
ദുബായ്:നടി ശ്രീദേവിയുടെ മരണം ബാത്ത് ടബ്ബിലെ വെള്ളത്തിൽ മുങ്ങിയാണെന്ന് ഫോറൻസിക് റിപ്പോർട്ട്.ബോധരഹിതയായി ബാത്ത് ടബിൽ വീഴുകയും അതുവഴി ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണത്തിനു കാരണമെന്നാണ് പരിശോധനയിൽ വ്യക്തമായത്.പരിശോധനയിൽ ശ്രീദേവിയുടെ രക്തത്തിൽ മദ്യത്തിന്റെ അംശം കലർന്നിരുന്നതായും തെളിഞ്ഞിട്ടുണ്ട്.പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.ഫോറൻസിക് റിപ്പോർട് ലഭിച്ചതോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തടസ്സം നീങ്ങിയിട്ടുണ്ട്.നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഇന്ന് രാത്രി തന്നെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ബന്ധുക്കളുടെ തീരുമാനം.മൃതദേഹം എംബാം ചെയ്ത ശേഷമാകും ഇന്ത്യയിലേക്ക് കൊണ്ടുവരിക. ചൊവ്വാഴ്ച സംസ്കാരം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനായാണ് ശ്രീദേവിയും ഭർത്താവ് ബോണി കപൂറും ദുബായിലെത്തിയത്.വിവാഹ സൽക്കാരം കഴിഞ്ഞ് തിരികെ ഹോട്ടലിലെത്തിയ ശ്രീദേവി ബാത്‌റൂമിൽ കയറി 15 മിനിറ്റ് കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഭർത്താവ് വാതിൽ തള്ളി തുറന്നു നോക്കുമ്പോഴാണ് ബാത്ത് ടബിൽ വീണുകിടക്കുന്നത് കാണുന്നത്. തുടർന്ന് വിവരം അടുത്ത മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളെയും ദുബായ് പോലീസിനെയും അറിയിക്കുകയായിരുന്നു.








