തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഒരേ നിറമാക്കി ഏകീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ന് മുതൽ തുടങ്ങും.അടുത്ത വർഷം ഫെബ്രുവരി ഒന്നിനുള്ളിൽ ഇത് പൂർണ്ണമാകും.സംസ്ഥാന ഗതാഗത അതോറിട്ടിയുടേതാണ് തീരുമാനം.ഇന്ന് മുതൽ രജിസ്റ്റർ ചെയ്യുന്ന ബസുകൾക്കും ഫിറ്റ്നസ് പരിശോധനയ്‌ക്കെത്തുന്ന ബസുകൾക്കും പുതിയ നിറം നിർബന്ധമാക്കി.പുതിയ തീരുമാനം അനുസരിച്ച് സിറ്റി ബസ്സുകൾക്ക് ഇളം പച്ചയും,ഓർഡിനറി ബസ്സുകൾക്ക് ഇളം നീലയും,ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ്സുകൾക്ക് ഇളം മെറൂണുമാണ് നിറം നിശ്ചയിച്ചിരിക്കുന്നത്.എല്ലാ ബസുകൾക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തിൽ മൂന്നു വരകളും ഉണ്ടാകും.മത്സരയോട്ടം തടയാൻ നിലവിലെ സമയക്രമം പുനഃ ക്രമീകരിക്കാനും ട്രാൻസ്‌പോർട് അതോറിറ്റി യോഗം തീരുമാനിച്ചു.
മണ്ണെണ്ണ ഉള്ളിൽച്ചെന്ന് ഒന്നര വയസ്സുകാരൻ മരിച്ചു
കൊച്ചി:മണ്ണെണ്ണ ഉള്ളിൽച്ചെന്ന് ഒന്നര വയസ്സുകാരൻ മരിച്ചു.പാറക്കടവ് കടവിൽ വീട്ടിൽ വിഷ്ണുലാലിന്റെ മകൻ അഭിനവ്(ഒന്നര)ആണ് മരിച്ചത്.മണ്ണെണ്ണ ഉള്ളിൽച്ചെന്നതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി.ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.മുറിയിൽ നിലത്തുവീണ നെയിൽ പോളിഷ് തുടയ്ക്കുന്നതിനായി അമ്മ എടുത്തു വെച്ച മണ്ണെണ്ണ കുഞ്ഞ് കുടിക്കുകയായിരുന്നു.മണ്ണെണ്ണ എടുത്തു വെച്ചപ്പോൾ ഫോൺ അടിച്ചതിനെത്തുടർന്ന് കുട്ടിയുടെ അമ്മ അതെടുക്കാൻ പോയപ്പോൾ മുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന കുഞ്ഞ് മണ്ണെണ്ണ കുടിക്കുകയായിരുന്നു.വായിലും മൂക്കിലും മണ്ണെണ്ണ പോയി അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.
ബസ് ചാർജ് വർധിപ്പിക്കേണ്ടി വരും:മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തു ബസ് യാത്ര നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. ഇന്ധന വിലവർദ്ധനവ് മോട്ടോർ വ്യവസായ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.ബസ് ചാർജ് കൂട്ടണമെന്ന ആവശ്യം ബസ്സുടമകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം താനുമായി നടത്തിയ ചർച്ചയിൽ നിരക്കുവർധന ഇല്ലാതെ പിടിച്ചു നിൽക്കാനാകില്ലെന്നാണ് ബസുടമകൾ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകൾ ജനുവരി 31 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് പറഞ്ഞിരുന്നു.എന്നാൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനം ഉടൻ എടുക്കുമെന്ന ഉറപ്പിനെ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു. മിനിമം ചാർജ് പത്തുരൂപയാക്കുക, വിദ്യാർത്ഥികളുടെ യാത്ര നിരക്ക് അഞ്ചുരൂപയായും നിലവിലുള്ള നിരക്കിന്റെ അമ്പതു ശതമാനമായും പുനർനിർണയിക്കുക, വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ട് വെച്ചിരിക്കുന്നത്.