തിരുവനന്തപുരം:പിണറായി വിജയൻ സർക്കാരിന്റെ മൂന്നാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് അവതരിപ്പിക്കും.ചരക്ക് സേവന നികുതി നടപ്പാക്കിയതിനു ശേഷമുള്ള ആദ്യ ബജറ്റാണു ധനമന്ത്രി ടി.എം. തോമസ് ഐസക് ഇന്നു രാവിലെ ഒൻപതിന് അവതരിപ്പിക്കുന്നത്. സാമ്പത്തിക അച്ചടക്കങ്ങൾ പാലിക്കുന്നതിന് വേണ്ടിയുള്ള നയങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ ചെലവു ചുരുക്കൽ നിർദേശങ്ങളും ബജറ്റിലുണ്ടാകും.ബജറ്റ് പ്രസംഗം രാത്രി തന്നെ പൂർത്തിയാക്കിയ ധനമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തുള്ള വരുമാന വർധനയുടെ ഭാഗമായി ഫീസുകൾ,ഭൂനികുതി,പിഴകൾ,കെട്ടിടനികുതി,ഭൂമിയുടെ ന്യായവില,തുടങ്ങിയവ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന വിവരം. കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുന്നതിനും മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള പാക്കേജുകൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.
എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം:ഫോൺ കെണി വിവാദത്തെ തുടർന്ന് രാജിവെച്ച എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.ഗവർണ്ണർ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പിണറായി മന്ത്രിസഭയിൽ എൻസിപിയുടെ ഏക പ്രതിനിധിയാണ് എ.കെ ശശീന്ദ്രൻ.ഫോൺ വിളി വിവാദവുമായി ബന്ധപ്പെട്ട കേസിൽ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്തേക്കുള്ള വഴിതുറന്നത്.കഴിഞ്ഞ വർഷം മാർച്ചിലാണ് ഫോൺകെണി വിവാദത്തെ തുടർന്ന് ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ചത്.തുടർന്ന് തോമസ് ചാണ്ടി മന്ത്രിയായി.എന്നാൽ കായൽകയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തെ തുടർന്ന് തോമസ് ചാണ്ടിക്കും രാജിവെയ്‌ക്കേണ്ടി വന്നു.ഇക്കഴിഞ്ഞ ജനുവരി 27 നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസിൽ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.കേസ് പിൻവലിക്കുകയാണെന്നുള്ള പരാതിക്കാരിയുടെ ഹർജി അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി നടപടി.
കേന്ദ്ര ബജറ്റ് 2018;റെയിൽവേക്ക് 1.48 ലക്ഷം കോടി; കേരളത്തിന് ലഭിച്ചത് 19,703 കോടി രൂപ
ന്യൂഡൽഹി:2018-19 വർഷത്തെ കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചു.ബജറ്റിൽ കേരളത്തിന് നികുതി വിഹിതമായി 19,703 കോടി രൂപ പ്രഖ്യാപിച്ചു.എന്നാൽ കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.പാലക്കാട് കോച്ച് ഫാക്റ്ററിയുടെ ക്രൈം ഇത്തവണത്തെ ബഡ്ജറ്റിലും ഇടം പിടിച്ചില്ല.എന്നാൽ പെരുമ്പാവൂരിൽ പുതിയ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്റ്ററി സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.2022ഓടെ എല്ലാവര്‍ക്കും വീട് എന്നതാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം ഗ്രാമങ്ങളില്‍ 11 ലക്ഷം വീട് നിര്‍മിക്കും. ദരിദ്രരായ സ്ത്രീകള്‍ക്ക് എട്ട് കോടി സൌജന്യ പാചക വാതക കണക്ഷന്‍ നല്‍കും. രണ്ട് കോടി കക്കൂസുകള്‍ നിര്‍മിക്കും. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് 14.34 ലക്ഷം കോടി വകയിരുത്തും. 321 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.റെയിൽവേയുടെ നവീകരണത്തിനും വികസനത്തിനുമായി ഇത്തവണ ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത് 1,48,500 കോടി രൂപയാണ്.യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി 11000 ട്രെയിനുകളിലായി 12 ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കും.25000 ലധികം യാത്രക്കാരെത്തുന്ന എല്ലാ സ്റ്റേഷനുകളിലും എസ്‌കലേറ്റർ സ്ഥാപിക്കും.എല്ലാ റെയിൽവെ സ്റ്റേഷനുകളിലും പടിപടിയായി വൈഫൈ സംവിധാനവും സിസിടിവി ക്യാമറകളും സ്ഥാപിക്കും.പുതുതായി 4000 കിലോമീറ്റർ റെയിൽവെ ലൈൻ വൈദ്യുതീകരിക്കും.18000 കിലോമീറ്റർ പാത ഇരട്ടിപ്പിക്കും.
ക്ലാസ് മുറിയിൽ വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക് ശ്രമിച്ചു
അടിമാലി:സഹപാഠികളായ വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു.അടിമാലിയിൽ മാനേജ്‌മന്റ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ് വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.ഉച്ച വിശ്രമം കഴിഞ്ഞ് ക്ലാസ്സിലെത്തിയ വിദ്യാർത്ഥിനികൾ പലവട്ടം ഛർദിച്ചു.കാരണം അന്വേഷിച്ച അധ്യാപകരോടും സഹപാഠികളോടും തലവേദനയും ഛർദിയുമാണെന്നാണ് ഇവർ പറഞ്ഞത്.തുടർന്ന് അദ്ധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് ഇവരുടെ രക്ഷിതാക്കളെത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടെ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ഉള്ളിൽ വിഷം ചെന്നതായി ഡോക്റ്റർമാർ കണ്ടെത്തിയത്.അപ്പോഴേക്കും അവശനിലയിലായ ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.അടിമാലി പോലീസ് മെഡിക്കൽ കോളേജിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.ചൊവ്വാഴ്ച രാത്രി ഇതിൽ ഒരു പെൺകുട്ടിയുടെ വീട്ടിൽ സഹോദരനുമായി വഴക്കുണ്ടാകുകയും ഇതേ തുടർന്ന് ഈ കുട്ടി പിറ്റേദിവസം വാഴയ്ക്ക് തളിക്കുവാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന വിഷം എടുത്തുകൊണ്ടാണ് സ്കൂളിലെത്തിയത്.സ്കൂളിൽ വെച്ച് രണ്ടാമത്തെ കുട്ടിയോട് വീട്ടിൽ നടന്ന പ്രശ്നങ്ങൾ വിവരിക്കുകയും താൻ ജീവനൊടുക്കുവാൻ പോവുകയാണെന്ന് പറയുകയും ചെയ്തു.ഇതോടെ മനോവിഷമത്തിലായ പെൺകുട്ടിയും കൂട്ടുകാരി കൊണ്ടുവന്ന വിഷം ക്ലാസ് മുറിയിൽ വെച്ച് കഴിക്കുകയായിരുന്നു എന്നാണ് വിവരം.
നടി സനുഷയ്ക്ക് നേരെ ട്രെയിനിൽ ആക്രമണ ശ്രമം;തമിഴ്‌നാട് സ്വദേശി പിടിയിൽ
കൊച്ചി:തീവണ്ടി യാത്രയ്ക്കിടെ നടി സനുഷയ്ക്ക് നേരെ ആക്രമണ ശ്രമം.ബുധനാഴ്ച രാത്രി മാവേലി എക്സ്പ്രെസ്സിൽ യാത്ര ചെയ്യവെയാണ് സംഭവം.രാത്രിയോടെ ട്രെയിനിൽ അടുത്ത ബെർത്തിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ് അപമാനിക്കാൻ ശ്രമിച്ചതെന്ന് നടി വ്യക്തമാക്കി.അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈപിടിച്ച് വെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് സനുഷ പറഞ്ഞു.ഒടുവിൽ ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണിയും മറ്റൊരു യാത്രക്കാരനും മാത്രമാണ് നടിയുടെ സഹായത്തിന് എത്തിയത്.ട്രെയിൻ വടക്കാഞ്ചേരി സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. റെയിൽവെ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് തൃശൂർ സ്റ്റേഷനിൽ നിന്നും പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.തമിഴ്‌നാട് സ്വദേശി ആന്റോ ബോസ് എന്നയാളാണ് അറസ്റ്റിലായത്.മാനഭംഗ ശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
താവക്കര ബസ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകൾക്ക് തീപിടിച്ചു
കണ്ണൂർ:താവക്കര പുതിയ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകൾക്ക് തീപിടിച്ചു.ബുധനാഴ്ച രാത്രിയാണ് സംഭവം.ഒരു ഓട്ടോ പൂർണ്ണമായും മറ്റൊന്ന് ഭാഗികമായും കത്തി നശിച്ചു.പ്രശാന്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയാണ് പൂർണ്ണമായും കത്തിയത്.പി.പി സുജാതയുടെ പേരിലുള്ള ഓട്ടോയാണ് ഭാഗികമായി കത്തിയത്. ബസ്സ്റാൻഡിലുണ്ടായിരുന്നവരുടെയും സമീപത്തെ ബ്രോഡ് ബീൻ ഹോട്ടലിലെ ജീവനക്കാരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്.ഓട്ടോയ്ക്ക് തീപിടിക്കുന്നതു കണ്ട ഇവർ പെട്ടെന്ന് തന്നെ സമീപത്തുള്ള മറ്റ് ഓട്ടോകളും ഇരുചക്ര വാഹനങ്ങളും തള്ളിമാറ്റുകയായിരുന്നു.ഹോട്ടലിലെ തീയണയ്ക്കാനുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമവും നടത്തി.അഗ്നിശമനസേന എത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു
കോഴിക്കോട്:കോവൂർ-വെള്ളിമാടുകുന്ന് റോഡിൽ ഇരിങ്ങാടൻപള്ളി ജംഗ്ഷനിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.രണ്ടു വാഹനങ്ങളും നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തെടുത്തത്.
സ്വർണ്ണം വായ്പ്പയായി വാങ്ങി പണം കൊടുക്കാതെ ജ്വല്ലറിയെ കബളിപ്പിച്ച സ്ത്രീ പിടിയിൽ
കണ്ണൂർ:കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വായ്പ്പയായി വാങ്ങി പണം നൽകാതെ മുങ്ങി നടന്ന സ്ത്രീ പോലീസ് പിടിയിലായി.അഴീക്കോട് മൂന്നുനിരത്ത് മുക്രി ഹൗസിൽ റീത്ത ശിവകുമാറിനെയാണ്(54) പിലാത്തറയിൽ നിന്നും വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത്.ആറു മാസം മുൻപ് മകളുടെ വിവാഹ ആവശ്യങ്ങൾക്കായി കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയിൽ നിന്നും നാല് ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണം കടമായി വാങ്ങി പണം നൽകാതെ മുങ്ങി നടക്കുകയായിരുന്നു ഇവർ.ബാങ്ക് വായ്‌പ്പാ കിട്ടിയാലുടൻ പണം നൽകാമെന്ന് പറഞ്ഞാണ് സ്വർണ്ണം വാങ്ങിയത്.ഇതിനു പുറമെ കാഞ്ഞങ്ങാട് സ്ഥലമുണ്ടെന്നു പറഞ്ഞ് സ്വത്തു തട്ടിപ്പും ഇവർ നടത്തിയിരുന്നു.നാലുപേരിൽ നിന്നായി 70 ലക്ഷം രൂപയാണ് ഇവർ ഇത്തരത്തിൽ തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയ ഇവർ മുംബൈയിലും ബെഗളൂരുവിലും ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്.
കണ്ണൂർ പുഷ്‌പോത്സവം ഫെബ്രുവരി രണ്ടു മുതൽ തുടങ്ങും
കണ്ണൂർ:ജില്ലാ അഗ്രി-ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കണ്ണൂർ പുഷ്‌പോത്സവത്തിനു നാളെ തുടക്കമാകും.ഫെബ്രുവരി രണ്ടു മുതൽ പതിമൂന്നു വരെ കണ്ണൂർ പോലീസ് മൈതാനത്താണ് പുഷ്‌പോത്സവം നടക്കുക.രണ്ടിന് വൈകുന്നേരം അഞ്ചുമണിക്ക് നടി സുരഭി ലക്ഷ്മി പുഷ്‌പോത്സവം ഉൽഘാടനം ചെയ്യും.ശേഷം വിനോദ് കോവൂരും സുരഭിലക്ഷ്മിയും അവതരിപ്പിക്കുന്ന കോമഡി ഷോ അരങ്ങേറും.കേരളത്തിനകത്തും പുറത്തുമുള്ള നിരവധി നഴ്‌സറികൾ പങ്കെടുക്കും.15000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ തീർത്ത ഉദ്യാനം,വർണ്ണ ജലധാരകൾ,ഫുഡ് കോർട്ടുകൾ,വയനാട്ടിലെ ആദിവാസികളുടെ മുളയുൽപ്പന്നങ്ങൾ, തുടങ്ങിയവയൊക്കെ പുഷ്‌പോത്സവത്തിന്റെ പ്രത്യേകതകളാണ്.രാവിലെ പത്തുമണി മുതൽ രാത്രി എട്ടുമണി വരെയാണ് പ്രവേശനം.30 രൂപയാണ് പ്രവേശന ഫീസ്.വിദ്യാർത്ഥികൾക്ക് 15 രൂപ.അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.13 നു വൈകുന്നേരം ആറുമണിക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യും.
ആകാശത്ത് വിസ്മയം തീർത്ത് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ
കണ്ണൂർ:ആകാശത്ത് വിസ്മയം തീർത്ത് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ദൃശ്യമായി.എന്നാൽ ആകാശം മേഘാവൃതമായതു കാരണം 152 വർഷങ്ങൾക്കു ശേഷം ദൃശ്യമായ ഈ പ്രതിഭാസം ജില്ലയിൽ ദൃശ്യമായത് ഭാഗികമായി മാത്രം.പലയിടത്തും ആകാശം മേഘാവൃതമായതിനാൽ ചന്ദ്രന്റെ ഓറഞ്ച് ചന്തം പൂർണ്ണമായും കാണാനായില്ല. അപൂർവ പ്രതിഭാസം കാണുന്നതിനായി ജനങ്ങൾ വൈകിട്ടോടെ തന്നെ തുറസായ സ്ഥലങ്ങൾ,കടൽത്തീരം എന്നിവിടങ്ങളിൽ സ്ഥാനം പിടിച്ചു.കണ്ണൂർ സയൻസ് പാർക്കിലെ ഒബ്‌സർവേറ്ററി ടവറിലെ ടെലിസ്കോപ്പിലൂടെയും അല്ലാതെയും കുട്ടികളടക്കം നിരവധി ആളുകൾ കാഴ്ച കണ്ടു.പയ്യാമ്പലം ബീച്ചിലും കാഴ്ച കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു.വൈകുന്നേരം മുതൽ ആകാശത്തെ അപൂർവ ദൃശ്യം കാണാൻ എത്തിയവരുടെ മുൻപിൽ 7.10 ഓടെയാണ് ചുവന്ന നിറമുള്ള ചന്ദ്രൻ തെളിയാൻ തുടങ്ങിയത്.ഇടയ്ക്ക് കാർമേഘം ചന്ദ്രനെ മറച്ചെങ്കിലും കാത്തു നിന്നവരെ നിരാശരാക്കാതെ പൂർണ്ണചന്ദ്രൻ ഉദിച്ചു.എന്നാൽ അപ്പോഴേക്കും ഓറഞ്ച് രാശി മാഞ്ഞിരുന്നു.മൂന്നു അപൂർവതകളോടെ ആകാശത്തുദിച്ച ചന്ദ്രനെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കാണികൾ മടങ്ങിയത്.