ഹരിപ്പാട്:ഹരിപ്പാട് നങ്യാർകുളങ്ങരയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 34 പേർക്ക് പരിക്കേറ്റു.പാലക്കാട്ട് വിവാഹത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അഞ്ചാലുംമൂട്ടിലേക്ക് വരികയായിരുന്നു ബസ്.പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതൽ അനിശ്ചിതകാല ബസ് സമരം
തിരുവനന്തപുരം:സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതൽ അനശ്ചിതകാല സ്വകാര്യ ബസ് സമരം.നിരക്കു വർധന ആവശ്യപ്പെട്ടാണ് സമരം.മിനിമം ചാർജ് പത്തുരൂപയാക്കണമെന്നാണ് ആവശ്യം.കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.2014ന് ശേഷം ബസ് ചാർജ് വർധിപ്പിച്ചിട്ടില്ലെന്നും അതിനാൽ അടിയന്തരമായി നിരക്ക് വർധിപ്പിക്കണമെന്നും ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.
കാണാതായ പ്രവീൺ തൊഗാഡിയയെ അബോധാവസ്ഥയിൽ കണ്ടെത്തി
അഹമ്മദാബാദ്:കാണാതായ വിശ്വഹിന്ദു പരിഷത്ത് ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയെ അഹമ്മദാബാദിലെ ശാഹിബാഗ് പ്രദേശത്തു നിന്നും അബോധാവസ്ഥയിൽ കണ്ടെത്തി.തൊഗാഡിയയെ അഹമ്മദാബാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തത്തിലെ പഞ്ചാസരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് തൊഗാഡിയയ്ക്ക് ബോധക്ഷയമുണ്ടായതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.ഇന്നലെ രാവിലെയോടെയാണ് തൊഗാഡിയയെ കാണാതാകുന്നത്. രാവിലെ പത്തു മുപ്പതോടെ അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തുമെന്ന് സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞ് ഒരു ഓട്ടോയിൽ കയറിയാണ് അദ്ദേഹം പോയത്.എന്നാൽ പിന്നീട് തിരിച്ചെത്തിയില്ല. പത്തുവർഷം മുൻപ് രാജസ്ഥാനത്തിൽ വിലക്ക് ലംഘിച്ചു നടത്തിയ പ്രകടനത്തിന് നേതൃത്വം കൊടുത്ത കേസിൽ തൊഗാഡിയയെ അറസ്റ്റ് ചെയ്യാൻ പോലീസ് അഹമ്മദാബാദിൽ എത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതാകുന്നത്.തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത ശേഷം തൊഗാഡിയയെ കാണാതായി എന്ന് ആരോപിച്ചു വി എച് പി പ്രവത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.ഇതിനോടു പ്രതികരിച്ച പോലീസ് തങ്ങൾക്ക് തൊഗാഡിയയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അറസ്റ്റ് വാറന്‍റ് നടപ്പാക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും അറിയിച്ചിരുന്നു.
നീതു കൊലക്കേസ് പ്രതി ജീവനൊടുക്കി
കൊച്ചി:ഉദയംപേരൂർ നീതു കൊലക്കേസ് പ്രതി ബിനു രാജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കേസിൽ നാളെ വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് 2014 ഡിസംബര്‍ 18ന് ഉദയംപേരൂരിലെ വീട്ടില്‍ കയറി പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഉദയംപേരൂർ ഫിഷർമെൻ കോളനിക്കു സമീപം മീൻകടവിൽ പള്ളിപ്പറമ്പിൽ ബാബു, പുഷ്‌പ ദമ്പതികളുടെ ദത്തുപുത്രിയായിരുന്നു നീതു.വീടിന്റെ ടെറസ്സിൽ അലക്കിയ തുണി വിരിക്കുന്നതിനിടെ പിന്നാലെ കൊടുവാളുമായെത്തിയ ബിനുരാജ് നീതുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.തലയ്ക്കും കഴുത്തിനും കൈക്കുമായി പതിമൂന്നു മുറിവുകളുണ്ടായിരുന്നു.കഴുത്ത് അറ്റുപോകും വിധം മുറിഞ്ഞ നിലയിലായിരുന്നു. നീതുവിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ആളുകൾ ഓടിക്കൂടിയെങ്കിലും ആരും മുകളിലേക്ക് ചെല്ലാൻ ധൈര്യപ്പെട്ടില്ല.ആളുകൾ നോക്കി നിൽക്കെ ചോര പുരണ്ട കത്തിയുമായി ബിനുരാജ് വീട്ടിലേക്ക് നടന്നു പോയി.വാക്കത്തി വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.പ്രണയ നൈരാശ്യത്തെ തുടർന്നുള്ള പ്രതികാരമാണ് കൊലയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
നടി അകമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തൽ;നടൻ ലാലും ആക്രമിക്കപ്പെട്ട നടിയും ഭീഷണിപ്പെടുത്തിയതായി രണ്ടാം പ്രതി മാർട്ടിൻ
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തൽ. നടൻ ലാലും ആക്രമിക്കപ്പെട്ട നടിയും തന്നെ ഭീഷണിപ്പെടുത്തിയതായി കേസിലെ രണ്ടാം പ്രതി മാർട്ടിൻ വെളിപ്പെടുത്തി.റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ സുനിയെയും മാർട്ടിനെയും തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണു പരാതിയായി ഇക്കാര്യം കോടതിയെ അറിയിച്ചത്.സുനി മുന്നിൽ നിൽക്കുമ്പോൾ ഒന്നും വെളിപ്പെടുത്താൻ തനിക്ക് ധൈര്യമില്ലെന്ന് മാർട്ടിൻ പറഞ്ഞതനുസരിച്ച് അടച്ചിട്ട കോടതിമുറിയിൽ മാർട്ടിനു പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കാൻ അവസരം നൽകി. കോടതിയെ അറിയിക്കാനുള്ള കാര്യങ്ങളെല്ലാം മാർട്ടിൻ എഴുതി നൽകി.നടൻ ലാലും ആക്രമണത്തിനിരയായ നടിയുമാണു ഭീഷണിപ്പെടുത്തുന്നതെന്നു കോടതി നടപടികൾക്കു ശേഷം പുറത്തിറങ്ങിയ മാർട്ടിന്‍റെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. കേസിലെ യഥാർഥ കാര്യങ്ങൾ പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്നും മാർട്ടിൻ പറഞ്ഞു. എന്നാൽ, റിമാൻഡിൽ കഴിയുന്ന മാർട്ടിനെ എങ്ങനെയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇവർക്കു മറുപടിയുണ്ടായില്ല.
ഗീത ഗോപിനാഥിന്റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ മുഖപത്രം
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഡോ.ഗീതാഗോപിനാഥിന്റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ മുഖപത്രമായ ജനയുഗം.ഗീത ഗോപിനാഥ് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിലും വികാസത്തിലും പ്രകടിപ്പിക്കുന്ന താൽപ്പര്യവും വിദേശ നിക്ഷേപം കൊണ്ടുവരുന്നതിൽ കാണിക്കുന്ന ഉത്സാഹവും തികച്ചും ശ്ലാഘനീയമാണെങ്കിലും ചെലവ് ചുരുക്കൽ സംബന്ധിച്ച് പ്രകടിപ്പിക്കുന്ന ചില നിലപാടുകൾ അടക്കം സാമ്പത്തിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതലോടയെ സമീപിക്കൂ എന്നുവേണം കരുതാനെന്ന് സിപിഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.ലോക കേരള സഭയിൽ പങ്കെടുക്കാനെത്തിയ ഗീത ഗോപിനാഥ് ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ നൽകുന്ന സൂചനകൾ ഏതെങ്കിലും തരത്തിൽ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ സ്വാധീനം ചെലുത്തുന്നവയാണെങ്കിൽ അവ തികച്ചും ആശങ്കാജനകമാണെന്ന് ജനയുഗം പറയുന്നു.
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ,ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
തിരുവനന്തപുരം:കാരക്കോണത്ത് ഡിവൈഎഫ്ഐ പ്രവർത്തകനും ബിജെപി പ്രവർത്തകനും വെട്ടേറ്റു.ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഡിവൈഎഫ്ഐ കാരക്കോണം യുണിറ്റ് ജോയിന്റ് സെക്രെട്ടറിയായ കാരക്കോണം സ്വദേശി അശ്വിന് വെട്ടേറ്റത്.ജോലികഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് ആക്രമണം നടന്നത്. അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.ഇതിനു പിന്നാലെ രാത്രി പന്ത്രണ്ടു മണിയോടെ ബിജെപി പ്രവർത്തകനായ തോലടി സ്വദേശി സതികുമാറിനും വെട്ടേറ്റു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സതികുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലാക്റ്റലിസിന്‍റെ പാല്‍പ്പൊടിയില്‍ അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം;83 രാജ്യങ്ങളില്‍ നിന്ന് പിന്‍വലിച്ചു
പാരീസ്:ലോകത്തിലെ ഏറ്റവും വലിയ പാലുല്‍പ്പന്ന കമ്പനികളിലൊന്നായ ലാക്റ്റലിസിന്‍റെ പാല്‍പ്പൊടിയില്‍ ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് പാല്‍പ്പൊടി 83 രാജ്യങ്ങളില്‍ നിന്ന് പിന്‍വലിച്ചു. കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.വിവിധ രാജ്യങ്ങളില്‍ നിന്ന് 120 ലക്ഷം പാക്കറ്റ് പാല്‍പ്പൊടിയാണ് ഫ്രഞ്ച് കമ്പനി പിന്‍വലിച്ചത്.ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന സാല്‍മനെല ബാക്ടീരിയയുടെ സാന്നിധ്യം പാല്‍പ്പൊടിയില്‍ കണ്ടെത്തിയതായി കമ്പനി സിഇഒ ഇമ്മാനുവല്‍ ബെസ്നീര്‍ സ്ഥിരീകരിച്ചു. ഫ്രാന്‍സിലെ പ്ലാന്‍റിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് വൈറസ് ബാധക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. പാല്‍പ്പൊടി കഴിച്ച കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കമ്പനിക്കെതിരെ പരാതി നല്‍കിയിരുന്നു.പാല്‍പ്പൊടിയില്‍ നിന്ന് വിഷബാധയേറ്റവുടെ കുടുംമ്പത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.വര്‍ഷത്തില്‍ 21 ബില്യണ്‍ വിറ്റുവരവുള്ള കമ്പനിയാണ് ലാക്റ്റലിസ്.ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, ആഫ്രിക്ക മേഖലകളില്‍ നിന്നാണ് ഉല്‍പ്പന്നം പിന്‍വലിച്ചത്.
കോഴിക്കോട് മുക്കത്ത് വൻ മയക്കുമരുന്ന് വേട്ട;ഒരു കോടി രൂപയുടെ ബ്രൗൺ ഷുഗർ പിടികൂടി
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് വൻ മയക്കുമരുന്ന് വേട്ട.ഒരു കോടി രൂപയുടെ ബ്രൗൺ ഷുഗർ പിടികൂടി.മധ്യപ്രദേശ് സ്വദേശി മുഹമ്മദ് റഹീസ് എന്നയാളിൽ നിന്നുമാണ് ബ്രൗൺ ഷുഗർ പിടികൂടിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് മുക്കം എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ചെരിപ്പിനുള്ളിലും ബാഗിലും ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.ഇയാളെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.
വാഹന രെജിസ്ട്രേഷൻ കേസ്;സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
തിരുവനന്തപുരം:വ്യാജരേഖയുപയോഗിച്ച് പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.ഒരുലക്ഷം രൂപ ബോണ്ടും രണ്ട് ആൾജാമ്യത്തിലുമാണ് സുരേഷ് ഗോപിയെ വിട്ടയച്ചത്. വ്യാജരേഖയുണ്ടാക്കി രണ്ട് ആഡംബര വാഹനങ്ങൾ സുരേഷ് ഗോപി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തി എന്നാണ് കേസ്.അതേസമയം തൻ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പുതുച്ചേരിയിലെ വാടക വീടിന്റെ മേൽവിലാസത്തിലാണ് താൻ വാഹനം രജിസ്റ്റർ ചെയ്തതെന്നും ഈ വാഹനം കേരളത്തിൽ ഉപയോഗിക്കാറില്ലെന്നും സുരേഷ് ഗോപി വാദിച്ചു.എന്നാൽ സുരേഷ് ഗോപി ഹാജരാക്കിയ രേഖകളിൽ വ്യക്തതക്കുറവുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.