ന്യൂഡൽഹി:ശക്തമായ മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ 15 ട്രെയിനുകൾ റദ്ദാക്കി.കാഴ്ച അവ്യക്തമായതിനാലാണിത്.34 ട്രെയിനുകൾ വൈകിയോടുന്നുണ്ട്.നാല് ട്രെയിനുകളുടെ സമയക്രമം പുനഃക്രമീകരിക്കുകയും ചെയ്തു.യാത്രക്കാർ യാത്ര ആരംഭിക്കുന്നതിനു മുൻപ് റെയിൽവെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പുവരുത്തണമെന്ന് റെയിൽവെ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസ്;സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ പോലീസ് കോടതിയിലേക്ക്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ പോലീസ് കോടതിയിലേക്ക്.താരങ്ങളുടെ മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ഇടപെടൽ വേണമെന്നും ചൂണ്ടിക്കാട്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഹർജി നൽകിയത്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ ചോർന്നു എന്നാരോപിച്ച് ദിലീപ് നൽകിയ പരാതിയിൽ അങ്കമാലി കോടതി ഇന്ന് വിധി പറയും . എന്നാല്‍, അന്വേഷണ സംഘത്തിന്‍റെ പക്കല്‍ നിന്നും കുറ്റപ്പത്രം ചോര്‍ന്നിട്ടില്ലെന്നും. വിവരങ്ങൾ ദിലീപാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്.
രാജസ്ഥാൻ ബസ്സപകടം;മരണം 32 ആയി
ജയ്‌പൂർ:രാജസ്ഥാനിലെ സവായ് മധേപൂരിലുണ്ടായ ബസ്സപകടത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി.നിയന്ത്രംവിട്ട ബസ്സ് പാലത്തിന്റെ കൈവരി തകർത്ത് നദിയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്.ബസ്സിൽ അറുപതിലധികം യാത്രക്കാർ ഉണ്ടായിരുന്നു.ബസ് ഓടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത കണ്ടക്റ്ററാണെന്നു ആരോപണമുണ്ട്. അമിതവേഗതയിലായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിതകർത്ത് നദിയിൽ പതിക്കുകയായിരുന്നു. ഉത്തർപ്രദേശിൽ നിന്നും മധ്യപ്രദേശിൽ നിന്നുമുള്ള തീർത്ഥാടകരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
കോളജിന്‍റെ രണ്ടാംനിലയില്‍നിന്നു വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്
തളിപ്പറമ്പ്:കോളജിന്‍റെ രണ്ടാംനിലയില്‍നിന്നു വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനി തളിപ്പറമ്പിലെ ഫാത്തിമത്തുല്‍ നൂരിയയ്ക്കാണു (20) പരിക്കേറ്റത്.കോളജില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം കൂട്ടുകാര്‍ക്കൊപ്പം മൊബൈലില്‍ ചിത്രമെടുക്കുന്നതിനിടെ അബദ്ധത്തില്‍ താഴേക്കു വീഴുകയായിരുന്നു.അപകടം നടന്ന ഉടന്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. ന്യൂറോ വിഭാഗം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഫാത്തിമത്തുല്‍ നൂരിയയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
രാജസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു
ജയ്‌പൂർ:രാജസ്ഥാനിൽ ബസ് പാലത്തിൽ നിന്നും നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു.24 പേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ രാജസ്ഥാനിലെ സവായ് മധോപ്പൂരിലായിരുന്നു അപകടം നടന്നത്.നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരി തകർത്ത് നദിയിലേക്ക് മറിയുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് കരുതുന്നു.കാണാതായവർക്കുവേണ്ടി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഓഖി;അഞ്ചു മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു.ഡി എൻ എ പരിശോധനയിലൂടെയാണ് ഇവ തിരിച്ചറിഞ്ഞത്.വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഷാജി പീറ്റർ(38),സേവ്യർ(44),പൂവാർ സ്വദേശി പനിദാസൻ(63),കന്യാകുമാരി സ്വദേശി ക്‌ളീറ്റസ്(53),തമിഴ്‍നാട് അഗസ്തീശ്വരം സ്വദേശി മൈക്കിൾ അമീൻ(37),എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഷാജി പീറ്ററുടെ മൃതദേഹം അഴീക്കോട് താലൂക്ക് ആശുപത്രിയിലും സേവ്യറുടെ മൃതദേഹം ബേപ്പൂർ താലൂക്ക് ആശുപത്രിയിലുമാണ് ഉണ്ടായിരുന്നത്.നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഉച്ചയോടെ മൃതദേഹങ്ങൾ വിഴിഞ്ഞത്തെത്തിക്കും.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്നു മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്.
അങ്ങാടിക്കടവിൽ യുവാവ് തോട്ട ദേഹത്ത് കെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി
ഇരിട്ടി:ഇരിട്ടി അങ്ങാടിക്കടവിൽ യുവാവ് തോട്ട ദേഹത്ത് കെട്ടിവെച്ച് വെച്ച് പൊട്ടിച്ച് ജീവനൊടുക്കി.ഇന്നലെ വൈകുന്നേരം മൂന്നു മണിയോട് കൂടിയായിരുന്നു സംഭവം.അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളജിനു സമീപത്തെ പടിഞ്ഞാറെപീടികയില്‍ റോണിസ് (36) ആണ് മരിച്ചത്.കരിങ്കൽ പൊട്ടിക്കുന്ന തൊഴിലാളിയായിരുന്നു റോണിസ്.സ്‌ഫോടനത്തിൽ റോണീസിന്റെ ശരീരം ചിന്നിച്ചിതറി.കോണ്‍ക്രീറ്റ് വീടിന്‍റെ മുന്‍ഭാഗം ഭാഗികമായി തകരുകയും ചെയ്തു.ശരീരഭാഗങ്ങളും രക്തവും വീടിന്‍റെ മേല്‍ക്കൂരവരെ ചിതറിയനിലയിലായിരുന്നു.വീട്ടിലുണ്ടായിരുന്ന ഭാര്യയെയും രണ്ടു മക്കളെയും രാവിലെതന്നെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. കൂടെയുണ്ടായിരുന്ന റോണിയുടെ മാതാപിതാക്കളെ സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്കും പറഞ്ഞുവിട്ടതിനുശേഷമാണ് സ്‌ഫോടനം നടത്തിയത്.
നടിയെ ആക്രമിച്ച കേസ്:കുറ്റപത്രം ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിൽ വിധി ഇന്ന്
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിൽ ഇന്ന് വിധി പറയും.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക.കേസിൽ വാദം നേരത്തെ പൂർത്തിയായിരുന്നു.കുറ്റപത്രം റദ്ദാക്കണമെന്നാണവശ്യപ്പെട്ടാണ് ദിലീപ് പരാതി നൽകിയിരിക്കുന്നത്.കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുന്പ് തന്നെ പോലീസ് അതിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നാണ് ദിലീപിന്റെ പരാതി. അതേസമയം കുറ്റപത്രം ചോർന്നതിൽ പൊലീസിന് പരാതിയില്ലെന്നും പ്രതിഭാഗം തന്നെയാണ് കുറ്റപത്രം ചോർത്തി നൽകിയതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള പന്ത്രണ്ട് പ്രതികൾക്കെതിരായുള്ള കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുന്നതിന് തൊട്ട് മുൻപാണ് ചോർന്നത്.കോടതി പരിശോധിച്ച് അംഗീകരിക്കുന്നതിന് മുൻപായിരുന്നു ഇത്.
സ്വകാര്യ-കെഎസ്ആർടിസി ബസ്സുകളിൽ ഇനി മുതൽ ഗർഭിണികൾക്കും സീറ്റ് സംവരണം
തിരുവനന്തപുരം:സ്വകാര്യ-കെഎസ്ആർടിസി ബസ്സുകളിൽ ഇനി മുതൽ ഗർഭിണികൾക്കും സീറ്റ് സംവരണം ലഭിക്കും.എല്ലാ ബസ്സുകളിലും ഒരു സീറ്റെങ്കിലും ഗർഭിണികൾക്കായി നീക്കിവെയ്ക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുപ്രകാരമാണ് നടപടി.സ്ത്രീകൾക്കായി നീക്കിവെച്ച സീറ്റുകളിൽ ഒന്നാണ് ഗർഭിണികൾക്കായി മാറ്റുക.ഡ്രൈവറുടെയും കണ്ടക്റ്ററുടെയും സീറ്റുകൾ ഒഴിച്ചുള്ള സീറ്റുകളിൽ നാലിലൊന്ന് വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ളതാണ്.അതായത് 48 സീറ്റുള്ള ബസ്സിൽ 11 എണ്ണം.ഇതിൽ ഒരു സെറ്റ് മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളുമായി കയറുന്ന അമ്മയ്ക്കായി നീക്കിവെച്ചിട്ടുണ്ട്.ഒരു സീറ്റ് ഇനി മുതൽ ഗർഭിണികൾക്കായും നീക്കിവെയ്ക്കും.
അഴീക്കോട് ധനേഷ് വധം;2 ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം
കണ്ണൂർ:അഴീക്കോട് ഡിവൈഎഫ്ഐ പ്രവർത്തകൻ മീൻകുന്നിലെ പുളിക്കാമ്പ്രത്ത് ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 2 ബി.ജെ.പി പ്രവർത്തകർക്ക് ജീവപര്യന്തം തടവും 30,000 രൂപ പിഴയും.തലശ്ശേരി അഡീഷണൽസെഷൻസ്കോടതിയാണ് ശിക്ഷ വിധിച്ചത്.ബിജെപി പ്രവർത്തകരായ മുടത്തിപ്പാറയിൽ എം.പി പ്രജിൻ ,മുണ്ടച്ചാലിൽ എം .വിജിത്ത് എന്നിവരെയാണ് കോടതി ശിക്ഷിച്ചത് .പിഴ അടച്ചില്ലെങ്കിൽ പ്രതികൾ 1 വർഷം കൂടി തടവ് അനുഭവിക്കണം .പിഴ തുക ധനേഷിന്റെ പിതാവിന് നൽകാനും കോടതി ഉത്തരവിട്ടു .കേസിലെ മറ്റ് പ്രതികളായ 7 ബി.ജെ.പി പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു .2008 ജനുവരി 12 നാണ് ധനേഷ് കൊല്ലപ്പെട്ടത്.