കണ്ണൂർ:ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കണ്ണൂർ സ്വദേശികളായ അഞ്ചു പേർക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. യുഎപിഎ 38, 39 പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മിഥിലാജ് (26), അബ്ദുൾ റസാഖ് (34), എം.വി. റഷീദ് (24), മനാഫ് റഹ്മാൻ (42), യു.കെ. ഹംസ (57) എന്നിവർക്കെതിരെയാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.തുർക്കിയിൽനിന്നു പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുർക്കി പോലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച ഇവരെ കഴിഞ്ഞ ഒക്ടോബറിലാണ് കണ്ണൂരിൽ പോലീസ് പിടികൂടിയത്.ഇവർക്കെതിരെ കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കേസ് കേരള പോലീസിൽനിന്നു കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
സംസ്ഥാനത്ത് ജനുവരി മുപ്പതുമുതൽ അനിശ്ചിതകാല ബസ് സമരം
തിരുവനന്തപുരം:ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ജനുവരി മുപ്പതു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.ബസ് ഓപ്പറേറ്റർസ് ഫെഡറേഷനാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.സമരത്തിന് മുന്നോടിയായി ജനുവരി 22 ന് സെക്രെട്ടെറിയേറ്റ് പടിക്കൽ നിരാഹാരമിരിക്കുമെന്നും ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ അറിയിച്ചു.മിനിമം ചാർജ് പത്തു രൂപയാക്കുക,കിലോമീറ്റർ ചാർജ് 80 പൈസയാക്കി നിജപ്പെടുത്തുക,വിദ്യാർഥികളുടെ നിരക്ക് അഞ്ച് രൂപയായും വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ഗുജറാത്ത് തീരത്ത് എണ്ണ ടാങ്കറിന് തീപിടിച്ചു
അഹമ്മദാബാദ്:ഗുജറാത്ത് തീരത്ത് എണ്ണ ടാങ്കറിനു തീപിടിച്ചു. കണ്ട്ലയിലെ ദീൻദയാൽ തുറമുഖത്തിനു 15 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന എംടി ഗണേശ എന്ന ടാങ്കറിലാണ് തീപടർന്നത്.ഉടൻ തന്നെ കോസ്റ്റ് ഗാർഡ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.ബുധനാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.ടാങ്കറിലുണ്ടായിരുന്ന 26 ജീവനക്കാരെയും കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി.ഇവരിൽ രണ്ടുപേർക്ക് പൊള്ളലേറ്റിരുന്നു.30,000 ടൺ അതിവേഗ ഡീസൽ വഹിച്ചിരുന്ന ടാങ്കറിനാണ് തീപിടിച്ചത്.തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
പരിയാരത്ത് അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
പരിയാരം:പരിയാരം ദേശീയപാതയില്‍ അലക്യംപാലത്തിന് സമീപം കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തന്മാർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് സ്വാമിമാർക്ക് പേര്‍ക്ക് പരിക്കേറ്റു.ഗോകര്‍ണത്തിന് സമീപം മദനഗിരിയിലെ താക്കു(48),ബൊമ്മയ്യ(38),മാരുതി(23),ആദിത്യ(9), ജനാര്‍ദ്ദന(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. പയ്യന്നൂരില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് വാഹനത്തില്‍ കുടുങ്ങിപ്പോയ അയ്യപ്പഭക്തരെ രക്ഷിച്ചത്.പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നു.ശബരിമല ദർശനം കഴിഞ്ഞ് ഗോകര്‍ണത്തേക്ക് തിരിച്ചു പോകുന്നതിനിടെയായിരുന്നു അപകടം.
ഐഎസ്സിൽ ചേർന്ന ഒരു കണ്ണൂർ സ്വദേശി കൂടി കൊല്ലപ്പെട്ടു
കണ്ണൂർ:ഐഎസ്സിൽ ചേർന്ന ഒരു കണ്ണൂർ സ്വദേശി കൂടി കൊല്ലപ്പെട്ടു.കണ്ണൂർ വളപട്ടണം സ്വദേശി അബ്ദുൽ മനാഫ് ആണ് സിയാൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. സിറിയയിലുള്ള മയ്യിൽ സ്വദേശി അബ്ദുൽ ഖയ്യൂമാണ് വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.വാട്ട്സ് ആപ്പ് വഴിയാണ് വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.മരണം പോലീസ് സ്ഥിതീകരിച്ചിട്ടില്ല.കണ്ണൂർ ജില്ലയിൽ നിന്നുള്ള അഞ്ചുപേരുടെ മരണം പോലീസ് നേരത്തെ സ്ഥിതീകരിച്ചിരുന്നു.ഇനിയും എൺപതോളം മലയാളികൾ സിറിയയിലെ ഐഎസ് താവളങ്ങളിൽ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം.കഴിഞ്ഞ ഒരു വർഷത്തിനിടെ സിറിയയിൽ കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 16 ആയതായാണ് പോലീസിന്റെ കണക്ക്.
തലശ്ശേരിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തലശ്ശേരി:തലശ്ശേരി കുട്ടിമാക്കൂലിൽ യുവാവിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.സിപിഎം പ്രവര്‍ത്തകനായ കുട്ടിമാക്കൂല്‍ ശാന്ത ഭവനില്‍ പച്ച സുധീര്‍ എന്ന സുധീറിനെ(39) നെയാണ് വീടിന്‍റെ ഹാളില്‍ വായില്‍ നിന്നും രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ സഹോദരന്‍ രതീഷ് ജോലി കഴിഞ്ഞ് രാത്രി രണ്ടോടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടിനുള്ളില്‍ മൃതദേഹം കാണപ്പെട്ടത്.സിനിമ ലൊക്കേഷനുകളിലേക്ക് ഫര്‍ണിച്ചറുകള്‍ നിര്‍മ്മിച്ചു നല്‍കലായിരുന്നു സുധീറിന്‍റെ തൊഴില്‍. മൃതദേഹം ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുതുച്ചേരി വാഹന രെജിസ്ട്രേഷൻ കേസ്;അമല പോളിന് മുൻകൂർ ജാമ്യം
കൊച്ചി:വ്യാജ മേൽവിലാസമുപയോഗിച്ച് പുതുച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ച കേസിൽ നടി അമല പോളിന് ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ജാമ്യത്തുകയായി ഒരു ലക്ഷം രൂപ അമല കെട്ടിവെയ്ക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി അമലയോട് നിർദേശിച്ചിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമല ക്രൈബ്രാഞ്ചിനു മൊഴി നൽകിയിരുന്നു.പുതുച്ചേരിയിൽ കാർ രെജിസ്റ്റർ ചെയ്തത് വ്യാജരേഖകൾ ഉണ്ടാക്കിയാണെന്നും രജിസ്ട്രേഷനായി നൽകിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിർമിച്ചതാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.അതേസമയം വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് താൻ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും 2013 മുതൽ സ്ഥിരമായി താമസിക്കുന്ന പുതുച്ചേരിയിലെ വിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും അമല മൊഴി നൽകി.
കൊല്ലത്തു നിന്നും മൂന്നു ദിവസം മുൻപ് കാണാതായ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കൊല്ലം:കൊല്ലം കൊട്ടിയത്ത് നിന്നും മൂന്നു ദിവസം മുൻപ് കാണാതായ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.കൊട്ടിയം സ്വദേശി ജിത്തു ജോബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ബുധനാഴ്ച വൈകുന്നേരമാണ് കുടുംബവീടിനു സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ വെട്ടേറ്റ പാടുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അടുത്ത ബന്ധുക്കളെ ഉൾപ്പെടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു. കുണ്ടറയിലെ സ്വാകാര്യ സ്കൂളിലെ വിദ്യാർഥിയായ ജിത്തുവിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്.
സംസ്ഥാനത്തിന് പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ നിരോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി
കൊച്ചി:സംസ്ഥാനത്തിന് പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ നിരോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി.പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികളിലാണ് കോടതിയുടെ ഉത്തരവ്.ജനുവരി 22നു മുൻപ് ഇക്കാര്യത്തിൽ തീരുമാനം എടുത്ത് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സർക്കാരിന് നിർദേശം നൽകി.
നടിയെ ആക്രമിച്ച കേസ്;കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവ്
അങ്കമാലി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ചോർന്നത് അന്വേഷിക്കാൻ കോടതി ഉത്തരവ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കേസിലെ പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.കുറ്റപത്രം പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകി തന്നെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം ശ്രമിക്കുകയായിരുന്നുവെന്ന ദിലീപിന്‍റെ വാദം പരിഗണിച്ചാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നത് കോടതി ജനുവരി 22-ലേക്ക് മാറ്റി. ദൃശ്യങ്ങൾ ദിലീപിന് നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് പോലീസ് തീരുമാനം.ദൃശ്യങ്ങൾ പ്രതിക്ക് നൽകിയാൻ ഇരയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഇത് പ്രചരിക്കുമെന്നും ഇതിന് അനുവദിക്കരുതെന്നുമാണ് പോലീസിന്‍റെ വാദം.