മലപ്പുറം:രാജ്യത്തിൻറെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിത മലപ്പുറത്ത് ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകി.മലപ്പുറം ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു നമസ്ക്കാരം.സൊസൈറ്റി ജനറൽ സെക്രെട്ടറി ജാമിദയാണ് ഇമാം ആയത്.സാധാരണ രീതിയിൽ മുസ്ലിം സമുദായത്തിൽ വെള്ളിയാഴ്ച പുരുഷന്മാരാണ് ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നത്.എന്നാൽ പുരുഷന്മാർ തന്നെ നേതൃത്വം നൽകണമെന്ന് ഖുറാനിൽ പറഞ്ഞിട്ടില്ലെന്നാണ് സുന്നത്ത് സൊസൈറ്റിയുടെ വാദം.സ്ത്രീകൾ നാസക്കാരത്തിനു നേതൃത്വം നൽകുന്നത് വരും ദിവസങ്ങളിൽ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിദ പറഞ്ഞു.അതേസമയം നമസ്‌കാരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ ജാമിദയ്ക്ക് വധഭീഷണി ഉണ്ടെന്നും സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
മഹാരാഷ്ട്രയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു
പുണെ:പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കൊൽഹാപൂരിൽ പാഞ്ചഗംഗ നദിയിലേക്ക് ബസ് മറിഞ്ഞ് 12 പേർ മരിച്ചു.മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടം നടന്നത്.ശിവജി പാലത്തിൽ വെച്ച് ഡ്രൈവർക്ക് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. ഗൺപതിപുലിൽ നിന്നും പുണെയിലേക്ക് പോവുകയായിരുന്നു ബസ്.പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അനുവദനീയമായതിലും കൂടുതൽ രാസവസ്തു; പതഞ്‌ജലി ഉൽപ്പനങ്ങൾ ഖത്തറിൽ നിരോധിച്ചു
ദോഹ:അനുവദനീയമായതിലും കൂടുതൽ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് പതഞ്‌ജലി ഉത്പന്നങ്ങൾ ഖത്തറിൽ നിരോധിച്ചു.ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലിയറൻസ് ലഭിക്കുന്നത് വരെ ഇനി പതഞ്‌ജലി ഉൽപ്പന്നങ്ങൾ വിൽക്കാനാകില്ല.നേരത്തെ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് പതഞ്‌ജലി ഉൽപ്പനങ്ങൾ നേപ്പാൾ സർക്കാർ തിരിച്ചു വിളിച്ചിരുന്നു.ഇന്ത്യയിൽ വിൽക്കുന്ന പതഞ്‌ജലി ഉൽപ്പങ്ങൾക്കും ഗുണനിലവാരമില്ലെന്നു കണ്ടെത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും നീളം കൂടിയ സാലഡ് കണ്ണൂരിൽ തയ്യാറാക്കുന്നു
കണ്ണൂർ:ലോകത്തിലെ ഏറ്റവും നീളം കൂടിയ സാലഡ് കണ്ണൂരിൽ തയ്യാറാക്കുന്നു.യൂണിവേഴ്‌സല്‍ വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമാക്കി റഷീദ് കളിനനറി ആര്‍ട്ട് മാസ്റ്റര്‍ ഷെഫ് റഷീദ് മുഹമ്മദിന്‍റെ നേതൃത്വത്തില്‍ പത്തോളം ഷെഫുമാരും നിര്‍മലഗിരി കോളജ് ഹോം സയൻസ് വിഭാഗം വിദ്യാര്‍ഥിനികളും എംആര്‍വിഎച്ച്എസ്എസ് പടന്നസ്‌കൂളിലെ ഫുഡ് ആൻഡ് റസ്റ്റോറന്‍റ് വിദ്യാര്‍ഥികളും അടങ്ങുന്ന 160 പേരാണ് “എക്‌സ്പ്രസോ’ എന്ന പേരിലുള്ള സാലഡ് തയ്യാറാക്കുക.27ന് രാവിലെ 9.30 മുതല്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ 900 കിലോയോളം പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചു ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രാവര്‍ത്തികമാക്കി നാലര മണിക്കൂര്‍കൊണ്ടു 9.5 ഇഞ്ച് വീതിയില്‍ 1200 ഓളം അടി നീളമുള്ള സലാഡാണു തയാറാക്കുന്നത്.ഭക്ഷണത്തിലെ സീറോ വേസ്റ്റ് എന്ന തത്വം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും വെജിറ്റബിള്‍ സാലഡിന്‍റെ പ്രാധാന്യം യുവതലമുറകളിലേക്കു പകര്‍ന്നുനല്‍കുന്നതിനും കൂടിയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത്.രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം ഏഷ്യന്‍ ജൂറി ഗിന്നസ് സത്താര്‍ ആദൂര്‍ മുഖ്യാതിഥി ആയിരിക്കും.കേരളത്തിലെ സോഷ്യല്‍ സര്‍വീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം യുവസംരംഭകരുടെ കൂട്ടായ്മയായ ഗ്രീന്‍ സോഴ്‌സ് കണ്‍സോര്‍ഷ്യമാണു ജില്ലയില്‍ ആദ്യമായി ഇത്തരത്തിലൊരു പരിപാടി നടത്തുന്നത്.
ഇലക്ട്രിക്ക് പോസ്റ്റ് ദേഹത്തു വീണ് വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്:ഇലക്ട്രിക്ക് പോസ്റ്റ് ദേഹത്തു വീണ് വിദ്യാർത്ഥി മരിച്ചു.മാത്തറ എംജി നഗറിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ഇസ്ലാമിക് റെസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആദിഷാണ് മരിച്ചത്.സ്കൂൾ ബസ് പിറകിലേക്ക് എടുത്തപ്പോൾ വൈദ്യുതി ബന്ധമില്ലാത്ത ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ ദേഹത്ത് പതിക്കുകയുമായിരുന്നു.എംജി നഗർ ഇരിങ്ങല്ലൂർ ചാലിൽ ഷാജിയുടെയും ധന്യയുടെയും മകനാണ് ആദിഷ്. സഹോദരൻ അശ്വിൻ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
കണ്ണൂർ:സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം.കൊടിമരം, പതാക, ദീപശിഖ എന്നിവ ഇന്നു സമ്മേളനനഗരിയായ കണ്ണൂരിലെത്തും. പതാക കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്നും കൊടിമരം തലശേരി ജവഹർഘട്ടിൽ നിന്നും ദീപശിഖ കാവുമ്പായി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും റിലേയായാണ് സമ്മേളന നഗരിയിലെത്തിക്കുക.പതാക ജാഥയുടെ പര്യടനം ഇന്നു രാവിലെ ഒമ്പതുമണിക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജൻ ഉൽഘാടനം ചെയ്തു.ഒ.വി. നാരായണനാണ് ജാഥാ ലീഡർ. എം. പ്രകാശൻ നയിക്കുന്ന കൊടിമര ജാഥയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 1.30ന് ടി.വി. രാജേഷ് എംഎൽഎ നിർവഹിച്ചു.കാവുമ്പായി രക്തസാക്ഷി മണ്ഡപത്തിൽനിന്നും കെ.എം. ജോസഫിന്‍റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ദീപശിഖാ റാലിയുടെ ഉദ്ഘാടനം രാവിലെ 9.30ന് ജയിംസ് മാത്യു എംഎൽഎ നിർവഹിച്ചു.വൈകുന്നേരത്തോടെ മൂന്നു ജാഥകളും കണ്ണൂർ കാൽടെക്സിൽ സംഗമിച്ചു പൊതുസമ്മേളന നഗരിയായ ജവഹർ സ്റ്റേഡിയത്തിൽ സമാപിക്കും.ഇതോടൊപ്പം ജില്ലയിലെ 162 പാർട്ടി രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ നിന്നുമായി ദീപശിഖകൾ സമ്മേളന നഗരിയിലെത്തിക്കും.നാളെ പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രത്തിൽ ആരംഭിക്കുന്ന മൂന്നു ദിവസം നീളുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ക്രമസമാധാനപാലനത്തിനുള്ള ഡിജിപിയുടെ സംസ്ഥാനതല ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന്
കണ്ണൂർ: ക്രമസമാധാനപാലനത്തിനുള്ള ഡിജിപിയുടെ സംസ്ഥാനതല ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന്.കേരള പോലീസിലെ 196 പേർക്ക് ഇത്തവണ ഡിജിപിയുടെ ബാഡ്ജ് പ്രഖ്യാപിച്ചതിൽ ക്രമസമാധാനപാലന വിഭാഗത്തിൽ ശിവ വിക്രം മാത്രമാണുള്ളത്.2016ൽ തിരുവനന്തപുരം സിറ്റി പോലീസിൽ ഡപ്യൂട്ടി കമ്മീഷണറായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പ്, സെക്രട്ടേറിയറ്റ് മാർച്ചുകൾ, തലസ്ഥാനത്തെ മറ്റ് സമരങ്ങൾ, വിവിഐപികളുടെ സന്ദർശനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ക്രമസമാധാനപാലനം കുറ്റമറ്റ രീതിയിൽ നിർവഹിച്ചതാണ് ശിവ വിക്രമിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
കർണാടകയിൽ ‘പത്മാവത്’ പ്രദർശിപ്പിച്ച തീയേറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം
ബെംഗളൂരു:സഞ്ജയ് ലീല ബൻസാലിയുടെ വിവാദ ബോളിവുഡ് ചിത്രം ‘പത്മാവത്’ പ്രദർശിപ്പിച്ച തീയേറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം.കർണാടക ബലഗാവിയിലെ പ്രകാശ് തീയേറ്ററിന് നേരെയാണ് ആക്രമണം നടന്നത്.സെക്കൻഡ് ഷോ കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം. പരിഭ്രാന്തരായി ഓടിയ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പത്മാവത് സിനിമയ്‌ക്കെതിരെ കേരളത്തിലും ഉടൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കർണിസേന വ്യക്തമാക്കിയിട്ടുണ്ട്.
വളപട്ടണം കീരിയാട് സ്ഫോടനം;ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചു;രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ:വളപട്ടണം കീരിയാട് നടന്ന സ്‌ഫോടനത്തിൽ ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റു.ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് സ്ഫോടനം നടന്നത്.ജിപ്സം ബോർഡ് പണിയെടുക്കുന്ന തൊഴിലാളികൾ കപ്പാസിറ്ററിന് മുകളിൽ സിൽവർ കോട്ടിംഗ് ചുറ്റുമ്പോഴാണ് സ്ഫോടനം നടന്നതെന്നാണ് സൂചന.യു പി സ്വദേശി ബർകത്താണ് മരിച്ചത്.
റിപ്പബ്ലിക്ക് ദിനാഘോഷം;കണ്ണൂരിൽ മന്ത്രി കെ.കെ ശൈലജ സല്യൂട്ട് സ്വീകരിക്കും
കണ്ണൂർ:കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ മന്ത്രി കെ.കെ ശൈലജ സല്യൂട്ട് സ്വീകരിക്കും.പരേഡിന്റെ ഭാഗമായി ദേശീയോഗ്രഥനം എന്ന വിഷയത്തിലുള്ള ഫ്ളോട്ടുകൾ ഉണ്ടാകും.ഇവയിൽ ആദ്യത്തെ മികച്ച മൂന്ന് എണ്ണത്തിന് യഥാക്രമം 10,000 രൂപ, 5,000 രൂപ, 3,000 രൂപ സമ്മാനം നല്‍കും.പൊതുജനങ്ങള്‍ക്ക് ചടങ്ങ് വീക്ഷിക്കാന്‍ പോലീസ് പരേഡ് ഗ്രൗണ്ടിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടിലോ അവരവരുടെ ഓഫീസുകളിലോ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.