കണ്ണൂർ:കീഴാറ്റൂരിൽ അനുനയ നീക്കവുമായി സംസ്ഥാനസർക്കാർ.മേൽപ്പാലത്തിന് സാധ്യത തേടി മന്ത്രി ജി.സുധാകരൻ കേന്ദ്രത്തിനു കത്തയച്ചു.കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിക്കും ദേശീയ പാത അതോറിറ്റി ചെയർമാനുമാണ് കത്തയച്ചത്.മേൽപ്പാലം പണിയാൻ സാധിക്കുമോ എന്നും മേൽപ്പാലം പണിതാൽ വയൽ സംരക്ഷിക്കാൻ സാധിക്കുമെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ ജി.സുധാകരൻ തള്ളിപ്പറഞ്ഞിരുന്നു.കീഴാറ്റൂരിൽ സമരം നടത്തുന്ന വയൽക്കിളികൾ “കിളികളല്ല, കഴുകൻമാർ’ ആണെന്നും ജീവിതത്തിൽ ഒരിക്കൽപ്പോലും പാടത്തുപോകാത്തവരാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും സുധാകരൻ പറഞ്ഞു.ഇതിനിടെ വയല്‍ക്കിളികളുടെയും ഇന്ന് നടക്കുന്ന സിപിഎം നേതൃത്വത്തിലുള്ള കീഴാറ്റൂര്‍ സംരക്ഷണ ജനകീയ സമിതിയുടെയും മാർച്ചിന്‍റെ പശ്ചാത്തലത്തില്‍ കീഴാറ്റൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
കാഞ്ഞങ്ങാട് ആശുപത്രിയിൽ ഗർഭിണി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ആശുപത്രിയിൽ ഗർഭിണി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം.കാഞ്ഞങ്ങാട് സ്വദേശിനി ആശയാണ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലം ചികിത്സ കിട്ടാതെ മരണപ്പെട്ടത്.മാർച്ച് 17 നാണ് ആശയെ വയറുവേദനയും ഛർദിയും കാരണം കാഞ്ഞങ്ങാട് ദീപ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്.എന്നാൽ ആശയെ പരിശോധിച്ച ഡോക്റ്റർമാർ പറഞ്ഞത് ആശയ്ക്ക് യാതൊരു വിധത്തിലുള്ള കുഴപ്പമില്ലെന്നും ഇത് വെറും അഭിനയം മാത്രമാണെന്നുമാണ്.രോഗിയുടെ അഭിനയത്തിന് നിങ്ങൾ കൂട്ടുനിൽക്കരുതെന്നും ബന്ധുക്കളോട് പറഞ്ഞു എന്നാൽ അവശത വർധിച്ചപ്പോൾ ബന്ധുക്കൾ വീണ്ടും ഡോക്റ്ററെ സമീപിച്ചു.അപ്പോഴും ഡോക്റ്റർ ആദ്യം നൽകിയ മറുപടി തന്നെയാണ് നൽകിയത്.ഇതിനെത്തുടർന്ന് ബന്ധുക്കൾ ആശയെ അവിടെനിന്നും ഡിസ്ചാർജ് ചെയ്ത് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്നും ആശയുടെ ശരീരം മുഴുവൻ ഇൻഫെക്ഷൻ ബാധിച്ചെന്നും ആശ രക്ഷപ്പെടാനുള്ള സാധ്യത ഒരുശതമാനം മാത്രമേ ഉള്ളൂ എന്നും അറിയുന്നത്.ഈ സംഭവത്തിനെതിരെ കടുത്ത പ്രതിശേഷമാണ് ഉയരുന്നത്.സംഭവത്തെ കുറിച്ച് ആശയുടെ ഒരു ബന്ധു ഫേസ്ബുക്കിൽ എഴുതിയ ഒരു പോസ്റ്റും ഇപ്പോൾ ചർച്ചയാകുകയാണ്.
അഴിമതി വേരോടെ പിഴുതെറിയുന്നതിനായി 500,2000 രൂപ നോട്ടുകൾ പിൻവലിക്കണമെന്ന് ചന്ദ്രബാബു നായിഡു
ഹൈദരാബാദ്:രാഷ്ട്രീയത്തിൽ ഉൾപ്പെടെ വിവിധമേഖലകളിൽ അഴിമതി വേരോടെ പിഴുതെറിയുന്നതിനായി 2000, 500 രൂപ നോട്ടുകള്‍ റദ്ദാക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.അമരാവതിയിൽ ആന്ധ്രാപ്രദേശ് സംസ്ഥാന നിയമസഭയിൽ നടന്ന സംവാദത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.ക്യാഷ്‌ലെസ്സ് ഇടപാടുകൾ പരമാധി പ്രോത്സാഹിപ്പിക്കണെമെന്നും തന്റെ സംസ്ഥാനം ഇത്തരത്തിലുള്ള ഇടപാടുകൾ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് പണരഹിത സാമ്പത്തിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി നീതി ആയോഗ് രൂപം നല്‍കിയ 13 അംഗ സമിതിയുടെ ചെയര്‍മാനായിരുന്നു ചന്ദ്രബാബു നായിഡു.ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രി താനാണെന്നും 2000,500 രൂപ നോട്ടുകള്‍ പിൻവലിക്കുന്നത് വഴി വോട്ടിനു പകരം പണം നൽകുക എന്ന വ്യവസ്ഥ അവസാനിക്കുമെന്നും കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ കൂടുതലായി ഒരു രാഷ്ട്രീയക്കാരനും കൊണ്ടുനടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി തന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് രാപ്പകൽ പരിശ്രമിക്കുകയാണ്.എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി മുംബൈയിൽ നിന്നോ ബാംഗ്ലൂരിൽ നിന്നോ പണവുമായി ആളുകളെത്തുന്നു.നാം എന്തിനു അവരെ ഭയക്കണം,നാം നടത്തിയ സേവനങ്ങൾക്ക് അടിസ്ഥാനമായാണ് വോട്ട് നേടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ടിഡിപി 175 മണ്ഡലങ്ങളിലേക്കായി 25 കോടി രൂപ ഒഴുക്കിയിട്ടുണ്ടെന്ന തെലുങ്ക് സിനിമാതാരവും ജന സേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.താൻ ഇത്തരത്തിൽ നിയോജകമണ്ഡലങ്ങളിൽ പണമൊഴുക്കിയിട്ടുണ്ടെങ്കിൽ ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിക്കുന്നതിലൂടെ അത് ഉപയോഗശൂന്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ വാഹനാപകടത്തിൽ അച്ഛനും രണ്ടു മക്കളും മരിച്ചു
ആലപ്പുഴ:ആലപ്പുഴയിൽ വാഹനാപകടത്തിൽ അച്ഛനും രണ്ടു മക്കളും മരിച്ചു.തോട്ടപ്പള്ളി കല്പകവാടിയിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്.ബാബു (48), അഭിജിത്ത് (18), അമര്‍ജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.അമ്പലപ്പുഴ ക്ഷേത്രോത്സവത്തിനു വന്നതായിരുന്നു ബാബുവും കുടുംബവും.തിരിച്ചുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.അപകട കാരണം വ്യക്തമല്ല.
കീഴാറ്റൂരിൽ ഇന്ന് സിപിഎം ജനജാഗ്രത മാർച്ച്
കണ്ണൂർ:കണ്ണൂര്‍: ‘കീഴാറ്റൂരിനെ സംഘര്‍ഷമേഖലയാക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നതിനെതിരേ’ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ജനജാഗ്രത സമരം ഇന്ന്.ഇതിനായി കീഴാറ്റൂര്‍ ജനകീയസംരക്ഷണ സമിതിക്ക് ഇന്ന് രൂപം നൽകും. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ സമിതി രൂപവത്കരണപ്രഖ്യാപനം നടത്തും.തുടർന്ന് കീഴാറ്റൂർ ഗ്രാമവാസികൾ ഒന്നടങ്കം തളിപ്പറമ്പിലേക്കുള്ള ജനജാഗ്രത മാർച്ചിലും പങ്കെടുക്കും. വൈകുന്നേരം നാലുമണിക്ക് കീഴാറ്റൂർ ഇഎംഎസ് സ്മാരക വായനശാലയ്ക്ക് സമീപത്തുനിന്നും മാർച്ച് ആരംഭിക്കും.ദേശീയ പാതയ്ക്ക് സ്ഥലം കൈമാറാൻ സമ്മതമറിയിച്ചവരും ഗ്രാമവാസികളും ഒന്നിച്ച് കീഴാറ്റൂർ വയലിലേക്ക് മാർച്ച് ചെയ്യും.തുടർന്ന് ദേശീയപാതാ ബൈപ്പാസിനായി അടയാളപ്പെടുത്തിയ സി.പി.എം. പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സ്ഥലത്ത് ‘വികസനാവശ്യത്തിന് ഭൂമി വിട്ടുതരും’ എന്ന ബോര്‍ഡ് സ്ഥാപിക്കും. ആകെയുള്ള 60 ഭൂവുടമകളില്‍ 54 പേരും ശനിയാഴ്ച ഈ ബോര്‍ഡ് സ്ഥാപിക്കുമെന്ന് സി.പി.എം. നേതൃത്വം അറിയിച്ചു. ശേഷം മാർച്ച് തളിപ്പറമ്പിലേക്ക് നീങ്ങും.തളിപ്പറമ്പ് ടൌൺ സ്‌ക്വയറിൽ നടക്കുന്ന കൂട്ടായ്‌മയിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.വി ഗോവിന്ദൻ,ജില്ലാ സെക്രെട്ടറി പി.ജയരാജൻ,എംഎൽഎമാരായ ജെയിംസ് മാത്യു,ടി.വി രാജേഷ്,എൽഡിഎഫ് നേതാക്കൾ,കലാസാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.പ്രകടനം തളിപ്പറമ്പിലെത്തുമ്പോൾ ഐക്യദാര്‍ഢ്യവുമായെത്താന്‍ തളിപ്പറമ്പ് ഏരിയയിലെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച സി.പി.എം. നേതൃത്വത്തില്‍ തളിപ്പറമ്പിലേക്കും ഞായറാഴ്ച ദേശീയപാതാ ബൈപ്പാസ് വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കീഴാറ്റൂരിലേക്കും നടക്കുന്ന പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വന്‍ സുരക്ഷയൊരുക്കും.ജില്ലാ പോലീസ് മേധാവി ശിവവിക്രമും ഡി.വൈ.എസ്.പി. കെ.വി.വേണുഗോപാലും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കും.
വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴിൽ വിലക്ക്
കണ്ണൂർ:വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴിൽ വിലക്ക്.ചുമട്ട് തൊഴിലാളിയായ രതീഷിനാണ് സിഐടിയു തൊഴില്‍ വിലക്കിയത്.പാർട്ടി വിരുദ്ധമായി കീഴാറ്റൂരിൽ സമരം ചെയ്യുന്ന രതീഷ് ഇനി ജോലിക്ക് പ്രവേശിക്കണമെങ്കിൽ പാർട്ടിയോട് മാപ്പുപറയണമെന്നാണ് യൂണിയൻകാരുടെ പക്ഷം.കഴിഞ്ഞ ഒരുമാസമായി രതീഷിന് ജോലിയിൽ പ്രവേശിക്കാൻ അനുവാദമില്ല.ചുമട്ടുതൊഴിലാളിയായ രതീഷ് കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതി വരെ ജോലി ചെയ്തിരുന്നു.എന്നാൽ ബൈപാസിനെതിരെയുള്ള വയൽക്കിളികളുടെ സമരം ശക്തമായതോടെ രതീഷിനു തൊഴിൽ വിലക്കേർപ്പെടുത്തുകയായിരുന്നു.വിലക്കിനെതിരെ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് രതീഷ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ലേബർ ഓഫീസർ രണ്ടു തവണ ചർച്ചയ്ക്ക് വിളിച്ചെങ്കിലും സിഐടിയു പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല.മാപ്പ് എഴുതി നൽകിയ ശേഷം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നാണ് സിഐടിയു നേതാക്കൾ പറഞ്ഞതെന്നും എന്നാൽ മാപ്പ് എഴുതി നല്കാൻ താൻ തയ്യാറല്ലെന്നും സമരം തുടരുമെന്നും രതീഷ് വ്യക്തമാക്കി.അതേസമയം ജോലിയിൽ വീഴ്ച വരുത്തിയതിനാണ് രതീഷിനെ മാറ്റിനിർത്തിയതെന്ന് സിപിഎം പറഞ്ഞു.
കാസർകോഡ് ജില്ലയിലെ സർക്കാർ ഡോക്റ്റർമാർക്ക് പരിയാരം മെഡിക്കൽ കോളേജിൽ ട്രെയിനിങ് നൽകുന്നു
കണ്ണൂർ:കാസർകോഡ് ജില്ലയിലെ സർക്കാർ ഡോക്റ്റർമാർക്ക് ഈ മാസം 22 മുതൽ പരിയാരം മെഡിക്കൽ കോളേജിൽ ട്രെയിനിങ് നൽകിത്തുടങ്ങി.ജില്ലയിലെ സർക്കാർ ആശുപത്രികളിലെ എമർജൻസി മെഡിക്കൽ കെയർ ശക്തിപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് ട്രെയിനിങ് നൽകുന്നത്. പരിയാരം മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ സഹകണത്തോടെയാണ് മൂന്നു ദിവസം ദൈർഘ്യമുള്ള ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.25 മെഡിക്കൽ ഓഫീസർമാർക്കാണ് പരിശീലനം നൽകുന്നത്. മെഡിക്കൽ എഡ്യൂക്കേഷൻ ഹാളിൽ നടക്കുന്ന പരിശീലന പരിപാടി ഇന്നലെ രാവിലെ 10 മണിക്ക് പരിയാരം മെഡിക്കൽ കോളേജ് ചെയർമാൻ ശേഖരൻ മിനിയോടൻ ഉൽഘാടനം ചെയ്തു. കാസർകോഡ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.പി ദിനേശൻ മുഖ്യാതിഥിയായി. കാസർകോഡ് ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.എ.വി രാംദാസ്, പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സുധാകരൻ,വൈസ് പ്രിൻസിപ്പൽ ഡോ.എസ്.രാജീവ്, മെഡിക്കൽ സൂപ്രണ്ട് ഡോ.എം.കെ ബാലചന്ദ്രൻ,എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ.ജി.സുരേഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.ഉൽഘാടന പരിപാടിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഷിബികുമാർ നന്ദിയും പറഞ്ഞു.കഴിഞ്ഞ വർഷം കാസർകോഡ്,പാലക്കാട് ജില്ലകളിലെ സർക്കാർ ഡോക്റ്റർമാർക്കും പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് പരിശീലനം നൽകിയിരുന്നു.ഇതിനു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ ഡോക്റ്റർമാർക്കായുള്ള പരിശീലന പരിപാടിയിൽ അൾട്രാസൗണ്ട് ട്രെയിനിങ് നൽകിയത് പരിയാരം മെഡിക്കൽ കോളേജിലെ എമർജൻസി വിഭാഗമായിരുന്നു.പരിശീലന പരിപാടി ഈ മാസം 24 ന് സമാപിക്കും.
കഞ്ചാവും കുഴല്പണവുമായി രണ്ടുപേർ പിടിയിൽ
കണ്ണൂർ:കഞ്ചാവും കുഴല്പണവുമായി രണ്ടുപേർ പിടിയിൽ.245000 രൂപയുടെ കുഴപ്പണവുമായി തലശ്ശേരി സ്വദേശി കെ.പി ഷമാനെയും 15 ഗ്രാം കഞ്ചാവുമായി പാറാട് സ്വദേശി പറമ്പത്ത് മൻസിലിൽ തൻവീറുമാണ് പിടിയിലായത്.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പാപ്പിനിശ്ശേരി എക്‌സൈസ് ഇൻസ്പെക്റ്റർ എം.ദിലീപും സംഘവുമാണ് ഇവരെ പിടികൂടിയത്.കണ്ണാടിപ്പറമ്പ് പുല്ലൂപ്പിക്കടവ് പാലത്തിനു സമീപത്തുനിന്നും ബുധനാഴ്ച വൈകിട്ടോടെയാണ് ഇവർ രണ്ടുപേരും പിടിയിലാകുന്നത്.വർഷങ്ങളായി ഇവർ കുഴൽപ്പണ വിതരണവും കഞ്ചാവ് വിൽപ്പനയും നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. പ്രിവന്റീവ് ഓഫീസർ കെ.ദിനേശൻ,സി.ഇ.ഒമാരായ കെ.സി ഷിബു,കെ.സുജിത്ത്,കെ.പി റോഷി എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
ചാലയിൽ തെരുവുനായയുടെ കടിയേറ്റ് നാലുപേർക്ക് പരിക്ക്
ചാല:ചാലയിൽ തെരുവുനായയുടെ കടിയേറ്റ് നാലുപേർക്ക് പരിക്കേറ്റു.ഇന്നലെ രാവിലെ ആറര മണിയോടുകൂടിയാണ് മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റത്.കണ്ണൂർ കൺട്രോൾ റൂം എഎസ്ഐ ദ്വാരകയിൽ സുരേഷ് ബാബു(40),പൊയിൽ അഹമ്മദ് കുട്ടി(39),മനയത്ത് മൂലയിലെ കെ.സി ചന്ദ്രൻ എന്നിവർക്കാണ് കടിയേറ്റത്.പ്രഭാത സവാരിക്കിടെയാണ് സുരേഷ് ബാബുവിന് കടിയേറ്റത്.പിറകിലൂടെ വന്ന നായ കാലിനു കടിക്കുകയായിരുന്നു.പന്ത്രണ്ട് കണ്ടിയിലെ താഹ-ശബാന ദമ്പതികളുടെ മകൾ ആമിനയ്ക്കും(3)വൈകുന്നേരത്തോടെ നായയുടെ കടിയേറ്റു.വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ നായ കൈക്ക് കടിക്കുകയായിരുന്നു. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.ആളുകളെ ആക്രമിച്ചത് പേപ്പട്ടിയാണോ എന്ന സംശയമുണ്ട്.കഴിഞ്ഞ ദിവസം കടമ്പൂരിലും രണ്ടുകുട്ടികൾക്ക് നായയുടെ കടിയേറ്റിരുന്നു.
ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കും
തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ പുതിയ തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക് നടത്തും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും.സംസ്ഥാനത്തെ സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളിലെ മുഴുവൻ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.നിശ്ചിത കാലാവധിയിലേക്ക് തൊഴിലാളികളെ നിയമിക്കാൻ തൊഴിലുടമകൾക്ക് അധികാരം നൽകിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.1946 ലെ ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ് സ്റ്റാന്റിംഗ് ഓർഡർ ആക്റ്റിൽ നിയമ ഭേദഗതി വരുത്തിയാണ് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.