പത്തനംതിട്ട:പത്തനംതിട്ടയിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് സൈനികനടക്കം രണ്ടുപേർ മരിച്ചു.വെള്ളിയറ സ്വദേശികളായ അമൽ,ശരൺ എന്നിവരാണ് മരിച്ചത്.സൈനികനായ അമൽ രണ്ടാഴ്ച മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്.അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി പത്തരയോടെ റാന്നി തീയ്യാടിക്കലിൽ ആണ് അപകടം നടന്നത്.തെള്ളിയൂർ ക്ഷേത്രത്തിൽ ഉത്സവം കൂടുന്നതിനായി അഞ്ചുപേരുടെ സംഘം രണ്ടു ബൈക്കുകളിലായി പോകുന്നതിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.അമിത വേഗത്തിലെത്തിയ ടിപ്പർ രണ്ടു ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.ടിപ്പർ നാട്ടുകാർ തടഞ്ഞു.പരിക്കേറ്റവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അട്ടപ്പാടിയിൽ ഇന്നലെ മർദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്‌മോർട്ടം തുടങ്ങി
തൃശൂർ:അട്ടപ്പാടിയിൽ ഇന്നലെ മർദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്‌മോർട്ടം തൃശൂർ മെഡിക്കൽ കോളേജിൽ നടക്കുന്നു.ഫോറൻസിക് വിഭാഗം മേധാവി ഡോ.ബാലറാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടക്കുന്നത്.പതിനൊന്നു മണിയോടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാകുമെന്നാണ് കരുതുന്നത്.പോലീസ് സാന്നിധ്യത്തിന് പുറമെ പോസ്റ്റ്‌മോർട്ടം ദൃശ്യങ്ങൾ പൂർണ്ണമായും ക്യാമറയിൽ പകർത്തുന്നുണ്ട്.മധുവിനേറ്റ മർദ്ദനത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിലൂടെ മനസ്സിലാകും.മന്ത്രിമാരായ കെ.കെ ഷൈലജയും എ.കെ ബാലനും മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്.കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും മധുവിന്റെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.ആദിവാസികൾക്ക് മാത്രമാണ് കാട്ടിൽ കടക്കുന്നതിനുള്ള അവകാശം.അത് മറികടന്ന് കാട്ടിലെത്തി മധുവിനെ മർദിച്ചവർക്കെതിരെ വനാവകാശ നിയമമനുസരിച്ചും കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മെഡിക്കൽ കോളേജിൽ എത്തിച്ചേർന്നിട്ടുണ്ട്.മെഡിക്കൽ കോളേജിൽ സംഘർഷ സാധ്യത ഉണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
വൈദ്യശാസ്ത്രത്തിന് അത്ഭുതമായി 14 കാരൻ; രണ്ടുവർഷത്തിനിടെ ഇട്ടത് 20 മുട്ടകൾ!
ജക്കാർത്ത:വൈദ്യശാസ്ത്രത്തിന് അത്ഭുതമായി പതിനാലുകാരൻ മുട്ടയിടുന്നു.കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇട്ടതു 20 മുട്ടകൾ.ഇന്തോനേഷ്യക്കാരനായ അക്മൽ എന്ന ബാലനാണ് 2016 മുതൽ ഇത്തരത്തിൽ മുട്ടയിടുന്നത്.സംഭവം വാർത്തയായതോടെ കുട്ടിയെ പരിശോധിച്ച ഡോക്റ്റർ എക്സ്റേ എടുത്തു.ഇതിൽ കുട്ടിയുടെ ശരീരത്തിൽ മുട്ടയുള്ളതായി കാണപ്പെട്ടു.പിന്നീട് ഡോക്റ്റർമാരുടെ മുന്നിൽ വെച്ചും കുട്ടി രണ്ടു മുട്ടയിട്ടു.എന്നാൽ ഒരു മനുഷ്യ ശരീരത്തിൽ നിന്നും ഇത്തരത്തിൽ മുട്ട വരില്ലെന്നും കുട്ടി മുട്ടവിഴുങ്ങിയതാവാമെന്നുമായിരുന്നു ഡോക്റ്റർമാരുടെ വാദം.അല്ലെങ്കിൽ മുട്ട മലദ്വാരത്തിനുള്ളിൽ കയറ്റിവെച്ചതാകാമെന്നും ഡോക്റ്റർമാർ സംശയിക്കുന്നു.ഇത് മുട്ടതന്നെയാണോ എന്നറിയാനായി ഉടച്ചു നോക്കിയപ്പോൾ മഞ്ഞയും വെള്ളയും ചേർന്ന മിശ്രിതമാണ് ലഭിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.അതിനു ശേഷമാണ് ഡോക്റ്ററെ സമീപിച്ചത്.ഇൻഡോനേഷ്യയിലെ ശൈഖ് യൂസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയെ ഒരു സംഘം ഡോക്റ്റർമാർ നിരീക്ഷിച്ചു വരികയാണ്.വിദഗ്ദ്ധ പഠനത്തിന് ശേഷം മാത്രമേ ഇത് എന്തെങ്കിലും തരത്തിലുള്ള രോഗമാണോ എന്ന് സ്ഥിതീകരിക്കാനാകൂ എന്നും ഡോക്റ്റർമാർ അറിയിച്ചു.
ഐഎസ്എൽ;കേരളാ ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണായകം
കൊച്ചി:ഐഎസ്എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ സ്വന്തം മൈതാനത്ത് നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നു.ചെന്നൈ എഫ്‌സിയെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് നേരിടുക.കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് രാത്രി എട്ടുമണിക്കാണ് മത്സരം.സീസണിലെ അവസാന ഹോം മത്സരത്തിനിറങ്ങുമ്പോൾ കലാശ പോരാട്ടത്തെക്കാൾ സമ്മർദത്തിലാണ് സന്ദേശ് ജിങ്കനും സംഘവും. ജയിച്ചാൽ കണക്കുകളിൽ വിശ്വസിച്ചു കളത്തിൽനിന്നു കയറാം,അല്ലെങ്കിൽ സ്വന്തം കാണികൾക്കു മുന്നിൽ കണ്ണീരോടെ ലീഗിന്‍റെ പുറത്തേക്കു പോകാം.ഐഎസ്എൽ നാലാം സീസണിന്റെ സെമിഫൈനലിലേക്ക് മുന്നേറാൻ ജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സിനെ സഹായിക്കില്ല.സ്വന്തം ജയത്തിനൊപ്പം മറ്റുള്ളവരുടെ ജയങ്ങളും തോൽവിയും മുന്നോട്ടുള്ള യാത്രയ്ക്ക് ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.നിലവിൽ 16 കളികളിൽ നിന്നും 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
ശുഹൈബ് വധം;അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് നടക്കും
കണ്ണൂർ: ശുഹൈബ് വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഉച്ചയ്ക്ക് ശേഷം നടക്കും. കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരി, റിജിൻരാജ് എന്നിവർ റിമാൻഡിൽ കഴിയുന്ന കണ്ണൂർ സ്പെഷൽ സബ് ജയിലിലാണ് പരേഡ് നടക്കുക. ശുഹൈബിനൊപ്പം വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, റിയാസ് എന്നിവരാണ് പ്രതികളെ തിരിച്ചറിയേണ്ടത്.ശുഹൈബിനെ വെട്ടിയ സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലെന്ന് പരിക്കേറ്റവർ പറഞ്ഞിരുന്നു. ഇതോടെ ഇന്ന് നടക്കുന്ന പ്രതികളുടെ തിരിച്ചറിയൽ പരേഡ് നിർണായകമാണ്. ആകാശ് തില്ലങ്കേരിയേയും റിജിൻ രാജിനെയും തിരിച്ചറിയുകയും അക്രമി സംഘത്തിൽ ഇരുവരും ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികളായ നൗഷാദും റിയാസും മൊഴി നൽകിയാൽ അറസ്റ്റിലായവർ ഡമ്മി പ്രതികളാണെന്നും യഥാർഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് കെ.സുധാകരൻ നടത്തുന്ന സമരത്തിന്‍റെ വീര്യം കുറയും.ആകാശിനെയും റിജിൻ രാജിനെയും ദൃക്സാക്ഷികൾ തിരിച്ചറിയുന്നില്ലെങ്കിൽ കേസ് ദുർബലമാവുകയും പോലീസ് കുറ്റപത്രം സമർപ്പിച്ചാലും വിചാരണ വേളയിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിതുറക്കുന്ന നടപടിയായി അത് മാറുകയും ചെയ്യും.
ആദിവാസി യുവാവിന്റെ മരണത്തിൽ പ്രതിഷേധം ശക്തം;അട്ടപ്പാടിയിൽ ആംബുലൻസ് തടഞ്ഞു
പാലക്കാട്:അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുന്നു. സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിൽ പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധത്തിനിടയിലേക്ക് മധുവിന്‍റെ മൃതദേഹവുമായി വന്ന ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞു. പ്രതികളെ പിടികൂടിയശേഷം മധുവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്താൽ മതിയെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ ആംബുലന്സ് തടഞ്ഞത്. അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപമാണ് ആംബുലൻസ് തടഞ്ഞത്. ഇതിനിടെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടറോടും എസ്പിയോടും കമ്മീഷൻ വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
ശുഹൈബിനെ വധിക്കാൻ ഉപയോഗിച്ചത് കുടകിൽ നിന്നുള്ള വാളുകൾ
കണ്ണൂർ:എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ അക്രമിക്കുന്നതിനായി മൂന്നു വാളുകൾ കൊണ്ടുവന്നതായി സൂചന.വീരാജ്പേട്ടയിലും കുടകിലും മറ്റും മുളകൾ വെട്ടാൻ ഉപയോഗിക്കുന്ന വാളാണിതെന്നാണ് പോലീസ് പറയുന്നത്.എന്നാൽ ഈ ആയുധങ്ങളും കൊലയാളികൾ സഞ്ചരിച്ച വാഹനങ്ങളൂം ഇതുവരെ കണ്ടെത്താൻ പോലീസിനായിട്ടില്ല.ഇതിൽ ദുരൂഹത ഉള്ളതായി ആരോപണമുണ്ട്.പ്രതികൾ സഞ്ചരിച്ച രണ്ടു വാഹനങ്ങൾ തളിപ്പറമ്പിൽ നിന്നും പിടിച്ചെടുത്തതായി സൂചനയുണ്ടെങ്കിലും സ്ഥിതീകരിച്ചിട്ടില്ല.മാത്രമല്ല ആകാശിന്റെയും രജിൻ രാജിന്റെയും കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പ്രതികളെയും ഇനിയും കണ്ടെത്തിയിട്ടില്ല.ഇതിൽ ഒരാൾ വാഹനത്തിന്റെ ഡ്രൈവറാണ്.ആക്രമണം ആസൂത്രണം ചെയ്തവരെയും നിരീക്ഷിച്ചു വരികയാണ്. അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.ഇതിൽ ഡ്രൈവർ വാഹനത്തിൽ തന്നെയിരുന്നു.എടയന്നൂരിലെ ഒരു ഡിവൈഎഫ്ഐ പ്രവർത്തകനാണ് ശുഹൈബിന്റെ കുറിച്ചുള്ള സൂചന നൽകിയത്. ഷുഹൈബ് രാത്രിൽ എന്നും എടയന്നൂരിലെ തട്ടുകടയിൽ എത്തുന്നത് അവർ നിരീക്ഷിച്ചു. ഷുഹൈബ് തട്ടുകടയിൽ എത്തിയതായി ഇവർ കുറച്ചകലെ കാത്തു നിൽക്കുകയായിരുന്ന പ്രതികൾക്ക് വിവരം നൽകി.ശുഹൈബിനെ ആക്രമിച്ച ശേഷം ഇവർ സഞ്ചരിച്ച വാഹനം മട്ടന്നൂർ ഭാഗത്തേക്കാണ് പോയത്.പിന്നീട് ഇവർ രണ്ടു വാഹനങ്ങളിലായി തിരിഞ്ഞതായും പോലീസ് സംശയിക്കുന്നു.നേരത്തെ ശുഹൈബിന്റെ നാളുകൾ എണ്ണപ്പെട്ടതായി മുദ്രാവാക്യം മുഴക്കി എടയന്നൂർ ടൗണിൽ ചിലർ പ്രകടനം നടത്തിയിരുന്നു. ഗൂഢാലോചനയിൽ പങ്കെടുത്ത ചിലർ ആ പ്രകടനത്തിൽ ഉണ്ടായിരുന്നുവെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പരിയാരത്ത് ബസും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്
പരിയാരം:പരിയാരത്ത് ഗവ.ഹൈ സ്കൂളിന് സമീപം ദേശീയ പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്.പയ്യന്നൂരിൽ നിന്നും ചപ്പാരപ്പടവിലേക്ക് പോയ കാർ സ്കൂളിന് സമീപത്തുള്ള വളവിൽ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ചപ്പാരപ്പടവ് സ്വദേശികളായ എം.ഹസൈനാർ ഹാജി(65),മക്കളായ പി.സി ശംസുദ്ധീൻ(41),പി.സി സൈനബ(32) എന്നിവർക്കും ബസ് യാത്രക്കാരായ മേലതിയേടത്തെ ടി.വി നാരായണൻ(60), ഏമ്പേറ്റിലെ പുരുഷോത്തമൻ(52),ഭാര്യ രമണി(45),കെ.വി രോഹിണി(65) എന്നിവർക്കുമാണ് പരിക്കേറ്റത്.ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കുടുംബത്തിന് എസ്‌വൈഎസ് ധനസഹായം നൽകി
കണ്ണൂർ:മട്ടന്നൂർ എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കുടുംബത്തിനും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്കും സമസ്തകേരള സുന്നി യുവജന സംഘം ധനസഹായം നൽകി.എസ്‌വൈഎസ് ഭാരവാഹികൾ ശുഹൈബിന്റെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. ശുഹൈബിന്റെ കൊലപ്പെടുത്തിയ മുഴുവൻ പ്രതികളെയും പിന്നിൽ പ്രവർത്തിച്ചവരെയും ഉടൻ തന്നെ പിടികൂടി നിയമത്തിനു മുന്നിൽ എത്തിക്കണമെന്ന് സുന്നി നേതാക്കൾ ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം സുന്നി സംഘടനകൾ ശക്തമായ സമരപരിപടികളുമായി മുന്നോട്ട് വരുമെന്നും ഇവർ പറഞ്ഞു.
അഴീക്കോട് ആർഎസ്എസ് കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ:പൂതപ്പാറയിലും വൻകുളത്തുവയയിലും ആർഎസ്എസ് കാര്യലയങ്ങളായ ജയകൃഷ്ണൻ മാസ്റ്റർ സ്മാരക മന്ദിരത്തിനും വിവേകാനന്ദ മന്ദിരത്തിനും നേരെ നടന്ന അക്രമത്തിൽ നാല് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.ഡി.ഷമൽ,ഷിജിൽ ജാക്സൺ,നിഷിത്ത്,അഖിൽ എന്നിവരാണ് അറസ്റ്റിലായത്.ഇവരെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.വളപട്ടണം സിഐ എം.കൃഷ്ണൻ,എസ്‌ഐ ഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.