കോഴിക്കോട്:കോഴിക്കോട് നഗരത്തിലെ വിവിധ എടിഎം കൗണ്ടറുകളിൽ നിന്നും പണം മോഷ്ടിച്ച സംഭവത്തിൽ മൂന്നു ഹരിയാന സ്വദേശികൾ അറസ്റ്റിൽ. ദിൽഷാദ്(20),മുഹമ്മദ് മുബാറക്ക്(25),മുഫീദ്(23) എന്നിവരാണ് ടൌൺ പോലീസിന്റെ പിടിയിലായത്.ആനിഹാൾ റോഡിലെ എടിഎമ്മിൽ നിന്നും പണം മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എസ്‌ബിഐ ബാങ്ക് അധികൃതരുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്.കോടതി സമുച്ചയത്തിന് സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്.ബീച്ച് ഭാഗത്തേക്ക് ഓടിയ ഇവരെ ജൂനിയർ എസ്‌ഐ കെ.ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ നിന്നും കോയമ്പത്തൂർ വഴി കേരളത്തിലെത്തിയാണ് ഇവർ മോഷണം നടത്തി വന്നത്.ഇവരുടെ കൂട്ടുപ്രതിയായ അൻസാർ ഒളിവിലാണ്. ഇയാൾ എൻജിനീയറിങ് വിദ്യാർത്ഥിയാണെന്നു പോലീസ് പറഞ്ഞു.എ ടി എമ്മിന്റെ നെറ്റ്‌വർക്കിൽ തകരാർ സൃഷ്ടിച്ച് കൃത്രിമം നടത്തിയായിരുന്നു മോഷണം. വിവിധ ഹോട്ടലുകളിൽ താമസിച്ചു മോഷണം നടത്തി വിമാനമാർഗം ഹരിയാനയിലേക്ക് മടങ്ങുകയുമായിരുന്നു പതിവ്.പ്രതികൾ വർഷങ്ങൾക്ക് മുൻപ് കാരന്തൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു
തൃശൂർ:പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ ഓട്ടൻതുള്ളൽ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു.ഇരിങ്ങാലക്കുട അവട്ടത്തൂരിൽ ക്ഷേത്രത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.ഉത്സവത്തിന്‍റെ പള്ളിവേട്ട ദിനമായിരുന്ന ഞായറാഴ്ച രാത്രി എട്ടോടെ കലാപരിപാടി അവതരിപ്പിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തുള്ള പുല്ലൂർ മിഷൻ ആശു പതിയിൽ എത്തിച്ചെക്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.ഹൃദയാഘാതമാണു മരണകാരണം.1974ൽ കലാമണ്ഡലത്തിൽ തുള്ളൽ പഠിക്കാനെത്തിയ ഗീതാനന്ദൻ 1983 മുതൽ ഇവിടെ അധ്യാപകനായി. ഇരുപതുവർഷത്തോളം കലാമണ്ഡലത്തിൽ വകുപ്പ് മേധാവിയായും സേവനം അനുഷ്ടിച്ചു.കഴിഞ്ഞ മാർച്ചിലാണ് ഔദ്യോഗിക ജീവിതത്തിൽനിന്നും വിരമിച്ചത്.രാജ്യത്തിനകത്തും പുറത്തുമായി അയ്യാരത്തിലധികം വേദികളിൽ അദ്ദേഹം ഓട്ടൻതുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്.തൂവൽ കൊട്ടാരം,കമലദളം,മനസിനക്കരെ,നരേന്ദ്രൻ മകൻ ജയകാന്തൻ വക തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നൃത്തസംവിധായികയായ ശോഭയാണ് ഭാര്യ.മക്കൾ:സനൽ കുമാർ,ശ്രീലക്ഷ്മി.പ്രശസ്തനായ തുള്ളൽ കലാകാരൻ മഠത്തിൽ പുഷ്പവത്ത് കേശവൻ നമ്പീശനാണ് പിതാവ്.
ഗുണ്ടൽപേട്ടിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് കണ്ടക്റ്റർ മരിച്ചു
കോഴിക്കോട്:ഗുണ്ടൽപേട്ടിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് കണ്ടക്റ്റർ മരിച്ചു.ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.അപകടത്തിൽ കെഎസ്ആർടിസി കോഴിക്കോട് ഡിപ്പോയിലെ കണ്ടക്റ്റർ സിജുവാണ് മരിച്ചത്.ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു.
ഉണ്ണി മുകുന്ദനെതിരായുള്ള കേസ്;പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
കൊച്ചി:നടൻ ഉണ്ണിമുകുന്ദനെതിരായുള്ള കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.പീഡനശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉണ്ണി മുകുന്ദനും പോലീസ് സംരക്ഷണം വേണമെന്ന് പരാതിക്കാരിയും നേരത്തെ കോടതിയിൽ ബോധിപ്പിച്ചിരുന്നു.ഇതിനെ തുടർന്നാണ് കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.അടച്ചിട്ട കോടതിയിലെ നടപടിക്രമങ്ങൾ ഒന്നര മണിക്കൂറോളം നീണ്ടു നിന്നു.ഉണ്ണി മുകുന്ദൻ യുവതിയെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്ന് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.ഇതേ തുടർന്ന് യുവതിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു.കേസ് അടുത്ത മാസം 24 ന് വീണ്ടും പരിഗണിക്കും.
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും വീട്ടമ്മയ്ക്ക് ഷോക്കേറ്റു;ചോദ്യം ചെയ്ത ഭർത്താവിനെയും മകനെയും ജീവനക്കാർ മർദിച്ചതായി പരാതി
തളിപ്പറമ്പ്:വീട്ടുപറമ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും വീട്ടമ്മയ്ക്ക് ഷോക്കേറ്റു. ഇതിനെ കുറിച്ച് പരാതിപ്പെട്ട ഭർത്താവിനെയും മകനെയും വൈദ്യുതി വകുപ്പ് ജീവനക്കാർ മർദിച്ചതായി പരാതി.ചെമ്പന്തൊട്ടി തോപ്പിലായിയിലെ കുഴിഞ്ഞാലിൽ ആന്‍റണി തോമസ് (35), മകൻ അനിക്സ് (13) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരേയും തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ പശുവിനെ കറക്കാൻ പോകുമ്പോഴാണ് എൽസമ്മയ്ക്ക് (32) വീട്ടുവളപ്പിൽവച്ച്ഷോക്കേറ്റത്.ഷോക്കേറ്റ് തെറിച്ചുവീണ എൽസമ്മയുടെ നിലവിളി കേട്ടെത്തിയ ആന്‍റണിയും മക്കളും നാട്ടുകാരെ വിളിച്ചു വരുത്തി വൈദ്യുതി ഓഫീസിൽ വിവരമറിയിച്ച ശേഷം ട്രാൻസ്ഫോർമറിൽ നിന്നും ഫ്യൂസ് ഊരിമാറ്റിയാണ് അപകടം ഒഴിവാക്കിയത്.നടുവിൽ വൈദ്യുതി ഓഫീസിൽ നിന്നും അസിസ്റ്റൻറ് എൻജിനിയറുടെ നേതൃത്വത്തിലെത്തിയ ജീവനക്കാർ പൊട്ടിവീണ കമ്പി താത്കാലികമായി കെട്ടി പ്രശ്നം പരിഹരിക്കാമെന്ന് അറിയിക്കുകയായിരുന്നു. പരിക്കേറ്റ എൽസമ്മയുമായി ആന്‍റണി ആശുപത്രിയിൽ പോയ സമയം പോയപ്പോൾ ലൈൻ കെട്ടാൻ തുടങ്ങിയ വൈദ്യതി ജീവനക്കാരോട് പിതാവ് വന്നതിന് ശേഷം കെട്ടിയാൽ മതിയെന്ന് പറഞ്ഞ അനിക്സിനെ വൈദ്യുതി ജീവനക്കാർ തള്ളിയിടുകയായിരുന്നുവത്രെ. സംഭവമറിഞ്ഞെത്തിയ ആന്‍റണിയെ കെഎസ്ഇബി ജീവനക്കാരായ ആറംഗസംഘം മർദിച്ചതായാണ് പരാതി.
നന്ദൻകോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡലിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം:അപസ്മാരത്തെ തുടർന്ന് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നന്ദൻകോഡ് കൂട്ടക്കൊലക്കേസ് പ്രതി കേഡലിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.ന്യുമോണിയ കൂടി ബാധിച്ചതോടെ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ നടത്തുന്നത്. മരുന്നുകളോട് നേരിയ തോതിൽ മാത്രമേ പ്രതികരിക്കുന്നുള്ളൂ.കേഡലിന്റെ ആരോഗ്യനില വിലയിരുത്തുന്നതിനായി ഏഴുവിഭാഗങ്ങളിലുള്ള ഡോക്റ്റർമാരെ ഉൾപ്പെടുത്തി രൂപീകരിച്ച മെഡിക്കൽ ബോർഡ് തിങ്കളാഴ്ച ചേരും .വ്യാഴാഴ്ച പുലർച്ചെയാണ് കേഡലിനെ പൂജപ്പുര സെൻട്രൽ ജയിലിലെ സെല്ലിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ അമോണിയ ചോർന്നത് പരിഭ്രാന്തി പരത്തി
കൊച്ചി:കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ ഫാക്റ്റിന്റെ ഗോഡൗണിൽ അമോണിയ ചോർന്നത് പരിഭ്രാന്തി പരത്തി.ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അമോണിയ സംഭരണിയിൽ നിന്നും ഫാക്റ്റിലേക്ക് കൊണ്ടുപോകാനായി ബുള്ളെറ്റ് ടാങ്കറിലേക്ക് അമോണിയ നിറയ്ക്കുന്നതിനിടെ വാൽവിൽ നിന്നും ചോർച്ചയുണ്ടായത്. അമോണിയ ചോർന്നതിനെ തുടർന്ന് രണ്ടുപേർക്ക് അസ്വസ്ഥത ഉണ്ടായി.ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.സമീപത്തെ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെയും ക്വാർട്ടേസിൽ താമസിക്കുന്നവരെയും ഉടൻ ഒഴിപ്പിച്ചു. ഫാക്റ്റിലെ ഉദ്യോഗസ്ഥരും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചോർച്ചയടക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.തുടർന്ന് ടാങ്കറിന്റെ നാലുഭാഗത്തും നിന്നും വെള്ളം പമ്പ് ചെയ്താണ് അപകടം ഒഴിവാക്കിയത്.ഏഴു യൂണിറ്റ് ഫയർഫോഴ്സും ആബുലന്സും പോലീസുമെല്ലാം സ്ഥലത്തെത്തിയിരുന്നു. മൂന്നുമണിക്കൂർ കൊണ്ടാണ് അമോണിയം ചോർച്ച അപകടകരമല്ലാത്ത വിധം നിയന്ത്രണ വിധേയമാക്കിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഫോൺ കെണി കേസിൽ എ.കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി
തിരുവനന്തപുരം:ഫോൺ കെണി കേസിൽ മുൻ മന്ത്രി എ.കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.പരാതിയില്ലെന്ന് ചാനൽ പ്രവർത്തകയുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. തനിക്കു പരാതിയില്ലെന്നും ഫോണിൽ തന്നോട് അശ്ലീല സംഭാഷണം നടത്തിയ ആൾ ശശീന്ദ്രനാണോ എന്നറിയില്ലെന്നും പരാതിക്കാരിയായ ചാനൽ പ്രവർത്തക കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വാർത്തയിൽ 2016 നവംബർ എട്ടിനു പ്രതികരണം തേടിയെത്തിയ മാധ്യമ പ്രവർത്തകയോട് മന്ത്രിയായിരിക്കെ ശശീന്ദ്രൻ മോശമായി പെരുമാറിയെന്നായിരുന്നു പരാതി. മന്ത്രിയുടേത് എന്ന പേരിൽ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോൺ സംഭാഷണം സ്വകാര്യ വാർത്താ ചാനൽ പുറത്തു വിടുകയും ചെയ്തു.ഇതേ തുടർന്ന് മന്ത്രി രാജിവെയ്ക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ചാനൽ ഒരുക്കിയ കെണിയായിരുന്നു ഇതെന്ന് മനസ്സിലായത്.
ഐപിഎൽ ലേലം;സഞ്ജു സാംസണെ 8 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി
ബെംഗളൂരു:ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ മലയാളി താരം സഞ്ജു സാംസണെ 8 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. സഞ്ജുവിനായി മുംബൈ ഇന്ത്യൻസും രംഗത്തെത്തിയിരുന്നു. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്‍റെ അടിസ്ഥാന വില.താരലേലത്തിൽ ഇത്രയും തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മലയാളി താരം സഞ്ജു.വി.സാംസൺ പറഞ്ഞു.രാജസ്ഥാനിലേക്ക് പോകുന്നത് തറവാട്ടിലേക്ക് പോകുന്നതുപോലെയാണെന്നു പറഞ്ഞ സഞ്ജു, പരിശീലനം രാഹുൽ ദ്രാവിഡിനു കീഴിൽ അല്ലാത്തതിൽ വിഷമമുണ്ടെന്നും കൂട്ടിച്ചേർത്തു.ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് ആണ് സീസണിലെ മൂല്യമേറിയ താരം.കഴിഞ്ഞ സീസണിൽ പൊന്നും വില നേടിയ താരത്തെ ഇത്തവണ 12.5 കോടി രൂപ നൽകി രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്. ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുൽ,മധ്യനിര ബാറ്റ്സ്മാൻ മനീഷ് പാണ്ഡെ എന്നിവരാണ് ലേലത്തിൽ തിളങ്ങിയ മറ്റു ഇന്ത്യൻ താരങ്ങൾ.കെ.എൽ രാഹുലിലെ 11 കോടി നൽകി പഞ്ചാബ് സ്വന്തമാക്കി.മലയാളിയായ കരുൺ നായരെ 5.60 കോടി നൽകി പഞ്ചാബ് സ്വന്തമാക്കി.ഇന്ത്യൻ താരം യുവരാജ് സിങ്ങിന് ഇത്തവണ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.അടിസ്ഥാന വിലയായ രണ്ടുകോടിക്ക് താരത്തെ പഞ്ചാബ് ടീമിൽ നിലനിർത്തി.അതേസമയം ബാംഗ്ലൂരിന്റെ വെടിക്കെട്ട് ബാറ്സ്മാൻ ക്രിസ് ഗെയിലിനെ വാങ്ങാൻ ടീമുകളൊന്നും മുന്നോട്ട് വന്നില്ല.നാളെ ഗെയിലിനെ വീണ്ടും ലേലത്തിൽ വെയ്ക്കും.
ബസ് സമരം;മുഖ്യമന്ത്രി ബസ്സുടമകളുമായി ചർച്ച നടത്തും
തിരുവനന്തപുരം:ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നിശ്ചയിച്ചിരിക്കുന്ന അനിശ്ചിതകാല ബസ് സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രി ബസ്സുടമകളുമായി ചർച്ച നടത്തും.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് ചർച്ച.മിനിമം ചാർജ് പത്തു രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ സമരം പ്രഖ്യാപിച്ചത്.കിലോമീറ്റർ ചാർജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച് രൂപയായും വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.