ആലപ്പുഴ:50 ലക്ഷം രൂപയുമായി ബിഎസ്എഫ് കമാൻഡന്റ് ആലപ്പുഴയിൽ സിബിഐ പിടിയിൽ.പത്തനംതിട്ട സ്വദേശി ജിബു.ഡി.മാത്യു ആണ് പിടിയിലായത്.ഷാലിമാർ എക്സ്പ്രെസ്സിൽ വൈകുന്നേരം അഞ്ചുമണിയോടെ ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയ ജിബുവിനെ സിബിഐ സംഘം പിടികൂടുകയായിരുന്നു. ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗിന്റെ ചെറിയ അറയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു പണം.ഇയാളെ സമീപത്തുള്ള സ്വകാര്യ ഹോട്ടലിൽ വെച്ച് ചോദ്യം ചെയ്തു വരികയാണ്.നോട്ട് എണ്ണുന്ന യന്ത്രം ഉപയോഗിച്ചാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്.
ശ്രീജിവിന്റെ മരണം;ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം:സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ശ്രീജിത്തിൽ നിന്നും അമ്മയിൽ നിന്നും സിബിഐ ഇന്ന് മൊഴി രേഖപ്പെടുത്തും.രാവിലെ പത്തുമണിക്ക് മൊഴി നൽകുന്നതിനായി എത്താൻ ശ്രീജിത്തിനോടും അമ്മയോടും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിനെ പോലീസുകാർ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് രണ്ടു വർഷത്തിലേറെയായി ശ്രീജിത്ത് സെക്രെട്ടറിയേറ്റിനു മുൻപിൽ സമരം നടത്തി വരികയാണ്.അടുത്തിടെ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുത്തതോടെ ഇത് വീണ്ടും ചർച്ചയാകുകയായിരുന്നു.നേരത്തെ കേസിൽ അന്വേഷണം ഏറ്റെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ സിബിഐ സംസ്ഥാന സർക്കാരിന്റെ ശക്തമായ സമ്മർദത്തെ തുടർന്ന് കേസ് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.2014 മെയ് 19 നാണ് പാറശ്ശാല പോലീസ് ശ്രീജിവിനെ കസ്റ്റഡിയിലെടുത്തത്.21 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു.ആത്മഹത്യാ ആണെന്നാണ് പോലീസ് പറഞ്ഞത്.എന്നാൽ കസ്റ്റഡി മരണമാണെന്ന് ആരോപിച്ചു ശ്രീജിവിന്റെ കുടുംബം രംഗത്തെത്തി.തുടർന്ന് ശ്രീജിത്ത് പോലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു.കേസിൽ പോലീസ് കുറ്റക്കാരാണെന്ന് കണ്ടെത്തിയ അതോറിട്ടി ഇവർക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കാനും ശ്രീജിവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.തുക കുറ്റക്കാരായ പോലീസുകാരിൽ നിന്നും ഈടാക്കാനായിരുന്നു തീരുമാനം.എന്നാൽ ഉത്തരവിനെതിരെ പോലീസുകാർ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചു.അതിനാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല.
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നേർപകുതിയായി കുറയ്ക്കാൻ ധാരണ
തിരുവനന്തപുരം:സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നേർപകുതിയായി കുറയ്ക്കാൻ ധാരണ.കുപ്പിവെള്ളത്തിന്‍റെ കേരളത്തിലെ നിർമാതാക്കളുടെ യോഗത്തിലാണ് തീരുമാനം.ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20 രൂപയില്‍ നിന്നും 10 രൂപയാക്കാനാണ് നീക്കം. എന്നാല്‍ ഇക്കാര്യത്തിലെ അന്തിമ തീരുമാനം സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാകൂ എന്നും കുപ്പിവെള്ള കമ്പനികൾ ഉടമകളുടെ സംയുക്ത സംഘടന വ്യക്തമാക്കി.105 കമ്പനികൾ ഉൾപ്പെടുന്ന അസോസിയേഷനാണ് കുപ്പിവെള്ളത്തിന്‍റെ വില കുറയ്ക്കാൻ തീരുമാനമെടുത്തത്. അതേസമയം, കേരളത്തിനു പുറത്ത് കുപ്പിവെള്ളം നിർമിക്കുന്ന കമ്പനികൾ വില കുറയ്ക്കാൻ തയാറാകുമോ എന്നു വ്യക്തമല്ല.എന്നാല്‍ എന്ന് മുതല്‍ ഇക്കാര്യം നിലവില്‍ വരുമെന്ന് വ്യക്തമല്ല.വില കുറയ്ക്കുന്നതിനാല്‍ കുപ്പിവെള്ളത്തിന്റെ നികുതിയില്‍ ഇളവ് നല്‍കണമെന്നും കമ്പനികൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സൗജന്യ ചികിത്സ പദ്ധതിയിൽ നിന്നും സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു
തിരുവനന്തപുരം:സർക്കാരിന്റെ സൗജന്യ ചികിത്സ പദ്ധതിയിൽ നിന്നും സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു.നൂറ് കോടി രൂപയുടെ കുടിശികയുണ്ടെന്ന് ചുണ്ടിക്കാട്ടിയാണ് ആശുപത്രി മാനേജ്മെന്‍റുകളുടെ നീക്കം.കാരുണ്യ,ആര്‍എസ്ബിവൈ,ഇഎസ്ഐ പദ്ധതികള്‍ നടപ്പിലാക്കേണ്ടെന്നാണ് ആശുപത്രി മാനേജ്മെന്റുകളുടെ നിലപാട്.സംസ്ഥാനത്തെ തൊള്ളായിരത്തോളം സ്വകാര്യ ആശുപത്രികളാണ് ഈ നിലപാടെടുത്തത്.ഏപ്രിൽ ഒന്നു മുതൽ സൗജന്യചികിത്സാ പദ്ധതികൾ നിർത്താനാണ് മാനേജുമെന്‍റുകൾ തീരുമാനിച്ചിരിക്കുന്നത്.
നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റി
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റി.മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലും തുടർന്നു നിയമസഭയിലും വിഷയം ചർച്ച ചെയ്യുമെന്നും സർക്കാർ വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്നും ഉറപ്പ് നൽകിയതിന്‍റെ പശ്ചാത്തലത്തിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.മിനിമം ചാർജ് പത്തു രൂപയാക്കുക,വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ്സുടമകൾ അനിശ്ചിതകാല സമരത്തിന് ആഹ്വാനം നൽകിയിരുന്നത്.
നടിയെ ആക്രമിച്ച കേസ്;ദൃശ്യങ്ങൾ ദിലീപിന് നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ വീണ്ടും വ്യക്തമാക്കി
അങ്കമാലി:നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങൾ ദിലീപിന് നൽകാനാവില്ലെന്ന് ആവർത്തിച്ച്.പോലീസ്.ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കോടതി പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ നിലപാട് ആവർത്തിച്ചത്.ഇക്കാര്യം വ്യക്തമാക്കുന്ന രേഖാമൂലമുളള റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ഇത് വിചാരണ വേളയിൽ തെളിയിക്കുന്നതിന് ദൃശ്യങ്ങൾ നൽകണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്.എന്നാല്‍ കോടതിക്ക് തോന്നുന്നുവെങ്കിൽ ദൃശ്യം ഫോറൻസിക് ലാബിൽ പരിശോധിച്ച് അതിലെ സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ പ്രതിഭാഗത്തിന് നൽകാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
ഉച്ചഭക്ഷണത്തോടൊപ്പം കൂടുതൽ കറി ചോദിച്ച വിദ്യാർത്ഥിയുടെ ദേഹത്ത് പാചകക്കാരി കറി ഒഴിച്ചു
ഭോപ്പാൽ:സ്കൂളിലെ ഉച്ചഭക്ഷണത്തോടൊപ്പം കൂടുതൽ കറി ആവശ്യപ്പെട്ട ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ദേഹത്ത് പാചകക്കാരി കറി കോരിയൊഴിച്ചു.ദിൻഡോരി ജില്ലയിലെ ഷാപൂർലുദ്ര ഗ്രാമത്തിലെ സ്കൂളിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കേരളാ തീരത്ത് ശനിയാഴ്ച വരെ കടൽക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം:കേരളാ തീരത്ത് ശനിയാഴ്ച വരെ കടൽക്ഷോഭത്തിന് സാധ്യതയെന്ന് ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി.കൊല്ലം, ആലപ്പുഴ,കൊച്ചി, പൊന്നാനി,കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
റാസൽ ഖൈമയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു
ദുബായ്:യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.തിരുവനന്തപുരം സ്വദേശി അര്‍ജുന്‍, എറണാകുളം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്.കുമളി സ്വദേശി വിനുവിനാണ് പരിക്കേറ്റത്. അപകടത്തിൽപ്പെട്ടവർ റാഖ് ഹോട്ടലിലെ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം.ഇവർ സഞ്ചരിച്ച വാഹനം ജുല്‍ഫാര്‍ ടവറിനു സമീപം ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
സ്വകാര്യ ബസ് സമരം;ബസ്സുടമകളുമായി ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം:ചാർജ് വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ നാളെ മുതൽ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഇന്ന് ബസ്സുടമകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും.വൈകിട്ട് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച.ഡീസലിന്റെ വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ്ജ് 10 രൂപയാക്കുക,വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങള്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ നാളെ മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാനാണ് ബസ്സുടമകളുടെ സംഘടനകളുടെ തീരുമാനം