
കൊച്ചി:കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ഇപ്പോൾ തുടങ്ങരുതെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പ്രതിയെന്ന നിലയിൽ കേസിലെ പല രേഖകളും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇത് കേസിന്‍റെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടക്കുമെന്നും കാണിച്ചാണ് ദിലീപ് ഹർജി സമർപ്പിച്ചിട്ടുള്ളത്. അതോടൊപ്പംതന്നെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ മറ്റൊരു ഹർജി കൂടി നൽകി. ദൃശ്യങ്ങൾ നൽകരുതെന്ന അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.കേസിൽ ഈ മാസം പതിനാലിന് എറണാകുളം സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. തനിക്കെതിരായ മുഴുവൻ തെളിവുകളുടെയും പകർപ്പ് ലഭിക്കാൻ പ്രതിയെന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം.എന്നാൽ ഇരയെ അപമാനിക്കലാണ് ദിലീപിന്റെ ലക്ഷ്യമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.രണ്ടു ഹർജികളിലും ഹൈക്കോടതി ഇന്ന് വിധി പ്രഖ്യാപിച്ചേക്കും.








