ചെന്നൈ:ചെന്നൈയിൽ വിദ്യാർത്ഥിനിയെ കോളേജ് ഗേറ്റിനു മുൻപിൽ കുത്തിക്കൊന്നു. ചെന്നൈ കെ.കെ നഗറിലുള്ള മീനാക്ഷി കോളേജിലെ ബി.കോം വിദ്യാർത്ഥിനി അശ്വിനിയാണ് കുത്തേറ്റ് മരിച്ചത്.ക്ലാസ് കഴിഞ്ഞു പുറത്തേക്ക് വരികയായിരുന്ന അശ്വിനിയെ കോളേജ് ഗേറ്റിനു മുന്നിൽ വെച്ച് അഴകേശൻ എന്നയാൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. മധുരവയൽ സ്വദേശികളാണ് അഴകേശനും അശ്വിനിയും.തന്നെ അഴകേശൻ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് കാണിച്ച് ഇയാൾക്കെതിരെ അശ്വിനി പോലീസിൽ പരാതി നൽകിയിരുന്നു.ഇതിന്റെ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിച്ചുവരികയാണ്.
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യയുടെ പരാതിയിന്മേൽ ഗാർഹിക പീഡനത്തിന് കേസെടുത്തു
ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യയുടെ പരാതിയിന്മേൽ ഗാർഹിക പീഡനത്തിന് കേസെടുത്തു.ഗാർഹിക പീഡനത്തിന് പുറമെ ഒത്തുകളിയും സെക്സ് റാക്കറ്റുമായിട്ടുള്ള ബന്ധം വരെയും ഷമിക്കെതിരെ ഭാര്യ ഹാസിൻ ജഹാൻ ആരോപിച്ചിരുന്നു. ഈ പരാതിയിൽ ഷമിക്ക് പുറമെ നാല് കുടുംബാംഗങ്ങൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഷമിക്കെതിരെ വ്യാഴാഴ്ചയാണ് ഭാര്യ കൊൽക്കത്ത പോലീസിൽ പരാതി നൽകിയത്.ഷമിക്ക് മറ്റുസ്ത്രീകളുമായുള്ള ബന്ധത്തിന്റെ തെളിവായി ചാറ്റ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും ഹാസിൻ പുറത്തുവിട്ടിരുന്നു. ഷമിക്ക് ഒരു പാക്കിസ്ഥാൻകാരി അടക്കം നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹാസിൻ രംഗത്തുവന്നത്.ഷമി സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്നും സെക്സ് റാക്കറ്റിനു വേണ്ടി ക്രിക്കറ്റിൽ ഒത്തുകളി നടത്താറുണ്ടെന്നും ഭാര്യ ആരോപിച്ചിരുന്നു.ഷമിക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന രണ്ടുപേരുണ്ട്. കുല്‍ദീപ്, മമൂദ് ഭായി എന്നിവരാണ് അവര്‍. ഇവര്‍ അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളവരാണ്. ഇതുവഴി ഷമിയും സെക്‌സ് റാക്കറ്റുമായി ബന്ധപ്പെടാറുണ്ടെന്ന് ഹസിന്‍ ജഹാന്റെ അഭിഭാഷകനായ സാക്കിര്‍ ഹുസൈൻ പറഞ്ഞു.പാകിസ്താന്‍ യുവതിയുമായി ഷമിക്ക് കുറച്ചു കാലമായി അടുപ്പമുണ്ട്. ഇരുവരും പ്രണയത്തിലാണ്. ഇവരെ വിവാഹം കഴിക്കാന്‍ ഷമി ആഗ്രഹിച്ചിരുന്നു. ഇത് ഹസിന്‍ ജഹാന്‍ അറിഞ്ഞിരുന്നുവെന്നും അതാണ് ഇപ്പോള്‍ എല്ലാ കാര്യങ്ങളും പുറത്തുവരാന്‍ ഇടയാക്കിയതെന്നും സാക്കിര്‍ വ്യക്തമാക്കി.
ഭോപ്പാലിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ഭോപ്പാൽ:ഭോപ്പാലിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭോപ്പാൽ നർമ്മദ നഗറിൽ താമസിക്കുന്ന ജികെ നായർ, ഭാര്യ ഗോമതി എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.മോഷണശ്രമത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യോമസേന മുൻ ഉദ്യോഗസ്ഥനായ ജികെ നായരും, റിട്ടയേർഡ് സർക്കാർ നഴ്സായ ഗോമതിയും മാത്രമാണ് നർമ്മദയിലെ വീട്ടിൽ താമസിച്ചിരുന്നത്.രാവിലെ നർമ്മദ നഗറിലെ വീട്ടിലെത്തിയ വീട്ടുജോലിക്കാരാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഇവർ സമീപത്തെ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പോലീസ് വീടും പരിസരവും വിശദമായി പരിശോധിച്ചു. തുടർന്ന് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.ഗോമതിയുടെ മാലയും വളയും നഷ്ടപ്പെട്ടതിനാൽ മോഷണശ്രമത്തിനിടെയാകാം സംഭവം നടന്നതെന്നും പോലീസ് അറിയിച്ചു.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതി അനുമതി നൽകി
ന്യൂഡൽഹി:ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതി അനുമതി നൽകി.ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികൾക്ക് ദയാവധം അനുവദിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മരണതാല്പര്യം നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് കോമൺ കോഴ്സ് എന്ന സംഘടന നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായ ആളിന്റെ ബന്ധു ദയാവധം ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കണം. ജില്ലാ മജിസ്ട്രേറ്റ് രൂപവത്ക്കരിക്കുന്ന മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. അന്തിമ അനുമതി നല്‍കേണ്ടത് സംസ്ഥാനത്തെ ഹൈക്കോടതിയായിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ആരോഗ്യ പ്രശ്നങ്ങള്‍ അനുവദിക്കില്ലെന്ന സാഹചര്യത്തില്‍ ഉപകരണങ്ങള്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന രോഗികള്‍ക്ക് മുന്‍കൂര്‍ മരണതാല്പര്യം രേഖപെടുത്താനും അതനുസരിച്ച് ദയാവധം അനുവദിക്കാനുമാണ് കോടതി ഉത്തരവ്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീം കോടതി രൂപം നല്‍കി. മരുന്ന് കുത്തി വച്ച് മരിക്കാന്‍ അനുവദിക്കില്ല. മറിച്ച് നിഷ്ക്രിയ ദയാവധത്തിനാണ് കോടതി അനുമതി നല്‍കിയിരുന്നത്. ആരോഗ്യമുള്ളവര്‍ക്ക് ദയാവധം അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും സുപ്രിം കോടതി വ്യക്തമാക്കി.ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത രോഗികളെ മെഡിക്കല്‍ ഉപകരണങ്ങള്‍ പിന്‍വലിച്ച് മരിക്കാന്‍ അനുവദിക്കാം. ദയാവധം അനുവദിച്ചാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളിയാണ് കോടതിയുടെ അനുമതി. 2011 ല്‍ അരുണ ഷാന്‍ബാഗ് കേസില്‍ തുടങ്ങിയ ദയാവധ ചര്‍ച്ചയ്ക്കാണ് ഭരണഘടനാ ബെഞ്ചിന്റെ തീര്‍പ്പിലൂടെ വ്യക്തത വന്നത്.
മെയ് ഒന്നുമുതൽ കേരളത്തിൽ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കും
തിരുവനന്തപുരം:മെയ് ഒന്നുമുതൽ കേരളത്തിൽ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ചേർന്ന തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിൽ തീരുമാനമായി.സംഘടനകൾ തൊഴിലാളികളെ വിതരണം ചെയ്യുന്ന രീതിയും അന്ന് മുതൽ അവസാനിക്കും. ഈ കാര്യങ്ങളിൽ ട്രേഡ് യൂണിയനുകൾ സർക്കാരിന് പൂർണ്ണ പിന്തുണ അറിയിച്ചു.പുതിയ സ്ഥാപനങ്ങളും പദ്ധതികളും തുടങ്ങുമ്പോൾ അതാത് പ്രദേശത്തെ തൊഴിലാളികൾക്ക് കഴിയുന്നത്ര തൊഴിലവസരങ്ങൾ ലഭ്യമാക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.തൊഴിലാളി സംഘടനകൾ പ്രശ്നങ്ങൾ ഉണ്ടാക്കിയത് കൊണ്ട് കേരളത്തിൽ ഒരു ദശാബ്ദത്തിൽ ഇതുവരെ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ല.എന്നാൽ നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമെല്ലാം കേരളത്തെ കുറിച്ചുള്ള പൊതു പ്രതിച്ഛായ മോശമാക്കിയിട്ടുണ്ട്.അത് പൂർണ്ണമായും അവസാനിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. എല്ലാ തൊഴിലാളി സംഘടനകളും ഇതിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ ദേബ് ഇന്ന് സ്ഥാനമേൽക്കും
അഗർത്തല:ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ ദേബ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.ജിഷ്ണു ദേബ് ബർമ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. അഗർത്തലയിലെ ആസാം റൈഫിൾസ് ഗ്രൗണ്ടിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി,ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ,വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരും ചടങ്ങിൽ പങ്കെടുക്കും.എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ത്രിപുരയിൽ നടന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ഇടതു മുന്നണിയിലെ മറ്റ് നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്റ്റിക്ക് മന്തിസഭയിൽ രണ്ട് അംഗങ്ങളുണ്ടാകും.ത്രിപുരയിൽ ബിജെപി നേടിയ ഉജ്വല വിജയത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രമുഖനായിരുന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ ബിപ്ലബ് കുമാർ ദേബ്.
മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്റ്ററിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നുപേർ മരിച്ചു;14 പേർക്ക് പൊള്ളലേറ്റു
മുംബൈ:മഹാരാഷ്ട്രയിലെ പാൽഖറിൽ കെമിക്കൽ ഫാക്റ്ററിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നുപേർ മരിച്ചു.പതിനാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ബോയിസാർ-താരപൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ എംഐഡിസി കെമിക്കൽ ഫാക്റ്ററിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.രാത്രി പതിനൊന്നുമണിയോടെ ഉഗ്ര ശബ്ദത്തിൽ സ്ഫോടനമുണ്ടാവുകയും ഫാക്റ്ററിക്ക് തീപിടിക്കുകയുമായിരുന്നുവെന്ന് പാൽഗർ പോലീസ് കൺട്രോൾ ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.കമ്പനിയുടെ ബോയ്‌ലർ റൂമിലാണ് തീപിടുത്തമുണ്ടായത്.തീ അടുത്തുള്ള മറ്റു കമ്പനികളിലേക്കും പടർന്നതായാണ് സൂചന. അഗ്‌നിശമന സേനയും പോലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഉപയോഗിച്ച് കളഞ്ഞാൽ വിത്ത് മുളയ്ക്കുന്ന പ്രകൃതി സൗഹൃദ പേന ശ്രദ്ധേയമാകുന്നു
കാസർകോഡ്:ഉപയോഗിച്ച് കളഞ്ഞാൽ വിത്ത് മുളയ്ക്കുന്ന പ്രകൃതി സൗഹൃദ പേന ശ്രദ്ധേയമാകുന്നു.ബന്തിയോട്ടെ അംഗപരിമിതരുടെ കൂട്ടായ്മയായ ഹാന്റി ക്രോപ്പ് സ്വയം സഹായ സംഘമാണ് പേന നിർമിക്കുന്നത്.പോളിയോ വന്നവര്‍, അപകടത്തില്‍ നട്ടെല്ല് തകര്‍ന്ന് സ്പൈനല്‍ കോഡിന് ക്ഷതം സംഭവിച്ചവര്‍, മസ്കുലാര്‍ ഡിസ്ട്രോഫി വന്നവര്‍, അപകടത്തെത്തുടര്‍ന്ന് കാല്‍ മുറിച്ചു മാറ്റപ്പെട്ടവര്‍ തുടങ്ങി അംഗപരിമിതരായ നിരവധി പേർ അവരവരുടെ വീടുകളിലാണ് പേനകള്‍ നിര്‍മ്മിച്ചു വരുന്നത്.നാലു തരം പേപ്പര്‍ പേനകളാണ് നിലവില്‍ നിര്‍മ്മിച്ചുവരുന്നത്. 5 രൂപ മുതല്‍ എട്ട് രൂപ വരെയാണ് വില.റീഫിലിന്റെ പിറകിലായി രണ്ട് പച്ചക്കറി വിത്തുകള്‍ വെച്ചിട്ടുണ്ട്. പേനകള്‍ ഉപയോഗിച്ചു കളയുമ്പോൾ പേപ്പര്‍ മണ്ണിനോട് ചേര്‍ന്ന് അലിയുകയും വിത്തുകള്‍ മുളച്ച് വരികയും ചെയ്യും. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ ഇത്തരം പേനകള്‍ വിതരണം ചെയ്തിരുന്നു. സര്‍ക്കാറില്‍ നിന്നുള്ള ആനുകൂല്യം ലഭിച്ചാല്‍ പദ്ധതി വ്യാപിപ്പിക്കാനും ഹാന്റി ക്രോപ് ആലോചിക്കുന്നുണ്ട്.
ശീതളപാനീയ കമ്പനിയായ കൊക്കക്കോള മദ്യനിർമാണ രംഗത്തേക്ക്
ന്യൂയോർക്:അന്താരാഷ്ട്ര ശീതളപാനീയ കമ്പനിയായ കൊക്കക്കോള മദ്യം നിർമിക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ കുറഞ്ഞ നിരക്കിൽ മാത്രമുള്ള അൽക്കോപോപ്പ് പാനീയങ്ങൾ പോലുള്ള ഉൽപ്പന്നങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്.ചു ഹി എന്നറിയപ്പെടുന്ന ജാപ്പനീസ് മദ്യം ഉത്പാദിപ്പിച്ചാണു കൊക്കക്കോളയുടെ മദ്യനിർമാണരംഗത്തേക്കുള്ള ചുവടുവയ്പെന്നു കൊക്കക്കോളയുടെ ജപ്പാൻ പ്രസിഡന്‍റ് ജോർജ് ഗാർഡുനോ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. വാറ്റിയെടുത്ത ഷോചു ആൽക്കഹോളും സുഗന്ധമുള്ള കാർബണേറ്റ് ജലവും ചേർത്തു നിർമിക്കുന്ന പാനീയം കോളയ്ക്ക് സമാനമായ ടിന്നിലാക്കി വിൽക്കാനാണു കമ്പനി പദ്ധതിയിടുന്നത്. മുന്തിരി, സ്ട്രോബറി, കിവി, വൈറ്റ് പീച്ച് എന്നീ ഫ്ളേവറുകളിൽ കുറഞ്ഞ അളവിൽ ആൽക്കഹോളുള്ള പാനീയമാണ് കമ്പനി പുറത്തിറക്കുക.പാനീയം എന്നുപുറത്തിറക്കും എന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഭാവിയിൽ ലഹരിയില്ലാത്ത പാനീയങ്ങൾക്കാണു കമ്പനി പ്രാധാന്യം കൊടുക്കുന്നതെന്നും ജോർജ് ഗാർഡുനോ അറിയിച്ചു.
നിർത്താതെ പോയ ബൈക്കിനെ പോലീസുകാരൻ ചവിട്ടി വീഴ്ത്തി;ഗർഭിണി റോഡിൽ വീണു മരിച്ചു
ചെന്നൈ:നിർത്താതെ പോയ ബൈക്കിനെ പോലീസുകാരൻ ചവിട്ടി വീഴ്ത്തിയതിനെ തുടർന്ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഗർഭിണി റോഡിൽ വീണു മരിച്ചു.ഉഷ എന്ന യുവതിയാണ് പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത മൂലം റോഡിൽ വീണു മരിച്ചത്.ഉഷയും ഭർത്താവും ബൈക്കിൽ സഞ്ചരിക്കവേ ട്രാഫിക് നിയം ലംഘിച്ചതിന്റെ പേരിലാണ് പോലീസ് ദമ്പതികളെ ചവിട്ടി താഴെയിട്ടത്.ഉഷയുടെ ഭർത്താവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ല.വാഹനപരിശോധനയ്ക്കിടെ പോലീസ് ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വാഹനം നിർത്താൻ ഇയാൾ തയ്യാറായില്ല. തുടർന്ന് ബൈക്കിനെ പിന്തുടർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇവർ സഞ്ചരിച്ച ബൈക്കിൽ ചവിട്ടുകയായിരുന്നു.നിയന്ത്രണംവിട്ട ബൈക്കും ദമ്പതികളും റോഡിലേക്ക് വീണു.ഉഷ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.മൂന്നു മാസം ഗർഭിണിയായിരുന്നു ഉഷ.