തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിന്റെ ഇരായായവർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. വള്ളം,വല,ബോട്ട്,തുടങ്ങിയ നഷ്പ്പപ്പെട്ടവർക്കുള്ള സഹായങ്ങളും പാക്കേജിലുണ്ട്.മരിച്ചവരുടെ ഉറ്റവർക്ക് തൊഴിൽ ഉറപ്പാക്കും.ധനസഹായം വേഗത്തിൽനൽകാനും തീരുമാനമായി.ദുരന്തത്തിൽ മരിച്ചവരുടെ കുട്ടികളുടെ പഠനം ഉറപ്പാക്കും.കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കും.റെവന്യൂ,ഫിഷറീസ് വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ പാക്കേജ് മന്ത്രിസഭായോഗം ചർച്ച ചെയ്ത് അംഗീകാരം നൽകുകയായിരുന്നു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ,ആകെയുണ്ടായ നഷ്ട്ടം,കേന്ദ്രത്തിൽ നിന്നും ചോദിക്കേണ്ട സഹായം എന്നിവയും മന്ത്രിസഭ ചർച്ച ചെയ്തു.ചീഫ് സെക്രെട്ടറിക്കായിരിക്കും പാക്കേജ് നടപ്പിലാക്കുന്നതിന്റെ ചുമതല.
ഓഖി ചുഴലിക്കാറ്റിൽപെട്ട ഒരു ബോട്ടുകൂടി അഴീക്കൽ തീരത്തെത്തി
അഴീക്കൽ:ഓഖി ചുഴലിക്കാറ്റിൽപെട്ട ഒരു ബോട്ടുകൂടി അഴീക്കൽ തീരത്തെത്തി.പൊന്നാനിയിൽ നിന്നും നാലുദിവസം മുൻപ് പുറപ്പെട്ട ലൂർദ്മാത എന്ന ബോട്ടാണ് അഴീക്കലിലെത്തിയത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടുകൂടി തീരത്തെത്തിയ ബോട്ടിൽ 11 പേരാണ് ഉണ്ടായിരുന്നത്.ഏഴിമല കടലിലെത്തിയ ബോട്ടിനെ മറൈൻ എൻഫോഴ്‌സ്‌മെന്റും തീരസംരക്ഷണ സേനയും ചേർന്ന് വടംകെട്ടി വലിച്ചാണ് അഴീക്കലിലെത്തിച്ചത്.എട്ടോടെ കാറ്റിൽപെട്ട് അഴീക്കൽ തീരത്തെത്തിയ ബോട്ടുകളുടെ എണ്ണം നാലായി.അതേസമയം തീരത്തെത്തിയ ബോട്ടുകളിലെ തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ അധികൃതർ നല്കുന്നില്ലെന്ന പരാതിയുണ്ട്.ദിവസങ്ങളോളം കടലിൽ കഴിഞ്ഞ് തിരിച്ചെത്തിയ തൊഴിലാളികൾക്ക് യഥാസമയത്ത് ഭക്ഷണവും വെള്ളവും നല്കുന്നില്ലെന്നാണ് പരാതി.
ഡിഫ്തീരിയ ബാധിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു
കണ്ണൂർ:പേരാവൂരിൽ ഡിഫ്തീരിയ ബാധിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുന്നു.ജില്ലയിൽ ഇതുവരെ മറ്റാർക്കും ഡിഫ്തീരിയ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ ആശങ്ക വേണ്ടെന്നും കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ അല്പം കൂടി ശ്രദ്ധവെച്ചാൽ മതിയെന്നുമാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.കുട്ടികൾക്ക് യഥാസമയം പെന്റാവാലന്റ് വാക്‌സിനേഷൻ നൽകുന്നതാണ് ഡിഫ്തീരിയ ബാധ തടയുന്നതിനുള്ള ഏക മാർഗം.തൊണ്ട വേദനയും പനിയുമാണ് ഇതിന്റെ രോഗ ലക്ഷണങ്ങൾ.തൊണ്ടയിൽ വെളുത്ത നിറത്തിലുള്ള പാടുകളും കാണാം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ ചികിത്സ തേടണം.വായുവിലൂടെയാണ് ഇത് പകരുന്നത്.അതിനാൽ രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ വായും മൂക്കും തൂവാല ഉപയോഗിച്ച് മൂടണം.അതുപോലെ തന്നെ രോഗി ഉപയോഗിക്കുന്ന തൂവാല,പത്രം,ഗ്ലാസ് എന്നിവയും ഉപയോഗിക്കരുത്.രോഗം മൂർച്ഛിച്ചാൽ ശ്വാസം മുട്ടലുണ്ടാകുകയും അത് ചിലപ്പോൾ ഹൃദയത്തെ ബാധിക്കുകയും ചെയ്യും ഇവയാണ് മരണകാരണമാകുന്നത്.
നടുവിലിൽ സിപിഎം-മുസ്ലിം ലീഗ് സംഘർഷം തുടരുന്നു
നടുവിൽ:നടുവിലിൽ സിപിഎം-മുസ്ലിം ലീഗ് സംഘർഷം തുടരുന്നു.ഇന്നലെ രാവിലെ 8.30 ഓടെ നടുവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തുവെച്ച് പത്രവിതരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദേശാഭിമാനി ഏജന്റ് മണ്ടേൻകണ്ടി ഹാരിസിനെ ഒരുസംഘം ലീഗ് പ്രവർത്തകർ മർദിച്ചതായാണ് പരാതി.ഇയാളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും അക്രമികളെ തകർത്തു.ഈ സംഭവത്തെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞു നിർത്തി ഇവരെ വലിച്ചിറക്കി മർദിച്ചു.ഇതിനു പിന്നിൽ സിപിഎം ആണെന്ന് മുസ്ലിം ലീഗ് പ്രവർത്തകർ ആരോപിച്ചു.കെ.മുഹമ്മദ് കുഞ്ഞി,സി.പി അബൂബക്കർ,കെ.സൈനുദ്ധീൻ എന്നിവർക്കാണ് മർദനമേറ്റത്.ഇതിൽ സൈനുദ്ധീൻ ഞായറാഴ്ച ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് എത്തിയതായിരുന്നു.സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ മൂന്നുപേരെയും അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണ കേസിലെ പ്രതികളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.അനിഷ്ട്ട സംഭവങ്ങളെ തുടർന്ന് ഇന്നലെയും നടുവിൽ ടൗണിൽ കടകൾ അടഞ്ഞു കിടക്കുകയാണ്.ഞായറാഴ്ച ഹർത്താലായതിനാൽ അന്നും കടകൾ അടച്ചിട്ടിരുന്നു. .അതേസമയം സമാധാനം നിലനിർത്തുന്നതിനായി തളിപ്പറമ്പ് ഡിവൈഎസ്പി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിന്നും യുഡിഎഫും എൽഡിഎഫും വിട്ടുനിന്നു.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഗൈനക്കോളജി ഒപിയുടെ സീലിംഗ് അടർന്നു വീണു
കണ്ണൂർ:കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഗൈനക്കോളജി ഒപിയുടെ സീലിംഗ് അടർന്നു വീണു. സീലിങ്ങിന്റെ പേൾസ്റ്ററിങ്ങും,ഫാൻ,ട്യൂബ് എന്നിവയുമാണ് അടർന്നു വീണത്.ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.ഒപിയുടെ പ്രവർത്തനം തുടങ്ങുന്നതിനു മുൻപായതിനാൽ വൻ അപകടമാണ് ഒഴിവായത്.ജില്ലാ ആശുപത്രിയിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന ഒപികളിൽ ഒന്നാണ് ഗൈനക്കോളജി വിഭാഗം.അപകടം നടന്നതിനെ തുടർന്ന് ഗൈനക്കോളജി വിഭാഗം ഒപി താൽക്കാലികമായി മെഡിക്കൽ ഒപി വിഭാഗത്തിലേക്ക് മാറ്റി.ഗൈനക്കോളജി വിഭാഗം കൂടാതെ,ഇഎൻടി,മെഡിക്കൽ ഒപി,പനി ക്ലിനിക്ക് എന്നിവയും കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണം ഇതുവരെയും തുടങ്ങിയിട്ടില്ല.
കണ്ണൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
പാനൂർ:പാനൂർ പുത്തൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.സിപിഐഎം പുത്തൂർ ലോക്കൽ കമ്മിറ്റി മെമ്പർ നൗഷാദ് കളത്തിൽ,കുന്നുമ്മൽ നൗഫൽ,എന്നിവർക്കാണ് വെട്ടേറ്റത്.സിപിഎമ്മിന്റെ ചെണ്ടയാട് കുന്നുമ്മൽ ഓഫീസിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം.കഴുത്തിനും കാലിനും വെട്ടേറ്റ നൗഷാദിന്റെ നില ഗുരുതരമാണ്.കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു
കൊച്ചി:അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരേ പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.കഴിഞ്ഞ മാസം 22 നാണ് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.കുറ്റപത്രത്തിലെ സാങ്കേതിക പിഴവുകൾ തിരുത്താൻ തിങ്കളാഴ്ച അന്വേഷണ സംഘത്തോട് കോടതി നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം പിഴവുകൾ തിരുത്തി അന്വേഷണ സംഘം തിങ്കളാഴ്ച വൈകിട്ട് കുറ്റപത്രം കോടതിക്ക് കൈമാറി. പിന്നാലെ കോടതി കുറ്റപത്രം അംഗീകരിക്കുകയായിരുന്നു.നടൻ ദിലീപ് ഉൾപ്പടെ 12 പ്രതികളാണ് അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.അതേസമയം കുറ്റപത്രത്തിലെ വിവരങ്ങൾ ചോർന്നതിനെതിരേ നടൻ ദിലീപ് സമർപ്പിച്ച ഹർജി വ്യാഴാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.കുറ്റപത്രത്തിലെ വിവരങ്ങൾ കോടതി പരിശോധിക്കുന്നതിനിടെ മാധ്യമങ്ങളിൽ വരുന്നത് ചോദ്യം ചെയ്താണ് ദിലീപ് ഹർജി നൽകിയിരിക്കുന്നത്.
ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരിൽ പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം ജീർണിച്ച നിലയിൽ
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരിൽ പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം ജീർണിച്ച നിലയിൽ.മെഡിക്കൽ കോളേജിൽ ഇതുവരെ പതിനാറുപേരെയാണ് മരിച്ച നിലയിൽ കൊണ്ടുവന്നത്.ഇതിൽ ആറുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.ബന്ധുക്കൾക്ക് പോലും തങ്ങളുടെ സ്വന്തക്കാരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണ്.അതിനാൽ ആധുനിക ഡി എൻ എ ടെസ്റ്റ് ഉപയോഗിച്ച് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.തിരുവനന്തപുരത്ത് ഡി എൻ എ ടെസ്റ്റ് നടത്താൻ കഴിയുന്ന രണ്ട് ലബോറട്ടറികളാണ് ഉള്ളത്.മുൻപ് പുറ്റിങ്ങൽ വെടിക്കെട്ട് അപകടസമയത്തും ഇത്തരത്തിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. Read more
പേരാവൂരിൽ ഡിഫ്തീരിയ ബാധിച്ച വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി
പേരാവൂർ:ഡിഫ്തീരിയ ബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.മണത്തണ വളയങ്ങാട്ടെ കുന്നത്ത് കൂലോത്ത് ഉദയന്റെയും തങ്കമണിയുടെയും മകൾ ശ്രീപാർവ്വതി(14) ആണ് മരിച്ചത്.കഴിഞ്ഞ മാസം പത്താം തീയതി ശ്രീപാർവ്വതി സ്കൂളിൽ നിന്നും ബംഗളൂരുവിലേക്ക് വിനോദയാത്ര പോയിരുന്നു.തിരികെ വന്നതിനു ശേഷം പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.ഇവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ ഡിഫ്തീരിയ സ്ഥിതീകരിക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് വിദ്യാർത്ഥിനിയുടെ സമീപത്തുള്ളവർക്കും സ്കൂളിലെ വിദ്യാർഥികൾക്കുമടക്കം നാനൂറിലേറെ പേർക്ക് പ്രതിരോധ ഗുളികകൾ വിതരണം ചെയ്യുകയും വാക്‌സിനേഷൻ നൽകുകയും ചെയ്തിരുന്നു.ഒരുപാടു വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഡിഫ്തീരിയ ബാധിച്ചു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കർണാടകയിൽ ബസ് അപകടത്തിൽ മലയാളിയടക്കം മൂന്നുപേർ മരിച്ചു
ബെംഗളൂരു:കർണാടകയിൽ ബസ് അപകടത്തിൽ മലയാളിയടക്കം മൂന്നുപേർ മരിച്ചു.ഇന്ന് പുലർച്ചെ മൂന്നുമണിയോട് കൂടി സഹലാപുരത്തിനും ഹാസനുമിടയിൽ ആലൂരിലാണ് അപകടം നടന്നത്. കാസർകോട്ട് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി വോൾവോ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.ചെങ്കള പഞ്ചായത്ത് അംഗം അബ്ദുൾ സലാം പാണലത്തിന്‍റെ മകൾ ഫാത്തിമത്ത് സമീറ (25) ആണ് മരിച്ച മലയാളി.തിങ്കളാഴ്ച രാത്രിയാണ് ഫാത്തിമത്ത് സമീറയും പിതാവ് അബ്ദുൾ സലാമും കാസർഗോഡു നിന്ന് ബംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി വോൾവോ ബസിൽ കയറിയത്.പരിക്കേറ്റ സമീറ തൽക്ഷണം മരിച്ചു.സമീറയുടെ പിതാവ് അബ്ദുൾ സലാം ഉൾപെടെ 25 യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരിൽ അബ്ദുൾ സലാം അടക്കം ആറു പേരുടെ പരിക്ക് ഗുരുതരമാണ്.
.