മസ്‌ക്കറ്റ്:മസ്‌ക്കറ്റിൽ കടൽവെള്ളം ചുവപ്പുനിറമാകുന്നു.ഇതോടെ ഒമാൻ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.ബർക്കയിലാണ് കടൽവെള്ളം ചുവപ്പുനിറമാകുന്നത് കണ്ടെത്തിയിരിക്കുന്നത്. ഇത് കുടിവെള്ള വിതരണത്തെ ബാധിക്കുമെന്നതിനാൽ മസ്‌ക്കറ്റ് സീബ്,ദാഖിലിയ തുടങ്ങിയ മേഖലയിലെ ജനങ്ങൾ ജലഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്ന് വൈദ്യുതി ജല പൊതു അതോറിറ്റി അറിയിച്ചു.’റെഡ് ടൈഡ്’ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. സൂക്ഷമ ജീവികളുടെ വിഭാഗത്തിൽപ്പെടുന്ന പ്ലവകങ്ങളുടെ എണ്ണം കടൽവെള്ളത്തിൽ അതിവേഗം പെരുകുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം.ഇതിന്റെ ഭാഗമായി കടൽവെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും.
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈകോടതിയിൽ ഹർജി നൽകി
കൊച്ചി:യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി.ഹർജി ജസ്റ്റിസ് കമാൽ പാഷയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നുമാണ് പിതാവ് സി.പി മുഹമ്മദ് ആവശ്യപ്പെട്ടത്. സംഭവത്തിൽ ഉന്നതതല ഗൂഢാലോചന സംശയിക്കുന്നുവെന്നും ഇത് പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും മാതാപിതാക്കൾ ഹൈക്കോടതിയെ അറിയിച്ചു.ഷുഹൈബ് വധത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ യുഡിഎഫും തീരുമാനിച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് ഇന്ന് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ദുരൂഹതകൾ നീങ്ങി;ശ്രീദേവിയുടെ മൃതദേഹം ഇന്ന് വിട്ടുനൽകും
ദുബായ്:നടി ശ്രീദേവിയുടെ മൃതദേഹം വിട്ടുനൽകാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ അനുമതി നൽകി.മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരും. മരണം സംബന്ധിച്ച അന്വേഷണം നടത്തിയ ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടർ മൃതദേഹം വിട്ടുനൽകാനുള്ള അനുമതി പത്രം നൽകിയത്. എംബാം നടപടികൾ പൂർത്തിയാക്കി രാത്രിയോടെ മൃതദേഹം മുംബൈയിൽ എത്തിക്കാനാണ് ബന്ധുക്കളും ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും ശ്രമിക്കുന്നത്. ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു.ഇതാണ് പൊലീസിന് സംശയങ്ങൾക്ക് ഇടനൽകിയത്.ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ബോണി കപൂറിനെ ദുബായ് പോലീസ് മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു.അഭ്യൂഹങ്ങളെല്ലാം തള്ളി ശ്രീദേവിയുടേത് അപകടമരണം തന്നെയെന്ന നിലപാടിലാണ് പോലീസ് എത്തിച്ചേർന്നിരിക്കുന്നത്.ഇതോടെ കേസ് അവസാനിക്കുമെന്നാണ് കരുതുന്നത്.ശനിയാഴ്ച രാത്രിയാണ് ശ്രീദേവിയെ ദുബായിലെ ആഡംബര ഹോട്ടലിനുള്ളിലെ ബാത്ത് ടബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ കയറിയ ശ്രീദേവിയെ 15 മിനിറ്റിന് ശേഷവും കാണാതെ വന്നതോടെ ഭർത്താവ് ബോണി കപൂർ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് ചലനമറ്റ നിലയിൽ കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
ഷുഹൈബ് വധം;കെ.സുധാകരൻ നിരാഹാരസമരം അവസാനിപ്പിച്ചു
കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കണ്ണൂരിൽ കെ.സുധാകരൻ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.മുഴുവൻ പ്രതികളെയും പിടികൂടുക,കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സുധാകരൻ സമരം ആരംഭിച്ചത്.ഒൻപതു ദിവസം നീണ്ടുനിന്ന സമരം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സമരപ്പന്തലിലെത്തി നാരങ്ങാനീര് നൽകിയാണ് അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട ശുഹൈബിന്റെ കുടുംബാംഗങ്ങൾ,കോൺഗ്രസ് നേതാക്കളായ തെന്നല ബാലകൃഷ്ണപ്പിള്ള,വയലാർ രവി എന്നിവരും സമരപന്തലിൽ എത്തിയിരുന്നു.
കണ്ണൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു
കണ്ണൂർ:കണ്ണൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.കണിച്ചാർ വലയംചാലിൽ ഇന്ന് രാവിലെ ഒൻപതുമണിയോടു കൂടിയാണ് അപകടം നടന്നത്.വലയംചാലിൽ വെട്ടുനിരപ്പിൽ റെജി,ഭാര്യാമാതാവ് സൂസമ്മ,പിതാവ് രാജൻ എന്നിവർക്കാണ് പരിക്കേറ്റത്. അടുപ്പിൽ നിന്നും സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. സിലിണ്ടറിൽ ചോർച്ചയുള്ളതു ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.അടുക്കളയിൽ ഉണ്ടായിരുന്ന സൂസമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയതാണ് റെജിയും രാജനും.നിലവിളികേട്ട് എത്തിയ നാട്ടുകാർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പേരാവൂരിൽ നിന്നെത്തിയ അഗ്നിശമനസേന പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.അടുക്കളഭാഗം പൂർണ്ണമായും കത്തിനശിച്ചു.
ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയേറുന്നു; തലയിൽ ആഴത്തിലുള്ള മുറിവ്;കൊലപാതക സംശയം ബലപ്പെടുന്നു
മുംബൈ:നടി ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയേറുന്നു.നടിയുടെ തലയിൽ ആഴത്തിലുള്ള മുറിവുള്ളതായാണ് ദുബായിലെ ഫോറന്‍സിക് ഫലം വെളിപ്പെടുത്തുന്നത്. എന്നാൽ തലയിലേറ്റ മുറിവ് എങ്ങിനെ സംഭവിച്ചുവെന്നത് അവ്യക്തമാണ്. ഇക്കാര്യം പ്രോസിക്യൂഷന്‍ പരിശോധിക്കുകയാണ്. ഇതിൽ വ്യക്തത വരുത്തിയാൽ മാത്രമേ മൃതദേഹം വിട്ടുനല്കാനാകൂ എന്ന് ദുബായ് പോലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്.താമസിച്ചിരുന്ന മുറിയിലെ ബാത് ടബ്ബിൽ വീണാണ് മരണം സംഭവിച്ചതെന്നായിരുന്നു റിപ്പോർട്.ബാത്ത് ടബ്ബിലേക്കുള്ള വീഴ്ച്ചയിൽ ഉണ്ടായതാണോ മുറിവെന്ന് പരിശോധിക്കും.വ്യക്തതക്കായി മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.തലയിലെ മുറിവ് സംബന്ധിച്ച് കൂടുതൽ പരിശോധന വേണ്ടി വരുന്നതിനാൽ നടി ശ്രീദേവിയുടെ മൃതദേഹം ദുബായിയിൽ നിന്ന് ഉടൻ വിട്ടുനൽകില്ല. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ബോണി കപൂറിന്‍റെ മൊഴിയെടുത്തിരുന്നു.
ഷുഹൈബ് വധം;പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി
കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ പോലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി.ഷുഹൈബ് കൊല്ലപ്പെട്ട തട്ടുകട,രക്ഷപെടാൻ ഉപയോഗിച്ച വഴി,കൊലപാതകത്തിന് മുൻപ് പ്രതികൾ സംഘടിച്ചിരുന്ന വെള്ളപ്പറമ്പിലെ ആളൊഴിഞ്ഞ പ്രദേശം എന്നിവിടങ്ങളിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്.കൊലപാതകത്തിന് തൊട്ടു മുൻപ് ഒരു വാൾ വെള്ളപ്പറമ്പ് ഭാഗത്ത് നഷ്ടപ്പെട്ടതായി പ്രതികൾ മൊഴി നൽകി.പ്രതികളായ ആകാശ് തില്ലങ്കേരി,രജിൽരാജ് എന്നിവരെ സ്ഥലത്തെത്തിച്ച തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇവർ പൊലീസിന് മൊഴിനല്കിയിരിക്കുന്നത്. മട്ടന്നൂർ സിഐ എ.വി ജോൺ,എസ.ഐ കെ.രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.ഇതിനിടെ പ്രതികൾ സഞ്ചരിച്ച കാർ ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ചു.കാർ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.പ്രതികൾ രക്ഷപെടാൻ ഉപയോഗിച്ച മറ്റൊരു കാറിനെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കൂടി കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
ഓഖി ദുരിതാശ്വാസം;കേരളം ആവശ്യപ്പെട്ടത് 7360 കോടി;കേന്ദ്രം അനുവദിച്ചത് 169 കോടി
ന്യൂഡൽഹി:ഓഖി ദുരിതാശ്വാസമായി കേരളത്തിന് 169.63 കോടിരൂപ അനുവദിച്ച് കേന്ദ്രം. ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനും തീരദേശ മേഖലയുടെ പുനർനിർമാണത്തിനുമായി 7360 കോടി രൂപ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.തമിഴ്നാടിനും കേന്ദ്രം 133.05 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം. പ്രകൃതി ദുരന്തം, കൃഷി നാശം എന്നീ വിഭാഗങ്ങളിൽ പെടുത്തി വിവിധ സംസ്ഥാനങ്ങൾക്കുള്ള പൊതു സഹായം എന്ന നിലയിലാണ് തുക അനുവദിച്ചിരിക്കുന്നത്.വെള്ളപ്പൊക്ക ദുരിതാശ്വാസമായ ബീഹാറിന് 1711.66 കോടിയും ഗുജറാത്തിന് 1055.05 കോടിയും രാജസ്ഥാന് 420.57 കോടിയും ഉത്തർപ്രദേശിന് 420.69 കോടിയും പശ്ചിമ ബംഗാളിന് 838.85 കോടിയും അനുവദിച്ചു. കൃഷിനാശം നേരിട്ട സംസ്ഥാനങ്ങളായ മധ്യപ്രദേശിന് 836.09 കോടിയും ചത്തീസ്ഗഡിന് 395.91 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ചബ്ബ, നീതി ആയോഗ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നവംബർ 30 ന് കേരളാ തീരത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് വൻതോതിൽ നാശം വിതച്ചിരുന്നു.
നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വൈകും;ബോണി കപൂർ ദുബായിൽ തുടരും
ദുബായ്:നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വൈകും.ശ്രീദേവിയുടേത് അപകടമരണമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കൂടുതൽ പരിശോധനകളിലേക്കും അന്വേഷണങ്ങളിലേക്കും കടക്കാൻ സാധ്യതയുള്ളതിനാലാണിത്. തുടർനടപടികൾ വൈകുന്നതിനാൽ ബോണി കപൂറും ദുബായിൽ തന്നെ തുടരുമെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ശ്രീദേവിയെ അവസാനമായി കണ്ട വ്യക്തിയെന്ന നിലയ്ക്കാണ് ബോണി കപൂറിനോടു ദുബായിയിൽ തുടരാൻ നിർദേശിച്ചിരിക്കുന്നത്.ബോണികപൂറിനെ ദുബായ് പോലീസ് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.അപകടമരണമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അനുമതി നൽകിയാൽ മാത്രമേ മൃതദേഹം വിട്ടുകൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള രേഖകൾ ദുബായ് പോലീസ് കൈമാറുകയുള്ളൂ. നടപടിക്രമങ്ങൾ പൂർത്തിയായാൽ തിങ്കളാഴ്ച രാത്രി തന്നെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുമെന്നായിരുന്നു റിപ്പോർട്ടുകൾ.ഇതിനായി മുംബൈയിൽ നിന്നും പ്രത്യേക വിമാനം ഞായറാഴ്ച തന്നെ ദുബായ് വിമാനത്താവളത്തിൽ എത്തിയിരുന്നു.ഇന്ത്യൻ കോൺസുലേറ്റിന്റെയും എംബസിയുടെയും നേതൃത്വത്തിൽ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഷുഹൈബ് വധം;നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം
തിരുവനന്തപുരം:ഷുഹൈബ് വധത്തിൽ പ്രതിഷേധിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം.ഇതേ തുടർന്ന് ചോദ്യോത്തര വേള നിർത്തിവെച്ചു.സ്പീക്കറുടെ ഡയസ് മറച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.ഡയസ് മറച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് സ്പീക്കർ അറിയിച്ചുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.പ്രതിപക്ഷ അംഗങ്ങളെ ഈ രീതിയിലുള്ള പ്രതിഷേധത്തിൽ നിന്ന് പിൻതിരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടു ഒരു വേള സ്പീക്കർ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ചോദ്യോത്തരവേള താത്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ഡയസ് വിട്ടു. ഇന്നലെയും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികൾ വേഗം അവസാനിപ്പിച്ച് സഭ പിരിഞ്ഞിരുന്നു.