കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരായ കുറ്റപത്രം രണ്ടു ദിവസത്തിനകം സമർപ്പിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ.കുറ്റപത്രത്തിൽ ദിലീപ് ഏഴാം പ്രതിയാകുമെന്നാണ് സൂചന.ചില സാങ്കേതിക കാര്യങ്ങൾ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണ് കുറ്റപത്രം വൈകുന്നതെന്നും ബെഹ്‌റ പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് പുറത്തു വരുന്ന സൂചന.എങ്കിലും കുറ്റപത്രത്തിൽ പഴുതുകൾ ഒഴിവാക്കാനുള്ള പരിശോധനയാണ് ഇപ്പോൾ നടന്നു വരുന്നത്.നേരത്തെ പൊലീസിന് മൊഴി നൽകിയ ചില സാക്ഷികൾ കോടതിൽ മൊഴി മാറ്റി പറഞ്ഞിരുന്നു.ഇതാണ് ഇപ്പോൾ അന്വേഷണ സംഘത്തെ വട്ടം കറക്കുന്നത്.അതേപോലെ കേസിലെ മുഖ്യ തെളിവായ മൊബൈൽ കണ്ടെത്താനും ഇത് വരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ സ്കൂൾ ബസ് മറിഞ്ഞ് 20 കുട്ടികൾക്ക് പരിക്ക് .
തിരുവനന്തപുരം:തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ സ്കൂൾ ബസ് മറിഞ്ഞ് 20 കുട്ടികൾക്ക് പരിക്ക്.കുട്ടികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ വിദ്യാർത്ഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരത്തിന് ആവേശം പകർന്ന് ഇന്ത്യ-ന്യൂസീലൻഡ് 20-20 ക്രിക്കറ്റ് മത്സരം ഇന്ന് നടക്കും
തിരുവനന്തപുരം:29 വർഷങ്ങൾക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിന് തിരുവനന്തപുരം ഇന്ന് വേദിയാകുന്നു.ഇന്ത്യ-ന്യൂസീലൻഡ് 20-20 മത്സരത്തിന്റെ ആവേശത്തിലാണ് തലസ്ഥാന നഗരം.43,000 വരുന്ന കാണികളാണ് മത്സരത്തിനെത്തുന്നത്.ഇതിൽ 5000 പേർ ന്യൂസിലാൻഡിൽ നിന്നുള്ള ക്രിക്കറ്റ് പ്രേമികളാണ്.അതേസമയം തലസ്ഥാനത്ത് രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ആരാധകർ ആശങ്കയിലാണ്.ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.എന്നാൽ കളി തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപെങ്കിലും മഴ നിന്നാൽ കുഴപ്പമില്ലാതെ കളി നടത്താനാകുമെന്നു ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.വൈകുന്നേരം ഏഴുമണി മുതലാണ് മത്സരം ആരംഭിക്കുക.കാണികളെ ഉച്ചയ്ക്ക് ശേഷം സ്റ്റേഡിയത്തിലേക്ക് കടത്തി വിടും. കിവികൾക്കെതിരെ ഇതുവരെ 20-20 പരമ്പര നേടിയിട്ടില്ലെന്ന നാണക്കേട് ഇല്ലാതാക്കുകയെന്നതാണ് ഇന്ത്യയുടെ ലക്‌ഷ്യം.ഇന്ന് ജയിച്ചാൽ കിവികൾക്കെതിരെ കന്നി പരമ്പര വിജയം എന്ന ചരിത്ര നേട്ടം ടീം ഇന്ത്യക്ക് സ്വന്തമാക്കാം.
റേഷൻ സമരം;വ്യാപാരികളുമായി സർക്കാർ നാളെ ചർച്ച നടത്തും
തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.സമരം പരിഹരിക്കാനായി സർക്കാർ നാളെ റേഷൻ വ്യാപാരികളുമായി ചർച്ച നടത്തും. മന്ത്രി പി.തിലോത്തമന്റെ അധ്യക്ഷതയിൽ നാളെ ഉച്ച കഴിഞ്ഞ് രണ്ടുമണിക്കാണ് യോഗം ചേരുക.അതേസമയം സമരം ചെയ്യുന്ന റേഷന്‍കട ഉടമകളെ ഭീഷണിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടെന്നും മാസവേതന പക്കേജ് നടപ്പാക്കും വരെ സമരം തുടരുമെന്നും സമര സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് സർക്കാരും വ്യാപാരികളും തമ്മിൽ തർക്കം നടക്കുന്നത്.സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ച വ്യാപാരികൾ ഭക്ഷ്യ ധാന്യങ്ങൾ ഏറ്റെടുക്കാത്തതുമൂലം ടൺ കണക്കിന് ഭക്ഷ്യ ധാന്യങ്ങളാണ് സിവിൽ സപ്ലൈസ് ഗോഡൗണിൽ കെട്ടിക്കിടക്കുന്നത്.ഇത്തരത്തിൽ സമരം പുരോഗമിച്ചാൽ സംസ്ഥാനത്തിനുള്ള ഭക്ഷ്യ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കാനാണ് സാധ്യത.
ഗെയിൽ പദ്ധതി;അലൈൻമെന്റ് മാറ്റില്ലെന്ന് മന്ത്രി;സമരം തുടരണമോ എന്ന കാര്യത്തിൽ നാളെ തീരുമാനം എടുക്കുമെന്ന് സമരസമിതി
കോഴിക്കോട്:ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്നു മന്ത്രി എ.സി മൊയ്‌ദീൻ.പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം ഒത്തുതീർപ്പാക്കുന്നതിനായി ഇന്ന് കോഴിക്കോട് വിളിച്ചു ചേർത്ത സർവകക്ഷി സമ്മേളനത്തിന് ശേഷമായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഭൂമി വില വർധിപ്പിക്കാൻ സർക്കാർ പരമാവധി ഇടപെടുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾക്ക് ആവശ്യമായ എല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.വീടിന്‍റെ അഞ്ച് മീറ്റര്‍ അടുത്ത് കൂടി പൈപ്പ് ലൈന്‍ പോകുന്നെങ്കില്‍ വീടിന് സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചു സെന്‍റ് ഭൂമി മാത്രം ഉള്ളവരുടെ പുനരധിവാസം ഗെയില്‍ ഉറപ്പാക്കണം. ഇക്കാര്യം ഗെയില്‍ അധികൃതരുമായി സംസാരിക്കും. സുരക്ഷ സംബന്ധിച്ചും ഗെയിലുമായി കൂടുതല്‍ ചര്‍ച്ച നടത്തും.കേരളത്തിൽ മാത്രമല്ല മറ്റെവിടെയും പാരിസ്ഥിക ആഘാതമില്ലാതെ ഒരു വികസന പ്രവർത്തനവുമായി മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം സമരസമിതി മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ‍്യങ്ങൾ ചർച്ചയിൽ സർക്കാർ അംഗീകരിച്ചില്ല.ന്യായവില അനുസരിച്ചുള്ള നഷ്ടപരിഹാരത്തുക അംഗീകരിക്കില്ലെന്നും വിപണി വിലയുടെ നാലിരട്ടി വേണമെന്നും സമരസമിതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. ഇതോടെ സമരം പുനരാരംഭിക്കുന്നകാര്യം ചൊവ്വാഴ്ച തീരുമാനിക്കുമെന്നും സമരസമിതി വക്താക്കൾ അറിയിച്ചു.
കാസർകോട്ട് സിപിഎം-ബിജെപി സംഘർഷം;ആറുപേർക്ക് പരിക്ക്
കാസർകോഡ്:കാസർകോട്ട് സിപിഎം-ബിജെപി സംഘർഷം;ആറുപേർക്ക് പരിക്കേറ്റു.കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടിക്കിടെ ഉണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ബിജെപി ഓഫീസിനു നേരെയും കല്ലേറുണ്ടായി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവത്തിന്റെ തുടക്കം.പരിപാടിക്കിടയിൽ യുവാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി.ഇതിനിടയിൽ ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു.ഏഴുമണിയോടെ വീണ്ടും സംഘർഷമുണ്ടാകുകയും പോലീസ് സ്ഥലത്തെത്തി പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തു.എന്നാൽ രാത്രി അഡൂർ ടൗണിൽ പ്രവർത്തിക്കുന്ന ബിജെപി ഓഫീസിന്റെ ജനൽ ചില്ലുകൾ സിപിഎം പ്രവർത്തകർ എറിഞ്ഞു തകർത്തു.ഓഫീസിനു സമീപത്തെ കൊടിമരവും നശിപ്പിച്ചു.പിന്നീട് രാത്രി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായി.ഇവയുടെ ബൈക്കുകൾ തടഞ്ഞു നിർത്തി പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു.ഇപ്പോഴും സ്ഥലത്തു സംഘർഷാവസ്ഥ തുടരുകയാണ്.
കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു കത്തി ഒരു കുടുംബത്തിലെ നാലുപേരടക്കം ആറുപേർ വെന്തു മരിച്ചു
ആഗ്ര:ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേരടക്കം ആറുപേർ മരിച്ചു.ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു കത്തുകയായിരുന്നു.ഡൽഹിയിലെ ഒരു പ്രമുഖ മാളിന് സമീപം ഷോപ്പ് നടത്തുന്നവരുടെ കുടുംബവും അവരുടെ സുഹൃത്തുക്കളുമാണ് മരിച്ചത്. ആനന്ദ് കുമാർ സോണി,ഭാര്യ ഖുശ്‌ബു,മക്കൾ ആര്യൻ,ആരാധന,സോണിയുടെ സുഹൃത്ത് വിനയകുമാർ,അഭയ് കുമാർ എന്നിവരാണ് മരിച്ചത്.
പയ്യന്നൂരിൽ കെഎസ്‌യു നേതാവിന്റെ സ്മാരകസ്‌തൂപം തകർത്തു
പയ്യന്നൂർ:അന്നൂർ ശാന്തിഗ്രാമിൽ കെഎസ്‌യു നേതാവായിരുന്ന സജിത്ത് ലാലിൻറെ പേരിൽ സ്ഥാപിച്ച സ്മാരക സ്തൂപം തകർത്തു.ഇന്ന് രാവിലെയാണ് സ്തൂപം തകർത്ത നിലയിൽ കണ്ടത്.സമീപത്തെ തെരുവുവിളക്കുകളും നശിപ്പിച്ചിട്ടുണ്ട്.വർഷങ്ങൾക്ക് മുൻപ് കെഎസ്‌യു വൈസ് പ്രെസിഡന്റായിരുന്ന സജിത്ത് ലാലിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ ഭാഗമായി സ്തൂപത്തിനു പെയിന്റടിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തിരുന്നു.ഈ സ്തൂപമാണ് തകർത്തിരിക്കുന്നത്.അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വെകുന്നേരം അന്നൂരിൽ കോൺഗ്രസ് പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്.
മലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു
മലപ്പുറം:ഒറ്റപ്പാലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു.മലപ്പുറം ചങ്ങരംകുളം പന്താവൂർ ചീനക്കൽ പറമ്പിൽ മുസ്തഫയുടെ മകൻ ഫാസിൽ(19),കക്കിടിപ്പുറം പുളിക്കൽ അബ്ദുൽ സലാമിന്റെ മകൻ ഷാനാബാബു(20) എന്നിവരാണ് മരിച്ചത്.ഫാസിൽ സംഭവസ്ഥലത്തുവെച്ചും ഷാനാബാബു കൊളപ്പുള്ളി പി.കെ ദാസ് ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്.ഇന്നലെ രാവിലെ ഇവർ സഞ്ചരിച്ച ബൈക്ക് ഒറ്റപ്പാലത്തിനടുത്തുവെച്ചു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ബൈക്കിൽ കോയമ്പത്തൂരിൽ പോയി മടങ്ങിവരികയായിരുന്നു ഇരുവരും.
ക്ഷേമ പെൻഷനുകൾക്കുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങുമെന്ന് മന്ത്രി കെ.ടി ജലീൽ .
തിരുവനന്തപുരം:ക്ഷേമ പെൻഷനുകൾക്കുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങുമെന്ന് മന്ത്രി കെ.ടി ജലീൽ.ക്ഷേമ പെൻഷനുകൾ സർക്കാർ ബോധപൂർവ്വം പ്രവർത്തനരഹിതമാക്കിയിട്ടില്ല. നടപടികൾ സ്വീകരിക്കുന്നതിൽ സ്വാഭാവിക കാല താമസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. അർഹരായവർക്ക് അപേക്ഷ നൽകിയ കാലയളവ് മുതൽ പെൻഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ ജീവനക്കാരും ക്ഷേമ പെൻഷൻ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ-അർധസർക്കാർ ജീവനക്കാർ പെൻഷൻ വാങ്ങുന്നത് തടയുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. ഇത്തരക്കാരെ ഒഴിവാക്കുന്നതിലെ കാലതാമസമാണ് നിലവിൽ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.