തൃശൂർ:തൃശ്ശൂരിൽ വൻ തീപിടുത്തം.ഇന്നു പുലര്‍ച്ച രണ്ടോടെയായിരുന്നു സംഭവം.കാഞ്ഞൂര്‍ റോഡിൽ ഗ്ലസന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ചൂണ്ടക്കാട്ടില്‍ ബേക്കേഴ്സ് എന്ന ബിരിയാണി ഉത്പന്ന മൊത്തവ്യാപാര സ്ഥാപനമാണ് കത്തിനശിച്ചത്.ഈ സ്ഥാപനത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഡ്രസ് വേള്‍ഡ് എന്ന തയ്യല്‍ സ്ഥാപനവും അഗ്നിക്കിരയായി.ബിരിയാണി ഉത്പന്ന മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നും തയ്യല്‍ കടയിലേക്ക് തീ പടരുകയായിരുന്നു. തയ്യല്‍ കടയില്‍ നിന്നും തീ പടര്‍ന്ന് സമീപ വീട്ടിലെ ഫര്‍ണീച്ചറുകളും കത്തി നശിച്ചിട്ടുണ്ട്. വീടിന്‍റെ മുകള്‍ നിലയിലേക്ക് തീയും പുകയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് രണ്ട് മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്ന് നിഗമനം.
റിപ്പോർട്ട് തള്ളി;ഡി സിനിമാസിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവ്
തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് പുറമ്ബോക്ക് ഭൂമി കൈയേറിയിട്ടില്ലെന്ന വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി.കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.ഭൂമി കൈയേറി ഡി സിനിമാസ് നിര്‍മാണം നടത്തിയെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് തൃശൂര്‍ വിജിലന്‍സ് കോടതിയാണ് നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.ഇതേതുടര്‍ന്ന് ത്വരിത പരിശോധന നടത്തിയ ശേഷമാണ് ഡി സിനിമാസ് ഭൂമി കൈയേറ്റം നടത്തിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയത്.ഭൂമിയിടപാടിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്ന പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
പഴയങ്ങാടിയിൽ സിപിഎം-ലീഗ് സംഘർഷം
പഴയങ്ങാടി:പഴയങ്ങാടിയിൽ സിപിഎം-ലീഗ് സംഘർഷം.ഫുട്ബോൾ കളിക്കിടെയുണ്ടായ വാക്ക്തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ഡിവൈഎഫ്ഐ,ലീഗ് പ്രവർത്തകർക്ക് മർദ്ദനമേൽക്കുകയും സിപിഎം-ലീഗ് ഓഫീസുകൾക്ക് നേരെ അക്രമമുണ്ടാവുകയും ചെയ്തു.കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ യുവധാര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിനിടെ വാക്കേറ്റമുണ്ടായിരുന്നു.ഇതിനെ തുടർന്ന് ബുധനാഴ്ച രാത്രി അക്രമം തുടങ്ങി.ഡിവൈഎഫ്ഐ പ്രവർത്തകൻ റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന റിഷാദിന് മർദനമേറ്റു.ഇയാളെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് ലീഗ് പ്രവർത്തകനും മർദനമേറ്റു.പിന്നീട് സംഘടിച്ചെത്തിയ ലീഗ് പ്രവർത്തകർ പഴയങ്ങാടി പ്രതിഭ തീയേറ്ററിന് സമീപത്തെ സിപിഎം ഓഫീസിൽ അടിച്ചു തകർത്തു.തുടർന്ന് സിപിഎം പ്രവർത്തകർ ബീവി റോഡിലെ ലീഗ് ഓഫീസിനു നേരെയും അക്രമം നടത്തി. അക്രമത്തെ തുടർന്ന് സ്ഥലെത്തിയ പഴയങ്ങാടി എസ്‌ഐയും സംഘവും പ്രവർത്തകരെ വിരട്ടിയോടിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്ലാസ്റ്റിക്ക് വീപ്പയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുന്നു
കൊച്ചി:കുമ്പളത്ത് പ്ലാസ്റ്റിക്ക് വീപ്പയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുന്നു.കൊലപാതകത്തിന് കാരണം മകൾക്ക് കാമുകനായുമായുള്ള ബന്ധം ചോദ്യം ചെയ്തതാണെന്ന് പോലീസ്.പ്രതി മകളുടെ കാമുകൻ സജിത്ത് ആണെന്ന് പോലീസ് നേരത്തെ സ്ഥിതീകരിച്ചിരുന്നു. ഭർത്താവ് ദാമോദരൻ,മകൾ അശ്വതി,മകൻ പ്രമോദ് എന്നിവർക്കൊപ്പമായിരുന്നു ശകുന്തള താമസിച്ചിരുന്നത്.പിന്നീട് രാഷ്ട്രീയ കൊലപാതക്കേസിൽപ്പെട്ട ദാമോദരൻ ജയിലിലായി.അശ്വതി അയൽവാസിയെ വിവാഹം കഴിച്ചു.ജയിലിൽ നിന്നും വന്ന ദാമോദരനും ശകുന്തളയും തമ്മിൽ വഴക്ക് പതിവായതിനെ തുടർന്ന് ശകുന്തള മാറിത്താമസിച്ചു.ഇതിനിടെ മകൻ ആത്മഹത്യ ചെയ്യുകയും ചെയ്തു.ഇതിനിടെ അശ്വതിയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് ഉദയംപേരൂർ സ്റ്റേഷനിൽ പരാതി നൽകി.പിന്നീട് ഇവരെ ഡൽഹിയിൽ നിന്നും കണ്ടെത്തി.എന്നാൽ കുറച്ചുനാളുകൾക്ക് ശേഷം അശ്വതിയും ഭർത്താവും വിവാഹമോചനം നേടി.തുടർന്ന് ശകുന്തളയോടൊപ്പം താമസമാക്കിയ അശ്വതി മറ്റൊരാളുമായി അടുപ്പത്തിലായി.പിന്നീട് ഇയാളുമായി തെറ്റിയ അശ്വതി വീണ്ടും ശകുന്തളയെ അന്വേഷിച്ചെത്തി. ഒപ്പം കുട്ടികളും ഭർത്താവാണെന്ന് പറഞ്ഞ് ഏരൂർ സ്വദേശിയായ സജിത്തും ഉണ്ടായിരുന്നു.എല്ലാവരും ഒപ്പമായിരുന്നു താമസം. തൃക്കാക്കര ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള എസ്പിസിയിൽ ഇൻസ്പെക്റ്ററായിരുന്നു സജിത്ത്.ഇതിനിടെ ശകുന്തളയ്ക്ക് സ്കൂട്ടർ അപകടമുണ്ടായി.രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയയായ ശകുന്തളയുടെ കാലിനു പ്ലാസ്റ്ററിടുകയും ചെയ്തു.ഈസമയത്ത് ശകുന്തള അശ്വതിയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇതിനിടെ സജിത്തിന് മറ്റൊരു ഭാര്യ ഉണ്ടെന്നും ശകുന്തള മനസ്സിലാക്കി. സജിത്തും അശ്വതിയും തമ്മിലുള്ള ബന്ധം സജിത്തിന്റെ വീട്ടിൽ അറിയിക്കുമെന്ന് ശകുന്തള പലപ്പോഴും പറഞ്ഞിരുന്നു.ഇതിനിടെ ശകുന്തളയ്ക്ക് ചിക്കൻപോക്സും വന്നു.ഇതോടെ ശകുന്തള സജിത്തിന് ഒരു ബാധ്യതയായി. ശകുന്തള സജിത്തിന് ഭീഷണിയും ബാധ്യതയും കൂടിയായപ്പോൾ ശകുന്തളയെ വകവരുത്താൻ സജിത്ത് തീരുമാനിച്ചു.ഇതിനായി അയൽവാസികളോട് ശകുന്തളയെ കോട്ടയത്തുള്ള ചേച്ചിയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞതിന് ശേഷം സജിത്ത് അശ്വതിയെയും കുട്ടികളെയും ഹോട്ടലിലേക്ക് മാറ്റി.ഏരുവേലിയിലുള്ള വാടകവീട്ടിൽ തനിച്ചായ ശകുന്തളയെ കൊലപ്പെടുത്തിയെ ശേഷം വീട്ടിൽ സൂക്ഷിച്ചു. കൂട്ടുകാരനായ ഓട്ടോക്കാരനോട് വീട്ടിൽ വെള്ളം പിടിച്ചുവെയ്ക്കാനായി വീപ്പ വേണമെന്ന് പറഞ്ഞു.പിന്നീട് ശകുന്തളുടെ മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോൺക്രീറ്റ് ചെയ്തു.വീപ്പ ഉപേക്ഷിക്കുന്നതിനായി അഞ്ചുപേരുടെ സഹായം തേടി. വീപ്പയ്ക്കുള്ളിൽ മൃഗങ്ങളുടെ അസ്ഥികളും തലയോട്ടിയുമാണെന്ന് ഇവരെ ബോധിപ്പിച്ചു.ഇറിഡിയം ഉണ്ടാക്കുന്നതിനായി ആന്ധ്രായിൽ നിന്നും ഒരാളെ കൊണ്ടുവന്നിരുന്നെന്നും ഇന്നലെ അത് പരാജയപ്പെട്ടുവെന്നും അവശിഷ്ട്ടങ്ങൾ വീപ്പയ്ക്കുള്ളിലാണെന്നും പറഞ്ഞു.വീപ്പ ഇവർ കുമ്പളത്തിനു സമീപം വെള്ളമുള്ള സ്ഥലത്ത് ഉപേക്ഷിച്ചു.പിന്നീട് ഏരുവേലിയിലുള്ള വീട് ഉപേക്ഷിച്ച സജിത്ത് കുരീക്കാട് എന്ന സ്ഥലത്ത് വാടകവീടെടുത്ത അശ്വതിയെയും മക്കളെയും അവിടെയാക്കി. ഇതിനിടയിലാണ് മൃതദേഹം തള്ളിയിരുന്നു ഒഴിഞ്ഞ പറമ്പിൽ മണ്ണുമാന്തി ഉപയോഗിച്ച ജോലികൾ ചെയ്യുന്നതിനിടെ പണിക്കാർ വീപ്പ കണ്ടെത്തിയത്.കോൺക്രീറ്റ് പൊട്ടിക്കാൻ പറ്റാത്തതിനെ തുടർന്ന് ഇവർ വീപ്പ ഉപേക്ഷിച്ചു.എന്നാൽ വീപ്പയ്ക്കുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതോടെ വീപ്പ വിശദമായി പരിശോധിച്ചു.ഇതോടെ വീപ്പയ്ക്കുള്ളിൽ മൃതദേഹമാണെന്ന് കണ്ടെത്തുകയായിരുന്നു.ഇത് കണ്ടെത്തിയതിന്റെ പിറ്റേദിവസം സജിത്ത് ആത്മഹത്യാ ചെയ്തു.അന്വേഷണം തന്നിലേക്കെത്തുമെന്ന് മനസ്സിലാക്കിയായിരുന്നു ഇത്.
അഴീക്കോട് വീടുകുത്തിത്തുറന്ന് മോഷണം;പത്തു പവൻ കവർന്നു
കണ്ണൂർ:കല്ലടത്തോട് ശ്രീനാരായണ റോഡിന് സമീപം വീട് കുത്തിത്തുറന്ന് പത്തു പവന്റെ ആഭരണങ്ങൾ മോഷ്ട്ടിച്ചു.കല്ലടത്തോടിലെ ചായക്കടക്കാരനായ സിദ്ധിഖിന്റെ വീട്ടിലാണ് പട്ടാപ്പകൽ കവർച്ച നടന്നത്.സിദ്ധിക്ക് രാവിലെ ചായക്കടയിൽ ജോലിക്ക് പോയിരുന്നു. വീട്ടിലുണ്ടായിരുന്ന സിദ്ധിഖിന്റെ രണ്ടു സഹോദരിമാരും പുറത്തുപോയ സമയത്താണ് മോഷണം നടന്നത്.വീട് ഭദ്രമായി പൂട്ടിയിരുന്നില്ല.അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. പൂതപ്പാറയിലെ തുണിക്കടയിൽ ജോലിചെയ്യുന്ന സഹോദരി റംലത്തിന്റെ വിവാഹത്തിനായി വാങ്ങിവെച്ചതായിരുന്നു ആഭരണങ്ങൾ.വളപട്ടണം സിഐ കൃഷ്‌ണനും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കീഴാറ്റൂർ വയൽക്കിളികളുടെ സമരപന്തൽ സിപിഎംകാർ കത്തിച്ചു
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളി കൂട്ടായ്മയുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയായിരുന്നു സംഭവം.വയലിലേക്കെത്തിയ സിപിഎം പ്രവര്‍ത്തകര്‍ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ പൊളിച്ച് തീയിടുകയായിരുന്നു.പിന്നീട് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്.സിപിഎം നേതൃത്വത്തിന്‍റെ എതിർപ്പുകളെ അവഗണിച്ചാണ് വയൽക്കിളി പ്രവർത്തകർ കീഴാറ്റൂരിൽ സമരം നടത്തിയിരുന്നത്.ബുധനാഴ്ച രാവിലെ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിച്ചതോടെയാണ് കീഴാറ്റൂരില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പോലീസ് സന്നാഹത്തോടെയാണ് ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അധികൃതര്‍ കീഴാറ്റൂരില്‍ എത്തിയത്. എന്നാല്‍ ഒരുകാരണവശാലും നിര്‍മ്മാണം അനുവദിക്കില്ലെന്നായിരുന്നു വയല്‍ക്കിളികളുടെ നിലപാട്. ഇതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് വയല്‍ക്കിളികള്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇതിന് പിന്നാലെയാണ് പോലീസ് സമരക്കാരെ അറസ്റ്റ് ചെയത് നീക്കിയത്. സ്ത്രീകളടക്കമുള്ള പ്രവർത്തകരെ ബലം പ്രയോഗിച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.
നടിയെ ആക്രമിച്ച കേസ്:ദിലീപ് വിചാരണയ്ക്ക് ഹാജരായി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി.കേസിന്‍റെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകർ ആവശ്യപ്പെട്ടു.ദിലീപ് അടക്കം പതിനൊന്ന് പേരാണ് കേസിലെ പ്രതികള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറുപ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. എട്ടാം പ്രതിയായ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ ജാമ്യത്തിലുമാണ്. കേസില്‍ രണ്ടുപേര്‍ മാപ്പു സാക്ഷികളാണ്.വിചാരണ തടയണമെന്നും ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാൽ കേസിൽ വിചാരണ വൈകിപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ശുഹൈബ് വധം;സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി:കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസിന്‍റെ സിബിഐ അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തു.കേസ് ഡയറി പോലും പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് അന്വേഷണം സിബിഐക്ക് വിട്ടതെന്നും വൈകാരികമായ ഒരു തീരുമാനമാണ് ഇക്കാര്യത്തിലുണ്ടായതെന്നും സര്‍ക്കാര്‍ വാദിച്ചു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അമരേന്ദ്ര ശരണാണ് സര്‍ക്കാരിനായി ഹാജരായത്.കേസില്‍ വിശദമായ വാദം ആവശ്യമാണെന്നും 23ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദത്തിന് ശേഷം കേസില്‍ അന്തിമ വിധി ഉണ്ടാകും.
കീഴാറ്റൂർ ബൈപാസ്;ആത്മഹത്യ ഭീഷണി മുഴക്കി സമരക്കാർ പ്രതിഷേധിക്കുന്നു
കണ്ണൂർ: കീഴാറ്റൂരിൽ വയൽ നികത്തി ബൈപ്പാസ് നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ സമരം ചെയ്യുന്ന വയൽക്കിളി പ്രവർത്തകർ ആത്മഹത്യ ഭീഷണി മുഴക്കി പ്രതിഷേധിക്കുന്നു.ദേഹത്ത് മണ്ണെണ ഒഴിച്ചാണ് സമരസമിതി പ്രവർത്തകരുടെ പ്രതിഷേധം.രാവിലെ പോലീസ് സഹായത്തോടെ സർവേയ്ക്കായി ഉദ്യോഗസ്ഥർ എത്തിയതോടെയാണ് ദേശീയ പാതയ്ക്കായി സർവേ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സമരക്കാർ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകളടക്കം നൂറോളം ആളുകളാണ് സമരരംഗത്തുള്ളത്. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ടെങ്കിലും സമരക്കാർ ഇവരോട് സംസാരിക്കാൻ തയാറായിട്ടില്ല.ബൈപ്പാസ് നിർമിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ബദൽ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി ജി. സുധാകരൻ നേരത്തെ അറിയിച്ചിരുന്നു.
ഛത്തീസ്ഗഡിൽ മാവോവാദി ആക്രമണത്തിൽ ഒൻപത് സി.ആർ.പി.എഫ് ജവാന്മാർക്ക് വീരമൃത്യു
റായ്‌പൂർ:ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ഇന്നലെയുണ്ടായ മാവോവാദി ആക്രമണത്തിൽ ഒൻപത് ജവാന്മാർക്ക് വീരമൃത്യു.രണ്ടുപേർക്ക് പരിക്കേറ്റു.കുഴിബോംബ് കണ്ടെത്തി നിർവീര്യമാക്കുന്ന സൈനികവാഹനത്തിനു നേരെ മാവോവാദികൾ ബോംബാക്രമണം നടത്തുകയായിരുന്നു..ഒരുവർഷത്തിനിടെയുണ്ടായ മൂന്നാമത്തെ വലിയ മാവോവാദി ആക്രമണമാണിത്.ചൊവ്വാഴ്ച ഉച്ചയോടെ മൈൻ കവചിത വാഹനം സ്ഫോടനത്തിൽ തകർന്നാണ് ജവാൻമാർ കൊല്ലപ്പെട്ടത്. രാവിലെ സുക്മയിലെ കിസ്തരാം-പെലോഡി റോഡിൽ നക്സലുകളും സിആർപിഎഫും ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിനിടെയായിരുന്നു സ്ഫോടനം.നക്സൽ ഓപ്പറേഷനായി എത്തിയ 212 ബറ്റാലിയനിലെ സിആർപിഎഫ് ജവാൻമാരുടെ മൈൻ കവചിത വാഹനം കുഴിബോംബിൽ കയറി പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ ഹെലിക്കോപ്റ്ററിൽ അഞ്ഞൂറ് കിലോമീറ്റർ ദൂരെയുള്ള തലസ്ഥാന നഗരമായ റായ്‌പൂരിലേക്ക് കൊണ്ടുപോയി.ആക്രമണത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അപലപിച്ചു.ആക്രമണം സംബന്ധിച്ച് സിആര്‍പിഎഫ് നേതൃത്വം ആഭ്യന്തരമന്ത്രിക്ക് വിശദീകരണം നല്‍കി.കഴിഞ്ഞ വര്‍ഷം സുക്മയില്‍ നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം സര്‍ക്കാരിന്‍റെ ആഭ്യന്തര സുരക്ഷാ നയങ്ങളിലെ പാളിച്ചയാണ് ആക്രമണത്തിന് വഴിവെച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.