കണ്ണൂർ:മുണ്ടയാട് സ്പോർട്സ് കോംപ്ലക്സിൽ സ്പോർട്സ് കൗൺസിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഹെൽത്ത് ക്ലബ് തുടങ്ങുന്നു.മുണ്ടയാട് സ്പോർട്സ് കോംപ്ലെക്സിന്റെ താഴത്തെ നിലയിൽ 4000 സ്‌ക്വയർ ഫീറ്റിലാണ് കെട്ടിടം ഒരുങ്ങുന്നത്.ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സിനാണ് നിർമാണ ചുമതല നൽകിയിരിക്കുന്നത്.ഒരു കോടി രൂപയാണ് നിർമ്മാണച്ചിലവ്.പൂർണ്ണമായും ശീതീകരിച്ച കോംപ്ലക്സിൽ ആധുനിക ഉപകരണങ്ങളും ഒരുക്കും.ഉപകരണങ്ങൾ ഡിസംബറോടെ ഇവിടെയെത്തിക്കും.അതിനുശേഷം ഫർണിഷിങ് പ്രവർത്തികൾ പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ ഉൽഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്.പരിശീലത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയക്രമമായിരിക്കും.ഫിറ്റ്നസ്,ബോഡി ബിൽഡിംഗ് തുടങ്ങിയവയിൽ താല്പര്യമുള്ള കായികതാരങ്ങൾക്കും പൊതുജനങ്ങൾക്കും ഇവിടെ പരിശീലനം നടത്താം.ഇതിനായി മാസത്തിൽ ഒരു നിശ്ചിത തുക ഈടാക്കും.രണ്ടു ട്രെയ്‌നർമാരെയും സ്പോർട്സ് കൗൺസിൽ നിയമിക്കും.കണ്ണൂരിനു പുറമെ കോഴിക്കോട്,തിരുവനന്തപുരം എന്നീ ജില്ലകളിലും സംസ്ഥാന സ്പോർട്സ് കൗൺസിൽ ഹെൽത്ത് ക്ളബ്ബുകൾ തുടങ്ങുന്നുണ്ട്.
ചെറുപുഴ കൊട്ടത്തലച്ചി മലയിൽ തീപിടുത്തം
ചെറുപുഴ:ചെറുപുഴ കൊട്ടത്തലച്ചി മലയിൽ തീപിടുത്തം.വ്യാഴാഴ്ച ഉച്ചയോടെയാണ് അതി പരിസ്ഥിതിലോല പ്രദേശമെന്നറിയപ്പെടുന്ന കൊട്ടത്തലച്ചി മലയിലെ പുൽമേടുകൾക്ക് തീപിടിച്ചത്.തീപിടുത്തത്തിൽ മുപ്പതേക്കറോളം വരുന്ന പുൽമേടുകൾ കത്തിനശിച്ചു.ഉച്ച സമയമായതിനാൽ ചൂടും കാറ്റും തീ കൂടുതൽ പടരുന്നതിനിടയാക്കി.പെരിങ്ങോത്തു നിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ചെറുപുഴ പോലീസും നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും കൂടിയാണ് തീ അണച്ചത്.കൊട്ടത്തലച്ചി മലയുടെ മുകളിൽ എത്തിപ്പെടാൻ റോഡില്ലാത്തതിനാൽ അഗ്നിരക്ഷാ സേനയ്ക്ക് മുകളിലെത്താൻ സാധിച്ചില്ല.പിന്നീട് ചൂരപ്പടവ് തട്ടിൽ എത്തി അവിടെനിന്ന് ജീപ്പിലാണ് സംഘം മലമുകളിലെത്തിയത്.വർഷങ്ങൾക്ക് മുൻപ് ഇവിടെയുണ്ടായ തീപിടുത്തത്തിൽ മലയുടെ ഏതാണ്ട് ഭൂരിഭാഗം പ്രദേശങ്ങളും കത്തിനശിച്ചിരുന്നു.
പറശ്ശിനിക്കടവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്കേറ്റു
പറശ്ശിനിക്കടവ്:പറശ്ശിനിക്കടവ് തവളപ്പാറയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി ഏഴരയോടുകൂടിയാണ് അപകടം നടന്നത്.പറശ്ശിനിക്കടവിലേക്ക് പോവുകയായിരുന്ന ടൊയോട്ട എറ്റിയോസ് കാറും എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറുമാണ് തവളപ്പാറ വളവിൽ കൂട്ടിയിടിച്ചത്.അപകടത്തിൽ സ്വിഫ്റ്റ് കാറിന്റെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം റോഡിൽ ഒഴുകി.ഇത് പിന്നീട് അഗ്നിശമന സേനയെത്തി വെള്ളംചീറ്റി കഴുകുകയായിരുന്നു.സ്വിഫ്റ്റ് കാറിന്റെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നയാളെ വണ്ടി പൊളിച്ചാണ് പുറത്തെടുത്തത്.പുന്നാട് സ്വദേശി ശങ്കരൻ മാസ്റ്റർ(46),കൂടാളിയിലെ ശശി(51),എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ കോഴിക്കോട് നടക്കാവിലെ അനൂപ് മോഹൻദാസ്(21),മാട്ടൂലിലെ മുഫാരിസ്(23),വൈറ്റിലയിലെ വിഷ്ണു(20),മാട്ടൂൽ സ്വദേശി ആത്തിഫ്(22) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ വിഷ്ണുവിന്റെ നില ഗുരുതരമാണ്.
ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി മൂന്നുപേർ മരിച്ചു;എട്ടുപേർക്ക് പരിക്കേറ്റു
ലഖ്‌നൗ:ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിൽ ട്രെയിൻ പാളം തെറ്റി മൂന്നുപേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് പുലർച്ചെ നാലുമണിയോട് കൂടി മണിക്പൂർ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.ഗോവയിലെ വാസ്കോ ഡാ ഗാമയിൽ നിന്നും ബീഹാറിലെ പാട്നയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.ട്രെയിനിന്റെ 13 കോച്ചുകളാണ് പാളം തെറ്റിയത്.പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഉത്തർപ്രദേശിൽ മാസങ്ങൾക്കിടെ ഉണ്ടാകുന്ന നാലാമത്തെ വലിയ ട്രെയിൻ അപകടമാണിത്.കഴിഞ്ഞ ഓഗസ്റ്റിൽ ഖട്ടോലിൽ പുരി-ഹരിദ്വാർ ഉത്ക്കൽ എക്സ്പ്രസ് പാളം തെറ്റി 20 പേർ മരിച്ചിരുന്നു.
ആശുപത്രിയിൽ കുഴപ്പമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്തയാൾ എസ് ഐയെ ആക്രമിച്ചു
പേരാവൂർ:സർക്കാർ ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത കേസിൽ കസ്റ്റഡിയിലെടുത്തയാൾ എസ്ഐയെയും പോലീസുകാരെയും ആക്രമിച്ചു പരിക്കേൽപ്പിച്ചു.ഇന്നലെ വൈകുന്നേരം പേരാവൂർ പോലീസ് സ്റ്റേഷനിലാണ് സംഭവം.പഴയമഠം ബേബി,ജോഷി എന്നിവർക്കെതിരേ ആണ് എസ്‌ഐയെ ആക്രമിച്ചതിന് കേസെടുത്തത്.പേരാവൂർ ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനെ തുടർന്നായിരുന്നു എസ്ഐ സ്മിതേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും ആശുപത്രിയിൽ നിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്.ആശുപത്രിയിൽ തങ്ങളല്ല മറ്റൊരാളാണ് ബഹളം വച്ചതെന്നും പോലീസ് തങ്ങളെ മർദിച്ചെന്നും പറഞ്ഞ് ഇരുവരും സ്റ്റേഷനിൽ എത്തിയ ഉടൻ എസ്ഐക്കു നേരെ തിരിയുകയായിരുന്നു.
അഴീക്കോട് സിപിഎം പ്രവർത്തകന്‍റെ വീടിനു നേരെ ആക്രമണം
അഴീക്കോട്: അഴീക്കോട് സിപിഎം പ്രവർത്തകന്‍റെ വീടിനുനേരെ ആക്രമണം.ചൊവ്വാഴ്ച അർധരാത്രി 12ഓടെ സിപിഎം പ്രവർത്തകൻ അഴീക്കൽ വെള്ളക്കല്ലിലെ ലക്ഷ്മണന്‍റെ വീടിനുനേരേയാണ് അക്രമം നടന്നത്.വീടിന്‍റെ മുൻവശത്തെ ജനൽപാളിയുടെ മൂന്നു ജനൽച്ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു.വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഞായറാഴ്ച വെള്ളക്കല്ലിൽ നാല് ആർഎസ്എസ് പ്രവർത്തകർക്കു വെട്ടേറ്റിരുന്നു.അഴീക്കലിനു സമീപപ്രദേശമായ ഓലാടത്താഴെയിലും ഞായറാഴ്ച സിപിഎം-എസ്ഡിപിഐ സംഘർഷമുണ്ടായിരുന്നു.ഇതിൽ രണ്ടു സിപിഎം പ്രവർത്തകർക്കും രണ്ട് എസ്ഡിപിഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. രാഷ്‌ട്രീയ സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത പുലർത്താൻ പോലീസ് മേധാവി നിർദേശം നൽകിയിരുന്നു.
ജയിലിലിരുന്ന് കൊടി സുനി കവർച്ച ആസൂത്രണം ചെയ്തു നടപ്പിലാക്കി;കവർന്നത് 3 കിലോ കള്ളക്കടത്തു സ്വർണം
കോഴിക്കോട്:ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൊടി സുനി ജയിലിലിരുന്ന് ഫോൺ വഴി കവർച്ച ആസൂത്രണം ചെയ്തു നടപ്പിലാക്കി. കോഴിക്കോട് കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വർണ്ണം കവർന്ന കേസിലാണ് നിർണായക വഴിത്തിരിവ്.കേസിൽ ഇയാളെ സെൻട്രൽ ജയിലിലെത്തി ചോദ്യം ചെയ്യാൻ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് അനുമതി നൽകി.2016 ജൂലൈ 16 ന് രാവിലെ ആറുമണിയോടുകൂടിയാണ് ദേശീയപാതയിൽ നല്ലളം മോഡേൺ സ്റ്റോപ്പിന് സമീപം കാർ യാത്രക്കാരനെ ആക്രമിച്ച് സ്വർണ്ണം കവർന്നത്.ഒട്ടേറെ പിടിച്ചുപറി കേസുകളിൽ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത്,കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേർന്നാണ് സുനി ജയിലിൽ നിന്നും ഫോൺ ഉപയോഗിച്ച് സ്വർണം കവർച്ച ചെയ്യുന്നതിനും മറിച്ചു വിൽക്കുന്നതിനുമുള്ള പദ്ധതി ആസൂത്രണം ചെയ്തത്.കേസുമായി ബന്ധപ്പെട്ട് പോലീസ് രണ്ടാഴ്ചയ്ക്കുള്ളിൽ വിയ്യൂർ ജയിലിലെത്തി സുനിയെ ചോദ്യം ചെയ്യും.കവർച്ച കേസ് അന്വേഷിച്ച സംഘം 2016 ഓഗസ്റ്റ് 29 ന് കാക്ക രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു.പിറ്റേ ദിവസം രാജേഷ് ഖന്ന വിയൂർ ജയിലിലെത്തി കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചു.ടി.പി വധക്കേസിലെ മൂന്നാം പ്രതിയായ കോടി സുനി രാപ്പകൽ വ്യത്യാസമില്ലാതെ ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും പല കുപ്രസിദ്ധ ക്രിമിനലുകളുമായും ഉയർന്ന രാഷ്ട്രീയ നേതാക്കളുമായും ഇടതടവില്ലാതെ സംസാരിക്കുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കൊടി സുനിയുടെ നാട്ടുകാരനായ ഒരാളുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ ഉപയോഗിച്ചാണ് ഈ ഫോൺ വിളികളെല്ലാം.
തിരുവനന്തപുരം മേയർക്കെതിരേ പോലീസ് കേസെടുത്തു
തിരുവനന്തപുരം:ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിനെതിരേ പോലീസ് കേസെടുത്തു. പട്ടികജാതി അതിക്രമം തടയൽ നിയമം ഉപയോഗിച്ചാണ് മേയർ ഉൾപ്പടെ നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി കൗണ്‍സിലറുടെ പരാതിയിൽ മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്.അതേസമയം ജാതിപ്പേര് വിളിച്ചുവെന്ന സിപിഎം കൗണ്‍സിലറുടെ പരാതിയിൽ നാല് ബിജെപി അംഗങ്ങൾക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പുരുഷ വേഷത്തിൽ ശബരിമലയിലെത്തിയ പതിനഞ്ചുകാരി പിടിയിൽ
ശബരിമല:പുരുഷ വേഷത്തിൽ ശബരിമലയിലെത്തിയ പതിനഞ്ചുകാരിയെ പമ്പയിൽ വെച്ച് വനിതാ ദേവസ്വം ജീവനക്കാർ പിടികൂടി.പതിനഞ്ചംഗ സംഘത്തിനൊപ്പമാണ് പെൺകുട്ടി മലചവിട്ടാനെത്തിയത്.ആന്ധ്രാ പ്രദേശിലെ നെല്ലൂരിൽ നിന്നും ശബരിമലയിലെത്തിയ മധുനന്ദിനി എന്ന കുട്ടിയെയാണ് പിടികൂടിയത്.പമ്പ ഗാർഡ് റൂമിനു മുന്നിൽ വെച്ച് കുട്ടിയെ കണ്ട സംശയം തോന്നിയ വനിതാ ജീവനക്കാർ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.ആരും ശ്രദ്ധിക്കാതിരിക്കാൻ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് പെൺകുട്ടി നടന്നു നീങ്ങിയത്.കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്തെത്തിയത് വിവാദമായതിനെ തുടർന്ന് പരിശോധന കർശനമാക്കാൻ ദേവസ്വം വനിതാ ജീവനക്കാർക്ക് നിർദേശം നല്കിയിരുന്നു.
ഗണേഷ് കുമാറിനും സരിത നായർക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി
കൊല്ലം:സോളാർ കേസ് പ്രതി സരിത നായർക്കും കേരള കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാറിനും എതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചു.കൊട്ടാരക്കര കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സരിത നൽകിയ കത്ത് വ്യാജമാണെന്ന് കാണിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.21 പേജുള്ള യഥാർത്ഥ കത്തിന് പകരം കോൺഗ്രസ് നേതാക്കൾക്കെതിരെ വിവാദ ആരോപണങ്ങൾ ഉന്നയിച്ചുള്ള പേജുകൾ ഗണേഷ് കുമാറിന്റെ അഭ്യർത്ഥന പ്രകാരം സരിത ഉൾപ്പെടുത്തുകയായിരുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.ഹർജി കോടതി അടുത്തമാസം പരിഗണിക്കും.