പാപ്പിനിശ്ശേരി:കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഹുക്കയുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ പന്തളത്തു സലീഷ് (32),വേളാപുരം പുതിയാണ്ടി ഹൗസിൽ ഷാനവാസ്(21) എന്നിവരെയാണ് പാപ്പിനിശ്ശേരി വേളാപുരത്തിനടുത്തു വെച്ച് എക്‌സൈസ് റേഞ്ച് ഓഫീസർ എം.ദിലീപും സംഘവും ചേർന്ന് പിടികൂടിയത്.സലീഷിന്റെ കയ്യിൽ നിന്നും 12 ഗ്രാം കഞ്ചാവും ഷാനവാസിന്റെ കയ്യിൽ നിന്നും 10 ഗ്രാം കഞ്ചാവും അത് വലിക്കാൻ ഉപയോഗിക്കുന്ന ഹുക്കയുമാണ് പിടികൂടിയത്.പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
തളിപ്പറമ്പ് സഹകരണ ബാങ്കിലെ മുക്കുപണ്ടപ്പണയ തട്ടിപ്പ്;മാനേജർക്ക് കോടതി ജാമ്യം അനുവദിച്ചു
കണ്ണൂർ:കണ്ണൂർ ജില്ലാ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ നടന്ന മുക്കുപണ്ടപ്പണയ തട്ടിപ്പുകേസിൽ അറസ്റ്റിലായ ബാങ്ക് മാനേജർ ഇൻ ചാർജ് ഇ.ചന്ദ്രന് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. തട്ടിപ്പ് നടത്തിയത് അസിസ്റ്റന്റ് മാനേജർ രമയാണെന്നും തട്ടിപ്പിനെ കുറിച്ച് ചന്ദ്രന് ഒന്നും അറിയില്ലായിരുന്നുവെന്നും കോടതി പറഞ്ഞു.നേരിയ ജാഗ്രത കുറവ് മാത്രമാണ് ഇയാളുടെ ഭാഗത്തു നിന്നും കണ്ടെത്താനായ പിഴവെന്നും ഇതിനാലാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണ്ണമെടുത്തു മറ്റു ബാങ്കുകളിൽ പണയം വെച്ചത് അസിസ്റ്റന്റ് മാനേജർ രമയാണ്.ലോക്കറിന്റെ താക്കോലിന്റെ കസ്റ്റോഡിയൻ ചന്ദ്രനാണെങ്കിലും അദ്ദേഹം സംഭവം അറിഞ്ഞിരുന്നില്ല.ആദ്യപരാതിയുമായി ഹസൻ എന്നയാൾ ബാങ്കിലെത്തിയപ്പോൾ ഈ പരാതി ബാങ്കിന്റെ ഹെഡ് ഓഫീസിൽ റിപ്പോർട് ചെയ്തതും വിശദമായ പരിശോധന നടത്തി തട്ടിപ്പ് കണ്ടെത്തിയതും ഇയാളുടെ ഇടപെടലോടെയാണെന്നും കോടതി നിരീക്ഷിച്ചു.
കണ്ണൂർ വിമാനത്താവളത്തിനടുത്ത് കോടികൾ വിലമതിക്കുന്ന ഭൂമി കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്ത കാസർകോഡ് സ്വദേശി പിടിയിൽ
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിനടുത്ത് കോടികൾ വിലമതിക്കുന്ന ഭൂമി കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്ത കാസർകോഡ് സ്വദേശി പിടിയിൽ.കാസർകോഡ് പാണത്തൂർ സ്വദേശി മാവുങ്കാൽ കുന്നിൽ വീട്ടിൽ എം.കെ മുഹമ്മദ് ആരിഫാണ് മട്ടന്നൂർ പോലീസിന്റെ പിടിയിലായത്.ഗൾഫിൽ വ്യവസായിയും കണ്ണപുരം സ്വദേശിയുമായ മോഹനന്റെ ഉടമസ്ഥതയിലുള്ള കീഴല്ലൂർ പഞ്ചായത്തിലെ എളമ്പാറ ക്ഷേത്രത്തിനടുത്ത് വിമാനത്താവള മതിലിനോട് ചേർന്ന 50 സെന്റ് ഭൂമിയാണ് വ്യാജരേഖകൾ ഉണ്ടാക്കി ആരിഫ് കൈക്കലാക്കിയത്. തട്ടിപ്പിൽ മറ്റു ചിലർക്കും ബന്ധമുള്ളതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്ഥലമുടമസ്ഥൻ മോഹനനാണെന്ന വ്യാജേന കണ്ണൂർ സ്വദേശിയാണ് സ്ഥലം തട്ടിയെടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.വിദേശത്തുള്ള മോഹനനാണ് താനെന്നു തെറ്റിദ്ധരിപ്പിച്ച് ഇയാളാണ് ഭൂമി ആദ്യം കൈക്കലാക്കിയത്.ഇതിനായി മോഹനന്റെ പേരിലുള്ള തിരിച്ചറിയൽ കാർഡും മറ്റുരേഖകളും വ്യാജമായി നിർമിച്ചു.ശേഷം റെജിസ്ട്രർ ഓഫീസിൽ നിന്നും സ്ഥലത്തിന്റെ രേഖയുടെ പകർപ്പ് എടുത്ത ശേഷം യഥാർത്ഥ ആധാരം നഷ്ടപ്പെട്ടതായി കാണിച്ചു പത്രത്തിൽ പരസ്യം നൽകുകയും ചെയ്തു.പിന്നീട് കണ്ണൂർ സ്വദേശി മോഹനാണെന്ന പേരിൽ സ്ഥലം പാണത്തൂരിലുള്ള മുഹമ്മദ് ആരിഫ് എന്നയാൾക്ക് സെന്റിന് 80,000 രൂപ എന്ന നിരക്കിൽ വിൽപ്പന നടത്തി. പിന്നീട് ഇയാൾ ഈ സ്ഥലം ഇരിട്ടി സ്വദേശിക്ക് മരിച്ചു വിൽക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.ഇതിനായി നാലു ലക്ഷം രൂപ അഡ്വാൻസും വാങ്ങി.സ്ഥലം വാങ്ങിയ ആൾ ഇവിടെയെത്തി മണ്ണ് നീക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ ഗൾഫിലുള്ള മോഹനനെ വിളിച്ചു കാര്യം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.വൻ ഭൂമാഫിയ സംഘത്തിലെ കണ്ണിയാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
സോളാർ കമ്മീഷൻ റിപ്പോർട്ട്:ഉമ്മൻചാണ്ടിയും പേർസണൽ സ്റ്റാഫും സരിതയെ രക്ഷിക്കാൻ ശ്രമിച്ചു;ഉമ്മൻ ചാണ്ടിയെ രക്ഷിക്കാനും ശ്രമം നടന്നു
തിരുവനന്തപുരം:വിവാദമായ സോളാർ കമ്മീഷൻ റിപ്പോർട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ വെച്ചു .കമ്മീഷൻ റിപ്പോർട്ടും നടപടിയും മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു.റിപ്പോർട്ട് സഭയിൽ വെച്ചതിനു പിന്നാലെ പ്രതിപക്ഷം മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബഹളം വെച്ചുവെങ്കിലും മുഖ്യമന്ത്രി റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയും പേർസണൽ സ്റ്റാഫും സോളാർ കേസിലെ പ്രതിയായ സരിത.എസ്.നായരെ സഹായിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു.അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ശ്രമിച്ചതായും റിപ്പോർട് ചൂണ്ടിക്കാട്ടുന്നു.പ്രത്യേക അന്വേഷണ സംഘത്തിനെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. അന്നത്തെ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദും സോളാർ ടീമിനെ സഹായിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് സഭാംഗങ്ങൾക്കും മാധ്യമങ്ങൾക്കു നൽകിയിട്ടുണ്ട്.
സോളാർ കമ്മീഷൻ റിപ്പോർട്ട് ഇന്ന് നിയമസഭയിൽ
തിരുവനന്തപുരം:സോളാർ കമ്മീഷൻ റിപ്പോർട്ട് ഇന്ന് നിയമസഭയിൽ.മുഖ്യമന്ത്രി പിണറായി വിജയൻ ആയിരത്തോളം പേജുകൾ വരുന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട് സഭയിൽ വെച്ചു.ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി റിപ്പോർട്ട് സഭയിൽ വെച്ചത്. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ എൻ എ ഖാദറിന്റെ സത്യപ്രതിജ്ഞയാണ് സഭയിൽ ആദ്യം നടന്നത്.തുടർന്നാണ് സോളാർ കമ്മീഷൻ റിപ്പോർട്ട് സഭയിൽ വെച്ചത്.അതേസമയം സോളാർ കമ്മീഷൻ റിപ്പോർട്ടിനെ പ്രതിരോധിക്കാൻ പ്രതിപക്ഷം മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.എന്നാൽ സോളാർ കമ്മീഷൻ റിപ്പോർട് പരിഗണിക്കാൻ മാത്രമാണ് സഭ ഇന്ന് ചേരുന്നതെന്നും മറ്റ് നടപടികൾ ഒന്നും ഉണ്ടാകില്ലെന്നും വ്യകത്മാക്കി സ്പീക്കർ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.ഇതേ തുടർന്ന് പ്രതിപക്ഷം ബഹളം വെച്ചെവെങ്കിലും സ്പീക്കർ സോളാർ റിപ്പോർട്ട് അവതരിപ്പിക്കാൻ മുഖ്യമന്ത്രിയെ ക്ഷണിക്കുകയായിരുന്നു.
കടലിൽ കാണാതായ കണ്ണൂർ സ്വദേശിയായ മറൈൻ എൻജിനീയർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു
കൊച്ചി:കഴിഞ്ഞ ദിവസം ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിൽ നിന്നും കടലിൽ വീണു കാണാതായ സെക്കന്റ് എൻജിനീയർ അലവിൽ ആറാംകോട്ടം സ്വദേശി വികസിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു.അപകടം നടന്ന് 72 മണിക്കൂർ തുടർച്ചയായി നേവിയും കോസ്റ്റ് ഗാർഡും ലക്ഷദ്വീപ് അഡ്മിനിസ്റ്റേഷന്റെ കപ്പലും തിരച്ചിൽ നടത്തിയിട്ടും ഫലമില്ലാത്തതിനെ തുടർന്നാണ് തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.അതേസമയം അപകടം നടന്ന എം.വി കൊടിത്തല എന്ന കപ്പൽ ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിച്ചേരും.
തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു
തിരുവനന്തപുരം:തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.നെടുവേലി ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി തോന്നയ്ക്കൽ കുടവൂർ സ്വദേശി ജിതിൻ ആണ് മരിച്ചത്.ജിതിൻ സഞ്ചരിച്ച ബൈക്ക് ടെമ്പോ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.ജിതിന്റെ ഒപ്പം സഞ്ചരിച്ച ഇതേ സ്കൂളിലെ രണ്ടു വിദ്യാർത്ഥികളെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവർ സഞ്ചരിച്ച ബൈക്ക് നാട്ടുകാവ് അമ്മാറുകുഴി വളവിൽ വെച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ വെമ്പായം ഭാഗത്തു നിന്നും കിൻഫ്രയിലേക്ക് ജീവനക്കാരെയും കൊണ്ട് പോവുകയായിരുന്ന ടെമ്പോ വാനിൽ ഇടിക്കുകയായിരുന്നു.ജിതിൻ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
ചിന്നാർ പുഴയിൽ സ്ത്രീയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി
ഇടുക്കി:ചിന്നാർ പുഴയിൽ സ്ത്രീയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.ചപ്പാത്തിനു സമീപം നാലാം മൈലിലാണ് പുഴയിലൂടെ മൃതദേഹം ഒഴുകി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിപ്പെട്ടത്.പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കനത്ത പുകമഞ്ഞ്;ഡൽഹിയിൽ പതിനെട്ടു കാറുകൾ കൂട്ടിയിടിച്ചു
ന്യൂഡൽഹി:കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ പതിനെട്ടു കാറുകൾ ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിച്ചു.ഡൽഹി എക്സ്പ്രസ് ഹൈവേയിലാണ് അപകടം.വ്യവസായ ശാലകളിൽ നിന്നും വാഹനങ്ങളിൽ നിന്നുമുള്ള പുകയും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പടക്കങ്ങൾ പൊട്ടിച്ചപ്പോഴുണ്ടായ പുകയും എല്ലാം ചേർന്ന് ഡൽഹിയിൽ കനത്ത പുകമഞ്ഞ് രൂപപ്പെടുകയായിരുന്നു.ഇരുപതു മീറ്റർ അടുത്തുള്ളയാളെ വരെ കാണാൻ പറ്റാത്ത വിധമാണ് പുകമഞ്ഞ് മൂടിയിരിക്കുന്നു.ഇതിനെ തുടർന്ന് ഡൽഹിയിലെ സ്കൂളുകൾക്ക് സർക്കാർ ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.രാവിലെ അത്യന്തം മലിനീകരിക്കപ്പെട്ട വായുവാണ് നേരിടേണ്ടി വരികയെന്നും അതിനാൽ രാവിലെ പുറത്തിറങ്ങിയുള്ള പഠനങ്ങളും കായിക മത്സരങ്ങളും ഒഴിവാക്കണമെന്നും ഡോക്റ്റർമാർ നിർദേശിച്ചിട്ടുണ്ട്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ 300 ശാഖകൾ പൂട്ടാനൊരുങ്ങുന്നു
ന്യൂഡൽഹി:പഞ്ചാബ് നാഷണൽ ബാങ്കിന്റെ 300 ശാഖകൾ പൂട്ടാനൊരുങ്ങുന്നു.നഷ്ടത്തിൽ പ്രവർത്തിക്കുന്ന 200 മുതൽ 300 ശാഖകൾ വരെയാണ് പൂട്ടാനൊരുങ്ങുന്നത്.ഈ ശാഖകൾ മറ്റു ശാഖകളുമായി ലയിപ്പിക്കുകയോ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയോ ചെയ്യാനാണ് തീരുമാനം.ഒരു വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് ഡയറക്റ്ററും സിഇഒയുമായ സുനിൽ മേത്ത അറിയിച്ചു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന ശാഖകൾ ലാഭത്തിലാക്കുകയാണ് ബാങ്കിന്റെ ലക്‌ഷ്യം.ഡിജിറ്റലൈസേഷന്റെ ഭാഗമായി ബാങ്കുകൾ ശാഖകൾ അടയ്ക്കുകയും ബിസിനസ് സെന്ററുകൾ കൂടുതൽ തുറക്കുകയുമാണ് ചെയ്യുന്നത്.