കൊച്ചി:വ്യാജ രേഖ ചമച്ച് പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത കേസിൽ നടി അമല പോൾ ക്രൈം ബ്രാഞ്ചിന് മുൻപാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം.ഈ മാസം 15ന് അമല ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.അന്ന് രാവിലെ 10 മണി മുതൽ ഒരുമണി വരെ ക്രൈം ബ്രാഞ്ചിന് അമലയെ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് അമല പോൾ നൽകിയ ഹർജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.ഒരുകോടി 20 ലക്ഷം രൂപ വിലവരുന്ന ആഡംബര കാർ പുതുച്ചേരിയിൽ വ്യാജ മേൽവിലാസമുപയോഗിച്ച് രജിസ്റ്റർ ചെയ്തത് വഴി അമല പോൾ 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കേസ്.
പൂട്ടിക്കിടന്ന വീടിന്റെ തട്ടിൻപുറത്തു നിന്നും ബോംബ് ശേഖരം കണ്ടെടുത്തു
കണ്ണൂർ:ഏലാംകോട് പൂട്ടിക്കിടന്ന വീടിന്റെ തട്ടിൻപുറത്തു നിന്നും ബോംബ് ശേഖരം കണ്ടെടുത്തു.വീടിന്‍റെ തട്ടിൻപുറത്ത് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.പോലീസ് പരിശോധന തുടരുകയാണ്.
മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയ സംഭവം;അപകട കാരണം ഡ്രൈവർക്ക് പക്ഷാഘാതമുണ്ടായത്
മലപ്പുറം:നിലമ്പൂർ വഴിക്കടവിനടുത്ത് ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടു കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൽ അപകട കാരണം ലോറി ഡ്രൈവർക്ക് പക്ഷാഘാതമുണ്ടായതാണെന്ന് റിപ്പോർട്ട്.ശരീരത്തിന്റെ ഒരുഭാഗം തളർന്ന ഡ്രൈവർ മുസ്തഫയെ(64) നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടക്കുന്നതിനു മുൻപ് ഡ്രൈവർക്ക് പക്ഷാഘാതം സംഭവിച്ചിരുന്നുവെന്നാണ് ഡോക്റ്റർമാർ നൽകുന്ന വിവരം.മണിമൂളിയിൽ ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്.നിയന്ത്രണംവിട്ട ലോറി സ്കൂട്ടർ,ബസ്,ഓട്ടോറിക്ഷ എന്നിവയിൽ ഇടിച്ച ശേഷം ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികൾ അടക്കമുള്ളവരുടെ മേൽ പാഞ്ഞു കയറുകയായിരുന്നു.
ഷെഫിൻ ജഹാനെതിരെ കനകമല ഐഎസ് പ്രതികളുടെ മൊഴി;വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ
കൊച്ചി:ഷെഫിൻ ജഹാനെതിരെ കനകമല ഐഎസ് പ്രതികൾ മൊഴി നൽകി.ഷെഫിനെ അടുത്തറിയാമെന്നാണ് വിയ്യൂർ ജയിലിൽ കഴിയുന്ന ഐഎസ് പ്രതികളായ മൻസീദിന്‍റെയും സഫ്‌വാന്റെയും മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ഷെഫിൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നും ഇവർ മൊഴി രേഖപ്പെടുത്തി.കനകമല കേസിലെ പ്രതികളുമായി സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് നേരത്തേ ഷെഫിൻ പറഞ്ഞിരുന്നത്.ഹാദിയ കേസിൽ എൻഐഎയുടെ വാദങ്ങൾക്ക് ബലം നൽകുന്നതാണ് ഈ മൊഴികൾ.പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഷെഫിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും.ഐഎസ് ഏജന്റുമാരുമായി ഷെഫിൻ ജഹാൻ സംസാരിച്ചതിന് തെളിവുകളുണ്ടെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു. ഷെഫിൻ തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ അത് ഹാദിയ കേസിനെ കാര്യമായി ബാധിച്ചേക്കും.
നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം ചോർത്തി നൽകിയെന്ന ദിലീപിന്റെ ഹർജിയിൽ വിധിപറയുന്നത് ഈ മാസം 17 ലേക്ക് മാറ്റി
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ദിലീപിന്റെ ഹർജിയിൽ വിധിപറയുന്നത് ഈ മാസം 17 ലേക്ക് മാറ്റി.പോലീസാണ് കുറ്റപത്രം ചോർത്തിയതെന്നും ഇത് ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നുമാണ് ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നത്.അതേസമയം ദിലീപ് തന്നെയാണ് കുറ്റപത്രം ചോർത്തി നൽകിയതെന്ന വാദമാണ് പോലീസ് കോടതിയിൽ ഉന്നയിച്ചത്.കേസിൽ നിർണായകമായേക്കാവുന്ന മൊഴിപ്പകർപ്പുകളും നേരത്തെ പുറത്തുവന്നിരുന്നു.
തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ദേശീയഗാനം വേണമോ വേണ്ടയോ എന്നത് ഇനി തീയറ്ററുകൾക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിലാണ് തീയേറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കണമെന്ന നിയമം നിലവിൽ വന്നത്.സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവ് ഉടൻ നടപ്പാക്കേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.ദേശീയഗാനം ആലപിക്കുന്നത് സംബന്ധിച്ച് ആറുമാസത്തിനകം മാർഗ്ഗരേഖയുണ്ടാക്കാൻ വിവിധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.മാർഗ നിർദേശങ്ങൾ രൂപീകരിച്ചാൽ ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറക്കുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ഉറപ്പു നൽകി.ജൂൺ അഞ്ചിനകം ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് ലഭിക്കും. അതിന്റെ അടിസ്ഥാനത്തിൽ ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നത് തടയുന്നതിനുള്ള നിയമത്തിൽ മാറ്റം വരുത്തും.അതുവരെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.
കരിവെള്ളൂരിൽ എ ടി എം തകർത്ത് മോഷണശ്രമം
കരിവെള്ളൂർ:കരിവെള്ളൂരിൽ എ ടി എം തകർത്ത് മോഷണശ്രമം.സിൻഡിക്കറ്റ് ബാങ്കിന്റെ ഓണക്കുന്ന് ബ്രാഞ്ചിനോട് ചേർന്നുള്ള എ ടി എമ്മിലാണു മോഷണശ്രമമുണ്ടായത്.എ ടി എമ്മിന്റെ മേൽഭാഗത്തെ സ്ക്രീൻ അടക്കമുള്ള ഭാഗം തകർത്തെങ്കിലും പണം മോഷ്ടിക്കാനായില്ല. എ ടി എം കൗണ്ടറിലെ സിസിടിവി തകർത്തെങ്കിലും ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.മുഖംമൂടി ധരിച്ച മൂന്നുപേരാണ് മോഷണ സംഘത്തിൽ ഉണ്ടായിരുന്നത്.തിങ്കളാഴ്ച പുലർച്ചെ 2.30 നാണ് മോഷണ ശ്രമം നടന്നത്.മാനേജർ എസ്.ജ്യോതിസിന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി
കോഴിക്കോട്:രണ്ടുപേരിൽ നിന്നായി കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് സ്വർണ്ണം പിടികൂടിയത്.എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ പാലക്കാട് സ്വദേശി അനസിൽ നിന്നും 2249.3 ഗ്രാം സംയുക്തമാണ് പിടിച്ചെടുത്തത്..ഗ്രീൻചാനൽ വഴി പുറത്തിറങ്ങിയ ഇയാളിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ അടിവസ്ത്രത്തിൽ കെട്ടിവെച്ച നിലയിലാണ് സംയുക്തം കണ്ടെടുത്തത്. ഇതിൽ നിന്നും 1379.34 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുക്കുകയായിരുന്നു.ഇതിന് ഇന്ത്യൻ വിപണിയിൽ ഏകദേശം 41,82,000 രൂപ വിലവരും.ഇൻഡിഗോ എയറിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിൽ എത്തിയ കണ്ണൂർ ശിവപുരം സ്വദേശി റഫാക്ക് ചൂരിയോടിൽ നിന്നുമാണ് 349.9 ഗ്രാം സ്വർണ്ണം പിടികൂടിയത്.പെർഫ്യൂം ബോട്ടിലുകൾക്കിടയിൽ മൂന്നു സ്വർണ്ണ ബിസ്‌ക്കറ്റുകൾ അടിച്ചു പരത്തി സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലാണ് സ്വർണ്ണം കടത്തിയത്.ഇതിന് ഏകദേശം 10,61,946 രൂപ വില വരും.
ആക്രമണത്തിന് ആഹ്വാനം നൽകി ഐഎസ് സന്ദേശം ഇൻസ്റ്റാഗ്രാമിൽ;സംസ്ഥാനത്ത് ജാഗ്രത നിർദേശം
കാസർകോഡ്:സംസ്ഥാനത്ത് അക്രമത്തിനു ആഹ്വാനം നൽകി ഐഎസ് പ്രവർത്തകർ അയച്ച സന്ദേശം ഇൻസ്റ്റഗ്രാമിൽ.ഇതിനെ തുടർന്ന് പോലീസ് സംസ്ഥാനത്ത് ജാഗ്രത നിർദേശം നൽകി. കാസർകോട്ട് നിന്നും ഐഎസ്സിൽ ചേരുകയും അഫ്‌ഗാനിലെ നംഗർഹാർ ആസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതുന്ന കാസർകോഡ് സ്വദേശി അബ്ദുൽ റഷീദ് ഇൻസ്റ്റഗ്രാം വഴി അയച്ച ശബ്ദ സന്ദേശത്തിലാണ് ആക്രമണത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. സന്ദേശം ലഭിച്ച കാസർകോട്ടെ ബന്ധുക്കളാണ് വിവരം അധികൃതരെ അറിയിച്ചത്.കലാപവും ഒറ്റപ്പെട്ട ആക്രമണങ്ങളും സംഘടിപ്പിക്കാൻ സംസ്ഥാനത്തെ ഐഎസ് സ്ലീപ്പർ സെല്ലുകൾക്ക് നിർദേശം നൽകുന്നതാണ് സന്ദേശം.റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കാനിരിക്കെ അന്വേഷണ ഏജൻസികൾ ഏറെ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്.
തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു
മയ്യഴി:അഴിയൂർ കോറോത്ത് തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. കൊടക്കാട്ട് കണ്ടി കുമാരൻ(75),കുനിയിൽ രവിത(30),വാമേര ഫജർ(9),മണിയോത്ത് സാബിത്ത്(8),കളരിപ്പറമ്പത്ത് പൂക്കോയ(62),മറിയുമ്മ(68),സലിം ചാലിയാട്ട്(42),അശ്വിൻ കുനിയിൽ(5), എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും അഞ്ചുപേരെ തലശ്ശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെ മദ്രസ വിട്ടുപോവുകയായിരുന്ന വിദ്യാർത്ഥികളെയാണ് തെരുവുനായ ആദ്യം ആക്രമിച്ചത്.പിന്നീട് മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു. മിക്ക കുട്ടികൾക്കും കൈക്കും കാലിനുമാണ് പരിക്കേറ്റത്.