
മലപ്പുറം:മലപ്പുറം അങ്ങാടിപ്പുറത്ത് ഹോണ്ടയുടെ ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ 18 വാഹനങ്ങൾ കത്തിനശിച്ചു.രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.കെട്ടിടത്തിന്റെ ജനറേറ്റർ സ്ഥിതി ചെയ്യുന്ന ഭാഗത്തുണ്ടായ ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സർവീസിനായി കൊണ്ടുവന്ന 18 വാഹനങ്ങളാണ് കത്തിനശിച്ചത്.മറ്റ് ഇരുപതിലധികം വാഹനങ്ങളൂം ഭാഗികമായി കത്തിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്റെ മുകൾ നിലയിലാണ് പുതിയ വാഹനങ്ങൾ ഉണ്ടായിരുന്നത്.തീപടരുമ്പോഴേക്കും നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് ഈ വാഹനങ്ങൾ ഇവിടെ നിന്നും മാറ്റി.തീപടർന്നത് അറിയാൻ വൈകിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ ഇടയാക്കിയത്.അഗ്‌നിശമന സേനാംഗങ്ങൾ ഒന്നരമണിക്കൂർ കൊണ്ട് തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.








