തിരുവനന്തപുരം:സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസിൽ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഉമ്മൻ ചാണ്ടിയുടെ മൊഴിയെടുത്തത്.തന്നെ ഒരാൾ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു എന്ന് ഉമ്മൻ ചാണ്ടി വെളിപ്പെടുത്തിയിരുന്നു.ഇതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.
സംസ്ഥാന സ്കൂൾ കലോത്സവം;കോഴിക്കോട് മുന്നിൽ
തൃശൂർ:അൻപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാലാം ദിവസം പിന്നിടുമ്പോൾ കോഴിക്കോട് മുന്നേറ്റം തുടരുന്നു.655 പോയിന്റാണ് കോഴിക്കോട് ഇതുവരെ നേടിയിട്ടുള്ളത്. തൊട്ടു പിന്നിൽ 649 പോയിന്റുമായി പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്.638 പോയിന്റുമായി കണ്ണൂർ മൂന്നാമതാണ്.ജനപ്രിയ ഇനങ്ങളായ മോണോ ആക്ട്,ഒപ്പന,കഥകളി, ശാസ്ത്രീയ സംഗീതം,കവിതാലാപനം തുടങ്ങിയവ ഇന്ന് നടക്കും.
നടിയെ ആക്രമിച്ച കേസ്;കുറ്റപത്രം പോലീസ് മാധ്യമങ്ങൾക്ക് ചോർത്തിനല്കിയെന്ന ദിലീപിന്റെ ഹർജിയിൽ കോടതി വിധി ഇന്ന്
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന ദിലീപിന്റെ പരാതിയിൽ അങ്കമാലി കോടതി ഇന്ന് വിധിപറയും.കുറ്റപത്രം ചോർത്തിയ അന്വേഷണസംഘത്തിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും ഇത് സംബന്ധിച്ച് പോലീസിൽ നിന്നും വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.എന്നാൽ ദിലീപിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും ദിലീപ് തന്നെയാണ് കുറ്റപത്രം ചോർത്തിയതെന്നുമാണ് പോലീസ് കോടതിയിൽ ഉന്നയിച്ചത്.കേസിൽ നിർണായകമായേക്കാവുന്ന ചില മൊഴികളും നേരത്തെ പുറത്തുവന്നിരുന്നു. മഞ്ജു വാര്യർ, കാവ്യാ മാധവൻ,കുഞ്ചാക്കോ ബോബൻ,റിമി ടോമി,ശ്രീകുമാർ മേനോൻ,സംയുക്ത വർമ്മ,മുകേഷ് എന്നിവരുടെ മൊഴിപ്പകർപ്പുകളാണ് പുറത്തുവന്നത്.ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയുക.
മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടു മരണം
മലപ്പുറം:മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് മരണം.പത്തിലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.മണിമൂളി സി.കെ.എച്.എസ്.എസ്സിലെ വിദ്യാർത്ഥികളാണ് മരിച്ചത്.നാട്ടുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.വഴിക്കടവിന് സമീപം മണിമൂഴി ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.ചുരമിറങ്ങി വരികയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. രണ്ടു വിദ്യാർത്ഥികളും സംഭസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.
കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി സൗരോർജ പ്ളാൻറ് സ്ഥാപിക്കും
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി സൗരോർജ പ്ളാൻറ് സ്ഥാപിക്കും.മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ചേർന്ന കിയാൽ ഡയറക്റ്റർ ബോർഡ് യോഗമാണ് ഇതിന് അനുമതി നൽകിയത്.തുടക്കത്തിൽ 7 മെഗാവാട്ട് ശേഷിയുള്ള സോളാർ പവർപ്ലാന്റാണ് സ്ഥാപിക്കുക. പിന്നീട് വൈദ്യുതി ആവശ്യം വർധിക്കുന്നതിനനുസരിച്ച് 10 മെഗാവാട്ട് ആയി ഉയർത്തും.2000 ഏക്കർ പ്രദേശത്ത് പരന്നുകിടക്കുന്ന വിമാനത്താവള പ്രദേശത്ത് 69,000 ചതുരശ്ര മീറ്റർ സ്ഥലത്ത് കെട്ടിടങ്ങളുണ്ട്.ഇവയ്ക്ക് മുകളിലാണ് സോളാർ പ്ലാന്റ് സ്ഥാപിക്കുക.സോളാർ പ്ലാന്റ് വഴി ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകി ആവശ്യാനുസരണം തിരിച്ചെടുക്കുന്ന രീതിയാണ് സ്വീകരിക്കുക.
സിപിഎം ബ്രാഞ്ച് സെക്രെട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പയ്യന്നൂർ:സിപിഎം ബ്രാഞ്ച് സെക്രെട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പയ്യന്നൂർ കൊഴുമ്മൽ മരത്തക്കാട് ബ്രാഞ്ച് സെക്രെട്ടറി കെ.വിശ്വനാഥനെയാണ്(45) തായിനേരിയിലുള്ള മൽസ്യവിതരണ ഷോപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ ഷോപ്പിൽ മൽസ്യം വാങ്ങാൻ എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്.ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഓഖി ദുരന്തം;ഇനിയും തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചവരുടെ ഇനിയും തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സർക്കാർ തീരുമാനം.ജനുവരി 22 വരെ ഈ മൃതദേഹങ്ങള്‍ സൂക്ഷിക്കും. കാണാതായവരുടെ ബന്ധുക്കള്‍ ജനുവരി 15ന് മുമ്പ് ഡി എന്‍ എ പരിശോധനക്ക് തയ്യാറാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.ഓഖി ദുരന്തത്തിനിരയായവരില്‍ 34 പേരുടെ മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനാകാതെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിട്ടുള്ളത്.ഇതിനകം തന്നെ ജീര്‍ണിച്ച നിലയിലുള്ള മൃതദേഹങ്ങള്‍ ഇനിയും സൂക്ഷിക്കാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ച സാഹചര്യത്തിലാണ് ഡി എന്‍ എ പരിശോധനക്ക് സര്‍ക്കാര്‍ അവസാന തീയതി പ്രഖ്യാപിച്ചത്. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജിയിലാണ് ഡി എന്‍ എ ടെസ്റ്റ് നടത്തുക. കാണാതായവരുടെ ബന്ധുക്കള്‍ ജനുവരി 15നകം ഇവിടെയെത്തി പരിശോധനക്ക് തയ്യാറാകണം. ജനുവരി 22നകം ഡി എന്‍ എ ഒത്തുനോക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കും. ഡി എന്‍ എ ചേരുന്ന മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അല്ലാത്തവ നിയമപ്രകാരം മറവുചെയ്യുമെന്നും സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചു.
സന്തോഷ് ട്രോഫി ഫുട്ബോളിനായുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി:സന്തോഷ് ട്രോഫി ഫുട്ബോളിനായുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു.ഇരുപതംഗ ടീമിന്‍റെ ക്യാപ്റ്റനായി തൃശൂർ സ്വദേശി രാഹുൽ വി. രാജിനെ തെരഞ്ഞെടുത്തു. സീസനാണ് വൈസ് ക്യാപ്റ്റൻ.ടീമിലെ പതിമൂന്ന് അംഗങ്ങൾ പുതുമുഖങ്ങളാണ്. സതീവൻ ബാലനാണ് ടീമിന്‍റെ പരിശീലകൻ.അണ്ടര്‍ 17 ലോകകപ്പ് താരം കെ പി രാഹുലും ടീമില്‍ ഇടംനേടിയിട്ടുണ്ട്. ബംഗളൂരുവിൽ ഈ മാസം 18 മുതലാണ് സന്തോഷ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്.
എറണാകുളം കുമ്പളത്ത് വീപ്പയ്ക്കുള്ളിലാക്കി കോൺക്രീറ്റ് ചെയ്ത നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കുമ്പളം:എറണാകുളം കുമ്പളത്ത് വീപ്പയ്ക്കുള്ളിലാക്കി കോൺക്രീറ്റ് ചെയ്ത നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.സ്ത്രീയ്ക്ക് ഏകദേശം മുപ്പതു വയസ്സ് പ്രായം വരുമെന്ന് പോലീസ് പറഞ്ഞു.വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത മൃതദേഹത്തിന്‍റെ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കായലില്‍ തളളിയ വീപ്പ മത്സ്യത്തൊഴിലാളികളാണ് കണ്ടത്.10 മാസം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് ഡ്രഡ്ജിങിനിടെയാണ് വീപ്പ കരയിലേക്ക് എത്തിച്ചത്. ഇതിന് ശേഷവും വീപ്പക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വരികയും ഉറുമ്പരിക്കുകയും ചെയ്തു. ഇതോടെ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
അടൂരിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്നു വിദ്യാർഥികൾ മരിച്ചു
അടൂർ:അടൂരിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്നു വിദ്യാർഥികൾ മരിച്ചു.അടൂർ ഏഴംകുളം മാങ്കുളം സ്വദേശി ചാൾസ്,കൈതപ്പറമ്പ് സ്വദേശി വിശാപ്,ഏനാത്ത് സ്വദേശി വിമൽ എന്നിവരാണ് മരിച്ചത്. ഏഴംകുളം നെടുമൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ് ഇവർ.ഞായറാഴ്ച രാത്രി 12.30 ഓടെ അടൂർ വടക്കടത്തു കാവ് എംസി റോഡിലാണ് അപകടം നടന്നത്.തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം മടങ്ങുകയായിരുന്ന ഇവരുടെ ബൈക്കിൽ തമിഴ്‌നാട്ടിൽ നിന്നും വന്ന മിനിലോറി ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.