മുംബൈ:ശ്രീദേവിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി മുംബൈ.ജുഹുവിലെ വിലെപാർലെ സേവാസമാജ് ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ ശ്രീദേവിയുടെ സംസ്ക്കാരം നടന്നു.ശ്രീദേവിയുടെ ഇഷ്ടനിറമായ വെള്ള പൂക്കൾ കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് ഭൗതിക ശരീരം ശ്മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുവന്നത്. മജന്തയും സ്വർണ്ണവും ചേർന്ന നിറത്തിലുള്ള പട്ടുസാരിയാണ് ശ്രീദേവിയെ അണിയിച്ചിരുന്നത്. നെറ്റിയിൽ ചുവന്ന പൊട്ടും കഴുത്തിൽ ആഭരണങ്ങളും അണിഞ്ഞ് രാജ്യം ആരാധിച്ചിരുന്ന അതെ സൗന്ദര്യത്തോടെയായിരുന്നു ശ്രീദേവിയുടെ മടക്കം.നിരവധി ആരാധകർ വിലാപയാത്രയെ അനുഗമിച്ചിരുന്നു.ഷാരൂഖ് ഖാൻ അടക്കമുള്ള നിരവധി താരങ്ങൾ താരത്തിന് അന്ത്യോപചാരമർപ്പിക്കാൻ ശ്മശാനത്തിലെത്തിയിരുന്നു. വിലാപയാത്ര ആരംഭിക്കുന്നതിനു തൊട്ടുമുൻപ് മൃതദേഹം പൊതുദർശനത്തിനു വെച്ചിരുന്ന സെലിബ്രേഷൻസ് സ്പോർട്സ് ക്ലബ്ബ് ഗാർഡനിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി.ഒട്ടേറെ താരങ്ങൾ പ്രിയതാരത്തെ അവസാനമായി ഒന്ന് കാണാൻ എത്തിയിരുന്നു.ശനിയാഴ്ച ദുബായിൽ അന്തരിച്ച ശ്രീദേവിയുടെ മൃതദേഹം ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മുംബൈ അന്ധേരിയിലെ വീട്ടിൽ എത്തിച്ചത്. ദുബായിൽ നിന്നും പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്.
മധുവിന്റെ കൊലപാതകം;ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി:അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ജനക്കൂട്ടത്തിന്റെ മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.സുരേന്ദ്ര മോഹൻ നൽകിയ കത്ത് ഹർജിയായി പരിഗണിച്ചാണ് കേസെടുത്തത്. വിദ്യാസമ്പന്നരായ ജനതയ്ക്ക് യോജ്യമായ പ്രവർത്തിയാണ് നടന്നത്.സംഭവം സാക്ഷര കേരളത്തിന് നാണക്കേടാണെന്നാണ് കത്തിൽ പറയുന്നത്.കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി അഡ്വ.ദീപക്കിനെ ഹൈക്കോടതി നിയോഗിച്ചു.വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാമെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.അതേസമയം കേസ് സർക്കാരിനെതിരല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഷുഹൈബ് വധം;കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു
കണ്ണൂർ:മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. മൂന്ന് വാളുകളാണ് പൊലീസ് പരിശോധനയില്‍ ലഭിച്ചത്. നേരത്തെ പ്രദേശത്ത് നിന്നും ഒരു വാള് ലഭിച്ചിരുന്നു. മട്ടന്നൂരിന് സമീപം വെള്ളാംപറമ്പിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.ആയുധങ്ങൾ ഇത്ര ദിവസമായിട്ടും എന്തുകൊണ്ട് കണ്ടെടുത്തില്ല എന്ന് ഹൈക്കോടതി ചൊവ്വാഴ്ച സർക്കാരിനോട് ചോദിച്ചിരുന്നു. ശുഹൈബിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് പ്രതികൾ ആയുധങ്ങൾ ഒളിപ്പിച്ചിരുന്നത്. കൊലയ്ക്ക് പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ തന്നെയാണോ കണ്ടെടുത്തതെന്ന് പോലീസ് പരിശോധിക്കുകയാണ്.ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ചൊവ്വാഴ്ച ഉന്നയിച്ചത്.’ആയുധങ്ങള്‍ ഇത്ര ദിവസമായിട്ടും എന്തുകൊണ്ട് കണ്ടെടുത്തില്ല’ എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. പ്രതികൾ ഉപയോഗിച്ച വാഹനവും ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് കണ്ടെടുത്തത്.പൊലീസ് സിപിഎം പറയുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ്സ് ആരോപണമുന്നയിച്ചിരുന്നു.
മൊബൈൽ വേൾഡ് കോൺഗ്രസിൽ താരമായി എനർജൈസർ
ബാർസിലോണ:ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ താരമായി അവനിർ മൊബൈൽസിന്റെ എനർജൈസർ പവർ മാക്സ് പി.16 കെ പ്രൊ.പേരുപോലെ തന്നെ അതിഗംഭീര ഫീച്ചറുകളുടെ നീണ്ട നിരതന്നെയുണ്ട് എനർജയ്സറിന്.16000 എം.എ.എച് ബാറ്ററി ലൈഫാണ് ഫോണിന്റെ പ്രധാന ഫീച്ചർ.സ്മാർട്ട് ഫോൺ ഭീമന്മാരായ ആപ്പിൾ,സാംസങ്, ഹുആവേ എന്നിവയുടെ ഫ്ലാഗ് ഷിപ്പുകളുടെ ബാറ്ററി ലൈഫിന്റെ അഞ്ചിരട്ടിയോളമാണിത്. തുടർച്ചയായ ഉപയോഗത്തിൽ അഞ്ചുദിവസം ചാർജ് നിൽക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.ഉപയോഗം കുറയുമ്പോൾ ബാറ്ററി ലൈഫ് കൂടുകയും ചെയ്യും.നൂതനമായ 18:9 റേഷ്യോയോട് കൂടിയ 5.99 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ ആണ് പവർമാക്സിന്.നാല് ക്യാമറകളാണ് ഉള്ളത്.അതിൽ മുൻഭാഗത്ത് 16 ഉം 13 ഉം മെഗാ പിക്സെൽ ഉള്ള ഇരട്ട ക്യാമറകളും പിൻഭാഗത്ത് 13 ഉം 5 ഉം മെഗാപിക്സെൽ ഉള്ള ഇരട്ടക്യാമറകളുമാണ് ഒരുക്കിയിരിക്കുന്നത്.ആറു ജി ബി റാം,128 ജി ബി ഇന്റേണൽ സ്റ്റോറേജ്,ഇരട്ട നാനോ സിം ഫീച്ചർ എന്നിവയും പാവർമാക്സിന്റെ സവിശേഷതകളാണ്. അവസാനം പുറത്തിറങ്ങിയ ആൻഡ്രോയിഡ് 8.0 ഓറിയോയിലായിരിക്കും പവർമാക്സ് എത്തുക എന്ന് എനർജൈസർ ഉറപ്പ് നൽകുന്നു.
കേരളാ വ്യാപാരി വ്യവസായി സമിതി കണ്ണൂർ കോർപറേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ അന്യായമായി വർധിപ്പിച്ച വ്യാപാര ലൈസൻസ് ഫീസും തൊഴിൽ നികുതിയും പിൻവലിക്കുക, കോർപറേഷൻ അധീനതയിലുള്ള കെട്ടിടങ്ങൾക്ക് അന്യായമായി വർധിപ്പിച്ച വാടക പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ കോർപറേഷനിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ സെക്രട്ടറി പി. ഗോപിനാഥ് ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി. ജയറാം അധ്യക്ഷത വഹിച്ചു. കെ.വി. സലീം, എം.എ. ഹമീദ് ഹാജി, കുനിയിൽ രവീന്ദ്രൻ, കെ.പി. അബ്ദുൾ റഹ്മാൻ, പ്രേമൻ, സി.എച്ച്. പ്രദീപൻ, സി. മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.
മൊറാഴയിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ ആക്രമണം
കണ്ണൂർ:മൊറാഴയിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ ആക്രമണം.ആക്രമണത്തിൽ പരിക്കേറ്റ ബക്കളം പുന്നക്കുളങ്ങരയിലെ സി.മുബഷീർ(22),സി.എച് തൻസീർ(19) എന്നിവരെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ പതിനെട്ടോളം സിപിഎം പ്രവർത്തകർ ബൈക്കിൽ പിന്തുടർന്നു.ഒഴക്രോത്തെത്തിയപ്പോൾ മുബഷീറും തൻസീറും സഞ്ചരിച്ച ബൈക്കിന് ചുറ്റും സിനിമാ സ്റ്റൈലിൽ ബൈക്കുകൾ നിർത്തി ഇവരെ ചോദ്യം ചെയ്തു.ശേഷം മൊറാഴ ചിത്ര ഗേറ്റിനു സമീപത്തേക്ക് കൊണ്ടുപോയി ഇരുവരുടെയും ദേഹത്ത് താക്കോൽ ഉപയോഗിച്ച് വരയ്ക്കുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി.കണ്ണൂരിൽ നിരാഹാരമനുഷ്ഠിക്കുന്ന കെ.സുധാകരന് അഭിവാദ്യമർപ്പിക്കാൻ പോയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.
ഐഎൻഎക്സ് മീഡിയ പണമിടപാട് കേസിൽ കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു
ചെന്നൈ:ഐഎൻഎക്സ് മീഡിയ പണമിടപാട് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു.യൂറോപ്പിൽ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ കാർത്തിയെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. പി.ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ കാർത്തി ചിദംബരം വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി തരപ്പെടുത്താൻ ഐഎൻഎക്സ് മീഡിയയിൽ നിന്നും 3.5 കോടി രൂപ കോഴവാങ്ങിയെന്നാണ് സിബിഐ കേസ്.കഴിഞ്ഞ മെയിൽ രെജിസ്റ്റർ ചെയ്ത കേസിനെ തുടർന്നാണ് അറസ്റ്റ്.കേസിൽ കാർത്തിയുടെ ഓഡിറ്റർ ഭാസ്കരരാമനെ ദില്ലി എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്ക്കാരം ഇന്ന്
മുംബൈ:അന്തരിച്ച നടി ശ്രീദേവിയുടെ സംസ്ക്കാരം ഇന്ന് നടക്കും.ഇന്നലെ രാത്രിയോടെ മൃതദേഹം മുംബയിലെ സ്വവസതിയിൽ എത്തിച്ചു.കുടുംബ സുഹൃത്തായ അനിൽ അംബാനിയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്.തങ്ങളുടെ പ്രിയനടിയെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് മുംബൈയിൽ എത്തിച്ചേർന്നിരിക്കുന്നത്.ഇന്ന് രാവിലെ 9.30 മുതൽ 12.30 വരെ അന്ധേരിയിലെ ശ്രീദേവിയുടെ വസതിയായ ലോഖണ്ഡവാല കോംപ്ലക്സിന് സമീപമുള്ള സെലിബ്രേഷന്‍സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.ഉച്ചയ്ക്ക് രണ്ടുമണിയോടെ വിലാപയാത്രയായി മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകും.ഉച്ചകഴിഞ്ഞ് 3.30നാണ് ചടങ്ങുകൾ. മുംബൈയിലെ പവന് ഹാന്‍സിലെ വിലെ പാര്‍ലെ സേവ സമാജത്തിലെ ഹിന്ദു സെമിത്തേരിയിലാണ് ചടങ്ങുകൾ നടക്കുക.അതേസമയം ശ്രീദേവിയുടെ മരണം സംബന്ധിച്ചുള്ള എല്ലാ അന്വേഷണവും അവസാനിപ്പിക്കുന്നതായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്നുമുള്ള ഫോറൻസിക് റിപ്പോർട് പ്രോസിക്യൂഷൻ ശരിവെച്ചു.വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് കേസ് അവസാനിപ്പിക്കുന്നതെന്നും ദുബായ് പോലീസ് വ്യക്തമാക്കി.
ബസ് ചാർജ് വർധന നാളെ മുതൽ നിലവിൽ വരും
തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാർജ് വർധന നാളെ മുതൽ നിലവിൽ വരും. വിദ്യാത്ഥികളുടെ മിനിമം നിരക്ക് ഒരുരൂപയിൽ തന്നെ നിലനിർത്തിക്കൊണ്ടാണ് ചാർജ് വർധന നടപ്പിലാക്കുന്നത്.അതേസമയം രണ്ടാമത്തെ ഫെയർ സ്റ്റേജിൽ ഒരു രൂപ കുറച്ചു.നിലവിൽ ഒൻപത് രൂപയായിരുന്നത് എട്ടായി കുറഞ്ഞു.വർധനയുടെ 25 ശതമാനം മാത്രം ഈടാക്കാനാണ് സർക്കാർ ഉത്തരവിലുള്ളത്.ഇത് പ്രകാരം ഒരുരൂപ വർധിപ്പിക്കുമ്പോൾ 25 പൈസ മാത്രമേ രണ്ടാം സ്റ്റേജിൽ ഈടാക്കാനാകൂ.എന്നാൽ 50 പൈസക്ക് താഴെയുള്ള വർധന കണക്കിലെടുക്കാൻ കഴിയില്ല. ഇതിനാൽ പഴയ നിരക്ക് തന്നെ തുടരും.ഇതാണ് രണ്ടാം സ്റ്റേജിൽ നിരക്കുവർധന ഒഴിവായത്. പത്തുരൂപ നിരക്കുള്ള മൂന്നാം സ്റ്റേജിൽ രണ്ടുരൂപയാണ് വിദ്യാർത്ഥികളുടെ നിരക്ക്.12,13 രൂപ ഈടാക്കുന്ന നാല്,അഞ്ച് സ്റ്റേജുകളിൽ രണ്ടു രൂപ ഈടാക്കിയിരുന്നത് മൂന്നു രൂപയായി ഉയർത്തി. പുതിയ നിരക്കുപ്രകാരം ദീർഘദൂരം യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് കാര്യമായ വർധന.കോളേജ് വിദ്യാർത്ഥികളെയാകും ഇത് കാര്യമായി ബാധിക്കുക.22 രൂപയുടെ പത്താം സ്റ്റേജിൽ 3.50 പൈസ ആയിരുന്നത് 7 രൂപയായി ഉയർന്നിട്ടുണ്ട്. ജന്റം,ലോ ഫ്ലോർ എ.സി,നോൺ എ.സി,സൂപ്പർ എയർ എക്സ്പ്രസ്,മൾട്ടി ആക്സിൽ സ്കാനിയ,വോൾവോ ബസ്സുകളുടെ നിരക്കും നാളെ മുതൽ വർധിപ്പിക്കും.ജന്റം ലോ ഫ്ലോർ നോൺ എ.സി ബസ്സുകളുടെ മിനിമം നിരക്ക് എട്ടു രൂപയിൽ നിന്നും പത്തു രൂപയാക്കി.ലോ ഫ്ലോർ എ.സി ബസ്സുകളുടെ മിനിമം നിരക്ക് 15 രൂപയിൽ നിന്നും 20 രൂപയാക്കി.
മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ സോലാപൂരിൽ ജീപ്പ് കാറിലിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ അഞ്ച് പേർ മരിച്ചു.ഏഴ് പേർക്ക് പരിക്കേറ്റു.സോലാപുർ-തുൽസാപുർ ഹൈവേയിൽ പുലർച്ചെ 6.30 ഓടെയാണ് അപകടമുണ്ടായത്.ഹൈവേയുടെ ഓരത്തെ ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് നിയന്ത്രണം തെറ്റിവന്ന ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. ഹൈവേയിൽ നിന്ന കാട്ടുപന്നിയെ ഇടിക്കാതിരിക്കാൻ ജീപ്പ് ഡ്രൈവർ വാഹനം വെട്ടിത്തിരിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു. ജീപ്പിലുണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ചുപോയെന്നും ദൃക്സാക്ഷികൾ പറഞ്ഞു.