മുഖ്യമന്ത്രിക്ക് വധഭീഷണി;ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

keralanews death threat to chief minister rss worker arrested

കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ പിടിയിലായി.കണ്ണൂർ ചെറുതാഴം മുണ്ടൂർ ഹനുമാരമ്പലത്തിന് സമീപം വിജേഷ് ബാലൻ(30)എന്നയാളാണ് അറസ്റ്റിലായത്.കാസർകോട്ട് നിന്നാണ് ഇയാൾ പിടിയിലാകുന്നത്.കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡ് ഇയാളുടെ മൊബൈൽ ഫോൺ സിഗ്‌നൽ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലാകുന്നത്.ഇയാളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.ഇയാൾക്ക് ചെറിയ തോതിൽ മനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളിയെത്തിയത്. മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഭീഷണി. അദ്ദേഹം ഉടൻ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിൽ ചെറുതാഴത്തിന് സമീപത്തെ യുവതിയുടെ പേരിലുള്ള സിം കാർഡിൽ നിന്നുമാണ് വിളി വന്നതെന്ന് കണ്ടെത്തി.എന്നാൽ യുവതി ഏതാനും മാസമായി ഈ നമ്പർ ഉപയോഗിക്കാറില്ലെന്ന് വ്യക്തമായി.പിന്നീട് മൊബൈൽ ഫോൺ കമ്പനിയുമായി ബന്ധപ്പെട്ട് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ സിം കാർഡ് ഇപ്പോൾ വിജേഷിന്റെ പേരിലാണെന്ന് കണ്ടെത്തിയത്.പിന്നീട് നടത്തിയ തിരച്ചിലിൽ കാസർകോഡ് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും ഇയാൾ പിടിയിലായി.അച്ഛനും അമ്മയും മരിച്ച ശേഷം നാടുവിട്ട വിജേഷ് കുറേക്കാലമായി കണ്ണൂരിലേക്ക് വരാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.സ്ഥിരമായി എവിടെയും തങ്ങാത്ത സ്വഭാവമാണ് ഇയാളുടേതെന്നും പരിചയക്കാർ പറയുന്നു.കുറച്ചുകാലം എറണാകുളത്ത് ജോലി ചെയ്തിരുന്നു.ജോലിക്കായാണ് കാസർകോഡ് എത്തിയതെന്നാണ് വിജേഷ് മൊഴി നൽകിയിരിക്കുന്നത്. ത്രിപുര തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച വിജയത്തിൽ ഹരം കയറിയാണ് ഓഫീസിലേക്ക് വിളിച്ചതെന്നാണ് വിജേഷ് പറയുന്നത്.

ഷുഹൈബ് വധം;രണ്ടുപേർ കൂടി അറസ്റ്റിൽ

keralanews shuhaib murder case two more arrested 2

കണ്ണൂർ:മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി പോലീസ് പിടിയിലായി. സിഐടിയു പ്രവർത്തകൻ ബൈജു,ദീപ്‌ചന്ദ് എന്നിവരാണ് പിടിയിലായത്.പിടിയിലായ ദീപ്‌ചന്ദ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന ആളാണെന്ന് പോലീസ് വ്യക്തമാക്കി.ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കൊലപാകത്തിന്റെ ഗൂഢാലോചനയിൽ നേരിട്ട് പങ്കാളിയായി എന്ന് കരുതുന്ന സംഗീത് എന്നയാൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

കണ്ണൂർ ചാലയിൽ വാഹനാപകടം;മൂന്നുപേർ മരിച്ചു

keralanews road accident in kannur chala three died

കണ്ണൂർ:ചാല ബൈപാസിൽ ഓമ്നി വാൻ ടിപ്പർ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു.വാനിൽ യാത്ര ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശികളായ രാമർ(35),ചെല്ലദുരൈ(45), കുത്താലിംഗം(70) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ ആറുമണിയോടുകൂടി ചാല ബൈപാസ്സിലാണ് അപകടം നടന്നത്.തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓമ്നി വാൻ നിയന്ത്രണം വിട്ട് മുൻപിൽ പോവുകയായിരുന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.രാവിലെ പത്തുമണിയോട് കൂടി പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.അപകടത്തെ തുടർന്ന് ഏറെനേരം ചാല ബൈപാസിൽ ഗതാഗതം തടസ്സപ്പെട്ടു.

മുഖ്യമന്ത്രിക്ക് വധഭീഷണി;പയ്യന്നൂർ സ്വദേശിക്കെതിരെ കേസെടുത്തു

keralanews death threat to cm take case against payyannur native

കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയയാൾക്കെതിരെ പോലീസ് കേസെടുത്തു.പോലീസ് ഹൈ‌ടെക് സെല്ലിന്‍റെ അന്വേഷണത്തിൽ പയ്യന്നൂർ സ്വദേശിയുടേതാണെന്ന് ഫോൺ നമ്പർ എന്ന് കണ്ടെത്തിയിരുന്നു.എന്നാൽ ഇയാളെ തേടി അന്വേഷണ സംഘം ഞായറാഴ്ച പയ്യന്നൂരിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല.ശനിയാഴ്ച ഉച്ചയോടെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ ഫോണിലേക്കാണ് വധഭീഷണിയുമായി വിളിയെത്തിയത്.അദ്ദേഹം ഉടൻ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിച്ചു.തുടർന്ന് അടിയന്തര അന്വേഷണത്തിന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിടുകയായിരുന്നു.സന്ദേശമെത്തുമ്പോൾ മുഖ്യമന്ത്രി ചെന്നൈയിൽ ആശുപത്രിയിലായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിർദേശത്തെ തുടർന്ന് ഉടൻ തമിഴ്നാട് ക്യൂബ്രാഞ്ച് പോലീസ് അപ്പോളോ ആശുപത്രിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.വധഭീഷണിയെ തുടർന്ന് മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മാക്കൂട്ടം ചുരത്തിൽ വാഹനാപകടം;ഒരാൾ മരിച്ചു

keralanews road accident in makkoottam churam one died

ഇരിട്ടി:മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.അഞ്ചുപേർക്ക് പരിക്കേറ്റു. വീരാജ്പേട്ട സ്വദേശി മുസ്തഫ(50) ആണ് മരിച്ചത്.അഹമ്മദ്,യൂസഫ്, ഇബ്രാഹിം,അലി, നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കണ്ണൂര്‍ എ കെ ജി ആശുപത്രി,പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു.രാവിലെ 11മണിയോടെ മാക്കൂട്ടം കുട്ടപ്പാലത്തായിരുന്നു അപകടം നടന്നത്.മാക്കൂട്ടത്ത് നിന്നും ഇരിട്ടിയിലെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം നടന്നത്.

കൂത്തുപറമ്പിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

keralanews bomb attack against the house of congress worker in koothuparamba

കൂത്തുപറമ്പ്:കൂത്തുപറമ്പ് പുറക്കളത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്.കോൺഗ്രസ് പ്രവർത്തകൻ പുരുഷോത്തമന്റെ വീടിനു നേരെയാണ് ഇന്ന് പുലർച്ചെ ഒരു സംഘം ബോംബെറിഞ്ഞത്.ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. പുരുഷോത്തമന്റെ മക്കൾ ബി ജെ പി പ്രവർത്തകരാണ്. അക്രമത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചു.

സ്വകാര്യ ആശുപതിയിലെ നഴ്സുമാർ ചൊവ്വാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു

keralanews the strike planned by the nurses of private hospital withdrawn

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ചൊവ്വാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് ഉപേക്ഷിച്ചു.നഴ്സുമാരുടെ പരിഷ്കരിച്ച ശമ്പള വർധന സംബന്ധിച്ച ഉത്തരവ് മാർച്ച് 31നകം ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം ഉപേക്ഷിക്കുന്നത്.അടിസ്ഥാന ശമ്പളം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ചൊവ്വാഴ്ച മുതൽ അവധിയെടുത്ത് പ്രതിഷേധിക്കാൻ തീരുമാനിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.കഴിഞ്ഞ വർഷം ജൂലൈയിലാണ് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം സർക്കാർ 20,000 രൂപയായി നിശ്ചയിച്ചത്. എന്നാൽ അടിസ്ഥാന ശമ്പളം ലഭിക്കാതെ വന്നതോടെയാണ് നഴ്സുമാർ സമരവുമായി രംഗത്തിറങ്ങിയത്.ഈ മാസം അഞ്ചു മുതൽ അനിശ്ചിതകാല സമരം നടത്താൻ യുഎൻഎ നേരത്തെ തീരുമാനിച്ചിരുന്നു.എന്നാൽ ഈ സമരം സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഇതേതുടർന്ന് ഈ മാസം ആറുമുതൽ നഴ്സുമാർ ലീവെടുത്തു പ്രതിഷേധിക്കാൻ തീരുമാനിക്കുകയായിരുന്നു.സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന 62,000-ത്തോളം നഴ്സുമാർ അവധിയെടുത്ത് ജോലിയിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു തീരുമാനം.അതേസമയം ചേർത്തല കെവിഎം ആശുപത്രിയിലെ വിഷയം സംബന്ധിച്ച് ചൊവ്വാഴ്ച ലേബർ കമ്മീഷണർ വിളിച്ച യോഗത്തിൽ ചർച്ച ചെയ്യുമെന്നും യുഎൻഎ പ്രതിനിധികൾ അറിയിച്ചു. കഴിഞ്ഞ ദിവസം ലേബർ കമ്മീഷണർ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

കാഞ്ഞങ്ങാട് നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ

keralanews the dead body of missing student found in the railway track

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ കണ്ടെത്തി. കാസർകോഡ് കളനാട് റെയിൽവെ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഈ മാസം ഒന്നാം തീയതിയാണ് മാങ്ങാട്ടെ ജാഫർ-ഫരീദ ദമ്പതികളുടെ മകൻ മുഹമ്മദ് ജാസിമിനെ കാണാതാകുന്നത്.ചട്ടഞ്ചാൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന ജാസിം സ്കൂളിലെ യാത്രയയപ്പ് പരിപാടിക്ക് ധരിക്കാനുള്ള ഡ്രസ്സ് വാങ്ങാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ജാസിമിനെ കാണാതാവുകയായിരുന്നു.പോലീസും പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്ന് ജാസിമിനായുള്ള അന്വേഷണം നടത്തിവരികയായിരുന്നു.സംഭവത്തിൽ ജാസിമിന്റെ കൂട്ടുകാരായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.

ഓസ്കാർ അവാർഡ് പ്രഖ്യാപനത്തിന് തുടക്കം;സാം റോക്വൽ മികച്ച സഹനടൻ;അലിസൺ ജാനി മികച്ച സഹനടി

keralanews 90th oscar announcement continues sam rockwell best supporting actor alison jani best supporting actress

ലോസ്ഏഞ്ചൽസ്:തൊണ്ണൂറാമത്‌ ഓസ്കാർ പുരസ്‌ക്കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. ലോസ്ഏഞ്ചൽസിലെ ഡോൾബി തീയേറ്ററിലാണ് പുരസ്‌ക്കാര പ്രഖ്യാപനം നടക്കുന്നത്.മാര്‍ട്ടിന്‍ മക്ഡോനായുടെ ആക്ഷേപഹാസ്യപ്രധാനമായ ത്രീ ബില്‍ബോര്‍ഡ്‌സിലെ പ്രകടനത്തിന്  സാം റോക്വൽ മികച്ച സഹനടനുള്ള പുരസ്ക്കാരം കരസ്ഥമാക്കി.മികച്ച സഹനടിക്കുള്ള പുരസ്കാരം ഐടോണ്യയിലെ പ്രകടനത്തിന് ആലിസണ്‍ ജാനി നേടി.24 വിഭാഗങ്ങളിലായാണ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.ചിലിയിൽ നിന്നുള്ള ‘എ ഫന്റാസ്റ്റിക് വുമൺ’ എന്ന ചിത്രം മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്ക്കാരം നേടി.അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിക്ക് ഓസ്‌ക്കാർ വേദിയിൽ ആദരം അർപ്പിച്ചു.ശ്രീദേവിയെ കൂടാതെ ബോഗെർ  മൂറെ,ജോനാഥൻ ഡെമി,ജോർജ് റോമെറോ എന്നിവർക്കും ആദരം അർപ്പിച്ചു.

ചെന്നൈയിനു ജയം;ബ്ലാസ്റ്റേഴ്സിന് സൂപ്പർകപ്പ് യോഗ്യത

keralanews kerala blasters qualified for super cup

ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിൻ എഫ്സിക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിന്‍ മുംബൈ സിറ്റി എഫ്‌സിയെ പരാജയപ്പെടുത്തി. അറുപത്തിയേഴാം മിനിട്ടില്‍ പെനാൽറ്റിയിലൂടെയാണ് ചെന്നൈ ഏക ഗോള്‍ നേടിയത്. ഇതോടെ 32 പോയിന്‍റുമായി ചെന്നൈയിന്‍ എഫ്സി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.ഇതോടെ പോയിന്റ് പട്ടികയിൽ ആറാംസ്ഥാനത്തോടെ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് ഫുട്ബോളിന് നേരിട്ട് യോഗ്യത നേടി.ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും ആദ്യ ആറ് സ്ഥാനക്കാര്‍ക്ക് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.