ന്യൂഡൽഹി:ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. വിവാഹത്തിന് നിയമസാധുത ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഹേബിയസ് കോർപ്പസ് ഉപയോഗിച്ച് വിവാഹം റദ്ദാക്കിയ നടപടി തെറ്റാണെന്നും ഹാദിയയ്ക്ക് പഠനം തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം ഷെഫിൻ ജഹാനെതിരായ എൻഐഎ അന്വേഷണം തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ജഹാനാണ് സുപ്രീം കോടതിയെ സമീപിച്ചത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെടെയുള്ള മൂന്നംഗ ബെഞ്ചാണ് വിവാഹം സാധുവാണെന്ന് പ്രഖ്യാപിച്ചത്.അതേസമയം താൻ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുമ്പോൾ ഹാദിയ വിവാഹിതയായിരുന്നില്ലെന്ന് ഹദിയയുടെ പിതാവ് അശോകൻ പറഞ്ഞു.കോടതി നിർദേശ പ്രകാരം ഹാദിയയെ ഹാജരാക്കിയപ്പോഴാണ് വിവാഹം കഴിച്ചതായി അറിയിച്ചത്.അതുകൊണ്ടു തന്നെ ഇതൊരു തട്ടിക്കൂട്ട് കല്യാണം ആണെന്നും അശോകൻ പറഞ്ഞു. ഒരു തീവ്രവാദിക്കൊപ്പം മകളെ വിവാഹം ചെയ്ത് അയക്കാൻ ഏതൊരച്ഛനും വിഷമമുണ്ടാകും.പക്ഷെ കോടതി വിധിയെ വിമർശിക്കുന്നില്ല. റിവ്യൂ ഹർജി കൊടുക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും അശോകൻ പറഞ്ഞു.
ലക്ഷദ്വീപിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ച് ഒരാൾ മരിച്ചു
അഗത്തി:ലക്ഷദ്വീപിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ചു.തീപിടുത്തത്തിൽ ഒരാൾ മരിച്ചതായും നാലുപേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.മാഴ്‌സക് ഹോന എന്ന കപ്പലിനാണ് തീപിടിച്ചത്.അപകട സമയത്ത് കപ്പലിൽ നിറയെ കണ്ടയ്നറുകളുണ്ടായിരുന്നു.തീച്ചൂടിൽ കണ്ടയ്നറുകൾ ഉരുകി തുടങ്ങി.കപ്പലിന്റെ മുൻഭാഗത്ത് തീ പടർന്നു പിടിക്കുകയായിരുന്നു. പ്രദേശത്താകമാനം പുക നിറഞ്ഞിരിക്കുന്നത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.മാർച്ച് 7 ന് മുംബൈയിൽ നിന്നും 23 ജീവനക്കാരുമായി പുറപ്പെട്ട കപ്പലാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തു നിന്നും 90 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുള്ളത്.
തളിപ്പറമ്പിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂർ:തളിപ്പറമ്പ് താലൂക്ക് ഓഫീസിനു സമീപത്തെ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.ബിജെപി പ്രവർത്തകനായ പരിയാരം ഇരിങ്ങൽ വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നിൽ പി.ദിനേശൻ (42) ആണ് പിടിയിലായത്. അറസ്റ്റിലായ പ്രതിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്.ബിജെപിയുടെ സജീവ പ്രവർത്തകനാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. അതേസമയം ഇയാൾ മനോരോഗത്തിന് ചികിത്സയിൽ കഴിയുന്നയാളാണെന്ന് ബന്ധുക്കൾ പറഞ്ഞു.ചികിത്സയിൽ കഴിയുന്നതിന്‍റെ രേഖകൾ ബന്ധുക്കൾ പോലീസ് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.ഇന്നു രാവിലെ 8.30 ഓടെയാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്‍റെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്.പ്രതിമയിൽ ചാർത്തിയിരുന്ന മാലയും കണ്ണടയും പൊട്ടിച്ച് വലിച്ചെറിഞ്ഞ ശേഷം സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ പോകുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ഒരാൾ മൊബൈലിൽ പകർത്തിയ ചിത്രമാണ് പ്രതിയെ ഇത്രവേഗം പിടികൂടാൻ പോലീസിനെ സഹായിച്ചത്.
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഇന്ദ്രൻസ് മികച്ച നടൻ;പാർവതി നടി
തിരുവനന്തപുരം:2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനായും ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാർവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഒറ്റമുറി വെളിച്ചമാണ് മികച്ച ചിത്രം.ഇ.മ.യൗ എന്ന ചിത്രം ഒരുക്കിയ ലിജോ ജോസ് പല്ലിശേരിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻസിയർ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടു.ഇ.മ.യൗ,ഒറ്റമുറി വെളിച്ചം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പോളി വത്സൻ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടി. കിണർ എന്ന ചിത്തിന് കഥയൊരുക്കിയ എം.എ.നിഷാദ് മികച്ച കഥാകൃത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയ സജീവ് പാഴൂർ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടി.മായാനദി എന്ന ചിത്രത്തിലെ മിഴിയിൽ നിന്നും മിഴിയിലേക്ക് എന്ന ഗാനം ആലപിച്ച ഷഹബാസ് അമൻ മികച്ച ഗായകനായും വിമാനം എന്ന ചിത്രത്തിലെ വാനം അകലുന്നു എന്ന ഗാനം പാടിയ സിതാര കൃഷ്ണകുമാർ മികച്ച ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു.ക്ലിന്‍റ് എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ച പ്രഭ വർമയെ മികച്ച ഗാനരചയിതാവായും ഭയാനകം എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം ഒരുക്കിയ എം.കെ.അർജുനൻ മികച്ച സംഗീത അംവിധായകനായും തിരഞ്ഞെടുത്തു. പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം ടോക്ക് ഓഫ് എന്ന ചിത്രത്തിനാണ്.ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി പശ്ചാത്തലസംഗീതം ഒരുക്കിയത്.സഞ്ജു സുരേന്ദ്രൻ സംവിധാനം നിർവഹിച്ച ഏദൻ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടി.
ഏഴിമലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കലക്റ്റർ ചെറുപുഴ തടയണ തുറക്കണമെന്ന് ആവശ്യപ്പെട്ടു;പറ്റില്ലെന്ന് നാട്ടുകാർ
ഏഴിമല:ഏഴിമല നാവിക അക്കാദമിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ചെറുപുഴ തടയണ തുറന്നു വിടണമെന്ന് കലക്റ്റർ ചെറുപുഴ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.എന്നാൽ ജലക്ഷാമം രൂക്ഷമായ ചെറുപുഴ,ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ നൂറുകണക്കിന് ആളുകളുടെ കുടിവെള്ളം മുട്ടിച്ച് തടയണ തുറന്നുവിടേണ്ടതില്ലെന്ന് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു.തടയണ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ തർക്കം തുടങ്ങിയിട്ട് നാളുകളേറെയായി.പ്രശ്നം പഠിക്കാനായി ചെറുകിട ജലവിഭവ വകുപ്പധികൃതർ ചൊവ്വാഴ്ച തടയണ സന്ദർശിച്ചിരുന്നു.കാര്യങ്കോട് പുഴയിലെ കാക്കക്കടവ് ഭാഗത്ത് നിന്നുമാണ് ഏഴിമലയിലേക്ക് വെള്ളമെത്തിക്കുന്നത്.എന്നാൽ വേനൽ കനത്തതോടെ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല എന്നാണ് പരാതി.അതിനാൽ ചെറുപുഴ തടയണ തുറക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്.അതേസമയം ചെറുപുഴ ഡാമിൽ നിന്നും ഏഴു കിലോമീറ്റർ അകലെയുള്ള കാക്കക്കടവിലേക്ക് ചെറുപുഴ ചെക്ക് ഡാം തുറന്നാലും വെള്ളം എത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്.ഇക്കാര്യം കളക്റ്ററെ നേരിട്ട് അറിയിക്കാനുള്ള തീരുമാനത്തിലാണ് ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തിലെ ജനപ്രതിനിധികളും നാട്ടുകാരും.നാട്ടുകാരുടെ കുടിവെള്ളം കവർന്നെടുക്കാതെ സൈനിക കേന്ദ്രത്തിലെ മറ്റ് കുടിവെള്ള സ്രോതസ്സുകൾ ഉപയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.മഴവെള്ള സംഭരണികൾ നിർമിച്ച് വെള്ളം ശേഖരിക്കുകയും വേണം.അതേസമയം കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ഏഴിമലയിലെ സൈനികരുടെ കുടുംബാംഗങ്ങൾ നാട്ടിലേക്ക് മടങ്ങാൻ ആരംഭിച്ചു.വിദ്യാർത്ഥികളുടെ പരീക്ഷ കഴിയുന്നതോടെ ഭൂരിഭാഗം കുടുംബങ്ങളും സ്വദേശത്തേക്ക് മടങ്ങും.
തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു
കാസർകോഡ്:കാസർകോഡ് ചീമേനിയിൽ തലയ്ക്കടിയേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു.നാലിലാംകണ്ടം ഗവ.യു.പി സ്കൂളിലെ അധ്യാപകൻ ആലന്തട്ടയിലെ പി.ടി രമേശനാണ്(50) മരിച്ചത്.കെ.പി.എസ്.ടി.എ ചെറുവത്തൂർ ഉപജില്ലാ കമ്മിറ്റി അംഗമായ രമേശൻ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മകനോടൊപ്പം നടന്നു പോകുമ്പോഴാണ് ആക്രമണത്തിന് ഇരയായത്.സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ തമ്പാൻ, ജയനീഷ്,അരുൺ,അഭിജിത് എന്നിവരുടെ പേരിൽ ചീമേനി പോലീസ് കേസെടുത്തിരുന്നു. ഇവരിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിലാണ്.പ്രതികൾ സിപിഎം അനുഭാവികളാണെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ ആരോപിച്ചു.
ഇന്ന് ലോക വനിതാ ദിനം; സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ ഇന്ന് വനിതകൾ ഭരിക്കും
തിരുവനന്തപുരം:വനിതാ ദിനം പ്രമാണിച്ച് ഇന്ന് സംസ്ഥാനത്തെ ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളും വനിതകൾ ഭരിക്കും.വനിതാ എസ്‌ഐമാരായിരിക്കും ഇന്ന് എസ് എച് ഓമാരായി ചുമതല നിർവഹിക്കുക.വനിതാ ഇൻസ്പെക്റ്റർമാരോ സബ് ഇൻസ്പെക്റ്റർമാരോ ഇല്ലാത്ത സ്റ്റേഷനുകളിൽ വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥയായിരിക്കും എസ് എച് ഒയുടെ നിർദേശപ്രകാരം സ്റ്റേഷൻ നിയന്ത്രിക്കുക. ഗാർഡ് ഡ്യൂട്ടി മുതൽ സ്റ്റേഷനിൽ വരുന്ന പരാതികൾ സ്വീകരിക്കുന്നതും മേൽനടപടികൾ സ്വീകരിക്കുന്നതും വനിതാ പോലീസ് ഉദ്യോഗസ്ഥയായിരിക്കും.
കണ്ണൂർ തളിപ്പറമ്പിൽ ഗാന്ധി പ്രതിമ തകർത്തു
കണ്ണൂർ:കണ്ണൂർ തളിപ്പറമ്പിൽ ഗാന്ധി പ്രതിമ തകർത്തു.തളിപ്പറമ്പ താലൂക്ക് ഓഫീസിനടുത്തുള്ള പ്രതിമയാണ് തകർത്തത്.പ്രതിമയിൽ ചാർത്തിയിരുന്ന മാലയും കണ്ണടയും തകർത്ത നിലയിലാണ്.രാവിലെ ഏഴുമണിയോട് കൂടിയാണ് സംഭവം.കാവി വസ്ത്രം ധരിച്ചയാളാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.താലൂക്ക് ഓഫീസ് പരിസരത്തുള്ള ആർ ടി ഓഫീസിൽ വാഹന റെജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എത്തിയവരാണ് പ്രതിമയെ ആക്രമിക്കുന്നത് കണ്ടത്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് പൊലീസിന് ഏകദേശ വിവരം ലഭിച്ചതായാണ് സൂചന.
മൈസൂരിൽ വാഹനാപകടത്തിൽ രണ്ട് കാസർകോഡ് സ്വദേശികൾ മരിച്ചു
മൈസൂർ:മൈസൂരിൽ വാഹനാപകടത്തിൽ രണ്ട് കാസർകോഡ് സ്വദേശികൾ മരിച്ചു.ബുധനാഴ്ച പുലർച്ചെ മൈസൂർ-ബെംഗളൂരു റൂട്ടിൽ എൽവാൽ എന്ന സ്ഥലത്താണ് അപകടം നടന്നത്. കർണാടക ആർടിസി ബസ്സും പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ കാസർകോഡ് സ്വദേശികളായ ജുനൈദ്(26),അസ്ഹറുദ്ധീൻ(26) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി പാർസൽ എടുക്കാനായി മൈസൂരിലേക്ക് പോയ യുവാക്കൾ മടങ്ങി വരുമ്പോൾ യുവാക്കൾ സഞ്ചരിച്ച പിക്കപ്പിൽ എതിരെ വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.ഇരുവരും അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.
പ്രതിമ തകർക്കൽ തുടരുന്നു;യുപിയിൽ അംബേദ്കറുടെ പ്രതിമയും തകർത്തു
മീററ്റ്:ത്രിപുരയിലെ ലെനിൻ പ്രതിമയും കോയമ്പത്തൂരിലെ പെരിയാർ പ്രതിമയും തകർത്തതിനു പിന്നാലെ ഉത്തർപ്രദേശിലെ മീററ്റിൽ അംബേദ്ക്കറുടെ പ്രതിമയും തകർത്തു. പ്രതിമ തകർത്തതിനു പിന്നിൽ പക്ഷേ, രാഷ്ട്രീയ കക്ഷികളല്ലെന്നാണ് നിഗമനം.പ്രാദേശിക ജനവിഭാഗങ്ങൾ തമ്മിൽ നിലനിന്ന തർക്കമാണ് പ്രതിമ നശിപ്പിക്കുന്നതിലേക്ക് എത്തിയതെന്നാണ് ഒരു വിഭാഗമാളുകൾ പറയുന്നത്. അതേസമയം സംഭവത്തേത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇവിടെ സ്ഥിതിഗതികൾ ശാന്തമാണെന്നും പ്രതിമ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.രണ്ടു ദിവസം മുൻപ് അംബേദ്കർ പ്രതിമയുടെ കൈയിലെ വിരൽ അടർന്നുവീണതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതമ തകർക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പോലീസ് വ്യക്തമാക്കിയത്.