ന്യൂഡൽഹി:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ എ.കെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആന്റണിയെ ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.അടുത്ത 24 മണിക്കൂർ അദ്ദേഹം നിരീക്ഷണത്തിലായിരിക്കുമെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കി.
ചാലക്കുടി രാജീവ് വധക്കേസിലെ പ്രതി അഡ്വ.ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി:ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വ.ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.പ്രതിക്ക് ഇപ്പോൾ ജാമ്യം നൽകിയാൽ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പോലീസിന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.റിയൽ എസ്റ്റേറ്റ് ബ്രോക്കറായ രാജീവ് കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഉദയഭാനുവിന്റെ പോലീസ് അറസ്റ്റ് ചെയ്തത്.കേസിലെ മറ്റു പ്രതികളുമായും ഉദയഭാനുവിന് അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.ഇരിഞ്ഞാലക്കുട സബ്ജയിലിലാണ് ഉദയഭാനു ഉള്ളത്.
സിപിഎം പ്രവർത്തകന് കുത്തേറ്റു
നീലേശ്വരം:സിപിഎം പ്രവർത്തകന് കുത്തേറ്റു.ഗുരുതരമായി പരിക്കേറ്റ സിപിഎം ബ്രാഞ്ച് സെക്രെട്ടറി വിദ്യാധരനെ നീലേശ്വരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.ചൊവ്വാഴ്ച രാത്രി മടിക്കൈക്കടുത്ത് കാട്ടിപൊയിലിലാണ് സംഭവം.അതേസമയം സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും വ്യക്തി വിരോധമാണ് അക്രമത്തിനു കാരണമെന്നും പോലീസ് പറഞ്ഞു.
ഷെഫിൻ ജഹാന് ഹാദിയയെ കാണാൻ അനുമതി ലഭിച്ചു
സേലം:ഷെഫിൻ ജഹാന് ഹാദിയയെ കാണാൻ അനുമതി ലഭിച്ചു.ഷെഫിന് ഹാദിയയെ ക്യാമ്പസിനുള്ളിൽ വെച്ച് കാണാമെന്ന് കോളേജ് ഡീൻ അറിയിച്ചു.പോലീസിന്റെ സാന്നിധ്യത്തിലാകും സന്ദർശനം അനുവദിക്കുക.തന്റെ അനുമതിയോടെ ഷെഫിൻ ജഹാനുൾപ്പെടെ ആരെയും ഹാദിയയ്ക്ക് കാണാവുന്നതാകുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.ഹാദിയയ്ക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അനുമതിയില്ല.മെഡിക്കൽ പഠനം പൂർത്തിയാക്കുന്നതിനായി ഹാദിയയെ കോളേജ് ഹോസ്റ്റലിലെത്തിച്ചിരുന്നു.കോളേജിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് തമിഴ്‌നാട് പോലീസ് ഒരുക്കിയത്.ഹോസ്റ്റലിലും കോളേജിലും മുഴുവൻ സമയ സുരക്ഷയുണ്ടാകും.എന്നാൽ തനിക്ക് മുഴുവൻ സമയ സുരക്ഷ വേണ്ടെന്നു ഹാദിയ പറഞ്ഞു.പക്ഷെ തല്ക്കാലം പോലീസ് കൂടെയുണ്ടാകുമെന്നു കോളേജ് അധികൃതർ വ്യക്തമാക്കി.
മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധമായി ബസ്സോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ധാക്കി
ഇരിട്ടി:മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധമായി ബസ്സോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ധാക്കി.കണ്ണൂർ-ഇരിട്ടി റൂട്ടിലോടുന്ന പ്രസാദം ബസിലെ ഡ്രൈവർ ജിതേഷ് മാവിലായിയുടെ ലൈസൻസാണ് റദ്ധാക്കിയത്.ഇയാൾ മൊബൈലിൽ സംസാരിച്ചു കൊണ്ട് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ആരോപകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.ഇത് മോട്ടോർവാഹന വകുപ്പിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ എത്തിയതോടെയാണ് ഡ്രൈവർ കുടുങ്ങിയത്. ഇയാളുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കുകയും 1000 രൂപ പിഴയീടാക്കുകയും ചെയ്തു.മറ്റൊരു സംഭവത്തിൽ മോട്ടോർവാഹന വകുപ്പിലെ ജീവനക്കാർക്കെതിരെ സമൂഹ മാധ്യമത്തിലൂടെ അസഭ്യപദപ്രയോഗം നടത്തിയ ബസ് കണ്ടക്റ്റർക്കെതിരെയും നടപടിയെടുത്തു.കണ്ണൂർ-ഇരിട്ടി റൂട്ടിലോടുന്ന പാർത്ഥസാരഥി ബസിലെ കണ്ടക്റ്റർ രാജേഷ് വള്ളിത്തോടിനെതിരെയാണ് നടപടി.ഇയാളുടെ കണ്ടക്റ്റർ ലൈസൻസ് റദ്ധാക്കി. കാർ ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നു പറഞ്ഞ് മോട്ടോർവാഹന വകുപ്പിലെ ജീവനക്കാർക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതിനാണ് നടപടി.
എയ്ഡ്സ് ദിനാചരണം നാളെ മുതൽ
കണ്ണൂർ: ലോക എയ്ഡ്‌സ് ദിനത്തിന്‍റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, സന്നദ്ധ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.30 ന് രാവിലെ പത്തുമണിക്ക് കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ ജില്ലാതല ബോധവൽക്കരണ സെമിനാർ,സ്കിറ്റ് മത്സരം എന്നിവ സംഘടിപ്പിക്കും.വൈകുന്നേരം നാല് മണിക്ക് കളക്റ്ററേറ്റ് പരിസരത്ത് ബൈക്ക് റാലി,ആറുമണിക്ക് ദീപം തെളിയിക്കൽ എന്നിവയും നടക്കും.ഡിസംബർ ഒന്നിന് രാവിലെ 8.30 ന് ബോധവത്കരണ റാലിയും തുടർന്ന് ഒമ്പതിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാതല ഉദ്ഘാടനവും എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതരുടെ സംഗമവും നടക്കും.തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മേയർ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്,ജില്ലാ കലക്റ്റർ മിർ മുഹമ്മദലി തുടങ്ങിയവർ പങ്കെടുക്കും.ചോല,സ്നേഹതീരം,ഹെൽത്ത് ലൈൻ എന്നീ സുരക്ഷാ പ്രോജെക്റ്റുകളുടെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് രാവിലെ പതിനൊന്നു മണിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എയ്ഡ്സ് ബോധവൽക്കരണ പ്രദർശനം, കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിൽ രക്തദാന ക്യാമ്പ് എന്നിവയും സംഘടിപ്പിക്കും.
പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടി
പേരട്ട: പച്ചക്കറി കയറ്റി പോകുകയായിരുന്ന വാഹനത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.ഇന്നലെ വൈകുന്നേരം കിളിയന്തറ ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മിനി പിക്കപ്പ് വാനിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചു വച്ചനിലയിൽ 2550 പായ്ക്കറ്റ് ലഹരിവസ്തുക്കൾ പിടികൂടിയത്. കൂൾ ലിപ്പ് പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചൊക്ലിയിലെ സുരേഷ് ബാബു, വടകര അഴിയൂർ സ്വദേശി ഹനീഫ എന്നിവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
കോട്ടയത്ത് സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു
കോട്ടയം: കോടിമത നാലുവരി പാതയില്‍ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളം സ്പീച്ച്‌ലി കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ വിദ്യാര്‍ഥികളായ സ്വാമിനാഥന്‍, ഷെബിന്‍ ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെയും നില ഗുരുതരമാണ്. ഇരുവരെയും ആദ്യം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം സ്വാമിനാഥനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ബുധനാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു അപകടം. അപകടമുണ്ടാക്കിയ കോട്ടയം-ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
ഡൽഹിയിൽ കണ്ടെയ്നറിനുള്ളിൽ കിടന്നുറങ്ങിയ ആറുപേർ ശ്വാസംമുട്ടി മരിച്ചു
ഡൽഹി:ഡൽഹിയിൽ കണ്ടെയ്നറിനുള്ളിൽ കിടന്നുറങ്ങിയ ആറുപേർ ശ്വാസംമുട്ടി മരിച്ചു.രുദ്രാപൂർ സ്വദേശികളായ അമിത് പങ്കജ്,അനിൽ,നേപ്പാൾ സ്വദേശി കമൽ,ഗോരക്പൂർ സ്വദേശികളായ അവ്ധാൽ,ദീപ്‌ചന്ദ് എന്നിവരാണ് മരിച്ചത്.ശക്തമായ തണുപ്പിൽ നിന്നും രക്ഷനേടുന്നതിനായി കണ്ടെയ്നറിനുള്ളിൽ അടുപ്പുകൂട്ടി ഇവർ തീകാഞ്ഞിരുന്നു.ഇതിനു ശേഷം തീ കെടുത്താതെയാണ് ഇവർ കിടന്നുറങ്ങിയത്.ഇതാണ് ശ്വാസംമുട്ടി മരിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കേറ്ററിംഗ് മേഖലയിൽ ജോലി ചെയ്തിരുന്ന ഇവർ ഡൽഹി കണ്ടോൺമെൻറ് മേഖലയിലെ ഒരു വിവാഹത്തിന് ഭക്ഷണം ഒരുക്കാനെത്തിയതാണെന്ന് പോലീസ് പറഞ്ഞു.രാത്രി വൈകി സൂപ്പർവൈസറായ നിർമൽ സിങ് ഇവരെ വിളിച്ചപ്പോൾ ഇവർ പ്രതികരിക്കാത്തതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
തിരുവനന്തപുരത്ത് ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം:തിരുവനന്തപുരത്ത് ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി.നാലാഞ്ചിറയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സംഭവം.എറണാകുളം സ്വദേശികളായ റോയ്(45),ഭാര്യ ഗ്രേസ്(41) എന്നിവരെയാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും എത്തുമ്പോഴേക്കും രണ്ടുപേരുടെയും ശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.നാലാഞ്ചിറ പണയപ്പള്ളി റോഡിലെ നൂറ്റിഇരുപതാം നമ്പർ വീട്ടിലെ മുകളിലത്തെ നിലയിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്.താഴത്തെ നിലയിൽ വീട്ടുടമസ്ഥനാണ് താമസിക്കുന്നത്.മണ്ണന്തലയിൽ ഒരു സ്വകാര്യ ജോബ് കൺസൾട്ടൻസി സ്ഥാപനം നടത്തുകയായിരുന്നു റോയ്.ഇതുവഴി ഇയാൾക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും മെഡിക്കൽ കോളേജ് സ്റ്റേഷനിൽ റോയിക്കെതിരെ കേസുണ്ടെന്നും പോലീസ് പറയുന്നു.അപകടം നടക്കുന്നതിനു തൊട്ടുമുൻപ് ഷാഡോ പോലീസ് ഇവരുടെ താമസസ്ഥലത്തെത്തി വിവരം തിരക്കിയിരുന്നതായി സമീപവാസികൾ പറയുന്നു.പോലീസ് ഇവിടെനിന്നും മടങ്ങിയതിന്റെ തൊട്ടുപിന്നാലെ വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാർ ഉടനെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പാചകവാതക സിലിണ്ടറിൽ നിന്നാണ് തീപടർന്നതെന്നും പോലീസ് പറഞ്ഞു.