തളിപ്പറമ്പ്:തളിപ്പറമ്പ്-കുപ്പം ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന പാർസൽ ലോറിയിൽ നിന്നും 3.85 ലക്ഷത്തിന്‍റെ സാധനങ്ങൾ കവർന്നു.മുംബൈയിലെ സ്മാർട്ട് പാർസൽ സർവീസിന്റെ നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നുമാണ് വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കവർന്നത്.കണ്ണൂരിലേയും കോഴിക്കോട്ടെയും വിവിധ ഷോറൂമുകളിലേക്ക് സാധനങ്ങളുമായി പോകുന്ന ലോറി കഴിഞ്ഞ ദിവസം രാത്രിയാണ് കുപ്പം ദേശീയപാതയില്‍ കൊള്ളയടിക്കപ്പെട്ടത്. കുപ്പം എയുപി സ്കൂളിന് സമീപമാണ് ലോറി നിർത്തിയിട്ടിരുന്നത്.ഡ്രൈവർമാരായ കോഴിക്കോട് സ്വദേശി അബ്ദുൽ റസാക്ക്,മാനന്തവാടി സ്വദേശി അനീഷ് മാത്യു എന്നിവർ ലോറിയിൽ ഉണ്ടായിരുന്നു.ക്ഷീണം കാരണം ഇവർ ക്യാബിനിൽ ഉറങ്ങിപോയിരുന്നു.രാവിലെ ഉറക്കമുണർന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ടാര്‍പോളിന്‍ കൊണ്ട് മൂടിയ ലോറിയുടെ ഷീറ്റ് കീറി പിറകില്‍ നിന്നും മുകളില്‍ നിന്നും സാധനങ്ങള്‍ അടങ്ങിയ പെട്ടികൾ എടുത്തുകൊണ്ടുപോകുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് എസ്എച്ച്ഒ പി.കെ.സുധാകരന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു
വിലക്ക് ലംഘിച്ച് മോഹൻ ഭാഗവത് ഇത്തവണയും പാലക്കാട് സ്കൂളിൽ പതാകയുയർത്തി
പാലക്കാട്:വിലക്ക് ലംഘിച്ച് മോഹൻ ഭാഗവത് ഇത്തവണയും പാലക്കാട് സ്കൂളിൽ പതാകയുയർത്തി. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലാണ് ഇത്തവണ മോഹൻ ഭാഗവത് പതാകയുയർത്തിയത്.സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ സ്കൂൾ മേധാവിയെ ജനപ്രതിനിധികളോ മാത്രമേ ദേശീയ പാത ഉയർത്താവൂ എന്നാണ് നിയമം.ഇത് മറികടന്നാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്.ചടങ്ങിന് വൻ പോലീസ് സുരക്ഷാ ഒരുക്കിയിരുന്നു. നേരത്തെ കഴിഞ്ഞ സ്വാതന്ത്രദിനത്തിൽ പാലക്കാട് കർണകിയമ്മൻ സ്കൂളിൽ വിലക്ക് ലംഘിച്ച് മോഹൻ ഭഗവത് പതാക ഉയർത്തിയത് വിവാദമായിരുന്നു.ഇതേത്തുടർന്ന് ഇത്തവണ സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും അതതു സ്ഥാപനങ്ങളിലെ മേധാവികൾ തന്നെ പതാക ഉയർത്തണമെന്ന് സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. ഇതിനിടെയാണ് മോഹൻഭഗവത് വീണ്ടും സ്കൂളിൽ പതാക ഉയർത്തിയത്.
രാജ്യം ഇന്ന് അറുപത്തിയൊമ്പതാമത് റിപ്പബ്ലിക്ക് ദിനം ആചരിക്കുന്നു
ന്യൂഡൽഹി:കനത്ത സുരക്ഷാ വലയങ്ങൾക്കിടെ രാജ്യം ഇന്ന് അറുപത്തിയൊമ്പതാമത് റിപ്പബ്ലിക്ക് ദിനം ആചരിക്കുന്നു.രാജ്‌പഥിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘാഷങ്ങളിൽ പത്തു രാഷ്ട്ര തലവന്മാരാണ് അതിഥികളായി എത്തുന്നത്.രാവിലെ ഒമ്പതുമണിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയർത്തി.ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുഷ്പചക്രം അർപ്പിച്ചു.തുടർന്ന് രാജ്പഥിലൂടെ കര-നാവിക-വ്യോമ സേനകളുടെ പരേഡും നടന്നു.ബ്രൂണെ,കംബോഡിയ,സിംഗപ്പൂർ,ഇന്തോനേഷ്യ, മലേഷ്യ, മ്യാന്മാർ,ലാവോസ്, തായ്‌ലൻഡ്,വിയറ്റ്‌നാം ,ഫിലിപ്പീൻസ് എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കായി ഡൽഹിയിൽ എത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്.ഭീകരാക്രമണ സാധ്യത കണക്കിലെടുത്തു ഇത്തവണ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തിരൂരിൽ സിപിഎം പ്രവത്തകന് വെട്ടേറ്റു
മലപ്പുറം:മലപ്പുറം തിരൂരിൽ സിപിഎം പ്രവത്തകന് വെട്ടേറ്റു.തിരൂർ പറവണ്ണയിൽ കാസിമിനാണ് വെട്ടേറ്റത്.പരിക്കേറ്റ കാസിമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.
ജില്ലയിൽ വാഹനപണിമുടക്ക് പൂർണ്ണം
കണ്ണൂർ:ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് വാഹന ഉടമകളും തൊഴിലാളികളും സംയുക്തമായി നടത്തിയ വാഹനപണിമുടക്ക് ജില്ലയിൽ പൂർണ്ണം.മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തിയത്.പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കെഎസ്ആർടിസി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു.കണ്ണൂർ ടൗണിൽ സർവീസ് നടത്തിയ ചില വാഹനങ്ങൾ പണിമുടക്കനുകൂലികൾ തടഞ്ഞു.തലശ്ശേരിയിലും നേരിയ അക്രമം നടന്നു.രാവിലെ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ഒരുകൂട്ടം ആളുകൾ മൽസ്യവണ്ടി തടഞ്ഞ് ഡ്രൈവറെ മർദിച്ചു.വാനിന്റെ ഡ്രൈവർ മംഗളൂരു സ്വദേശി മുഹമ്മദ് ഫാറൂക്കിനാണ് മർദനമേറ്റത്. അക്രമത്തിൽ പിക്ക് അപ്പ് വാനിന്റെ ചില്ലുകൾ തകർന്നു. മർദനത്തിൽ പരിക്കേറ്റ ഫാറൂക്ക് തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിനിടെ ഫോൺ നഷ്ടപ്പെട്ടതായി ഫാറൂക്ക് പോലീസിനോട് പറഞ്ഞു.
വാതക ശ്മശാനത്തിനെതിരായുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു
കണ്ണൂർ: കടമ്പൂർ പഞ്ചായത്ത് കോട്ടൂർ കരിപ്പാച്ചാൽ കുന്നിൻമുകളിൽ വാതകശ്മശാനവും പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രവും നിർമിക്കുന്നതിനെതിരേ പ്രദേശവാസികൾ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈകോടതി എതിർകക്ഷികളായ പഞ്ചായത്ത് പ്രസിഡന്‍റിനും, ജില്ലാ കളക്‌ടർക്കും പതിനാല് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.ജനവാസ കേന്ദ്രത്തിന് മധ്യത്തിലുള്ള കുന്നിൻ മുകളിലാണ് വാതകശ്മശാനം നിർമിക്കുന്നത്. മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി എന്ന പേരിൽ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രമാണ് പഞ്ചായത്ത് നിർമിക്കുന്നതെന്നും ഇത് പ്രദേശവാസികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്നും ഹർജിയിൽ പറയുന്നു.
തിരുവനന്തപുരം ശ്രീപത്മനാഭ തീയേറ്ററിൽ തീപിടുത്തം
തിരുവനന്തപുരം:തിരുവനന്തപുരം ശ്രീപത്മനാഭ തീയേറ്ററിൽ തീപിടുത്തം.ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.സെക്യൂരിറ്റി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ കെടുത്തി.തീപിടുത്തത്തിൽ തീയേറ്ററിലെ സീറ്റുകൾ കത്തി നശിച്ചിട്ടുണ്ട്.എസിയും കത്തിപ്പോയി.പ്രൊജക്റ്ററിന് കേടു സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.അപകട കാരണം വ്യക്തമല്ല.
മലപ്പുറത്ത് മറിഞ്ഞ പാചകവാതക ലോറിയിലെ ചോർച്ച അടച്ചു
മലപ്പുറം:മലപ്പുറം വളാഞ്ചേരി ദേശീയപാതയിൽ മറിഞ്ഞ ടാങ്കർ ലോറിയിലെ വാതകചോർച്ച അടച്ചു.പുലർച്ചെ രണ്ടുമണിയോടെയാണ് ചോർച്ച അടച്ചത്.ഇന്നലെ രാത്രി ഏഴര മണിയോടെയാണ് വളാഞ്ചേരി വട്ടപ്പാറ വളവിൽ പാചകവാതക ലോറി മറിഞ്ഞത്.ലോറിയിൽ നിന്നും വാതകം ചോർന്നതിനെ തുടർന്ന് പരിസരവാസികളെ ഒഴിപ്പിച്ചിരുന്നു.അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് രാമനാഥപുരം സ്വദേശി ശരവണ പാണ്ട്യന് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മേഖലയിലെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.17 ടൺ പാചകവാതകമാണ് ലോറിയിൽ ഉണ്ടായിരുന്നത്.
‘പത്മാവത്’ ഇന്ന് റിലീസ് ചെയ്യും;വ്യാപക അക്രമം അഴിച്ചുവിട്ട് കർണിസേന
മുംബൈ:സഞ്ജയ് ലീല ബൻസാലി ചിത്രം ‘പത്മാവത്’ ഇന്ന് റിലീസ് ചെയ്യും.ചിത്രത്തിനെതിരെ രജപുത്ര കർണിസേന പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്.കർണിസേന പ്രവർത്തകർ ഹരിയാനയിലെ ഗുഡ്ഗാവിൽ ജിഡി ഗോയെങ്ക വേൾഡ് സ്കൂൾ ബസിനു നേരെ അക്രമം നടത്തി. സിനിമയ്ക്കെതിരെ പ്രതിഷേധപ്രകടനം നടക്കുന്നതിനിടെ സമീപത്തു കൂടെ പോയ ബസിനു നേരെ അക്രമികൾ കല്ലേറു നടത്തുകയായിരുന്നു. ആൾക്കൂട്ടം ബസിനു നേരെ കല്ലെറിയുകയും ചില്ലുകൾ അടിച്ചു പൊട്ടിക്കുകയും ചെയ്തു.അക്രമം ആരംഭിച്ചതിനു പിന്നാലെ കുട്ടികൾ ബസിൽ പതുങ്ങിക്കിടക്കുകയായിരുന്നു. ഹരിയാന,ഗുജറാത്ത്,രാജസ്ഥാൻ,ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ സിനിമയുടെ പേരിൽ വൻ അക്രമ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്. ചിത്രത്തിന്റെ പ്രദർശനം വിലക്കാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ആക്രമണം രൂക്ഷമായത്.ചിത്രത്തിന്‍റെ പ്രദർശനം തടയാനാകില്ലെന്നും കാണേണ്ടവർ മാത്രം പദ്മാവത് കണ്ടാൽ മതിയെന്നും തുറന്നടിച്ച കോടതി രാജ്യത്തെ ഒരു ഹൈക്കോടതികളും ഇനി ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കേണ്ടെന്നും ഉത്തരവിട്ടിരുന്നു. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് രാജസ്ഥാൻ,മധ്യപ്രദേശ്,ഗുജറാത്ത്,ഗോവ എന്നിവിടങ്ങളിലെ മൾട്ടിപ്ളെക്സ് തീയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് മൾട്ടിപ്ളെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.രാജസ്ഥാനിൽ അക്രമത്തെ തുടർന്ന് ഡൽഹി-ജയ്‌പൂർ പാതയിൽ ഗതാഗതം മുടങ്ങി.ഡൽഹി-അജ്മീർ പാതയിൽ ടയറുകൾ കത്തിച്ചു ഗതാഗതം തടസ്സപ്പെടുത്തി.തീയേറ്ററുകൾക്ക് മുൻപിലും പ്രതിഷേധം സംഘടിപ്പിച്ചു.ചരിത്ര വസ്തുതകൾ വളച്ചൊടിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരെ രജപുത് കർണിസേന വൻതോതിലുള്ള പ്രതിഷേധമുയർത്തിയത്. വിവിധയിടങ്ങളിൽ തിയറ്ററുകൾ അടിച്ചു തകർത്ത സേന,ചിത്രം രാജ്യത്ത് പ്രദർശനത്തിനെത്തിയാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്നും 16,000ലേറെ സ്ത്രീകൾ ജീവനൊടുക്കുമെന്നും വരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
‘അക്ഷരലക്ഷം’ പദ്ധതി;റിപ്പബ്ലിക്ക് ദിനത്തിൽ 46349 നിരക്ഷരർ ക്ലാസ്സിലേക്ക്
തിരുവനന്തപുരം:അക്ഷരലക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി 46349 നിരക്ഷരർ റിപ്പബ്ലിക്ക് ദിനത്തിൽ ക്ലാസ്സിലേക്ക്.പഠിതാക്കൾ ഭരണഘടനയുടെ ആമുഖം ഏറ്റുചൊല്ലുന്നതോടെ ക്ലാസ്സുകൾക്ക് തുടക്കമാകും.16 നും 75 നും ഇടയിൽ പ്രായമുള്ള നിരക്ഷരരെ സാക്ഷരരാക്കുന്നതിനായി സാക്ഷരതാ മിഷൻ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ‘അക്ഷരലക്ഷം’. പദ്ധതിയുടെ ഭാഗമായി നടന്ന ആദ്യഘട്ട സർവേയിൽ കേരളത്തിൽ 47,241 നിരക്ഷരർ ഉണ്ടെന്നു കണ്ടെത്തി.ഇതിൽ ഏറ്റവും കൂടുതൽപേർ പാലക്കാട് ജില്ലയിലാണ് 10348 പേർ.കുറവ് പത്തനംതിട്ട ജില്ലയിലും 434 പേർ.തുടർവിദ്യാകേന്ദ്രങ്ങളുള്ള 2086 വാർഡിലെ ആറിനും എഴുപത്തഞ്ചിനും ഇടയിലുള്ളവരിലാണ് സർവ്വേ നടത്തിയത്.20 പഠിതാക്കൾക്ക് ഒരുകേന്ദ്രം എന്ന തരത്തിലാണ് ക്‌ളാസ്സുകൾ നടത്തുക.ഏപ്രിൽ ആദ്യവാരം പരീക്ഷ നടത്തും.ഏപ്രിൽ 18 ന് സമ്പൂർണ സാക്ഷരതാ പ്രഖ്യാപനവും നടത്തും.പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലയിലെ തിരഞ്ഞെടുത്ത ഒരു തദ്ദേശ സ്ഥാപനത്തിൽ നടപ്പാക്കും.യുനെസ്കോയുടെ മാനദണ്ഡ പ്രകാരം കേരളം സമ്പൂർണ സാക്ഷരതാ കൈവരിച്ചെങ്കിലും 2011 ലെ സെൻസസ് പ്രകാരം കേരളത്തിൽ ഇനിയും 18 ലക്ഷം നിരക്ഷരർ ഉണ്ടെന്നാണ് കണക്ക്.