കൂത്തുപറമ്പ്:കൂത്തുപറമ്പിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് നഗരസഭയിൽ ഇന്ന് സംഘപരിവാർ ഹർത്താൽ നടത്തും.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ തൊക്കിലങ്ങാടിയിൽ ആർഎസ്എസ് കൂത്തുപറമ്പ് കാര്യാലയത്തിനും ശ്രീനാരായണ മന്ദിരത്തിനും നേരെ അക്രമം നടന്നിരുന്നു.ആയുധങ്ങളുമായി എത്തിയ ഒരു സംഘം ബോംബെറിഞ്ഞ് ഭീതിപരത്തിയ ശേഷം ആർഎസ്എസ് കാര്യാലയത്തിന് നേരെ അക്രമം നടത്തുകയായിരുന്നു.ഉഗ്രശേഷിയുള്ള രണ്ടു സ്റ്റീൽ ബോംബുകളാണ് എറിഞ്ഞത്.ബോംബേറിൽ കാര്യലയത്തിന്റെ കോൺക്രീറ്റ് ചാരുപടിയുടെ ഒരുവശം തകർന്നു.ഇതിനു ശേഷമാണ് സമീപത്തുള്ള ശ്രീനാരായണ സേവാമന്ദിരത്തിനു നേരെ അക്രമം ഉണ്ടായത്.മന്ദിരത്തിന്റെ വാതിൽ തകർത്ത് അകത്തുകടന്ന അക്രമി സംഘം ശ്രീനാരായണ ഗുരുവിന്റെ വലിയ ചിത്രവും അടിച്ചു തകർത്തു.
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന അലങ്കാര മൽസ്യ വിപണിയിലെ നിയന്ത്രണം പിൻവലിച്ചു
ന്യൂഡൽഹി:കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന അലങ്കാര മൽസ്യ വിപണിയിലെ നിയന്ത്രണം പിൻവലിച്ചു.അലങ്കാര മത്സ്യങ്ങളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുള്ള അക്വാറിയം ആൻഡ് ഫിഷ് ടാങ്ക് അനിമൽസ് ഷോപ് നിയമം 2017 ആണ് പിൻവലിച്ചത്.ഇൻഡ്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ,വിവിധ സംസ്ഥാനങ്ങളിലെ കർഷകർ,കർഷക സംഘടനകൾ എന്നിവരുടെ ശക്തമായ ഇടപെടലുകളാണ് നിയന്ത്രണം പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഈ നിയന്ത്രണം മൂലം അലങ്കാര മൽസ്യ മേഖലയിൽ വളരെയധികം പ്രതിസന്ധി ഉയർന്നു വന്നിരുന്നു.ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിൽ കേരളം,തമിഴ്‌നാട്,ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് അലങ്കാര മൽസ്യ കർഷകരെയും വ്യാപാരികളെയും പ്രതികൂലമായി ബാധിക്കുമായിരുന്നു.
ഡൽഹിയിൽ കനത്ത പുകമഞ്ഞ്;ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂഡൽഹി:ഡല്‍ഹിയില്‍ പുകമഞ്ഞ് നിറഞ്ഞ് അന്തരീക്ഷം മലിനമായി.ഇതേതുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡൽഹിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സ്കൂളുകൾ തുറന്നു പ്രവർത്തിക്കരുതെന്നും വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും ഐഎംഎ നിർദേശിച്ചു.ഐഎംഎ നിർദേശത്തെ തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്കൂളുകൾക്ക് മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു.പുകമഞ്ഞിനെ തുടർന്ന് കാഴ്ചപരിധി കുറഞ്ഞതിനാൽ ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചതിനെ തുടര്‍ന്ന് 20 ലേറെ വിമാന സര്‍വീസുകള്‍ തടസപ്പെട്ടു.
പഴശ്ശി അണക്കെട്ടിന് മുകളിൽ കാർ നിയന്ത്രണം വിട്ട് കൈവരിയിടിച്ചു തകർത്തു
മട്ടന്നൂർ:പഴശ്ശി അണക്കെട്ടിന് മുകളിൽ കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി ഇടിച്ചു തകർത്തു.ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് സംഭവം.മട്ടന്നൂർ ഭാഗത്തു നിന്നും ഇരിക്കൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.നിയന്ത്രണം വിട്ട കാർ കൈവരിയിലിടിച്ചു നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.നടുവനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തൃശൂർ ജില്ലയിൽ ബുധനാഴ്ച ഹർത്താൽ
തൃശൂർ:തൃശൂർ ജില്ലയിൽ ബുധനാഴ്ച ഹർത്താൽ.ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ.ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുത്ത്.വൻ പോലീസ് സന്നാഹത്തോടെയാണ് ക്ഷേത്രം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്.
ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു
ഗുരുവായൂർ: പാർഥസാരഥി ക്ഷേത്രം വീണ്ടും മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. ഇന്നുപുലർച്ചെ നാലരയോടെ മലബാർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി.സി. ബിജു, മാനേജർ പി. ശ്രീകുമാർ എന്നിവർ പോലീസ് സംരക്ഷണയോടെ ക്ഷേത്രത്തിൽ എത്തിയാണ് ചുമതലയേറ്റത്. ക്ഷേത്ര ഭരണസമിതി നിയോഗിച്ചിരുന്ന മാനേജരിൽ നിന്ന് ഭണ്ഡാരത്തിന്‍റെയും ക്ഷേത്ര ലോക്കറിന്‍റെയും താക്കോലുകളും 53,000 രൂപയും ഏറ്റുവാങ്ങിയാണ് എക്സിക്യൂട്ടീവ് ഓഫീസർ ചുമതലയേറ്റെടുത്തത്.ഹൈക്കോടതി വിധിയെ തുടർന്ന് സെപ്റ്റംബർ 21ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ക്ഷേത്രം ഏറ്റെടുക്കാൻ എത്തിയിരുന്നെങ്കിലും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു സംഘടനകൾ ഇവരെ തടയുകയും സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് വീണ്ടും മലബാർ ദേവസ്വം ബോർഡ് കോടതിയെ സമീപിക്കുകയും ഉത്തരവ് നേടുകയും ചെയ്യുകയായിരുന്നു.സംഘർഷാവസ്ഥ ഉണ്ടാകുമെന്ന് കരുതിയാണ് പുലർച്ചെയെത്തി ചുമതലയേറ്റത്.മൂന്ന് ഡിവൈഎസ്പിമാർ, ആറ് സിഐമാർ, തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാനൂറോളം പോലീസ് സംഘം ജലപീരങ്കി ഉൾപ്പടെ സർവസന്നാഹത്തോടെ ക്ഷേത്രപരിസരത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്.
കണ്ണൂരിൽ സംഘർഷം; ബിജെപി പ്രവർത്തകന്റെ വീട് ആക്രമിച്ചു;രണ്ടു വാഹനങ്ങൾ നശിപ്പിച്ചു
കണ്ണൂർ:കണ്ണൂരിലെ ചാലിൽ സംഘർഷം.ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം നടന്നു.ഇന്ന് പുലർച്ചെ രണ്ടുമണിയോട് കൂടി ചാലിൽ അയ്യപ്പൻ കിണറിനു സമീപം ബിജെപി പ്രവർത്തകനായ ചാലിൽ മിയാൻ വീട്ടിൽ ഉണ്ണിയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.വീടിന്റെ മുൻവശത്തെ ചില്ലുകൾ അക്രമികൾ അടിച്ചു തകർത്തു.ഉണ്ണിയുടെ വീടിനു മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ചാലിൽ മണക്കാൻ വീട്ടിൽ പ്രശാന്ത്,കരിമ്പിൽ വീട്ടിൽ സുമേഷ് എന്നിവരുടെ ഓട്ടോകളും അക്രമികൾ അടിച്ചു തകർത്തു.ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്തതായി പരാതി
ധർമശാല:മാധ്യമ പ്രവർത്തകയെ ഹോട്ടലുടമയും സംഘവും കയ്യേറ്റം ചെയ്തതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 1.30 നാണു സംഭവം.ആക്രമണത്തിൽ പരിക്കേറ്റ സീൽ നെറ്റ്‌വർക്ക് ചാനൽ റിപ്പോർട്ടർ നീതു അശോകിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഹോട്ടലിനു സമീപം ദേശീയ പാതയിൽ ബസ്സ് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഹോട്ടലുകാരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു.ഇതറിഞ്ഞു ഇതേ കുറിച്ചുള്ള വാർത്ത ശേഖരിക്കാനായി എത്തിയതായിരുന്നു നീതുവും ക്യാമറാമാനും. എന്നാൽ ഹോട്ടലിലെത്തിയ ഇവരെ ഹോട്ടലുകാർ അസഭ്യം പറഞ്ഞുവെന്നും കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു.മാധ്യമ പ്രവർത്തകയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പാപ്പിനിശ്ശേരിയിലെ പത്രപ്രവർത്തകർ ആവശ്യപ്പെട്ടു.
കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കണ്ണൂർ:കണ്ണൂരിൽ രണ്ടു സ്ഥലങ്ങളിൽ നിന്നായി രണ്ടുപേരെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു.അഴീക്കോട് ചക്കരപ്പാറ ലക്ഷം വീട് കോളനിയിലെ അരുൺ കുമാറിനെ 22 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്.ഇയാൾ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.15 ഗ്രാം കഞ്ചാവുമായയാണ് അഴീക്കോട് നീർക്കടവ് സ്വദേശി പ്രജൂൺ അറസ്റ്റിലായത്.കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തു നിന്നാണ് ഇയാൾ പിടിയിലായത്.
മണ്ടൂർ ബസപകടം;ഡ്രൈവറെ റിമാൻഡ് ചെയ്തു
കണ്ണൂർ:പഴയങ്ങാടി മണ്ടൂരിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ബസ്സപകടത്തിൽ അപകടമുണ്ടാക്കിയ വിഗ്നേശ്വര ബസിന്റെ ഡ്രൈവർ രുധീഷിനെ കോടതി റിമാൻഡ് ചെയ്തു.നരഹത്യ കുറ്റത്തിനാണ് ഇയാളുടെ പേരിൽ കേസെടുത്തിരിക്കുന്നത്.ഇയാളുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കിയിട്ടുണ്ട്.രണ്ടുദിവസത്തെ പകരക്കാരനായിട്ടാണ് റുധീഷ് ഈ ബസ്സിൽ ഡ്രൈവറായി ജോലിക്കെത്തിയത്.മണ്ടൂരിലുണ്ടായ ബസ്സപകടത്തിന്റെ പശ്ചാത്തലത്തിൽ പഴയങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസുകളിൽ പോലീസ് മിന്നൽ പരിശോധന നടത്തി.വാഹനത്തിന്റെ ഫിറ്റ്നസ്,ഇൻഷുറൻസ് രേഖകൾ,ഡ്രൈവറുടെ ലൈസൻസ്,തുടങ്ങിയവ പോലീസ് പരിശോധിച്ചു.പരിശോധന തുടർന്നും നടക്കുമെന്ന് പോലീസ് അറിയിച്ചു. കൃത്യമായ രേഖകൾ ഇല്ലാതെയും മുന്കരുതലുകളെടുക്കാതെയും വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി