കാസർകോഡ്:പ്രണയാഭ്യർത്ഥന നിരസിച്ച മലയാളി വിദ്യാർത്ഥിനിയെ സഹപാഠി കുത്തിക്കൊന്നു. സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സഹപാഠി നെല്ലൂർ കെമ്രാജെ ഗ്രാമം നാർണകജെയിലെ എസ്.കാർത്തികിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. സുള്ള്യ നെഹ്‌റു മെമ്മോറിയൽ കോളേജിലെ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർത്ഥിനി കാസർകോഡ് മുള്ളേരിയ കാറഡുക്ക ശാന്തി നഗറിലെ കരണി രാധാകൃഷ്ണ ഭട്ടിന്റെയും ദേവകിയുടെയും മകൾ കെ.അക്ഷതയാണ്(19) കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലുമണിക്ക് സുള്ള്യ ടൗണിലായിരുന്നു സംഭവം.ക്‌ളാസ് കഴിഞ്ഞ് ബസ് കയറാനായി കോളേജ് റോഡിലൂടെ പ്രധാന റോഡിലേക്ക് നടന്നുവരികയായിരുന്ന അക്ഷതയെ പിറകിൽ ബൈക്കിൽ വന്ന കാർത്തിക് കുത്തുകയായിരുന്നു.ഏഴു പ്രാവശ്യം അക്ഷതയെ കുത്തിയ കാർത്തിക് സ്വയം കൈത്തണ്ട മുറിച്ച ആത്മഹത്യക്ക് ശ്രമിച്ചു.കണ്ടുനിൽക്കുകയായിരുന്ന നാട്ടുകാർ ഇയാളെ തടഞ്ഞ് പോലീസിലേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അക്ഷതയെ ആദ്യം സുള്ള്യ കെ.വി.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനാൽ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.അക്ഷതയെ കാർത്തിക് നിരന്തരം ഫോൺ ചെയ്‌തും മെസ്സേജ് അയച്ചും ശല്യം ചെയ്യാറുണ്ടായിരുന്നു.ശല്യം തുടർന്നാൽ പ്രിൻസിപ്പലിന് പരാതി നൽകുമെന്ന് അക്ഷത പറയുകയൂം ചെയ്തു.ഇതിൽ പ്രകോപിതനായാണ് കാർത്തിക് കൊലനടത്തിയതെന്ന് പോലീസ് പറഞ്ഞു. കൈക്ക് പരിക്കേറ്റ കാർത്തിക്കിന് ചികിത്സ നൽകിയ ശേഷം പോലീസ് കസ്റ്റഡിയിൽ എടുത്തു.
കണ്ണൂർ പൂതപ്പാറയിൽ സിപിഎം ഓഫീസിനു നേരെ ആക്രമണം
കണ്ണൂർ:കണ്ണൂർ പൂതപ്പാറയിൽ സിപിഎം ഓഫീസിനു നേരെ ആക്രമണം.ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്.ഓഫീസിലെ കസേരകൾ അക്രമികൾ തല്ലിത്തകർത്തു.ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂരിൽ ഇന്ന് സർവകക്ഷി സമാധാന യോഗം ചേരും
കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും തുടർന്ന് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലും കണ്ണൂരിൽ ഇന്ന് സമാധാന യോഗം ചേരും.രാവിലെ 10.30 നു കളക്റ്ററേറ്റിൽ ചേരുന്ന യോഗത്തിൽ മന്ത്രി എ.കെ ബാലൻ അധ്യക്ഷത വഹിക്കും.യോഗത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികൾ പങ്കെടുക്കും.യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.എന്നാൽ സർവകക്ഷി യോഗം വെറും പ്രഹസനമാണെന്നു കെ.സുധാകരൻ ആരോപിച്ചു.കേസിൽ തെളിവ് നശിപ്പിക്കുകയും വീഴ്ച വരുത്തുകയും ചെയ്ത പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
പുതിയ ആക്ടിവ 5G യുമായി ഹോണ്ട
മുംബൈ:രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹനങ്ങളിലൊന്നായ ഹോണ്ട പുതിയ ആക്ടിവയുമായി എത്തിയിരിക്കുന്നു.രണ്ടു പുതിയ നിറങ്ങളും പുതിയ ഹെഡ്‍ലാംപ് ക്ലസ്റ്ററുമായാണ് ആക്ടിവ 5G എത്തിയിരിക്കുന്നത്.ഡാസിൽ യെലോ മെറ്റാലിക്ക്,പേൾ സ്പാർട്ടൻ റെഡ് എന്നീ പുതിയ നിറത്തോടൊപ്പം പഴയ തലമുറയിൽ നിന്നുള്ള ഏഴു നിറങ്ങളിൽ കൂടി ഹോണ്ട ആക്ടിവ 5G ലഭ്യമാകും.സീറ്റ് റിലീസ് ബട്ടനോടെയുള്ള ഫോർ ഇൻ വൺ ലോക്കാണ് പുതിയ ആക്ടിവ 5G യിലുള്ളത്.ഇതിനു പുറമെ മൈലേജ് വർധിപ്പിക്കാൻ എക്കോ ഇൻഡികേറ്ററും പുതിയ ആക്ടിവ 5G യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.5.3 ലിറ്ററാണ് സ്കൂട്ടറിന്റെ ഇന്ധനശേഷി.ഹോണ്ടയുടെ കോമ്പി ബ്രേക്കിംഗ് സംവിധാനത്തിലാണ് പുതിയ ആക്ടിവ 5G ഒരുക്കിയിരിക്കുന്നത്.സർവീസ് കാലാവധി എത്തുമ്പോൾ ഇൻസ്ട്രുമെന്റ് കൺസോൾ തന്നെ റൈഡർക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനവും 5G യിൽ ഒരുക്കിയിട്ടുണ്ട്.
പുതിയ ആരോഗ്യ നയം;സ്കൂൾ പ്രവേശനത്തിന് ഇനി മുതൽ വാക്സിൻ രേഖ നിർബന്ധം
തിരുവനന്തപുരം:സംസ്ഥാന സർക്കാർ പുതിയ ആരോഗ്യ നയം പ്രഖ്യാപിച്ചു.ഇത് പ്രകാരം ഇനി മുതൽ സ്കൂൾ പ്രവേശന സമയത്ത് വാക്സിൻ രേഖ നിർബന്ധമാക്കി. സ്വകാര്യ കച്ചവട സ്ഥാപനങ്ങളെ നിയന്ത്രിച്ച് പൊതു ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ നയമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.വാക്സിൻ പ്രവർത്തനങ്ങൾക്കെതിരെയുള്ള ക്യാമ്പെയിനുകളെ പരാജയപ്പെടുത്താൻ നടപടിയെടുക്കുമെന്നും ആരോഗ്യനയത്തിൽ വ്യക്തമാക്കുന്നുണ്ട്.ഇത് കൂടാതെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വൈകിട്ട് ആറുമണിവരെയാക്കും, പകർച്ചവ്യാധികൾക്കെതിരെ ശക്തമായ ക്യാമ്പയിൻ നടത്തും,ജീവിത ശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിന് നടപടി സ്വീകരിക്കും,കൃത്യമായ ബോധവൽക്കരണം നടത്തും എന്നിവയും ആരോഗ്യനയത്തിലുള്ള മറ്റ് പ്രധാന നിർദേശങ്ങളാണ്.
പ്രശസ്ത സാഹിത്യകാരൻ കെ.പാനൂർ അന്തരിച്ചു
കണ്ണൂർ:പ്രശസ്ത സാഹിത്യകാരനും കവിയുമായ കെ.പാനൂർ(കുഞ്ഞിരാമ പാനൂർ) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം.2006 ഇൽ കേരള സാഹിത്യ അക്കാദമായി അവാർഡ് നേടിയിട്ടുണ്ട്.കേരളത്തിലെ ആഫ്രിക്ക,ഹാ നക്സൽ ബാരി,തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരളത്തിൽ പലയിടങ്ങളിലായി ആദിവാസി ക്ഷേമ പ്രവർത്തനം നടത്തി.കേരള സർക്കാർ സർവീസിൽ റെവന്യൂ വിഭാഗം ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം ഡെപ്യൂട്ടി കളക്റ്ററായാണ് സർവീസിൽ നിന്നും വിരമിച്ചത്.മലയാള കലാഗ്രാമം സ്ഥാപിക്കപ്പെട്ടപ്പോൾ പത്തു വർഷത്തോളം അതിന്റെ രെജിസ്ട്രാറായും പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണൂരിൽ കെ.സുധാകരൻ നടത്തി വരുന്ന നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് തുടരും
കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സുധാകരൻ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് സൂചന.നേരത്തെ 48 മണിക്കൂർ സമരം തുടരുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.എന്നാൽ കേസന്വേഷണം തൃപ്തികരമല്ലെന്നും പിടിയിലായിരിക്കുന്നത് യഥാർത്ഥ പ്രതികളല്ലെന്നും ചൂണ്ടിക്കാട്ടി സമരം തുടരാൻ തീരുമാനിക്കുകയായിരുന്നു.വ്യാഴാഴ്ച കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നതിന് ശേഷം ബാക്കി നടപടികൾ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
തനിക്ക് മുസ്ലിം ആയാണ് ജീവിക്കേണ്ടതെന്ന് ഹാദിയ സുപ്രീം കോടതിയിൽ
ന്യൂ ഡൽഹി:താൻ മുസ്ലീമാണെന്നും തനിക്ക് മുസ്ലീമായാണ് ജീവിക്കേണ്ടതെന്നും ഹാദിയ സുപ്രീം കോടതിയിൽ.തന്നെ സ്വതന്ത്രയായി ജീവിക്കാൻ അനുവദിക്കണമെന്നും അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം നല്കാൻ നിർദേശിക്കണമെന്നും ഹാദിയ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.ഹാദിയയുമായുള്ള ഷെഫിൻ ജഹാന്റെ വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച ഹർജിയിൽ ഹാദിയയെയും കക്ഷി ചേർത്തിരുന്നു.മതം മാറ്റം,ഷെഫിനുമായുള്ള വിവാഹം എന്നിവ സംബന്ധിച്ച വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാമെന്ന് ഹാദിയയോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.നേരത്തെ വീട്ടുതടങ്കലിൽ ആയിരുന്നു.ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ് ജീവിതം.ഇതിനാൽ പൂർണ്ണ സ്വതന്ത്രയായി ജീവിക്കാനുള്ള സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് സുപ്രീം കോടതിയോട് ഹാദിയ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂത്തുപറമ്പ് കണ്ണവം വനത്തിൽ യുവാവ് വെടിയേറ്റ് മരിച്ചു
കൂത്തുപറമ്പ്:കണ്ണവം കോളനിയില്‍ വെങ്ങളത്ത് വനത്തിനുള്ളില്‍ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. വെങ്ങളത്ത് ഖാദി ബോര്‍ഡ് സെന്‍ററിനടുത്ത് സ്വാമി പീടികയിലെ തെനിയാടന്‍ കുഞ്ഞാന്റെ മകന്‍ പ്രദീപന്‍ (സജീവന്‍- 38) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അറക്കല്‍ കോളനിയോട് ചേര്‍ന്ന പാറയിടുക്ക് ഭാഗത്ത് വെടിയേറ്റ് മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.മുഖത്ത് വെടിയേറ്റ് പിന്നിലേക്ക് മറിഞ്ഞു വീണ നിലയിലായിരുന്നു മൃതദേഹം.നാടന്‍ തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പോലീസിന്റെ നിഗമനം.വിരലടയാള വിദഗ്ദരും ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ: രതി. മകന്‍: നന്ദു.
ഷുഹൈബ് വധം;പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു
കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചതായി സൂചന.പ്രതികൾ എത്തിയ വാഹനം പോലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്.രണ്ടു കാറുകളിലായാണ് പ്രതികൾ എത്തിയത്.ഇവയിൽ ഒന്ന് വാടകയ്‌ക്കെടുത്ത കാറാണെന്നും പോലീസ് പറഞ്ഞു.പ്രതികളിൽ ചിലർ സംസ്ഥാനം വിട്ട് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.അഞ്ചിലധികം പ്രതികൾ കൊലപാതകത്തിൽ പങ്കാളികളായിരുന്നു എന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.എവിടെയൊളിച്ചാലും പ്രതികളെ പുറത്തു കൊണ്ടുവരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം കൃത്യം നടത്താൻ ഉപയോഗിച്ചത് മഴുവായിരുന്നില്ലെന്നും വാളാണെന്നും കണ്ടെത്തിയിട്ടുണ്ട്.വാളുകൊണ്ട് ഉണ്ടാകുന്ന തരം മുറിവുകളാണ് ശുഹൈബിന്റെ ദേഹത്ത് കണ്ടെത്തിയതെന്നാണ് വിവരം.