കോഴിക്കോട്:കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ 46586 പോയിന്റ് നേടി പാലക്കാട് ജില്ല ഒന്നാംസ്ഥാനത്തെത്തി.46359 പോയിന്റ് നേടിയ മലപ്പുറം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.46352 പോയിന്റ് നേടി ആതിഥേയരായ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്തെത്തി. സമാപനസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൌണ്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ കൈമാറി.അഞ്ച് വിഭാഗങ്ങളിലായി നാല് ദിവസം നടന്ന ശാസ്ത്രോത്സവത്തില്‍ ഏഴായരത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. സാമൂഹ്യശാസ്ത്രമേളയില്‍ കാസര്‍ഗോഡും തിരുവനന്തപുരവും ജേതാക്കളായി. പ്രവൃത്തി പരിചയമേളയില്‍ പാലക്കാട് ജില്ലയും ഐടി മേളയില്‍ കണ്ണൂര്‍ ജില്ലയും കീരീടം നേടി. ഗണിത ശാസ്ത്രമേളയില്‍ കണ്ണൂര്‍ ജില്ലയും ശാസ്ത്രമേളയില്‍ എറണാകുളവും കിരീടം സ്വന്തമാക്കി.സ്പെഷ്യല്‍ സ്കൂള് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളും ഇത്തവണത്തെ ശാസ്ത്രോത്സവത്തിന്റെ പ്രത്യേകതയായിരുന്നു.
മംഗളൂരുവിൽ നിന്നും കാസർകോട്ടേക്ക് കടത്തുകയായിരുന്ന 10,000 കിലോ റേഷനരി പിടികൂടി
കാസർകോഡ്:മംഗളൂരുവിൽ നിന്നും കാസർകോട്ടേക്ക് കടത്തുകയായിരുന്ന 10,000 കിലോ റേഷനരി പിടികൂടി.മംഗളൂരു ബി സി റോഡിൽ വെച്ചാണ് രണ്ട് ലോറികളിലായി കടത്തുകയായിരുന്ന റേഷനരി പോലീസ് പിടികൂടിയത്.പൊതുവിതരണ സംവിധാനം വഴി ദക്ഷിണ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യേണ്ട അരിയാണ് കാസർകോട്ടെ കരിഞ്ചന്തയിലേക്ക് കടത്താനുള്ള ശ്രമമുണ്ടായത്. 2.60 ലക്ഷം രൂപ വിലവരുന്ന 200 ചാക്ക് അരിയാണ് വാഹനപരിശോധനയ്ക്കിടെ മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്.ലോറികൾ നിർത്തിയ ശേഷം ഡ്രൈവർമാർ ഓടി രക്ഷപ്പെടുകയായിരുന്നു.
സൗദിയിൽ ജ്വല്ലറികളിലും സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു;ഒട്ടേറെ മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെടും
സൗദി:സൗദിയിൽ ജ്വല്ലറികളിലും സ്വദേശിവൽക്കരണം(നിതാഖാത്) നടപ്പിലാക്കുന്നു. ഡിസംബർ അഞ്ചുമുതൽ ഈ മേഖലയിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്ന് തൊഴിൽമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.ഈ തീരുമാനം ഡിസംബർ മൂന്നിന് പ്രാബല്യത്തിൽ വരുമെന്ന് തൊഴില്മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു.ഡിസംബർ മൂന്നുമുതൽ ജ്വല്ലറികളിൽ ജോലിചെയ്യുന്ന വിദേശികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കും.സ്വദേശികൾക്ക് അനുകൂലമായ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് സാമൂഹ്യ വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.മൊബൈൽഫോൺ വിപണിയിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കിയതിനു ശേഷമാണ് ജ്വല്ലറിമേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത്.റെന്റ് എ കാർ മേഖലയിലും വൈകാതെ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചിട്ടുണ്ട്.ഇതോടെ ഈ മേഖലകളിൽ തൊഴിൽചെയ്യുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ സ്ഥിതി കൂടുതൽ ഗുരുതരമാകും.ഇപ്പോഴത്തെ സാഹചര്യത്തിൽ തൊഴിൽ നഷ്ടമായാൽ നാട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് ഇവർ പറയുന്നു.സ്വദേശിവൽക്കരണം സംബന്ധിച്ച് അറിയിപ്പുകൾ ജ്വല്ലറി ഉടമകൾക്ക് മന്ത്രാലയം ഔദ്യോഗികമായി നൽകിത്തുടങ്ങി.
ഹാദിയയെ ഇന്ന് സുപ്രീം കോടതിയിൽ ഹാജരാക്കും
ന്യൂഡൽഹി:ഹാദിയയെ ഇന്ന് സുപ്രീം കോടതിയിൽ ഹാജരാക്കും.ഇന് വൈകുന്നേരം മൂന്നുമണിക്ക് ഹാദിയയെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനുമുന്നിലാണ് ഹാജരാക്കുക.കനത്ത സുരക്ഷയിലായിരിക്കും ഹാദിയയെ കോടതിയിൽ ഹാജരാക്കുക. ഷെഫിൻ ജഹാനും ഡെൽഹിയിലെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് വരുന്ന വഴി വിമാനത്താവളത്തിൽ വെച്ച് താൻ ഇസ്ലാമാണെന്നും തനിക്ക് ഭർത്താവിന്റെ ഒപ്പമാണ് പോകേണ്ടതെന്നും ഹാദിയ മാധ്യമങ്ങൾക്ക് മുന്നിൽ ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു.എന്നാൽ ഹാദിയയുടെ ഇപ്പോഴത്തെ മനോനില ശരിയല്ലെന്ന് ഹാദിയയുടെ അച്ഛൻ അശോകന്റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ വാദിക്കും.ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹബന്ധം ഹൈക്കോടതി റദ്ധാക്കിയത് ഇതേകാരണത്തിന്റെ പേരിലാണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചേക്കും.ഹദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എൻഐഎയും സുപ്രീം കോടതിയിൽ വാദിക്കും.ആശയം അടിച്ചേല്പിക്കപ്പെട്ട ഒരു വ്യക്തിക്ക് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയില്ലെന്നും എൻഐഎ കോടതിയിൽ അറിയിക്കും.ഉയർന്ന മനഃശാസ്ത്ര സമീപനങ്ങൾക്കും സിദ്ധാന്ത ഉപദേശങ്ങൾക്കും ഹാദിയ വിധേയയായിട്ടുണ്ടെന്നാണ് എൻഐഎ റിപ്പോർട്ടിൽ ആരോപിക്കുന്നത്.ഹാദിയയുടെ വാദം കേൾക്കുന്നത് അടച്ചിട്ട കോടതിമുറിക്കുള്ളിലാക്കണമെന്നു ആവശ്യപ്പെട്ട് പിതാവ് അശോകൻ സമർപ്പിച്ച ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ദിലീപ് ഇന്ന് ദുബായിയിലേക്ക് തിരിക്കും; സംശയദൃഷ്ടിയോടെ പോലീസ്
കൊച്ചി:നടൻ ദിലീപ് ഇന്ന് ദുബായിയിലെ കരാമയിലേക്ക് തിരിക്കും.ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച ദിലീപ് ഇന്ന് അങ്കമാലി കോടതിയിലെത്തി പാസ്പോർട്ട് കൈപ്പറ്റും.തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന വ്യാപാരസ്ഥാപനത്തിന്റെ ദുബായ് കരാമയിലുള്ള ശാഖയുടെ ഉൽഘാടത്തിനായാണ് ദിലീപ് ദുബായിലേക്ക് പോകുന്നത്.ഇതിനായി നാല് ദിവസത്തെ പ്രത്യേക അനുമതിയാണ് കോടതി ദിലീപിന് നൽകിയിരിക്കുന്നത്.ദിലീപിനൊപ്പം മകൾ മീനാക്ഷിയും ഭാര്യ കാവ്യാ മാധവനും വിദേശത്തേക്ക് പോകുന്നുണ്ട്.ദിലീപിന്റെ സുഹൃത്തും നടനുമായ നാദിർഷായുടെ ഉമ്മയാണ് സ്ഥാപനത്തിന്റെ ഉൽഘാടനം നിർവഹിക്കുക.എന്നാൽ ദിലീപിന്റെ വിദേശയാത്രയെ പോലീസ് സംശയദൃഷ്ടിയോടെയാണ് കാണുന്നത്.ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ വിദേശത്തേക്ക് കടത്തിയതായി പൊലീസിന് സംശയമുണ്ട്.കേസിലെ ഗൂഢാലോചന ദുബായിൽവെച്ചും നടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ ദിലീപ് വീണ്ടും വിദേശത്തേക്ക് പോകുന്നത് കേസിനെ ബാധിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
കണ്ണൂരിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു
കണ്ണൂർ:കണ്ണൂരിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു.കൂത്തുപറമ്പ് മാനന്തേരി മുടപ്പത്തൂരിലാണ് സംഭവം.കൊവ്വൽ ഹൗസിൽ എം.റിജു(32), കെ.അനിരുദ്ധ്(38) എന്നിവർക്കാണ് വെട്ടേറ്റത്.ഇന്നലെ രാത്രി പത്തുമണിയോടുകൂടിയാണ് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്.തലയ്ക്കും കൈകൾക്കും പരിക്കേറ്റ അനിരുദ്ധിനെ തലശ്ശേരി ഗവ.ആശുപത്രിയിലും റിജുവിനെ കൂത്തുപറമ്പ് ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
കനത്ത സുരക്ഷാ വലയത്തിൽ ഹാദിയ കേരളാ ഹൗസിൽ;കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂഡൽഹി:കനത്ത സുരക്ഷാ വലയത്തിൽ ഹാദിയയെ ഡൽഹിയിലെ കേരളാ ഹൗസിലെത്തിച്ചു.നാളെയാണ് കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്.കേരളാ ഹൗസും പരിസരവും കനത്ത പോലീസ് വലയത്തിനകത്താണ്.കേരളാ ഹൗസിലേക്കുള്ള വഴിയും പോലീസ് അടച്ചിരിക്കുകയാണ്.ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഹാദിയയുടെ സുരക്ഷാ ചുമതല ഡൽഹി പോലീസ് ഏറ്റെടുത്തു.വി ഐ പി ഗേറ്റ് വഴി ഹാദിയയെ പുറത്തെത്തിക്കുമെന്നാണ് പോലീസ് പറഞ്ഞതെങ്കിലും മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ഹാദിയയെ മറ്റൊരു ഗേറ്റിലൂടെ പോലീസ് പുറത്തെത്തിച്ചു.കേരളഹൗസിൽ മുൻപിലത്തെ ഗേറ്റിൽ കാത്തുനിന്നവരെ വീണ്ടും നിരാശരാക്കി പിന്നിലത്തെ ഗേറ്റ് വഴി ഹാദിയയെ കേരളഹൗസിനുള്ളിലെത്തിച്ചു.കേരളഹൗസിലേക്കുള്ള വഴിയടച്ച പോലീസ് അതിഥികളെയല്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കേരളഹൗസിലെ പൊതു കാന്റീനിലേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.അതേസമയം കനത്ത പോലീസ് സുരക്ഷയിലും ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ഹാദിയ മാധ്യമങ്ങളോട് സംസാരിച്ചത് സുരക്ഷാ വീഴ്ചയാണെന്നാണ് ആരോപണം.രണ്ടു ദിവസമായി ഹാദിയയുടെ വൈക്കത്തെ വീട്ടിൽ നിന്നുപോലും മാധ്യമങ്ങളെ പോലീസ് അകറ്റി നിർത്തിയിരിക്കുകയായിരുന്നു. ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചതിൽ ഡിജിപി ലോക്നാഥ് ബെഹ്‌റയും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ പയ്യന്നൂരിൽ തുടക്കമാകും
പയ്യന്നൂർ:കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ പയ്യന്നൂരിൽ തുടക്കമാകും. കലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.ഡിസംബർ ഒന്ന് വരെയാണ് കലോത്സവം നടക്കുക.14 വേദികളിലായാണ് മത്സരം നടക്കുക.27 ന് രാവിലെ എട്ടുമണിക്ക് പ്രധന വേദിയായ പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ രെജിസ്ട്രേഷൻ ആരംഭിക്കും.റോളിങ്ങ് ട്രോഫി കൈവശമുള്ളവർ രെജിസ്ട്രേഷന് മുൻപായി ട്രോഫികൾ കമ്മിറ്റിക്ക് കൈമാറണം.ഒമ്പതുമണിക്ക് വിദ്യാഭ്യാസ ഉപഡയറക്റ്റർ യു.കരുണാകരൻ പ്രധാന വേദിയിൽ പതാക ഉയർത്തുന്നതോടെ മത്സരങ്ങൾക്ക് തുടക്കമാകും. പത്തുമണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കലോത്സവം ഉൽഘാടനം ചെയ്യും.ആദ്യദിവസം സ്റ്റേജിനമത്സരങ്ങളായ പൂരക്കളി,ബാൻഡ് മേളം,നാടകം(അറബിക്) എന്നിവയാണ് അരങ്ങേറുക.
ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് ഭരണം എൽഡിഎഫിന്
ശ്രീകണ്ഠപുരം:ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു.തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെമ്പേരിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ അക്രമം നടന്നിരുന്നു.വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അക്രമങ്ങൾക്ക് ശേഷം ചെമ്പേരിയിലേക്കുള്ള പ്രധാന റോഡുകളെല്ലാം സിപിഎം പ്രവത്തകരുടെ നിയന്ത്രണത്തിലായിരുന്നു.നിലവിൽ ബാങ്ക് ഭരിച്ചിരുന്ന യുഡിഎഫ് അംഗങ്ങൾക്കും വോട്ടർമാർക്കും വോട്ടെടുപ്പ് കേന്ദ്രമായ ചെമ്പേരി സ്കൂളിന് സമീപത്തുപോലും എത്താൻ സാധിച്ചില്ല.
സിപിഎം-ബിജെപി സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു
തൃശൂർ:തൃശൂരിൽ സിപിഎം-ബിജെപി സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു.കഴിഞ്ഞ ദിവസം കൈപ്പമംഗലത്ത് ബിജെപി-സിപിഎം സംഘർഷത്തിൽ പരിക്കേറ്റ സതീശനാണ് മരിച്ചത്.അക്രമത്തിൽ പരിക്കേറ്റ സതീശനെ ഒളരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഞായറാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു.