കണ്ണൂർ:കീച്ചേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജാരി ക്ഷേത്രക്കുളത്തിൽ വീണു മരിച്ചു.തളിപ്പറമ്പ് സ്വദേശി ജയരാജനാണ്(41) മരിച്ചത്.ഇന്നലെ സന്ധ്യയ്ക്ക് ഉപക്ഷേത്രത്തിൽ വിളക്കുകൊളുത്തിയ ശേഷം കുളക്കടവിനു സമീപത്തു കൂടി നടന്നു പോകുമ്പോൾ കുളത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. പൂജാരിയെ കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽമരിച്ച നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
സ്വഛച്ച് ഭാരത് യാത്രക്കാർക്ക് തിരിച്ചടി
കോഴിക്കോട്: ഭാരതത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുവാൻ വേണ്ടി പ്രധാന മന്ത്രി പ്രഖ്യാപിച്ച സ്വപന പദ്ധതി തകിടം മറിയുന്നു.
ജനങ്ങൾക്ക് സൗജന്യമായി ശൗച്യാലങ്ങൾ ഉപയോഗിക്കാൻ വേണ്ടി റെയിൽവേ സ്റ്റേഷനുകളിലും രാജ്യത്തെ മുഴുവൻ പെട്രോൾ പമ്പുകളിലും സൗകര്യം ഏർപ്പെടുത്തിയിരുന്നു. നേരത്തെ പണം കൊടുത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന റെയിൽവേ സ്റ്റേഷനുകളിലെ ബാത്ത് റൂമുകൾ സൗജന്യമായി ഉപയോഗിക്കാം എന്ന നില വന്നതോടെ അധികാരികളും ശുചീകരണ തൊഴിലാളികളും കൈയ്യൊഴിഞ്ഞിരിക്കുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ശൗചാലത്തിന്റെ ഇന്നത്തെ അവസ്ഥതന്നെയാണ് ഒട്ടുമിക്ക സ്റ്റേഷനുകളിലും. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന ഉത്തര കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേസ്റ്റേഷൻ ആയിട്ടു പോലും പ്രധാനമന്ത്രി നൽകിയ പ്രഖ്യാപനം വെറും പരസ്യ വീഡിയോ ആയി മാത്രം നിലനിൽക്കുന്നു.
ഉയർന്ന ടിക്കറ്റ് എടുത്ത യാത്രകാർക്ക് മാത്രം ഉപയോഗിക്കുവാൻ എന്ന മുന്നറിയിപ്ബോർഡ് കണ്ട് വരുന്ന എസി സ്ലീപ്പർ ക്ലാസുകളിലെ യാത്രക്കാർ ശൗചാലയത്തിന്റെ അകത്ത് കടന്നാൽ കാണാൻ സാധിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ ടൈൽസിന് മുകളിലൂടെ കുത്തിയൊലിച്ച് പോകുന്ന വാഷ് ബേസിനുകളിലെ മലിനജലമാണ്. യൂറി നലുകൾ മിക്കവയും നിറഞ്ഞ് കവിഞ്ഞിരിക്കുകയുമാണ്.
റെയിൽവേ സ്വഛ് ഭാരതി നോട് പുറം തിരിഞ്ഞ് നിൽക്കുമ്പോഴും പെട്രോൾ പമ്പുകളിൽ ശുചിയായ ബാത്ത് റൂം സൗകര്യം നൽകുന്നുണ്ട് എന്നത് ഏറെ ആശ്വാസം നൽകുന്നതാണ്.
തമിഴ്‌നാട്ടിലെ ദുരഭിമാനക്കൊല;ആറ് പ്രതികൾക്ക് വധശിക്ഷ
തിരുപ്പൂർ:തമിഴ്നാട്ടിലെ തിരിപ്പൂരിൽ ഉയർന്ന ജാതിക്കാരിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറുപ്രതികൾക്ക് വധശിക്ഷ വിധിച്ചു.പെൺകുട്ടിയുടെ പിതാവ് ചിന്നസ്വാമി, വാടകകൊലയാളികളായ ജഗദീശൻ, മണികണ്ഠൻ, സെൽവകുമാർ, കലൈ തമിഴ്വണ്ണൻ, മൈക്കിൾ എന്നിവരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. തിരിപ്പൂർ സെഷൻസ് കോടതിയാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്.യുവതിയുടെ അമ്മയും അമ്മാവനും അടക്കം മൂന്നുപേരെ കോടതി വെറുതെ വിട്ടു.ഉയർന്ന ജാതിയിൽപ്പെട്ട കൗസല്യയെ ദളിത് വിഭാഗക്കാരനായ ശങ്കർ വിവാഹം കഴിച്ചതാണ് കൊലയ്ക്ക് കാരണം.പൊള്ളാച്ചിയിൽ അവസാനവർഷ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു ശങ്കർ.ഭാര്യയോടൊപ്പം ചന്തയിൽ സാധനങ്ങൾ വാങ്ങാനെത്തിയ ശങ്കറിനെ ബൈക്കിലെത്തിയ സംഘം ഉദുമൽപേട്ട ബസ്സ്റ്റാൻഡിന് സമീപത്തുവെച്ച് ജനങ്ങൾ നോക്കി നിൽക്കെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അക്രമത്തിൽ കൗസല്യയ്ക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കുപ്പിവെള്ളത്തിന് എംആർപിയേക്കാൾ കൂടുതൽ വിലയീടാക്കിയാൽ ഇനി മുതൽ തടവും പിഴയും
ന്യൂഡൽഹി:കുപ്പിവെള്ളത്തിന് എംആർപിയേക്കാൾ കൂടുതൽ വിലയീടാക്കിയാൽ ഇനി മുതൽ പിഴയും തടവുശിക്ഷയും വരെ നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ,മൾട്ടിപ്ലക്സ് തീയേറ്ററുകൾ എന്നിവിടങ്ങളിൽ കുപ്പിവെള്ളത്തിനു എം ആർ പിയേക്കാൾ അധികവിലയാണ് ഈടാക്കുന്നത്.ഇത് ഉപഭോക്താക്കളുടെ അവകാശത്തിന് വിരുദ്ധവും നികുതി വെട്ടിപ്പും കൂടിയാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കുപ്പിവെള്ളത്തിനു കൂടിയ വില ഈടാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹോട്ടലുടമകളുടെ സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.അമിത വില ഈടാക്കിയാൽ 25,000 രൂപ വരെ ആദ്യം പിഴ ഈടാക്കാം.കുറ്റം ആവർത്തിച്ചാൽ ഇത് 50,000 ആകും.മൂന്നാമതും കുറ്റം അവർത്തിക്കുന്നവരിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയോ ഒരു വർഷം തടവ് ശിക്ഷയോ ഇത് രണ്ടും കൂടിയോ നൽകാമെന്നും വ്യവസ്ഥയുണ്ട്.
ഓഖി ദുരന്തം;എട്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി
തിരുവനന്തപുരം:ഓഖി ചുഴലികാറ്റിൽപ്പെട്ട് മരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് നടത്തിയ തിരച്ചിലിൽ കോഴിക്കോട് പുറംകടലിലാണ് ഇവ കണ്ടെത്തിയത്..ഇതോടെ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 55 ആയി.ഇതുവരെ ആര് മൃതദേഹങ്ങൾ കരയ്‌ക്കെത്തിച്ചു.മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത അവസ്ഥയിലാണുള്ളത്.ഇവ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ആളെ തിരിച്ചറിയുന്നതിനായി ഡി എൻ എ പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സുരേഷ് ഗോപി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊച്ചി:വാഹന നികുതി വെട്ടിപ്പ് കേസിൽ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.വ്യാജ മേൽവിലാസം ഉപയോഗിച്ച് ആഡംബര കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതിയിനത്തിൽ വൻതുക വെട്ടിച്ചെന്നാണ് കേസ്.കേസിൽ സുരേഷ് ഗോപിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ട് ക്രൈം ബ്രാഞ്ചാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.
ജിഷ വധക്കേസ്;അമീറുൽ കുറ്റക്കാരൻ;ശിക്ഷ നാളെ പ്രഖ്യാപിക്കും
കൊച്ചി:ജിഷ വധക്കേസിൽ ഏകപ്രതി അമീറുൽ ഇസ്ലാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. കൊലപാതകം,ബലാൽസംഗം,തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അമീറുലിനെതിരെ ചുമത്തിയിരിക്കുന്നത്.പ്രതിക്ക് പറയാനുള്ളത് കൂടി കേട്ട ശേഷമായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക.കഴിഞ്ഞ ഏപ്രിൽ 28നു വൈകിട്ട് 5.30നും ആറിനുമിടയിൽ പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണു കേസ്. ഇതു തെളിയിക്കാൻ പോലീസ് ഡിഎൻഎ പരിശോധനാ റിപ്പോർട്ടുകൾ, കൊലയ്ക്കുപയോഗിച്ച ആയുധം, പ്രതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴി, ജിഷയുടെ അയൽവാസിയായ ശ്രീലേഖയുടെ മൊഴി എന്നിവയാണു ഹാജരാക്കിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളുടെയും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് വിധി പറഞ്ഞത്. സാഹചര്യതെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം ആരോപിച്ചിരിക്കുന്നത്.
കണ്ണൂരിൽ സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നും കഞ്ചാവും പണവും പിടികൂടി
ഇരിട്ടി:കണ്ണൂരിൽ സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നും കഞ്ചാവും പണവും പിടികൂടി. ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സിൽ നിന്നാണ് ഒൻപതര ലക്ഷം രൂപയുടെ കുഴൽപ്പണവും ഒന്നര കിലോഗ്രാം കഞ്ചാവും പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്ന് ഇരിട്ടി പോലീസ് നടത്തിയ വാഹന പരിശോധനയിൽ ബസ്സിൽ ബാഗിലൊളിപ്പിച്ച നിലയിൽ കഞ്ചാവും പണവും പിടികൂടുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബസും പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു കാഷ്വൽ ജീവനക്കാരെ പുറത്താക്കി; കെൽട്രോണിലെ ഇരുനൂറോളം കാഷ്വൽ ജീവനക്കാർ പണിമുടക്കി
തളിപ്പറമ്പ്:രണ്ട് കാഷ്വൽ ജീവനക്കാരെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് കെൽട്രോണിലെ ഇരുനൂറോളം കാഷ്വൽ ജീവനക്കാർ പണിമുടക്കി.ഇന്നലെ രാവിലെയാണ് രണ്ടു കാഷ്വൽ ജീവനക്കാരെ പുറത്താക്കിയെന്നാരോപിച്ച് മുഴുവൻ കാഷ്വൽ ജീവനക്കാരും സമരത്തിലേർപ്പെട്ടത്.കാഷ്വൽ ജീവനക്കാർക്ക് ന്യായമായ വേതനം അനുവദിക്കുക,സ്ഥിരം നിയമനം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഒരുവർഷമായി വിവിധ സംഘടനകൾ പ്രതിഷേധ സമരങ്ങൾ നടത്തി വരുന്നുണ്ട്.എന്നാൽ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാത്ത സാഹചര്യത്തിൽ മുഴുവൻ കാഷ്വൽ ജീവനക്കാരും അനിശ്ചിത കാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു.അതേസമയം ജീവനക്കാരെ ആരെയും പുറത്താക്കിയിട്ടില്ലെന്ന് കെൽട്രോൺ എം.ഡി കെ.ജി കൃഷ്ണകുമാർ പറഞ്ഞു.ഓരോ കാഷ്വൽ ജീവനക്കാരും ജോലിചെയ്യേണ്ട ഷിഫ്റ്റ് മുൻകൂട്ടി നോട്ടീസ് ബോർഡിൽ ഇട്ടിട്ടുണ്ട്.എന്നാൽ ഇതുപാലിക്കാതെ മൂന്നാമത്തെ ഷിഫ്റ്റിൽ ജോലിചെയ്യേണ്ട ജീവനക്കാർ ഒന്നാമത്തെ ഷിഫ്റ്റിൽ ജോലിക്കെത്തി.അവരവർക്കനുവദിച്ച സമയത്തുമാത്രമേ ജോലി ചെയ്യാൻ അനുവദിക്കുകയുള്ളൂ എന്ന് മാത്രമാണ് ജോലിക്കാരോട് പറഞ്ഞു.ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ഇറങ്ങി പോവുകയാണ് ചെയ്തതെന്നും എം.ഡി പറഞ്ഞു.
പെരുമ്പാവൂർ ജിഷ വധക്കേസിൽ വിധി ഇന്ന്
കൊച്ചി:പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന് പ്രഖ്യാപിക്കും.അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആസാം സ്വദേശി അമീറുൽ ഇസ്ലാമാണ് കേസിലെ ഏക പ്രതി.കൊലയ്ക്കുപയോഗിച്ച കത്തിയിൽ നിന്നും പ്രതിയുടെ ചെരുപ്പിൽ നിന്നുമടക്കം വേർതിരിച്ചെടുത്ത അഞ്ചു ഡി എൻ എ പരിശോധന റിപ്പോർട്ടുകൾ,പ്രതിയുടെ കയ്യിലുണ്ടായിരുന്ന മുറിവ് ജിഷ കടിച്ചതാണെന്ന ഡോക്റ്ററുടെ മൊഴി,അയൽവാസിയായ ശ്രീലേഖയുടെ മൊഴി തുടങ്ങിയവയാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ കോടതി മുൻപാകെ ഹാജരാക്കിയത്.അതേസമയം കേസിൽ പോലീസ് ഹാജരാക്കിയ തെളിവുകൾ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ ആവില്ലെന്ന് വിശ്വസിക്കുന്നതായി അഡ്വ.ബി.എ ആളൂർ.ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അമീറുൽ ഇസ്ലാമിനെ പ്രതിയാക്കിയത്.യഥാർത്ഥ പ്രതികൾ എവിടെയോ മറഞ്ഞിരിക്കുന്നുണ്ടെന്നും ആളൂർ വ്യക്തമാക്കി.ശാസ്ത്രീയമായ തെളിവുകൾ മാത്രം വെച്ച് പ്രതിയെ ശിക്ഷിക്കാൻ സാധിക്കില്ലെന്നും ആളൂർ പറയുന്നു.പ്രതിക്കെതിരായ തെളിവുകൾ പൂർണ്ണമല്ലെന്നും അതിനാൽ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആളൂർ പറഞ്ഞു.