തിരുവനന്തപുരം:പെൻഷൻ പ്രായം വർധിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി ആരോഗ്യമന്ത്രി കെ.കെ ഷൈലജയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർന്നത്.സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായി മന്ത്രി അറിയിച്ചു. സർവീസിൽ നിന്നും ഈ വർഷം വിരമിക്കാനിരിക്കുന്നതു 44 പേരാണ്.അടുത്ത വർഷം 16 പേരും വിരമിക്കും.പെൻഷൻ പ്രായം വർധിപ്പിച്ചതിനെ തുടർന്ന് ഇവർ വിരമിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന പ്രയാസം പരിഹരിക്കണമെന്നാണ് സമരക്കാർ പ്രധാനമായും ഉന്നയിച്ചത്.175 പുതിയ തസ്തികകൾ ആരോഗ്യവകുപ്പ് സൃഷ്ടിച്ചിട്ടുള്ളതിനാൽ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പുതുതായി പ്രവേശിക്കുന്നവർക്ക് ഉണ്ടാകില്ല എന്ന് സമരക്കാരുടെ വ്യക്തമാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.ഇത്തവണ ഉണ്ടാക്കിയ പുതിയ തസ്തികയ്ക്ക് പുറമെ ആർദ്രം പദ്ധതിയുടെ ഭാഗമായി കൂടുതൽ തസ്തികകൾ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പിജി സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന സമരക്കാരുടെ ആവശ്യവും പരിഗണിക്കുമെന്നും സമരം ചെയ്തവരോട് പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പു നൽകി.
കോഴിക്കോട്ട് നിന്നും ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാസർകോഡ് സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു
നീലേശ്വരം:കോഴിക്കോട്ട് നിന്നും ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാസർകോഡ് സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു.കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓട്ടോയിലിടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടം നടന്നത്. നീലേശ്വരം കോട്ടപ്പുറത്തെ അബ്ദുൽ സലാം-നഫീസത്ത് ദമ്പതികളുടെ മകൻ നിയാസ്(19) ആണ് മരിച്ചത്.നിയസിന്റെ സുഹൃത്ത് ചായ്യോത്തെ ഇർഫാനെ(18) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് ഇരുവരും ന്യൂ ഇയർ ആഘോഷിക്കുന്നതിനായി കോഴിക്കോട്ടേക്ക് പുറപ്പെട്ടത്.ആഘോഷം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.
പുതുവത്സരാഘോഷങ്ങൾക്കിടെ തലസ്ഥാനത്ത് ഒരാൾ കൊല്ലപ്പെട്ടു
തിരുവനന്തപുരം:പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ തിരുവനന്തപുരത്ത് ഒരാൾ കൊല്ലപ്പെട്ടു.മാറനല്ലൂർ സ്വദേശി അരുൺജിത് ആണ് കൊല്ലപ്പെട്ടത്.വർഷങ്ങൾക്കു മുൻപ് സിഐയെ അക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അരുൺ. ഗുണ്ടാസംഘങ്ങൾ തമ്മിലായിരുന്നു വാക്കേറ്റമെന്നാണ് സൂചന. അരുണിനോടൊപ്പമുണ്ടായിരുന്ന വണ്ടന്നൂർ സ്വദേശി അനീഷിനും വെട്ടേറ്റു.ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം;കണ്ണൂരിൽ പത്തു സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
കണ്ണൂർ:പ്ലാസ്റ്റിക്ക് ക്യാരി ബാഗ് നിരോധനം കർശനമാക്കിയതിന്റെ ഭാഗമായി കണ്ണൂരിൽ കടകളിൽ പരിശോധന തുടരുന്നു.നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വില്പനനടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും.ഇത്തരത്തിലുള്ള പത്തു സ്ഥാപനങ്ങളുടെ ലൈസൻസ് ഇതിനകം റദാക്കിക്കഴിഞ്ഞു.കണ്ണൂരിൽ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വിൽപ്പന നടത്തിയതിന് ലൈസൻസ് റദ്ദാക്കിയ അപ്പൂസ് ബേക്കറി എന്ന സ്ഥാപനം ശനിയാഴ്ച വീണ്ടും തുറന്നു പ്രവർത്തിച്ചത് അധികൃതർ ഇടപെട്ട് തടഞ്ഞു.വെള്ളിയാഴ്ചയാണ് കടയുടെ ലൈസൻസ് റദ്ദാക്കിയത്.എന്നാൽ പഞ്ചായത്തില്‍ 5000 രൂപ പിഴയൊടുക്കുകയും പുതിയ ലൈസന്‍സിന് അപേക്ഷ നല്‍കുകയും ചെയ്ത കടയുടമ, ശനിയാഴ്ച രാവിലെ വീണ്ടും തുറക്കുകയായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്തില്‍ വീണ്ടും കട അടപ്പിച്ചു.വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്
ഇരിട്ടി:കണ്ണൂർ ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം. നടുവനാട് ശാരീരിക് ശിക്ഷൺ പ്രമുഖ് വിഷ്ണുവിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. പുലർച്ചെ മൂന്നു മണിയോടെയായാണ് സംഭവം.ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്.പോലീസും ബോംബ് സ്ക്വാർഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.