കണ്ണൂർ:ഐഎസ് ബന്ധമുള്ള അഞ്ച് കണ്ണൂര്‍ സ്വദേശികളെ തിരിച്ചറിഞ്ഞതായി പോലീസ്.ഇ വരില്‍ നാല് പേര്‍ കുടുംബത്തോടൊപ്പമാണ് സിറിയയിലുളളത്. കുറ്റ്യാട്ടൂര്‍ ചെക്കിക്കുളത്തെ അബ്ദുള്‍ ഖയ്യൂബ്, വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫ്, ഭാര്യ മാങ്കടവ് സ്വദേശിനി ഷംസീറ, മൂപ്പന്‍പാറ സ്വദേശി ഷബീര്‍, ഭാര്യ നസിയ, ഇയാളുടെ ബന്ധു കൂടിയായ വളപട്ടണം മന്ന സ്വദേശി സുഹൈല്‍, ഭാര്യ റിസ്വാന, പാപ്പിനിശേരി പഴഞ്ചിറപ്പളളി സ്വദേശി സഫ്വാന്‍ എന്നിവരാണ് ഐഎസുമായി ബന്ധപ്പെട്ട് സിറിയയിൽ കഴിയുന്നതായി പൊലീസ് പറയുന്നത്.കഴിഞ്ഞ ദിവസം ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്തവരിൽ നിന്നുമാണ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.ഇവരുടെ ഫോട്ടോകളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
യുപിയില്‍ ബിസ്കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
യു.പി:യുപിയില്‍ ബിസ്കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.ഉത്തർപ്രദേശിലെ ബാധോഹിയിലുള്ള റായയിലെ ദീനദയാൽ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം.പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കുട്ടികളുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ സതീഷ് സിംഗ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കലക്റ്റർ ഉത്തരവിട്ടിട്ടുണ്ട്.
റായ്‌ബറേലി എൻടിപിസി പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി
യുപി:റായ്‌ബറേലി എൻടിപിസി പ്ലാന്റിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് പ്ലാന്‍റിലെ 500 മെഗാ വാട്ടിന്‍റെ ആറാമത്തെ യൂണിറ്റിലാണ് അപകടമുണ്ടായത്.സംഭവത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. അപകടം നടക്കുമ്പോൾ 150ഓളം തൊഴിലാളികൾ പ്ലാന്‍റിലുണ്ടായിരുന്നു.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 50,000 രൂപയും പരിക്കേറ്റവർക്ക് 25,000 രൂപയും അടിയന്തരസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പ്ലാന്റിലെ നീരാവി കടന്നു പോകുന്ന ബോയ്‌ലർ പൈപ്പ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ഇടുക്കിയിൽ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്
ഇടുക്കി:ഇടുക്കി ഏലപ്പാറ ചിന്നാറ്റിൽ സ്വകാര്യ ബസ്സ് തലകീഴായി മറിഞ്ഞ് 30 ഓളം പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കോഴിക്കോട് മുക്കത്ത് വീണ്ടും സംഘർഷം
കോഴിക്കോട്:ഗെയിൽ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തുന്നവരും പോലീസും തമ്മിൽ വീണ്ടും സംഘർഷം.കഴിഞ്ഞ ദിവസം ഇവിടെ നടന്ന സംഘർഷത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യാനായി ഇന്ന് പോലീസ് എത്തിയപ്പോഴാണ് വീണ്ടും സംഘർഷം ഉടലെടുത്തത്.വീടുകളിൽ ഒളിച്ചിരിക്കുകയായിരുന്ന സമരക്കാരെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചപ്പോൾ സമരക്കാർ ഇതിനെ എതിർത്തതാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ നടന്ന സംഘർഷത്തിൽ പോലീസുകാരുടെ ലാത്തി പ്രയോഗത്തിലും സമരക്കാരുടെ കല്ലേറിലും നിരവധിപേർക്ക് പരിക്കേറ്റിരുന്നു.സംഘർഷത്തിൽ അറസ്റ്റിലായവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ,വധശ്രമം,തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര ഇന്ന് കണ്ണൂർ ജില്ലയിലെത്തും
കണ്ണൂർ:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര ഇന്ന് കണ്ണൂർ ജില്ലയിലെത്തും.വൈകുന്നേരം അഞ്ചു മണിക്ക് ഒളവറ പാലത്തിനു സമീപം യുഡിഎഫ് നേതാക്കൾ യാത്രയെ സ്വീകരിക്കും. കണ്ണൂർ ജില്ലയിലെ ആദ്യപരിപാടി വൈകിട്ട് അഞ്ചുമണിക്ക് പയ്യന്നൂർ ഗാന്ധി മൈതാനത്തു നടക്കും.തുടർന്ന ആറുമണിക്ക് തളിപ്പറമ്പ് ടൌൺ സ്‌ക്വയറിലെ പരിപാടിയോട് കൂടി ആദ്യദിനത്തിലെ യാത്ര സമാപിക്കും.വെള്ളിയാഴ്ച രാവിലെ ഒൻപതു മണിക്ക് പഴയങ്ങാടിയിൽ നിന്നും യാത്ര പുനരാരംഭിക്കും.മൂന്ന് മണിക്ക് ചക്കരക്കൽ,നാലിന് തലശ്ശേരി,അഞ്ചു മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണർ എന്നിവിടങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും.ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീകണ്ഠപുരം,മൂന്നു മണിക്ക് ഇരിട്ടി ടൌൺ,നാലിന് മട്ടന്നൂർ ബസ്സ്റ്റാൻഡ് പരിസരം അഞ്ചിന് പാനൂർ ടൌൺ എന്നിങ്ങനെയാണ് ജില്ലയിലെ സ്വീകരണ പരിപാടികൾ.
രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകൾ തീർപ്പാക്കുന്നതിനായി പ്രത്യേക കോടതികൾ രൂപീകരിക്കും
ന്യൂഡൽഹി:രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകൾ തീർപ്പാക്കുന്നതിനായി പ്രത്യേക കോടതികൾ രൂപീകരിക്കും.ഇതിനായി ആറാഴ്ചയ്ക്കകം പദ്ധതി രൂപീകരിക്കാൻ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കണമെന്ന് 2014 ഇൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു.അന്നത്തെ കണക്ക് പ്രകാരം എംഎൽഎമാരും എംപിമാരുമായ 1581 പേർ ക്രിമിനൽ കേസുകൾ നേരിടുന്നുണ്ട്.ഇതിൽ എത്ര കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കിയെന്ന് അറിയിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു അഡ്വ.അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദേശം.പ്രത്യേക കോടതി സ്ഥാപിക്കണമെന്നുള്ള ഹർജിയിലെ ആവശ്യത്തോട് സുപ്രീം കോടതിയും സർക്കാറും യോജിക്കുകയായിരുന്നു.
രാജീവ് വധക്കേസ്;അഡ്വ.ഉദയഭാനു അറസ്റ്റിൽ
തൃപ്പൂണിത്തുറ:ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അഡ്വ.സി.പി ഉദയഭാനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.സഹോദരൻ പ്രതാപന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി എട്ടുമണിയോടെ ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.എന്നാൽ ഹിൽപാലസിനടുത്തുള്ള വീട്ടിൽ ഉണ്ടെന്നും കീഴടങ്ങാൻ സന്നദ്ധനാണെന്നും പോലീസിനെ അറിയിച്ചത് തങ്ങളാണെന്ന് ഉദയഭാനുവിന്റെ ബന്ധു പറഞ്ഞു.എന്നാൽ പോലീസ് ഈ വാദം തള്ളി.കേസിൽ ഏഴാം പ്രതിയായ ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കീഴടങ്ങാൻ സമയം വേണമെന്ന ഇയാളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
സിനിമ-സീരിയൽ മേഖലയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന മൂന്നുപേർ അറസ്റ്റിൽ
കൊച്ചി:സിനിമ-സീരിയൽ മേഖലയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന മൂന്നുപേർ അറസ്റ്റിൽ.ഏഴു കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ വയനാട് കൽപ്പറ്റ എംഎസ് ഹൗസ് റോഡ് മാട്ടിൽ നൗഷീർ,കൽപ്പറ്റ കമ്പളക്കാട് മമ്മുക്കൽ ഇജാസ്,ആലപ്പുഴ ചേർത്തല അരീപ്പറമ്പ് രായമരയ്ക്കാർ വീട്ടിൽ അനസ് എന്നിവരെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു.ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് കേരളത്തിലെത്തിക്കുന്നത്.മൂന്നു മാസത്തിനിടയിൽ ഇത്തരത്തിൽ ഏഴുപ്രാവശ്യം ഹാഷിഷും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കൾ കൊച്ചിയിൽ എത്തിച്ചതായി പ്രതികൾ പറഞ്ഞു.കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ചിത്രീകരണം നടക്കുന്ന സിനിമ-സീരിയൽ ലൊക്കേഷനുകളിൽ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കമ്മീഷണർ എംപി ദിനേശൻ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.കിലോയ്ക്ക് 4000 രൂപ നിരക്കിൽ ശേഖരിക്കുന്ന കഞ്ചാവ് 20,000 രൂപയ്ക്കാണ് വിറ്റിരുന്നത്.പ്രതികളിലൊരാളായ അനസ് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം നടത്തിയിരുന്ന കാറ്ററിങ് സ്ഥാപനത്തിന്റെ മറവിലാണ് സിനിമ-സീരിയൽ ലൊക്കേഷനിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നത്.
പൊയിലൂരിൽ സിപിഎം പ്രകടനത്തിന് നേരെ നടന്ന കല്ലേറിൽ പോലീസുകാരനുൾപ്പെടെ നിരവധിപേർക്ക് പരിക്ക്
കണ്ണൂർ:കോഴിക്കോട്-കണ്ണൂർ ജില്ലാ അതിർത്തിയായ പൊയിലൂരിൽ സിപിഎം പ്രകടനത്തിന് നേരെ നടന്ന കല്ലേറിൽ പോലീസുകാരനുൾപ്പെടെ നിരവധിപേർക്ക് പരിക്ക്.പത്തോളം വാഹനങ്ങളും തകർത്തു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.പൊയിലൂരിൽ സിപിഎം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബഹുജന പ്രകടനത്തിന് നേരെയാണ് ആക്രമണം നടന്നത്.അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.തലശ്ശേരി ഡിവൈഎസ്പി പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.