പാലക്കാട്:അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി നിർദേശപ്രകാരമുള്ള ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. മണ്ണാർക്കാട് ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം.രമേശാണ് അട്ടപ്പാടിയിലെത്തി അന്വേഷണം ആരംഭിച്ചത്.നാട്ടുകാർ മധുവിനെ പിടികൂടിയ മുക്കാലി വനമേഖലയും കൊണ്ടുനടന്ന് മർദിച്ച മറ്റു സ്ഥലങ്ങളുമെല്ലാം മജിസ്‌ട്രേറ്റ് സന്ദർശിച്ച് തെളിവെടുപ്പ് നടത്തും. മധുവിന്റെ അമ്മ മല്ലി,സഹോദരിമാർ എന്നിവരിൽ നിന്നും മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം പോലീസ് പ്രതികളെ അട്ടപ്പാടിയിലെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു.മധുവിന്റെ മരണം ആൾക്കൂട്ട മർദ്ദനമേറ്റാണെന്നാണ് പോലീസ് വാദം. ആൾകൂട്ടം മധുവിനെ തല്ലിച്ചതച്ച് പൊലീസിന് കൈമാറുകയായിരുന്നു.പോലീസ് സ്റ്റേഷനിലേക്ക് ജീപ്പിൽ കൊണ്ടുപോകും വഴിയാണ് മധുവിന്റെ മരണം സംഭവിച്ചത്. ഇക്കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.ഇതേകുറിച്ചും ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തും.ക്രൂരമർദ്ദനമേറ്റാണ് മധു കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.മധുവിന്റെ ശരീരത്തിൽ അൻപതോളം മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ.മർദനത്തിനിടയിൽ തലയ്‌ക്കേറ്റ അടിയും മുറിവിലൂടെയുള്ള രക്തസ്രാവവുമാണ് മധുവിന്റെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തൽ.
ഷവോമിയുടെ റെഡ്‌മി 5 മാർച്ച് 14 ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും
മുംബൈ:പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ ഷവോമിയുടെ റെഡ്‌മി 5 ഈ മാസം 14 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.കഴിഞ്ഞ ഡിസംബറിൽ ഈ മോഡൽ ചൈനയിൽ അവതരിപ്പിച്ചിരുന്നു.ഇന്ത്യയിൽ ഇപ്പോൾ ലഭിക്കുന്നത് റെഡ്മി 5 പ്ലസ് ആണ്.5.7 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേ,ക്വൽകോം സ്നാപ്ഡ്രാഗൺ 450 പ്രോസസ്സർ,4 ജി.ബി റാം,32 ജി.ബി ഇന്റേണൽ സ്റ്റോറേജ്, എന്നിവയാണ് റെഡ്മി 5 ൻറെ സവിശേഷതകൾ.ഡ്യൂവൽ സിമ്മോടുകൂടിയ ഈ ഫോണിന് 12 എം.പി റിയർ ക്യാമറയും 5 എംപി മുൻ ക്യാമറയുമാണ്.3300 mAh ആണ് ബാറ്ററി കപ്പാസിറ്റി.
തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തും
തിരുവനന്തപുരം:തിങ്കളാഴ്ച സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടകളടച്ചിട്ട് സമരം നടത്തും. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സമരം.സംസ്ഥാനത്ത് വാതിൽപ്പടി വിതരണം തുടങ്ങി എട്ടുമാസം കഴിഞ്ഞിട്ടും തൂക്കം ഉറപ്പുവരുത്തി റേഷൻ സാധനങ്ങൾ എത്തിച്ചു നല്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്ന് ഓൾ കേരള റീറ്റെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു.ബാങ്കിൽ നിന്നും കടമെടുത്ത പല വ്യാപാരികളും ജപ്തി ഭീഷണിയിലാണ്.ഇവയ്ക്കൊക്കെ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.തിങ്കളാഴ്ചയിലെ ഇ-പോസ് മെഷീൻ പരിശീലന പരിപാടികളും ബഹിഷ്‌ക്കരിക്കുമെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.
താവക്കരയിൽ സ്ത്രീ ഉൾപ്പെടെയുള്ള പിടിച്ചുപറി സംഘം പിടിയിൽ
കണ്ണൂർ:നഗരത്തിൽ റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തുകയായിരുന്ന സംഘം പിടിയിൽ.ചെറുകുന്നിലെ കെ. രജിത(29), മണ്ണാര്‍ക്കാട്ടെ പുറമ്പോക്കില്‍ ശിവകുമാര്‍ (39), പാപ്പിനിശ്ശേരിയിലെ പണ്ണേരി സുനില്‍ (55), എളയാവൂരിലെ എം.വി.അജിത് (53) എന്നിവരെയാണ്
ടൗൺ പോലീസ് എസ്.ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത്. മാതമംഗലം കക്കറ കിഴക്കോട്ട് ഹൗസിൽ രാജേഷിന്റെ പരാതിയിലാണ് അറസ്റ്റ്.കണ്ണൂരിൽ ട്രെയിൻ ഇറങ്ങി നടന്നു പോകുകയായിരുന്ന രാജേഷിനെ അക്രമിസംഘം തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി കീശയിൽ നിന്നും പണവും മൊബൈൽ ഫോണും തട്ടിപ്പറിക്കുകയായിരുന്നു.ഓടി രക്ഷപ്പെട്ട രാജേഷ് മറ്റൊരാളോട് കാര്യം പറയുകയും ഇയാൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
മതിയായ സുരക്ഷാ സംവിധാനങ്ങളും ലൈസൻസുമില്ലാതെ അനധികൃത മീൻപിടുത്തം നടത്തിയ ബോട്ടിന് 90000 രൂപ പിഴയീടാക്കി
കണ്ണൂർ:മതിയായ സുരക്ഷാ സംവിധാനങ്ങളും ലൈസൻസുമില്ലാതെ അനധികൃത മീൻപിടുത്തം നടത്തിയ ബോട്ടിന് 90000 രൂപ പിഴയീടാക്കി.16 തൊഴിലാളികളുമായി മീൻപിടുത്തം നടത്തിയ കോഴിക്കോട് സ്വദേശി ബീരാൻ കോയയുടെ ഉടമസ്ഥതയിലുള്ള വോയേജർ എന്ന ബോട്ടിനാണ് കണ്ണൂർ ഡെപ്യൂട്ടി ഡയറക്റ്റർ ഓഫ് ഫിഷറീസ് ബീന സുകുമാർ പിഴയിട്ടത്.കഴിഞ്ഞ ദിവസം കടലിൽ മൽസ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് യന്ത്രത്തകരാർ മൂലം കടലിൽ കുടുങ്ങിയിരുന്നു.ബോട്ടിനെയും ഇതിലെ ജീവനക്കാരെയും മറൈൻ എൻഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി അഴീക്കൽ തുറമുഖത്തെത്തിച്ചു.തുടർന്ന് കണ്ണൂർ ഫിഷറീസ് അസി.ഡയറക്റ്റർ കെ.അജിതയുടെ നേതൃത്വത്തിൽ ബോട്ടിൽ നടത്തിയ പരിശോധനയിൽ ജീവൻ രക്ഷ ഉപകരണങ്ങളും ലൈസന്സുമില്ലാതെയാണ് ബോട്ട് മീൻപിടുത്തം നടത്തിയതെന്ന് കണ്ടെത്തി.ഇതോടെ ബോട്ടിനു പിഴയിടുകയായിരുന്നു.പിഴ അടച്ചതിനെത്തുടർന്ന് ബോട്ട് ഉടമസ്ഥന് വിട്ടുനൽകി. ബോട്ടിലുണ്ടായിരുന്ന മൽസ്യം ലേലം ചെയ്ത് 50000 രൂപ സർക്കാരിലേക്ക് അടയ്ക്കുകയും ചെയ്തു.
2018 ലെ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ നടക്കും
കണ്ണൂർ:2018 ലെ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ നടക്കും.പദ്ധതിയുടെ സംസ്ഥാനതല ഉൽഘാടനം നാളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉൽഘാടനം ചെയ്യും.ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. സർക്കാർ ആശുപത്രികൾ,സി എച് സികൾ,പി.എച് സികൾ,കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, അങ്കണവാടികൾ,സ്കൂളുകൾ,സ്വകാര്യ ആശുപത്രികൾ,ബസ് സ്റ്റാൻഡുകൾ,റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വെച്ചാണ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുക. ജില്ലയിൽ ഇത്തരത്തിലുള്ള 1898 ബൂത്തുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. 55 ട്രാൻസിറ്റ് ബൂത്തുകളും 178 മൊബൈൽ ബൂത്തുകളും പ്രവർത്തിക്കും.ആരോഗ്യ വകുപ്പ് ജീവനക്കാർ,ആശ വർക്കർമാർ,കുടുംബശ്രീ വോളന്റിയർമാർ, അങ്കണവാടി ജീവനക്കാർ,നഴ്സിംഗ് വിദ്യാർത്ഥിനികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ,തുടങ്ങി പ്രത്യേക പരിശീലന പരിശീലനം നേടിയ വൊളന്റിയര്മാരും തുള്ളിമരുന്ന് വിതരണത്തിൽ പങ്കാളികളാകും. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് തുള്ളിമരുന്ന് വിതരണം ചെയ്യുക.നാളെ തുള്ളിമരുന്ന് നല്കാൻ കഴിയാത്തവർ മാർച്ച് 12,13 തീയതികളിൽ ഇതിനായി ഒരുക്കിയിട്ടുള്ള പ്രത്യേക ബൂത്തുകളിൽ നിന്നും തുള്ളിമരുന്ന് നൽകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:നിലവിലുള്ള പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.മാർച്ച് 31ന് 14 ജില്ലകളിലെയും എൽഡി ക്ലർക്ക് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുകയാണെന്നും 23, 922പേർ നിയമനം കാത്തിരിക്കുകയാണെന്നും കെ.രാജന്‍റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പു മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം 60,000 പേർക്കു നിയമന ശിപാർശ നൽകിയതായും 12,500 പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സൂപ്പർ ന്യൂമററി തസ്തികകൾ ഇനി സൃഷ്ടിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിയടക്കം മൂന്നുപേർ മരിച്ചു
ബെംഗളൂരു:ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിയടക്കം മൂന്നുപേർ മരിച്ചു.തൃശൂർ സ്വദേശിനി ശ്രുതി ഗോപിനാഥ്,ആന്ധ്രാ സ്വദേശിനി അർഷിയാകുമാരി, ജാർഖണ്ഡ് സ്വദേശിനി ഹർഷ ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ഒന്പതുമണിയോടുകൂടി ബെംഗളൂരു നൈസ് റോഡിലാണ് അപകടം നടന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പിൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്.കാർ ഓടിച്ചിരുന്ന പ്രവീൺ, പവിത് കോഹ്ലി എന്നിവർക്കാണ് പരിക്കേറ്റത്.ബെംഗളൂരു അലൈൻസ് കോളേജിലെ രണ്ടാംവർഷ എംബിഎ വിദ്യാർത്ഥിനികളാണ് മരിച്ച മൂന്നുപേരും. ബന്നാർഘട്ടിൽ നിന്നും കൂട്ടുകാരെയും കൂട്ടി പ്രവീൺ നൈസ് റോഡിലൂടെ വാഹനം ഓടിക്കവേയാണ് അപകടം ഉണ്ടായത്.കാർ ഓടിക്കുന്നതിനിടെ വാഹനത്തിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ കാറിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അമിത വേഗതയിലായിരുന്ന കാർ പലതവണ മലക്കം മറിഞ്ഞ ശേഷം ഒരു പാരപറ്റിൽ ഇടിച്ചാണ് നിന്നത്.തൃശ്ശൂരിലെ റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥൻ ഗോപിനാഥൻ നായരുടെയും ഷീലയുടെയും മകളാണ് മരിച്ച ശ്രുതി.സഹോദരി സൗമ്യ.
ബേക്കറി സാധനങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ മരത്തിലിടിച്ച് ഒരാൾ മരിച്ചു; രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു
നീലേശ്വരം:ചിറ്റാരിക്കാൽ കാറ്റാംകവല പറമ്പ് റോഡിൽ ബേക്കറി സാധനങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ മരത്തിലിടിച്ച് ഒരാൾ മരിച്ചു.രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് രാവിലെ പത്തരമണിയോടുകൂടിയാണ് അപകടം നടന്നത്.കാറ്റാംകവലയ്ക്കും പറമ്പ ജംഗ്ഷനും ഇടയിലുള്ള വളവിൽ വെച്ച് നിയന്ത്രണം വിട്ട വാൻ റോഡിൽ നിന്നും തെന്നി മാറി സമീപത്തെ മരത്തിലിടിക്കുകയായിരുന്നു.മരത്തിലിടിച്ചില്ലായിരുന്നുവെങ്കിൽ തൊട്ടുതാഴെയുള്ള കൊക്കയിലേക്ക് വാൻ മറിയുമായിരുന്നു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പുതുതായി രൂപീകരിച്ച പയ്യന്നൂർ താലൂക്ക് നാളെ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും
കണ്ണൂർ:പുതുതായി രൂപീകരിച്ച പയ്യന്നൂർ താലൂക്ക് നാളെ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും.പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിശിഷ്ടാതിഥിയായിരിക്കും.സി.കൃഷ്‌ണന്‍ എംഎല്‍എ, എംപിമാരായ പി.കരുണാകരന്‍,പി.കെ.ശ്രീമതി,എം.കെ.രാഘവന്‍, ടി.വി.രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.സുമേഷ്, ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി,സബ്‌കളക്ടര്‍ എസ്.ചന്ദ്രശേഖരന്‍, നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.സത്യപാലന്‍,കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.വി.പ്രീത,തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ലത, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.ഇതിന്‍റെ ഭാഗമായി ഇന്നു വൈകുന്നേരം അഞ്ചിന് സെന്‍റ് മേരീസ് സ്‌കൂള്‍ പരിസരത്തുനിന്ന് മിനി സിവില്‍ സ്റ്റേഷനിലേക്ക് വിളംബരജാഥയും നടത്തും.കേരളത്തിലെ ഏറ്റവും വലിയ താലൂക്കായ തളിപ്പറമ്പ് താലൂക്കിലെ 16 വില്ലേജുകളും കണ്ണൂര്‍ താലൂക്കിലെ ആറു വില്ലേജുകളും ചേർത്താണ് പയ്യന്നൂർ താലൂക്ക് രൂപീകരിച്ചിരിക്കുന്നത്. പൂര്‍ണമായും കംപ്യൂട്ടര്‍വത്കരണം നടപ്പാക്കുന്ന ഇ-ഓഫീസായാണ് താലൂക്ക് ഓഫീസിന്‍റെ പ്രവര്‍ത്തനം നടപ്പാക്കുന്നത്.അതിനാല്‍ ഉദ്‌ഘാടനത്തോടെ സര്‍ട്ടിഫിക്കറ്റ് സംബന്ധമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുമെങ്കിലും ഏപ്രില്‍ പകുതിയോടെയാണ് പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.താത്കാലിക ആവശ്യങ്ങള്‍ക്കായി രണ്ടു തഹസില്‍ദാര്‍മാരെയും രണ്ടു ക്ലര്‍ക്കുമാരെയും അറ്റന്‍റഡർമാരെയും നിയമിച്ചിട്ടുണ്ട്. 16 ക്ലര്‍ക്കുമാരെ പിഎസ്‌സിവഴി ഉടന്‍ നിയോഗിക്കുമെന്നും ഡിഎംഒ ഇ.മുഹമ്മദ് യൂസഫ് പറഞ്ഞു.