ന്യൂഡൽഹി:ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഉണ്ടായ വാഹനാപകടത്തിൽ നാല് ഭാരദ്വഹന താരങ്ങൾ മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡൽഹി-ചണ്ഡീഗഡ് ദേശീയപാതയിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.ഡിവൈഡറിലിടിച്ച് നിയന്ത്രണംവിട്ട കാർ വഴിയരികിലെ തൂണിൽ ഇടിച്ചുകയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുകൾഭാഗം പൂർണ്ണമായും തകർന്നു.ഡൽഹിയിൽ നിന്നും പാനിപ്പത്തിലേക്ക് പോവുകയായിരുന്നു ആറുപേരും.പരിക്കേറ്റ രണ്ടുപേരെ ഡൽഹി ഷാലിമാർ ബാഗിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാരദ്വഹന ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യനായ സാക്ഷം യാദവും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. അമിത വേഗതയിലായിരുന്നു കാറെന്ന് പോലീസ് പറഞ്ഞു.
പീഡനക്കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി കോടതിയിൽ
കൊച്ചി:പീഡനക്കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി കോടതിയിൽ.എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയ്ക്കിടെയാണ് പരാതിക്കാരി ആവശ്യമുന്നയിച്ചത്. തന്‍റെ പേര് നടൻ വെളിപ്പെടുത്തിയെന്നും തനിക്ക് ഭീഷണിയുണ്ടെന്നും പരാതിക്കാരിയായ യുവതി പറഞ്ഞു.തുടർന്ന് പരാതിക്കാരിയോട് ഈ മാസം 27 ന് കോടതിയിൽ ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി അറിയിക്കുകയും ചെയ്തു. ഉണ്ണിമുകുന്ദൻ സിനിമ മേഖലയിലുള്ള യുവതിയെ വീട്ടിൽ വച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ഓഗസ്റ്റ് 28 നു ഉച്ചകഴിഞ്ഞു 3.30 നു നടന്‍റെ ഇടപ്പള്ളിയിലുള്ള വീട്ടിൽ വച്ച് മാനഭംഗ ശ്രമം നടന്നുവെന്നാണ് പരാതി.അതേസമയം, സിനിമാ ജീവിതം തകർക്കാനും തന്നെ അപമാനിക്കാനും മറ്റു ചിലരുമായി ഗൂഢാലോചന നടത്തി യുവതി കള്ളക്കേസ് ചമച്ചതാണെന്നാണ് ഉണ്ണി മുകുന്ദൻ ആരോപിക്കുന്നത്. തിരക്കഥ വായിച്ചു കേൾപ്പിക്കാനാണെന്നു പറഞ്ഞാണ് യുവതി തന്റെ വീട്ടിലെത്തിയത്.എന്നാൽ തിരക്കഥ അപൂർണ്ണമായതിനാൽ ആ സിനിമ നിരസിക്കുകയായിരുന്നു.അതിനുള്ള പകയാണ് യുവതിക്ക് തന്നോടുള്ളതെന്നും ഉണ്ണിമുകുന്ദന്റെ പരാതിയിൽ പറയുന്നു.പിന്നീട് യുവതി ഫോണിൽ വിളിച്ചു തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകണമെന്നും അതിനു തയ്യാറായില്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും ഉണ്ണി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.അതിനു ശേഷം പെൺകുട്ടിയുടെ അഭിഭാഷകനാണെന്നു പരിചയപ്പെടുത്തി ഒരാൾ തന്നെ വിളിച്ചിരുന്നുവെന്നും പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലാത്തപക്ഷം 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഭീഷണിപ്പെടുത്തിയതായും ഉണ്ണി പറയുന്നു.
കാലിത്തീറ്റ കുംഭകോണം;ലാലുവിന് മൂന്നരവർഷം തടവ്
റാഞ്ചി:കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും.റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ശിക്ഷ വിധിച്ചത്.കൂട്ടുപ്രതിയായ ജഗദീഷ് ശർമയ്ക്ക് ഏഴുവർഷത്തെ തടവും 10 ലക്ഷം രൂപയുമാണ് ശിക്ഷ.കേസിലെ മറ്റു പ്രതികളായ ഫൂൽ ചന്ദ്,മഹേഷ് പ്രസാദ്,ബേക്ക് ജൂലിയസ്,സുനിൽ കുമാർ,സുശീൽ കുമാർ,സുധീർ കുമാർ,രാജാറാം എന്നിവർക്കും കോടതി മൂന്നര വർഷം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. ലാലുവിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ രണ്ടാമത്തേതാണിത്. ലാലു ഉൾപ്പെടെ 16 പേർ കേസിൽ കുറ്റക്കാരണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം മുൻ ബിഹാർ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം കേസിലെ അഞ്ചു പ്രതികളെ കോടതി വെറുതെവിട്ടു.കഴിഞ്ഞ ഡിസംബര്‍ 23നാണ് ലാലു പ്രസാദ് യാദവ് ഈ കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയത്. ഇതിന് ശേഷം ബിര്‍സ മുണ്ട ജയിലില്‍ തടവിലാണ് ലാലു.കഴിഞ്ഞ രണ്ട് ദിവസവും അഭിഭാഷകരുടെ നിസഹരണം മൂലം ശിക്ഷവിധിയിലെ വാദം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് വീഡിയോ കോണ്‍ഫെറന്‍സിങ് സംവിധാനം വഴിയായിരുന്നു വാദം നടത്തിയത്.
ഉരുളക്കിഴങ്ങ് വില താഴോട്ട്;വലിച്ചെറിഞ്ഞ് കർഷകരുടെ പ്രതിഷേധം
ലഖ്‌നൗ:ഉരുളക്കിഴങ്ങ് വില താഴോട്ട്.നിരന്തരം താഴ്ന്ന വിലയിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശ് നിയമസഭയിൽ കർഷകർ പ്രതിഷേധിച്ചു.കിലോക്കണക്കിന് ഉരുളക്കിഴങ്ങുകൾ റോഡിൽ വലിച്ചെറിഞ്ഞാണ് പ്രതിഷേധം നടത്തിയത്.ഉരുളക്കിഴങ്ങിന്റെ ഉല്പാദനത്തിലുണ്ടായ വർധനവാണ് വില കുറയാൻ കാരണം.ഒരു കിലോ ഉരുളക്കിഴങ്ങിന് നാലുരൂപയാണ് കർഷകർക്ക് ലഭിക്കുന്നത്.ഇത് പത്തുരൂപയെങ്കിലും ആക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.എന്നാൽ ചില്ലറ വിൽപ്പനക്കാർ പതിനഞ്ചു രൂപ മുതൽ ഇരുപതു രൂപ വരെയാണ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്.
ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്.അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപറ്റിയെന്ന പരാതിയിലാണ് അന്വേഷണം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്.ചികിത്സാ റീ ഇമ്പേഴ്സമെന്റിനായി വ്യാജ കണക്കുകള്‍ നല്‍കിയെന്നാണ് സുരേന്ദ്രന്റെ പരാതിയിലുള്ളത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല.എന്നാൽ ഇതെല്ലം നിഷേധിച്ചു മന്ത്രി രംഗത്തെത്തി.മുൻമുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാം പിന്തുടരുന്ന രീതിതന്നെയാണ് താനും പാലിച്ചതെന്നും മന്ത്രിയെന്ന നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയോ റീ ഇമ്പേഴ്സ്മെന്റ് നേടുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തുടർചികിത്സയ്ക്ക് മാത്രമാണ് ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ പോയതെന്നും മന്ത്രി പറഞ്ഞു.
കൺസ്യൂമർ ഫെഡിന്റെ മുഴുവൻ മദ്യശാലകളിലും സ്ത്രീജീവനക്കാരെ നിയമിക്കാൻ തീരുമാനം
തിരുവനന്തപുരം:കൺസ്യൂമർ ഫെഡിന്റെ മുഴുവൻ മദ്യശാലകളിലും സ്ത്രീജീവനക്കാരെ നിയമിക്കാൻ ഭരണസമിതി തീരുമാനം.ഇതിനായി കൺസ്യൂമർ ഫെഡിലെ വനിതാ ജീവനക്കാരോട് ഓപ്ഷൻ ചോദിച്ചിട്ടുണ്ട്.അവർ തയ്യാറാകുകയാണെങ്കിൽ 39 മദ്യശാലകളിലും ഇവരെ നിയമിക്കാനാണ് തീരുമാനം. വിദേശമദ്യശാലകളിൽ സ്ത്രീകളെ നിയമിക്കരുതെന്ന് അബ്കാരി നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു.എന്നാൽ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ഒരു സ്ത്രീ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.നിയമനത്തിൽ വിവേചനം പാടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ഹർജി ഒത്തുതീർപ്പാക്കി.2306 ജീവനക്കാരാണ് കൺസ്യൂമർ ഫെഡിലുള്ളത്.ഇവരിൽ 1700 പേരും സ്ത്രീകളാണ്.മദ്യശാലകളിൽ നിയമിക്കപ്പെടുന്ന സ്ത്രീകൾക്ക് പ്രതിദിനം 275 രൂപ അധികം ലഭിക്കും.ഇത് ചൂണ്ടിക്കാട്ടിയാണ് സ്ത്രീകളിൽ നിന്നും ഓപ്ഷൻ തേടിയിരിക്കുന്നത്.
രാഷ്ട്രീയ അക്രമക്കേസിലെ പ്രതി പൂനെയിൽ പിടിയിൽ
തലശ്ശേരി:രാഷ്ട്രീയ അക്രമക്കേസിലെ പ്രതി പൂനെയിൽ പിടിയിൽ.മണോളിക്കാവിനു സമീപം നടന്ന സിപിഎം-ബിജെപി അക്രമത്തിൽ ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഇല്ലത്തുത്താഴെ രമിത്താണ് പിടിയിലായത്.ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.പൂനെ വിമാനത്താവളത്തിൽവെച്ചാണ് ഇയാൾ പിടിയിലായത്.കേസിൽ പ്രതിയായ രമിത്ത് പിന്നീട് വിദേശത്തേക്ക് പോയി.ഇതിനെ തുടർന്നാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.പിടിയിലായ രമിത്തിനെ കൊണ്ടുവരാൻ തലശ്ശേരി പോലീസ് പുനെയിലേക്ക് തിരിച്ചു.
ഇരിട്ടി വിളക്കോട് വളവിൽ ഗുഡ്സ് ജീപ്പും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
ഇരിട്ടി:ഇരിട്ടി വിളക്കോട് വളവിൽ ഗുഡ്സ് ജീപ്പും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്.അപകടത്തെത്തുടര്‍ന്ന് ഇരിട്ടി- പേരാവൂര്‍ റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.അപകടത്തില്‍ മാനന്തവാടി സ്വദേശി മൊയ്തീന്‍(52), പാലപ്പുഴ സ്വദേശി വില്‍സണ്‍(40), പയ്യാവൂര്‍ സ്വദേശിനി ചന്ദ്രിക (47) കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ മൊയ്തീന്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാനന്തവാടിയിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസും എതിർദിശയിൽ വരികയായിരുന്ന ഗുഡ്‌സ് ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.റോഡരികിലെ കുഴിയും വളവും കാരണം സ്ഥിരമായി ഇവിടെ അപകടം ഉണ്ടാകുന്ന മേഖലയാണ്.
സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നയാൾ പിടിയിൽ
ശ്രീകണ്ഠപുരം:ചെമ്പേരി,പയ്യാവൂർ,ശ്രീകണ്ഠപുരം ഭാഗങ്ങളിലെ സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് എത്തിച്ചുകൊടുക്കുന്നയാൾ പിടിയിൽ.പയ്യാവൂർ മരുതുംചാലിലെ കൂടക്കാട്ടിൽ സിബി മാത്യുവിനെയാണ് ശ്രീകണ്ഠപുരം എക്‌സൈസ് ഇൻസ്പെക്റ്റർ പി.പി ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നും നിരവധി പായ്ക്കറ്റ് കഞ്ചാവും 40,000 രൂപയും പിടിച്ചെടുത്തു.വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വർഷങ്ങളായി ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിവരികയാണ്. വീരാജ്പേട്ടയിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് എത്തിക്കുന്നതെന്ന് എക്‌സൈസ് ഓഫീസർ പറഞ്ഞു.പ്രിവന്റീവ് ഓഫീസർ കെ.ജി മുരളീദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.വി അഷ്‌റഫ്,പി.വി പ്രകാശൻ,ടി.വി മധു, പി.സുരേഷ്,ടി.വി ഉജേഷ്,എം.എ ഷഫീക്ക്,കേശവൻ എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വൈക്കത്ത് ഹോട്ടലിൽ വൻ തീപിടിത്തം
വൈക്കം:വൈക്കത്ത് നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിൽ വൻ തീപിടുത്തം.രാവിലെ എട്ടുമണിയോടെയാണ് വൈക്കം നഗരത്തിൽ കച്ചവടസ്ഥാപനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ആനന്ദഭവൻ ഹോട്ടലിൽ തീപിടുത്തമുണ്ടായത്.ഹോട്ടൽ പൂർണ്ണമായും കത്തിനശിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഹോട്ടലിന് സമീപത്തായി നിരവധി വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.അടുക്കളയിൽ നിന്നും തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.