തിരുവനന്തപുരം:പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ് ആപ്പിലൂടെ ചോർന്നു. ഇരുത്തിയൊന്നാം തീയതി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്.വാട്സ് ആപ്പിലൂടെ ചോദ്യപേപ്പർ കിട്ടിയതായി തൃശൂർ ജില്ലാ ഹയർ സെക്കണ്ടറി കോ-ഓർഡിനേറ്ററാണ് അധികൃതരെ അറിയിച്ചത്.തുടർന്ന് അദ്ദേഹം അത് ജോയിന്റ് ഡയറക്റ്റർക്ക് തുടർനടപടികൾക്കായി അയച്ചുനൽകുകയും ചെയ്തിരുന്നു.എൺപതുശതമാനത്തിലധികം ചോദ്യവും പകർത്തിയെഴുതിയ പകർപ്പുകളാണ് വാട്സ് ആപ്പിലൂടെ പ്രചരിച്ചത്.വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് ഇവ ലഭിക്കുകയും ചെയ്തിരുന്നു.ഹയർ സെക്കണ്ടറി മേധാവി നൽകിയ ചോദ്യപേപ്പർ ചോർന്നുവെന്ന പരാതിയിൽ സൈബർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് മുൻപാണോ ശേഷമാണോ ചോദ്യപേപ്പർ ചോർന്നതെന്ന് സ്ഥിതീകരിച്ചിട്ടില്ല. അതിനാൽ തന്നെ പരീക്ഷ റദ്ദാക്കുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല.
ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യാനാവില്ലെന്ന് യുഐഡിഎഐ
ന്യൂഡൽഹി:ആധാർ കാർഡിനായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങൾ സുരക്ഷിതമാണെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഭരണഘടനാ ബെഞ്ചിന് മുൻപിൽ നടന്ന പവർ പോയിന്റ് പ്രെസൻറ്റേഷനിലൂടെയാണ് യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ ഇക്കാര്യം അവതരിപ്പിച്ചത്. പ്രപഞ്ചം അവസാനിക്കുവോളം കാലം ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന് യുഐഡിഎഐ വ്യക്തമാക്കി.2048 എൻക്രിപ്ഷൻ കീ ഉപയോഗിച്ചാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. അന്വേഷണ ഏജൻസികൾക്കുപോലും ആധാർ വിവരങ്ങൾ കൈമാറിയിട്ടില്ലെന്നും യുഐഡിഎഐ ചൂണ്ടിക്കാട്ടി.എന്നാൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൗരന്റെ ആധാർ വിവരങ്ങൾ കൈമാറുമെന്നും കൂട്ടിച്ചേർത്തു. ആധാറിനായി ജാതി,മതം എന്നീ വിവരങ്ങൾ ശേഖരിക്കുന്നില്ല.പൗരന്റെ അനുമതിയില്ലാതെ വിവരങ്ങൾ ശേഖരിക്കില്ലെന്നും അജയ് ഭൂഷൺ പറഞ്ഞു.ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.വിവരങ്ങൾ ചോരാതിരിക്കാൻ കൃത്യമായ മുൻകരുതൽ സംവിധാനങ്ങൾ ഉണ്ടെന്ന് കേന്ദ്രസർക്കാർ ആധാർ കേസിൽ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.ഭരണഘടന ഉറപ്പു നൽകുന്ന പൗരന്റെ സ്വകാര്യത ആധാർ വിവര ശേഖരണത്തിലൂടെ ലംഘിക്കപ്പെടുന്നുവെന്നും വിവരങ്ങൾ സുരക്ഷിതമല്ലെന്നും ഹർജിക്കാർ വാദിച്ചിരുന്നു.ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിട്ടുള്ളതെന്ന് ഇതിനു മറുപടിയായി കേന്ദ്രസർക്കാർ കോടതിയിൽ പറഞ്ഞു.
കുപ്പിവെള്ളത്തിന് ഇനി മുതൽ 12 രൂപ മാത്രം
തിരുവനന്തപുരം:കേരളത്തിൽ ഒരു കുപ്പിവെള്ളത്തിന് ഇനി മുതൽ 12 രൂപമാത്രം.കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചർസ് അസോസിയേഷനാണ് തീരുമാനമെടുത്തത്. കുപ്പിവെള്ളത്തിന്റെ വില ഏകീകരിക്കാനാണ് തീരുമാനം.ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും.വൻകിട കമ്പനികൾ നിലവിൽ 20 രൂപയ്ക്കാണ് ഒരു കുപ്പി വെള്ളം നൽകുന്നത്. സർക്കാർ ഏജൻസികളായ ചില കമ്പനികൾ 15 രൂപയ്ക്കും.വ്യാപാരികൾക്ക് കമ്മീഷൻ കൂട്ടി നൽകി വൻകിട കമ്പനികൾ ഈ നീക്കത്തെ തകർക്കുമെന്ന ആശങ്കയുണ്ടെങ്കിലും തീരുമാനവുമായി മുൻപോട്ട് പോകാനാണ് അസോസിയേഷന്റെ തീരുമാനം.
വാഹനപരിശോധന;140 വാഹനങ്ങൾ പിടിച്ചെടുത്തു; 81900 രൂപ പിഴ ഈടാക്കി
കണ്ണൂർ:നഗരത്തിൽ നടത്തിയ വാഹനപരിശോധനയിൽ നിയമലംഘനം നടത്തിയ 140 വാഹനങ്ങൾ പിടിച്ചെടുക്കുകയും ഇവയുടെ ഉടമകളിൽ നിന്നും 81900 രൂപ പിഴ ഈടാക്കുകയും ചെയ്തു.ഫിറ്റ്നസ് ഇല്ലാതെ സ്കൂൾ കുട്ടികളുമായി സർവീസ് നടത്തിയ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.റോഡിലേക്ക് മലിനജലം ഒഴുക്കിവിടുന്ന മീൻവണ്ടികളും നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് വാഹങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ഉത്തര മേഖല ട്രാൻസ്‌പോർട് കമ്മീഷണർ ഡോ.മുഹമ്മദ് നജീബിന്റെ പ്രത്യേക നിർദേശപ്രകാരം നടത്തിയ പരിശോധനയ്ക്ക് കണ്ണൂർ ആർടിഒ എം.മനോഹരൻ,ജോ.ആർടിഒ അബ്ദുൽ ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.
വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം
കണ്ണൂർ:കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ്സ് നിർമിക്കുന്നതിനെതിരെ സമരം നടത്തുന്ന വയൽക്കിളി സംഘടനയുടെ സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം. ഇന്ന് പുലർച്ചെ രണ്ടുമണിയോടുകൂടി രണ്ടു ബൈക്കുകളിലായെത്തിയ സംഘം വീടിനു നേരെ കല്ലെറിയുകയായിരുന്നു.കല്ലേറില്‍ വീടിന്റെ മുകളിലത്തെ നിലയിലെയും താഴത്തെ നിലയിലെയും ജനൽചില്ലുകൾ തകർന്നു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ ഒരു വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ സംഭവത്തിന് പുറകില്‍ ആരാണെന്നതിനെ സംബന്ധിച്ച് പൊലീസിന് വ്യക്തതയില്ല.സുരേഷിന്റെ നേതൃത്വത്തിലാണ് കീഴാറ്റൂരിൽ ബൈപാസിനെതിരെ വയൽക്കിളികൾ എന്ന പേരിൽ പ്രദേശവാസികൾ സമരം നടത്തുന്നത്. അതേസമയം ഏത് നേരവും ഇത്തരത്തിലൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നതായി സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.ബൈപാസ് പ്രശ്നത്തിൽ വയല്‍ക്കിളികളും സിപിഐഎമ്മും നേര്‍ക്കുനേര്‍ സമരവുമായി രംഗത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയാണ് കീഴാറ്റൂരിലുള്ളത്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.
സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചു പൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു.ബാലാവകാശ കമ്മീഷന്റെ നിർദേശപ്രകാരം ഇത്തരം സ്കൂളുകൾ അടച്ചുപൂട്ടാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.1585 സ്കൂളുകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകൾ പൂട്ടുന്നതെന്നും മന്ത്രി വ്യക്തമാക്കി. അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കെ.എൻ.എ ഖാദർ നൽകിയ അടിയന്തിര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.സ്കൂളുകൾ അടച്ചുപൂട്ടുന്നതോടെ മൂന്നുലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാകുമെന്നും 25000 ത്തോളം വരുന്ന അദ്ധ്യാപകർ വഴിയാധാരമാകുമെന്നും കെ.എൻ.എ ഖാദർ ചൂണ്ടിക്കാട്ടി.ഇത്തരം സ്കൂളുകൾക്ക് അംഗീകാരം നേടിയെടുക്കാൻ രണ്ടു വർഷത്തെ സമയം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.
ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇന്നു മുതൽ കേരളത്തിന്‍റെ ഔദ്യോഗിക ഫലം ചക്ക.ഇതു സംബന്ധിച്ച് നിയമസഭയിൽ കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ ചരിത്രപരമായ പ്രഖ്യാപനം നടത്തി.ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.ചക്കയെ ഔദ്യോഗിക ഫലമാക്കണമെന്ന് സംബന്ധിച്ച നിർദേശം കാർഷിക വകുപ്പാണ് മുൻപോട്ട് വെച്ചത്.രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തിൽ നിന്നുള്ള ചക്ക’ എന്ന ബ്രാൻഡായി അവതരിപ്പിക്കുന്നതിനു മുന്നോടിയായി കൂടിയാണ് ഈ ഔദ്യോഗിക ഫലപ്രഖ്യാപനം.മറ്റു സംസ്ഥാനങ്ങളുടേതിനേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ.ചക്ക ഗവേഷണത്തിനായി അമ്പലവയലില്‍ കൃഷിവകുപ്പിന്‍റെ റിസര്‍ച് സെന്ററും ആരംഭിച്ചു കഴിഞ്ഞു.
തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രോത്സവത്തിനിടെ മതിൽ തകർന്നു വീണ് നാലുപേർക്ക് പരിക്കേറ്റു
തളിപ്പറമ്പ്:തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രോത്സവത്തിനിടെ മതിൽ തകർന്നു വീണ് നാലുപേർക്ക് പരിക്കേറ്റു.തൃച്ചംബരത്തെ പി.വി.ശാരദ(60), സഹോദരി ശോഭന(58),പ്ലാത്തോട്ടത്തെ ടി.അംബിക(45), ഏഴാംമൈലിലെ ടി.കെ.ശകുന്തള(65) എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ ശാരദ,ശോഭന എന്നിവരെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിലും അംബിക,ശകുന്തള എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഉത്സവത്തിന്റെ കൂടിപ്പിരിയല്‍ ചടങ്ങ് കഴിഞ്ഞ് ഭക്തജനങ്ങള്‍ പിരിഞ്ഞുപോകുന്നതിനിടയിലാണ് പൂന്തുരുത്തി തോടിന് സമീപത്തെ പഴക്കം ചെന്ന മതില്‍ പൂര്‍ണ്ണമായും തകര്‍ന്നുവീണത്. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും നടന്നുപോകുന്നതിനിടയിലേക്കാണ് ചെങ്കല്ലില്‍ പണിത മതില്‍ വീണത്. ആളുകള്‍ പെട്ടെന്ന് ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ മാർച്ച് 26 ന് അടച്ചിടും
കോട്ടയം: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ മാർച്ച് 26 തിങ്കളാഴ്ച അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു.രാവിലെ ആറ് മണിമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് പമ്പുകൾ അടച്ചിടുക.പെട്രോൾ പമ്പുകളിൽ രാത്രി-പകൽ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പുകൾക്ക് സംരക്ഷണം നൽകണമെന്നാണ് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്‍റെ ആവശ്യം.
കീഴാറ്റൂരിലേക്ക് 3000 പ്രവർത്തകരെ സംഘടിപ്പിച്ച് മാർച്ച് നടത്താൻ സിപിഎം തീരുമാനം
തളിപ്പറമ്പ്:വയൽ നികത്തി നാലുവരിപാത നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വയൽക്കിളികൾ കീഴാറ്റൂരിൽ നടത്തുന്ന സമരത്തിനെതിരെ മാർച്ച് 24ന് “നാടിന് കാവൽ’ എന്ന പേരിൽ സമരവുമായി സിപിഎം രംഗത്തുവരുന്നു.3000 പ്രവർത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന ബഹുജന മാർച്ചും പൊതുയോഗവും നഗരത്തെ ആശങ്കയിലാഴ്ത്തുന്നതാണ്.സിപിഎം ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും വയൽക്കിളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തളിപ്പറമ്പിലെ പ്രബല രാഷ്ട്രീയ പാർട്ടിയായ മുസ്ലിം ലീഗും വയൽക്കിളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് തളിപ്പറമ്പിൽ കൂറ്റൻ പ്രകടനം നടത്തിയിരുന്നു.25 ന് 2000 പേരെ പങ്കെടുപ്പിച്ച് തളിപ്പറമ്പ് നഗരത്തിൽ നിന്നും കീഴാറ്റൂരിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കാനാണ് വയൽക്കിളികൾ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുക്കുന്ന മാർച്ച് കോൺഗ്രസ്സ് നേതാവ് വി എം സുധീരനാണ് ഉൽഘാടനം ചെയ്യുക.ഇതിനു മുന്നോടിയായിട്ടാണ് സിപിഎം നീക്കം. വയൽക്കിളികളുടെ സമരം സർക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിൽകൂടിയാണ് സിപിഎം സമരം. ഞായറാഴ്ച വയൽക്കിളികളുടെ നേതൃത്വത്തിൽ വീണ്ടും സമര പന്തൽ കെട്ടി പ്രതിഷേധം ശക്തമാക്കാനാണ് നീക്കം. വയൽക്കിളികളുടെ സമരത്തിന് സിപിഐയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിപിഐ യുവജന സംഘടന എഐവൈഎഫ് ആണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സമരം ശക്തമാക്കാനാണ് എഐവൈഎഫ് നീക്കം.മൂവായിരംപേരെ പങ്കെടുപ്പിച്ച് കീഴാറ്റൂരിൽ നിന്നും തളിപ്പറമ്പിലേക്ക് മാർച്ചും ടൌൺ സ്‌ക്വയറിൽ പൊതുസമ്മേളനവുമാണ് സിപിഎം നിശ്ചയിച്ചിട്ടുള്ളത്.സംസ്ഥാന സെക്രെട്ടെറിയേറ്റ് അംഗം എം.വി ഗോവിന്ദനാണ് മുഖ്യപ്രഭാഷകൻ.