വിസ തട്ടിപ്പ് കേസിലെ പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി

keralanews the accused in the visa fraud case was caught at the airport

കണ്ണൂർ:വിസ തട്ടിപ്പ് കേസിലെ പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി.കൂത്തുപറമ്പ് പാറാൽ സ്വദേശി കുഞ്ഞിപ്പുരയിൽ അബ്ദുൽ റഷീദിനെയാണ് പെരിങ്ങോം എസ്‌ഐ മഹേഷ്.കെ.നായരും സംഘവും ചേർന്ന് കോഴിക്കോട് വിമാനത്താവളത്തിൽവെച്ച് പിടികൂടിയത്.മസ്‌ക്കറ്റിൽ നിന്നും മടങ്ങി വരുമ്പോഴാണ് ഇയാൾ പിടിയിലായത്. മാത്തിൽ, കുണ്ടയം കൊവ്വൽ,പാടിയോട്ടുചാൽ,സ്വദേശികളായ സജീഷ്,പ്രജിൻ,അബ്ദുൽ സലാം എന്നിവരിൽ നിന്നും വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതായാണ് കേസ്.കൊല്ലം ജില്ലയിലെ ചടയമംഗലത്തെ അഞ്ചുപേരിൽ നിന്നും വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ കേസിലും ഇയാൾ പ്രതിയാണ്.ഇയാളെ കോടതി റിമാൻഡ് ചെയ്തു.

തെറ്റായ വിവരങ്ങൾ നൽകി റേഷൻ മുൻഗണനപ്പട്ടികയിൽ ഇടം നേടിയവർക്കെതിരെ ഭക്ഷ്യവകുപ്പ് പ്രോസിക്യൂഷൻ നടപടിക്ക്

keralanews the food department will take action against those who give false information in the ration priority list

തിരുവനന്തപുരം:തെറ്റായ വിവരങ്ങൾ നൽകി റേഷൻ മുൻഗണനാ പട്ടികയിൽ ഇടം നേടിയവർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്കൊരുങ്ങി ഭക്ഷ്യവകുപ്പ്.തെറ്റായ വിവരങ്ങൾ നൽകിയവർക്ക് പട്ടികയിൽ നിന്നും പുറത്തു പോകാൻ ഭക്ഷ്യവകുപ്പ് നേരത്തെ സൗകര്യമൊരുക്കിയിരുന്നു.ഈ സൗകര്യം പ്രയോജനപ്പെടുത്താത്തവർക്കെതിരെ ആണ് നടപടിക്കൊരുങ്ങുന്നത്.ആഡംബര കാറുകൾ സ്വന്തമായുള്ളവർ പോലും റേഷൻ വാങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.നിലവിലെ നിയമമനുസരിച്ച് നാലുചക്ര വാഹനങ്ങൾ ഉള്ളവർക്ക് സൗജന്യ റേഷന് അർഹതയില്ല.റേഷൻ കാർഡ് പുതുക്കുമ്പോൾ കാർഡുടമകൾ സ്വയം സാക്ഷ്യപ്പെടുത്തിയ വിവരങ്ങളാണ് നൽകിയത്.ഈ വിവരങ്ങൾ അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.പട്ടികയിൽ കടന്നു കൂടാനാകാത്ത ആറരലക്ഷത്തോളം പേരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഇവയുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്.നവംബർ അവസാനത്തോടെ പരാതികൾ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്.നിലവിൽ അനർഹരായി കടന്നുകൂടിയവരെ ഒഴിവാക്കി അർഹരായവരെ ഉൾപ്പെടുത്തും.അതിനു ശേഷം മാത്രമായിരിക്കും പുതിയ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ സ്വീകരിക്കുക.

ഗെയിൽ വിരുദ്ധ സമരം;സമരസമിതി ഇന്ന് യോഗം ചേരും

keralanews anti gail strike the strike committee will meet today

കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ സമരം നടത്തുന്ന സമരസമിതി ഇന്ന് യോഗം ചേരും.സർക്കാർ സർവകക്ഷി യോഗം വിളിച്ചു ചേർത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്.എം.എ ഷാനവാസ് എം പിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.സംസ്ഥാന സർക്കാർ തിങ്കളാഴ്ച കോഴിക്കോട് കളക്റ്ററേറ്റിലാണ് സർവകക്ഷി യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.എന്നാൽ പൈപ്പ്‌ലൈൻ പ്രവർത്തനം നിർത്തി വെയ്ക്കാതെ യോഗത്തിൽ പങ്കെടുക്കില്ല എന്നാണ് സമരസമിതിയുടെ തീരുമാനം. അലൈൻമെന്റ് മാറ്റാതെ സമരത്തിൽ നിന്നും പിന്നോട്ടില്ല എന്നും സമരസമിതി വ്യക്തമാക്കുന്നു. പൈപ്പിടൽ ജനവാസ മേഖലയിൽ കൂടി ആകരുതെന്നും ഇവർ പറയുന്നു.അതേസമയം സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ നഷ്ടപരിഹാരം നല്കാൻ തങ്ങൾ തയ്യാറാണെന്ന് ഗെയിൽ അധികൃതർ വ്യക്തമാക്കി.ഭൂമിയുടെ ന്യായവിലയുടെ അൻപതു ശതമാനമാണ് നിലവിലെ നഷ്ടപരിഹാരം.ഇത് ഉയർത്താൻ സർക്കാർ തയ്യാറായാൽ തങ്ങൾ അതിനും തയ്യാറാണെന്ന് ഗെയിൽ അധികൃതർ അറിയിച്ചു.

വിഴിഞ്ഞം സമരം അവസാനിച്ചു

keralanews vizhinjam strike ended

വിഴിഞ്ഞം:വിഴിഞ്ഞത്ത് പ്രദേശവാസികൾ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. തിരുവനന്തപുരം ജില്ലാ കളക്റ്ററുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീർപ്പായത്.തുറമുഖ നിർമാണത്തെ നിശ്ചലമാക്കി കഴിഞ്ഞ പതിനൊന്നു ദിവസമായി ഇവിടെ സമരം നടക്കുകയായിരുന്നു.സമരം തുടങ്ങിയ ദിവസം തന്നെ കലക്റ്റർ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും നിർമാണം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരവുമായി സമരക്കാർ മുന്നോട്ട് പോവുകയായിരുന്നു. ഇതിൽ നിർമാണ കമ്പനിയായ അദാനി ഗ്രൂപ് അതൃപ്തി അറിയിച്ചതോടെയാണ് കലക്റ്റർ വീണ്ടും ചർച്ചയ്ക്ക് തയ്യാറായത്.തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സ്ഥിരം സമിതിയെ നിയോഗിക്കാൻ കലക്റ്റർ വിളിച്ചു ചേർത്ത ചർച്ചയിൽ ധാരണയായതോടെയാണ് സമരം അവസാനിപ്പിച്ചത്. എം.വിൻസെന്റ് എംഎൽഎ,വിഴിഞ്ഞം ഇടവക കമ്മിറ്റി ഭാരവാഹികൾ,ഹാർബർ സമിതി അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഗെയിൽ സമരസമിതി

keralanews gail action committee will not participate in the all party meet called by the govt

കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ നടക്കുന്ന സമരത്തിൽ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഗെയിൽ സമരസമിതി.പദ്ധതി നിർമാണം നിർത്തിവയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് സമരസമിതി. ഇന്ന് വൈകിട്ട് സമരസമിതി നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാകും അന്തിമ തീരുമാനമെടുക്കുക.തിങ്കളാഴ്ച കോഴിക്കോട് കളക്ട്രേറ്റിൽ യോഗം ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്.മന്ത്രി എ.സി  മൊയ്ദീനാണ് യോഗം വിളിച്ചത്.

ഗെയിൽ വിരുദ്ധ സമരം;സർക്കാർ സർവകക്ഷി യോഗം വിളിച്ചു

keralanews anti gail stir govt calls all party meet on monday

കോഴിക്കോട്:കോഴിക്കോട് മുക്കത്ത് നടക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈനിന് എതിരായുള്ള സമരത്തിൽ സർക്കാർ സർവകക്ഷിയോഗം വിളിച്ചു.തിങ്കളാഴ്ചയാണ് സർവകക്ഷി യോഗം ചേരുക.ഇന്ന് സമരപ്പന്തലിലെത്തിയ യുഡിഎഫ് നേതാക്കൾ പ്രധാനമായും മുന്നോട്ടുവെച്ച ആവശ്യങ്ങളിലൊന്നായിരുന്നു സർവകക്ഷി യോഗം വിളിച്ചു സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നുള്ളത്. വ്യവസായ മന്ത്രി എ.സി മൊയ്ദീനാണ് സർവകക്ഷിയോഗം വിളിക്കാൻ കളക്റ്റർക്ക് നിർദേശം നൽകിയത്.ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിക്കെതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നതായി മന്ത്രി വ്യക്തമാക്കിയിരുന്നു.പദ്ധതിയുടെ നിജസ്ഥിതി പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തുക എന്നതുകൂടിയാണ് സർവകക്ഷി യോഗത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

keralanews dileep demanded cbi enquiry in actress attack case

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് രംഗത്ത്.കേസിൽ തന്നെ കുടുക്കിയത് പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയും എഡിജിപി ബി.സന്ധ്യയും ചേർന്നാണെന്ന് ദിലീപ് ആരോപിച്ചു.കേസിൽ സിബിഐ അന്വേഷണം വേണമെന്നും അല്ലെങ്കിൽ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു സംഘത്തെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രെട്ടറിക്ക് കത്ത് നൽകിയിരുന്നു.പന്ത്രണ്ടു പേജുള്ള കത്ത് രണ്ടാഴ്ച മുൻപാണ് ദിലീപ് ആഭ്യന്തര സെക്രെട്ടറിക്ക് അയച്ചത്.റൂറൽ എസ്പി എ.വി ജോർജ്,ക്രൈം ബ്രാഞ്ച് എസ്പി സുദർശൻ,ഡിവൈഎസ്പി സോജൻ വർഗീസ്,ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയവരെ അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തണമെന്നും ദിലീപ് കത്തിൽ വ്യക്തമാക്കുന്നുണ്ട്.കത്തിലെ വിശദാംശങ്ങൾ ഇന്നാണ് പുറത്തു വന്നത്.

കോഴിക്കോട് മേപ്പയൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

keralanews many injured in a private bus accident in kozhikkode meppayoor

കോഴിക്കോട്:മേപ്പയൂർ ഹൈസ്കൂളിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. പേരാമ്പ്രയിൽ നിന്നും വടകരയിലേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്.സ്കൂളിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിലിടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു അപകടം നടന്നത്.ഇതേതുടർന്ന് ഈ റൂട്ടിൽ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

പഴശ്ശി കോവിലകം സർക്കാർ ഏറ്റെടുക്കും

keralanews the govt will take over the pazhassi kovilakam

മട്ടന്നൂർ:കേരള വർമ പഴശി രാജയുടെ പിൻതലമുറക്കാർ താമസിച്ചിരുന്ന പഴശി പടിഞ്ഞാറെ കോവിലകം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് സർക്കാർ ഏറ്റെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിലകവും അനുബന്ധ സ്ഥലവും അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും മട്ടന്നൂർ നഗരസഭ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.കോവിലകത്തിനോടുചേർന്നുള്ള ശിവ, വിഷ്ണു ക്ഷേത്രങ്ങൾ ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സണ്‍ ദേവസ്വം മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.കോവിലകം പൊളിച്ചുവിൽക്കാൻ ഉടമകൾ തീരുമാനിച്ചതോടെയാണ് കോവിലകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ നഗരസഭയും നാട്ടുകാരും രംഗത്തെത്തിയത്. ചരിത്രസ്മാരകമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കമ്മിറ്റി രൂപീകരിക്കുകയും സർക്കാരിൽ നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് വിശദമായ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ ഇരിട്ടി തഹസിൽദാരോട് സർക്കാർ നിർദേശിച്ചത്. സ്ഥലത്തിന്‍റെയും കോവിലകത്തിന്‍റെയും വില ഉൾപ്പെടെ കണക്കാക്കിയുള്ള റിപ്പോർട്ട് തയാറാക്കിയാണ് ജില്ലാ കളക്ടർ മുഖേന സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. കോവിലകം ഏറ്റെടുക്കാൻ നാലു കോടിയോളം രൂപ വേണ്ടിവരുമെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണ് വിവരം.യോഗത്തിൽ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ, മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ അനിത വേണു, വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, നഗരസഭ മുൻ ചെയർമാൻ കെ. ഭാസ്കരൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. റോജ, ഷാഹിന സത്യൻ, കൗണ്‍സിലർ വി.കെ. സുഗതൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, പഴശി രാജകുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ആർസിസിയിൽ നിന്നും രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച് ഐ വി ബാധയില്ലെന്ന് റിപ്പോർട്ട്

keralanews girl who received blood from rcc found not affected hiv

തിരുവനന്തപുരം:റീജണൽ കാൻസർ സെന്‍ററിൽ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധ ഉണ്ടായി എന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തൽ. ചെന്നൈയിലെ റീജണൽ ലാബിൽ നടത്തിയ രക്തപരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ബാധയില്ലെന്നു കണ്ടെത്തിയത്. ഡൽഹിയിലെ നാഷണൽ ലാബിൽനിന്നുള്ള പരിശോധനാ ഫലം കൂടി വന്നതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ട് പുറത്തുവിടാൻ കഴിയൂ എന്നും ആർസിസി അറിയിച്ചു.കഴിഞ്ഞ മാർച്ചിലാണു രക്താർബുദത്തെത്തുടർന്ന് കുട്ടി ആർസിസിയിൽ ചികിത്സയ്ക്കെത്തിയത്.ചികിത്സയുടെ ഭാഗമായി കുട്ടിക്കു റേഡിയേഷൻ തെറാപ്പി ചെയ്തു.അതിനു ശേഷം കുട്ടിയുടെ രക്തത്തിൽ കൗണ്ട് കുറഞ്ഞു. ഇതു പരിഹരിക്കാനായി ആർസിസിയിൽ നിന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തിയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്നു സംശയമുണർന്നത്.എന്നാൽ സംഭവത്തിൽ ആർസിസിയുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു.മാനദണ്ഡങ്ങൾ പാലിച്ചാണ് ആർസിസിയിൽ നിന്നും രക്തം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.