അണ്ടർ-19 ലോകകപ്പ്;പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ

keralanews under19 world cup india defeated pakisthan and entered in to finals

ക്രൈസ്റ്റ്ചർച്ച്:അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു.സെമി ഫൈനലിൽ 273 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് 69 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.ഇതോടെ 203 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ ഫൈനലിൽ കടന്നു.ഫൈനലിൽ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ നേരിടുക. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 69 റൺസ് എടുക്കുന്നതിനിടെ എല്ലാ വിക്കറ്റും നഷ്ടമായി.ആറ് ഓവറിൽ 17 റൺസ് മാത്രം വിട്ടു നൽകി നാല് വിക്കറ്റെടുത്ത ഇഷാൻ പൊറേലിന്റെ മികവാണ് ഇന്ത്യയ്ക്ക് തുണയായത്.ശിവ സിംഗും റിയാൻ പരാഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാൻ ഗില്ലിന്‍റെ അപരാജിത സെഞ്ചുറിയുടെ കരുത്തിലാണ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്.94 പന്തിൽ നിന്നും പുറത്താകാതെ 102 റൺസാണ് ശുഭ്മാൻ ഗിൽ സ്വന്തമാക്കിയത്.പാക് നിരയിൽ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 18 റൺസ് നേടിയ റോഹൈൽ നസീർ ആണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർ.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 42 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി

keralanews gold worth 42lakhs were seized from kozhikkode airport

കോഴിക്കോട്:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം മൂന്നു യാത്രക്കാരിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്.അബുദാബി-കോഴിക്കോട് എത്തിഹാദ് വിമാനത്തിലെത്തിയ കാസർകോഡ് പള്ളിക്കര സ്വദേശി മുഹമ്മദ് സാജിദിന്റെ ബാഗേജിൽ നിന്നാണ് പ്രധാന സ്വർണ്ണവേട്ട നടത്തിയത്.നേരത്തെ കിട്ടിയ വിവരമനുസരിച്ചു വിമാനത്താവള കവാടത്തിൽ കാത്തു നിന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ തടയുകയും ബാഗേജ് പരിശോധിക്കുകയും ചെയ്തു.തുണികൾക്കിടയിൽ ഷീറ്റ് രൂപത്തിൽ ഒളിപ്പിച്ച 1180 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.ഇൻഡിഗോ വിമാനത്തിലെത്തിയ സുൽത്താൻബത്തേരി സ്വദേശികളായ രണ്ടുപേരിൽ നിന്നാണ് 340 ഗ്രാം സ്വർണ്ണം കണ്ടെടുത്തത്. സ്വർണ്ണം ചെയിൻ രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി

keralanews chief minister said that the govt will not take over the responsibility of ksrtc pension

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.സർക്കാരിന് പെൻഷൻകാരോട് പ്രതിബദ്ധതയുണ്ട്.എന്നാൽ പെൻഷൻ ഏറ്റെടുക്കില്ല.പെൻഷൻകാർക്ക് പണം മുടങ്ങുന്ന സാഹചര്യമുണ്ടാകാതിരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.കെഎസ്ആർടിസി ചില സാമ്പത്തിക പ്രയാസങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്.അതിനു കാരണം വരവിനേക്കാൾ കൂടുതൽ ചിലവ് വരുന്നതാണ്.യുഡിഎഫ് ഭരണകാലത്തും ഇത്തരം പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം കെഎസ്ആർടിസി പെൻഷൻ വിഷയത്തിൽ മുഖ്യമന്ത്രി നൽകിയ മറുപടി നിരാശാജനകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

മലപ്പുറത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു

keralanews cpm worker injured in malappuram

മലപ്പുറം:തിരൂർ ഉണ്യാലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു.ഉണ്യാൽ കമ്മുട്ടകത്ത് നിസാറിനാണ് പരിക്കേറ്റത്.ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.അക്രമത്തിനു പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.ദിവസങ്ങൾക്ക് മുൻപും ഉണ്യാലിൽ സിപിഎം പ്രവർത്തകന് നേരെ ആക്രമണം ഉണ്ടായിരുന്നു.സ്ഥിരം സംഘർഷ മേഖലയായ ഉണ്യാൽ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാണെങ്കിലും ഒറ്റപ്പെട്ട അക്രമങ്ങൾ പ്രദേശവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

കർണാടകത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു

keralanews three malayalees died in an accident in karnataka

ബെംഗളൂരു:തമിഴ്‌നാട്-കർണാടക അതിർത്തിയിൽ കൃഷ്ണഗിരിക്ക് സമീപം സുലിഗരെ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു.ഇന്ന് പുലർച്ചയോടെയാണ് അപകടം നടന്നത്.ലോറിയുടെ അമിത വേഗതയാണ് അപകടകാരണം എന്ന് ദൃസാക്ഷികൾ പറഞ്ഞു. ബെംഗളൂരു ആർടി നഗറിൽ സ്ഥിരതാമസക്കാരായ തലശ്ശേരി സ്വദേശികളായ വി.രാമചന്ദ്രൻ,ഭാര്യ ഡോ.അംബുജം,ഇവരുടെ ഡ്രൈവർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂവരും തൽക്ഷണം മരിച്ചു.മൃതദേഹം ഹൊസൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹം വിട്ടുനൽകും. ഗൈനക്കോളജിസ്റ്റായ ഡോ.അംബുജം ആർടി നഗറിൽ ക്ലിനിക്ക് നടത്തിവരികയായിരുന്നു.

മനസാക്ഷി മരവിച്ച മലയാളി;കെട്ടിടത്തിൽ നിന്നും വീണ് രക്തം വാർന്ന് വഴിയരികിൽ കിടന്നയാളെ രക്ഷിക്കാതെ കാഴ്ചക്കാരായി ജനക്കൂട്ടം

keralanews man falls off building in kochi passersby did not come to help the man

കൊച്ചി:മലയാളിക്ക് മനഃസാക്ഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ശനിയാഴ്ച വൈകുന്നേരം 6.30ന് കൊച്ചി നഗരത്തിൽ നടന്നത്. മൂന്നുനിലകെട്ടിടത്തിന്‍റെ മുകളിൽ നിന്നും വീണ് രക്തം വാർന്ന് വഴിയിൽ കിടന്നയാളെ രക്ഷപെടുത്താതെ ജനക്കൂട്ടം കാഴ്ചക്കാരായി നോക്കി നിന്നു. തൃശൂർ തൃപ്രയാർ കല്ലുവെട്ടുകുഴി പാലയ്ക്കൽ ഷാജി (46) ആണ് പത്മജംഗ്ഷന് സമീപത്തെ ലോഡ്ജിൽ നിന്നും തലകറങ്ങി താഴെ വീണത്. കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന ഷാജി റോഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ തട്ടിയ ശേഷം ഫുട്പാത്തിലേക്കു വീഴുകയായിരുന്നു. ഏറെപ്പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നിട്ടും ഇദ്ദേഹത്തെ ഒന്നു അനക്കി നോക്കാനോ ആശുപത്രിയിലേക്കു കൊണ്ടുപോകാനോ ആരും തയാറായില്ല. ചിലർ എത്തിനോക്കിയ ശേഷം സ്ഥലം വിടുകയും ചെയ്തു.ഒടുവിൽ ഒരു സ്ത്രീയുടെ ഇടപെടലിനെ തുടർന്നാണ് ഇയാളെ ഏറെനേരത്തിനു ശേഷം ആശുപത്രിയിലെത്തിച്ചത്.താഴെ വീണുകിടന്ന മനുഷ്യൻ ജീവനുവേണ്ടി പിടയുമ്പോൾ നോക്കി നിന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതല്ലാതെ ആ ജീവനെ രക്ഷിക്കാൻ വേണ്ടതൊന്നും ചെയ്യാത്ത സാഹചര്യത്തിലാണ് വഴിയാത്രക്കാരിയായ ഒരു സ്ത്രീ അയാളെ രക്ഷിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തത്.ആദ്യം ഒരു ഓട്ടോയിൽ ഇദ്ദേഹത്തെ കയറ്റിയെങ്കിലും പിന്നീട് താഴെയിറക്കി റോഡിൽ തന്നെ കിടത്തി. തുടർന്ന് ഓട്ടോ സ്ഥലം വിട്ടു.സഹികെട്ട വീട്ടമ്മ അതുവഴി വന്ന ഒരു കാർ തടഞ്ഞുനിർത്തിയാണ് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

പി.ജയരാജനെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രെട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു

keralanews p jayarajan was elected again as the new cpim kannur district secretary

കണ്ണൂർ:സിപിഐഎം കണ്ണൂർ ജില്ലാ സെക്രെട്ടറിയായി പി.ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്ന് നടന്ന ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിനു ശേഷമാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.CITU ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ (പിണറായി),SFI സംസ്ഥാന സെക്രട്ടറി എം.വിജിൻ (മാടായി), DYFl കണ്ണൂർ ജില്ലാ സെക്രട്ടറി വി കെ സനോജ്, (കൂത്തുപറമ്പ്), CPIM അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി കെ ശബരീഷ് കുമാർ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മെമ്പർ പി കെ ശ്യാമള ടീച്ചർ (തളിപ്പറമ്പ്), CPIM തളിപ്പറമ്പ് എരിയ സെകട്ടറി പി മുകുന്ദൻ എന്നിവരാണ് ജില്ലാകമ്മിറ്റിയിലെ പുതിയ അംഗങ്ങൾ.

മദ്യപിച്ച് വാഹനമോടിച്ച് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയയാളെ പിടികൂടി

keralanews drunk driver who hits many vehicles were arrested

കണ്ണൂർ:മദ്യപിച്ച് വാഹനമോടിച്ച് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയയാളെ പിടികൂടി.ചൊവ്വ സ്വദേശി സുരഭ്(26) ആണ് പിടിയിലായത്.ഇന്നലെ വൈകിട്ടാണ് സംഭവം. ഇയാൾ ഓടിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്നതും ഓടിക്കൊണ്ടിരുന്നതുമായ അഞ്ചു ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചാണ് പോയതെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. ഒടുവിൽ കക്കാട് ചേനോളി ബസാറിൽ റോഡരികിലെ തൂണിലിടിച്ചാണ് കാർ നിന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയതിന് ഇയാളുടെ പേരിൽ കേസെടുക്കുകയായിരുന്നു.

ഓക്സിജൻ സിലിണ്ടറുമായി സ്കാനിംഗ് റൂമിൽ കടന്ന യുവാവിന് ദാരുണാന്ത്യം

keralanews man died after being sucked into mri scanning machine in mumbai

മുംബൈ:ബന്ധുവിന്റെ സ്കാനിങ്ങിനായി ഓക്സിജൻ സിലിണ്ടറുമായി എംആർഐ സ്കാനിംഗ് റൂമിൽ പ്രവേശിച്ച യുവാവിന് ദാരുണാന്ത്യം.മുംബൈ സ്വദേശിയായ രാജേഷ് മാരുവാണു(32) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ മുംബൈ നഗരസഭയ്ക്ക് കീഴിലുള്ള പ്രശസ്തമായ ബിവൈഎൽ നായർ ചാരിറ്റബിൾ ഹോസ്പിറ്റലിലാണ് ദുരന്തം നടന്നത്.ബന്ധുവിന് എംആർഐ സ്കാനിംഗ് നടത്തുന്നതിനായി രോഗിക്കൊപ്പം ഓക്സിജൻ സിലിണ്ടറുമായി സ്കാനിങ് റൂമിൽ ചെല്ലാൻ ആശുപത്രി ജീവനക്കാരൻ രാജേഷിനോട് ആവശ്യപ്പെടുകയായിരുന്നു.രാജേഷ് സ്കാനിംഗ് റൂമിൽ കടന്നയുടനെ ഓക്സിജൻ സിലിണ്ടറിനെ സ്കാനിംഗ് മെഷീന് ഉള്ളിലുള്ള കാന്തികവലയം വലിച്ചെടുക്കുകയായിരുന്നു.സിലിണ്ടറിനൊപ്പം രാജേഷും യന്ത്രത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.രാജേഷിനെ ഉടൻതന്നെ പുറത്തെടുത്തെങ്കിലും വീഴ്ചയിലുണ്ടായ ആഘാതവും ഓക്സിജൻ സിലിണ്ടറിൽ നിന്നും ചോർന്ന ദ്രവ ഓക്സിജൻ ശ്വാസകോശത്തിൽ കയറിയതുമാണ് മരണകാരണമായത്.സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ഡോക്റ്ററായ സൗരഭ് ലാഞ്ജ് രേക്കർ,വാർഡ് ബോയ് വിത്തൽ ചവാൻ,വാർഡ് അറ്റന്ഡന്റ് സുനിത സുർവേ എന്നിവരെ അറസ്റ്റ് ചെയ്തു.ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് അപകടം സംഭവിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.അപകടത്തിൽ മരിച്ച രാജേഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം

keralanews cpim kannur district meet ends today

കണ്ണൂർ:സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം.സമാപന സമ്മേളനം ജവഹർ സ്റ്റേഡിയത്തിലെ ഇ.കെ നായനാർ നഗറിൽ പോളിറ്റ് ബ്യുറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉൽഘാടനം ചെയ്യും.ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി സെന്റ് മൈക്കിൾസ് സ്കൂൾ മൈതാനത്തു നിന്നും ആരംഭിക്കുന്ന റെഡ് വോളന്റിയർ മാർച്ചിൽ കാൽലക്ഷത്തോളം പുരുഷ-വനിതാ വോളന്റിയർമാർ പങ്കെടുക്കും.നാടിൻറെ നാനാഭാഗത്തു നിന്നും സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന ജനങ്ങൾ താണയിലും എ കെ ജി ആശുപത്രിക്ക് സമീപവും ബസ്സിറങ്ങി ചെറു പ്രകടനങ്ങളായി സമ്മേളന നഗരിയിൽ എത്തിച്ചേരും. സ്റ്റേഡിയത്തിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചുവപ്പുസേനയുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജൻ,പി.കെ ശ്രീമതി,കെ.കെ ശൈലജ,എ.കെ ബാലൻ,സംസ്ഥാന സെക്രെട്ടെറിയേറ്റ് അംഗം എം.വി ഗോവിന്ദൻ എന്നിവർ പങ്കെടുക്കും.അഴീക്കോട് ‘ചെന്താരക’ത്തിന്റെ ഗാനമേളയും നടക്കും.