍ക്കാര്‍ സ്കൂളില്‍ നറുക്കെടുപ്പിലൂടെ പ്രവേശനം നടത്തുന്നത് തെറ്റായ നടപടിയാണ്. ഇത്തരത്തില്‍ വിദ്യാഭ്യാസ നിയമത്തെ അട്ടിമറിക്കുന്ന സമ്പ്രദായം അംഗീകരിക്കാനാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ രാഹുല്‍ ദാമോദരന്‍ പറഞ്ഞു.
കണ്ണൂർ വിമാനത്താവള പദ്ധതിപ്രദേശത്തെ മതിൽ തകർന്ന് ചെളിവെള്ളം ജനവാസ മേഖലയിലേക്ക് ഒഴുകി വ്യാപക നാശനഷ്ടം
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിപ്രദേശത്തെ കൂറ്റൻ ചുറ്റുമതിൽ തകർന്ന് ചെളിവെള്ളം ജനവാസകേന്ദ്രത്തിലേക്ക് കുത്തിയൊഴുകി വ്യാപകനാശം. ഇന്നലെ വൈകുന്നേരം പെയ്ത കനത്തമഴയിലാണ് കീഴല്ലൂർ പഞ്ചായത്തിലെ ചെരക്കണ്ടി, കടാങ്ങോട്, കുമ്മാനം, പുതുക്കുടി, കാനാട് പ്രദേശത്തെ മതിൽ തകർന്നത്.മയത്തിൽ തകർന്നതോടെ ചെരക്കണ്ടിയിലെ ഗൗരി, പി.കെ.രാമകൃഷ്ണൻ നമ്പ്യാർ, ശ്രീജ തുടങ്ങിയവരുടെ വീടുകളിലേക്ക് ചെളിയും മണ്ണും കുത്തിയൊഴുകി.തകർന്ന മതിലിന്‍റെ ചെങ്കല്ലുകളും മണ്ണും വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും കുത്തിയൊഴുകുകയായിരുന്നു. വീട്ടുമുറ്റത്ത് കൂട്ടിയിട്ട തേങ്ങയും മറ്റു സാധനങ്ങളും ചെളിവെള്ളത്തിനൊപ്പം ഒഴുകിപ്പോയി.വീട്ടുമുറ്റത്ത് ചെളി കെട്ടിക്കിടക്കുന്നതിനാൽ വീടുകളിൽ കയറാൻ കഴിയാത്ത അവസ്ഥയായി. വിമാനത്താവളത്തിന്‍റെ അതിരിൽ മാസങ്ങൾക്കു മുമ്പ് നിർമിച്ച കൂറ്റൻ ചെങ്കൽ മതിലാണ് 30 മീറ്ററോളം നീളത്തിൽ തകർന്നത്. കീഴല്ലൂർ ക്ഷേത്രം റോഡും നിരവധി വീടുകളിലേക്കുള്ള വഴികളും ചെളിയിൽ മുങ്ങി.കാൽനട യാത്രപോലും സാധ്യമല്ലാതായിരിക്കുകയാണ് മതിലിന്‍റെ കോണ്‍ക്രീറ്റ് പില്ലര്‍ ഉള്‍പ്പെടെ തകര്‍ന്നു വീഴുകയായിരുന്നു. വീട് വാസയോഗ്യമല്ലാതായ ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.പദ്ധതിപ്രദേശത്ത് മണ്ണിട്ട് ഉയർത്താൻ കൊണ്ടിട്ട മണ്ണാണ് മഴവെള്ളത്തോടൊപ്പം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകിയത്.ചുറ്റുമതിൽ നിർമാണത്തിലെ അപാകതയാണ് മതിൽ തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളിൽ ഇനി മുതൽ സർക്കാർ നിരക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളിൽ ഇനി മുതൽ സർക്കാർ നിരക്ക്.അക്ഷയ കേന്ദ്രങ്ങൾ അധിക നിരക്കുകൾ ഈടാക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.ആധാർ എൻറോൾമെൻറ് പോലുള്ള സൗജന്യ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ പണം ഈടാക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു.നിലവിൽ സർക്കാർ നിരക്ക് നിശ്ചയിച്ച 26 സേവനങ്ങൾ ഉൾപ്പെടെ മുപ്പത്തഞ്ചോളം സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകുന്നുണ്ട്. സേവനങ്ങൾക്ക് അധിക ചാർജ് ഈടാക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ പല കേന്ദ്രങ്ങളിലും അധികൃതർ പരിശോധിച്ച് നടപടി സ്വീകരിച്ചിരുന്നു. അക്ഷയ കേന്ദ്രങ്ങൾക്ക് മുൻപിൽ സേവനങ്ങൾക്ക് ഈടാക്കുന്ന തുക എത്രയാണെന്ന് പ്രദർശിപ്പിക്കണം.നിർദേശങ്ങൾ പാലിക്കാത്ത കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഡയറക്റ്ററുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കിയത്.
കർണാടക വിധാൻ സൗധയ്ക്ക് മുൻപിൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം
ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപിയുടെ ബി എസ് യെദ്യൂരപ്പ അധികാരമേറ്റതിന് പിന്നാലെ പരസ്യപ്രതിഷേധവുമായി കോണ്‍ഗ്രസ്-ജെഡിഎസ് എംഎൽഎമാർ രംഗത്തെത്തി. വിധാന്‍ സൗധയിലെ ഗാന്ധിപ്രതിമക്ക് മുന്നിലാണ് പ്രതിഷേധം .ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടത്തുന്നത്.മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്,അശോക്‌ലോട്ട്,സിദ്ധരാമയ്യ എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.വ്യക്തമായ കേവല ഭൂരിപക്ഷം ഉണ്ടായിട്ടും ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കാതെ കേവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാജ്ഭവന് മുന്നില്‍ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നെങ്കിലും പിന്നീടത് വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നിലേക്ക് മാറ്റുകയായിരുന്നു.പ്രമുഖ കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം 78 കോൺഗ്രസ് എംഎൽഎമാരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.ഇന്നലെ റിസോര്‍ട്ടില്‍ എത്തിച്ച എംഎല്‍എമാരെ അവിടെനിന്നും വിധാന്‍ സൗധക്ക് മുന്നിലെത്തിക്കുകയായിരുന്നു. ജെഡിഎസ് എംഎല്‍എമാരും പ്രതിഷേധ ധര്‍ണയിലേക്കെത്തിയിട്ടുണ്ട്. അതേസമയം യെദ്യൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും. നാളെ ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്ത് ഹാജരാക്കണമെന്ന് കോടതി ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.