ഷാർജ:ഷാർജ ഖാലിദ് പോർട്ടിൽ നിർത്തിയിട്ടിരുന്ന ചരക്ക് ബോട്ടിനു തീപിടിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.തീപിടുത്തതിനുള്ള കാരണം അറിവായിട്ടില്ല.സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസ് സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥരും പോർട്ട് അധികൃതരും ചേർന്ന് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.ഷാർജ കോർണീഷ് റോഡിനു സമീപത്തായി നിർത്തിയിട്ടിരിക്കുകയായിരുന്ന ബോട്ടിൽ തീ കാണപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിക്കത്തി.ബോട്ടിൽ എന്താണ് ലോഡ് ചെയ്തിരുന്നതെന്ന് അറിവായിട്ടില്ല.ആളപായമില്ല.
പയ്യാവൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ശ്രീകണ്ഠപുരം:പയ്യാവൂർ പാറക്കടവിൽ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തോണിപ്പാറയിൽ ബാബുവിന്‍റെ (52) മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്‍റെ റിപ്പോർട്ട് പോലീസ് സർജൻ പി.ഗോപാലകൃഷ്ണപിള്ള ഇന്നു രാവിലെ ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷിന് കൈമാറി.ഉറക്കത്തിൽ തോർത്തോ, കയറോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊല നടത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.കഴുത്തിൽ മുറിവേറ്റതിന്‍റെ പാടുമുണ്ട്. നാവ് കടിച്ച നിലയിൽ പുറത്തേക്ക് തള്ളിയാണ് മൃതദേഹമുണ്ടായിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ബാബുവിന്റെ ഭാര്യ ജാൻസിയെയും വെന്പുവ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.ബുധനാഴ്ച രാവിലെ ഏഴോടെയാണ് ബാബുവിനെ വീടിനകത്ത് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ പതിവായി വീട്ടിൽ വഴക്ക് നടക്കാറുള്ളതായി നാട്ടുകാർ അറിയിച്ചതോടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഉച്ചയോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.
ശിശുദിന റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം:ശിശുദിന റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.കുട്ടികളുടെ അവകാശ നിഷേധമാണിതെന്നു കാണിച്ച് തിരുവനന്തപുരം സ്വദേശി വി.കെ വിനോദാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.തിരുവനന്തപുരത്തെ സ്കൂൾ കുട്ടികളെ അണിനിരത്തി എസ്എംവി സ്കൂൾ മൈതാനത്ത് സമ്മേളനവും റാലിയും സംഘടിപ്പിക്കാനുള്ള നീക്കം ചൂണ്ടിക്കാട്ടിയാണ് കുട്ടിയുടെ രക്ഷിതാവുകൂടിയായ വിനോദ് കോടതിയെ സമീപിച്ചിരിക്കുന്നത്.രാവിലെ ഏഴുമണിക്ക് കുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങി രാത്രി ഏഴുമണിയോടെ വീട്ടിലെത്തുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൊരിവെയിലത്ത് കുട്ടികളെ മൈതാനത്ത് അണിനിരത്തുന്നത് ഇവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇവരുടെ പ്രാഥമിക സൗകര്യങ്ങളെ കുറിച്ച് പോലും ആരും ചിന്തിക്കാറില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഐഎസ്എൽ ഫുട്ബോൾ;ടിക്കറ്റ് വിൽപ്പനയ്ക്ക് ഇന്ന് തുടക്കം
കൊച്ചി:2017-18 സീസണിലെ ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പനയ്ക്ക് ഇന്ന് തുടക്കമായി.കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഇന്ന് ടിക്കറ്റ് വിൽപ്പന ആരംഭിക്കുക.വൈകുന്നേരം നാല് മണിമുതൽ ഓൺലൈനിലൂടെയും ബുക്ക് മൈ ആപ്പിലൂടെയുമാകും ആരാധകർക്ക് ടിക്കറ്റുകൾ ലഭ്യമാകുക.ഈ മാസം 17 ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കൊൽക്കത്തയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകളാണ് ഇന്ന് മുതൽ ലഭ്യമാകുക.
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി
പെരുമ്പാവൂർ:പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് ഉച്ചതിരിഞ്ഞ് പെരുമ്പാവൂർ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡരികിലാണ് പാപ്പുവിന്റെ മൃതദേഹം കാണപ്പെട്ടത്.അസുഖ ബാധിതനായ പാപ്പു കഴിഞ്ഞ കുറച്ചു നാളായി ചികിത്സയിലായിരുന്നു.പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.അതേസമയം ജിഷയുടെ അമ്മയുടെ ഇപ്പോഴത്തെ ആഡംബര ജീവിതം സോഷ്യൽ മീഡിയകളിൽ അടുത്തിടെ വൈറലായിരുന്നു.മകളുടെ മരണ ശേഷം സർക്കാരിൽ നിന്നും മറ്റും ലഭിച്ച പണം പ്രവഹിച്ചതോടെ ധൂർത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് രാജേശ്വരി.
നഴ്‌സുമാരുടെ ശമ്പള വർധന;ആശുപത്രി മാനേജ്മെന്റുകളുടെ ഹർജി സുപ്രീം കോടതി തള്ളി
സോളാർ കമ്മീഷൻ റിപ്പോർട് സർക്കാർ തിരുത്തിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:സോളാർ കമ്മീഷൻ റിപ്പോർട് സർക്കാർ തിരുത്തിയെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു.റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതിനു പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥൻ ജസ്റ്റിസ് ജി.ശിവരാജനെ സന്ദർശിച്ചിരുന്നതായും ചെന്നിത്തല ആരോപിച്ചു. റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതിന് മുൻപ് പുറത്തു വിട്ടത് അവകാശലംഘനമാണ്. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ടിന്റെ പകർപ്പ് നല്കാൻ സർക്കാർ തയ്യാറായില്ല.ആരോപണത്തെ നേരിടാനുള്ള ശക്തി യു ഡി എഫിനുണ്ടെന്നും ഇന്ന് നിയമ സഭയിൽ സോളാർ കേസുമായി ഉന്നയിച്ച എല്ലാ കേസുകളും നിയമപരമായി നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനില്ലെന്ന് സിബിഐ
ന്യൂഡൽഹി:ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനില്ലെന്ന് സിബിഐ സുപ്രീം കോടതിയിൽ അറിയിച്ചു.ജിഷ്ണു കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്‍റെ ഹർജിയും കേസ് സിബിഐ ഏറ്റെടുക്കണമെന്ന ജിഷ്ണുവിന്‍റെ അമ്മ മഹിജ നൽകിയ ഹർജിയും പരിഗണിക്കുമ്പോഴാണ് സിബിഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കില്ല. കേസ് സിബിഐ ഏറ്റെടുക്കേണ്ട സാഹചര്യവും നിലവിലില്ല. കേസ് കേരള പോലീസ് അന്വേഷിച്ചാൽ മതിയെന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.എന്നാൽ വിജ്ഞാപനം വന്ന് നാലുമാസം കഴിഞ്ഞിട്ടും വിജ്ഞാപനത്തിനു മറുപടി നൽകാൻ വൈകിയ സിബിഐയെ വിമർശിച്ച സുപ്രീം കോടതി, വിഷയത്തിൽ രേഖാമൂലം തിങ്കളാഴ്ച മറുപടി നൽകാനും നിർദേശിച്ചു.ഇത്തരം നിലപാടുകളോട് യോജിക്കാൻ കഴിയില്ലെന്നും സർക്കാർ ആവശ്യപ്പെട്ടാൽ ഇടപെടേണ്ടി വരുമെന്നും കോടതി പറഞ്ഞു.കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ലോറി വീട്ടിലേക്ക് മറിഞ്ഞ് വീട് തകർന്നു
കൊയ്യോട്:ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ലോറി വീട്ടിലേക്ക് മറിഞ്ഞ് വീട് തകർന്നു. കൊയ്യോട്ട് അബ്ദുല്ല പീടികയ്ക്ക് സമീപത്തെ കൊടക്കാട്ടെരിച്ചാലിൽ ശ്രീജിത്തിന്റെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്.സമീപത്തെ വീട്ടിലേക്ക് കല്ല് കയറ്റി പോവുകയായിരുന്ന ലോറി മഴകാരണം നനഞ്ഞ ചെമ്മൺ റോഡിലൂടെ പോകുമ്പോൾ ഒരുവശം ഇടിഞ്ഞ് രണ്ടുമീറ്റർ താഴെയുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു.വീടിന്റെ കിടപ്പുമുറിയുടെ ചുമരിലേക്കാണ് മറിഞ്ഞത്.ഇതോടെ ചുമർ തകർന്ന് ജനാലയും കല്ലുകളും അകത്തേക്ക് വീണു.ശ്രീജിത്തിന്റെ മകൻ അഭിനന്ദ് അപകടസമയത്ത് മുറിക്കുള്ളിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഓടിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. വീടിന്റെ കിടപ്പു മുറിയും കക്കൂസും പൂർണ്ണമായും തകർന്നു.മറിഞ്ഞ ലോറിയിൽ ഡ്രൈവറുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
ബെംഗളൂരുവിൽ കള്ളനോട്ട് നിർമാണ കേന്ദ്രം നടത്തി വന്നിരുന്ന മൂന്നു മലയാളികൾ പിടിയിൽ
ബെംഗളൂരു:ബെംഗളൂരുവിൽ കള്ളനോട്ട് നിർമാണ കേന്ദ്രം നടത്തി വന്നിരുന്ന മൂന്നു മലയാളികൾ പോലീസ് പിടിയിൽ.പൂഞ്ഞാർ പുത്തൻവീട്ടിൽ ഗോൾഡ് ജോസഫ്(46),കാഞ്ഞങ്ങാട് സ്വദേശി മുക്കൂട്ടിൽ ശിഹാബ്(34),പൂഞ്ഞാർ പുത്തൻ വീട്ടിൽ വിപിൻ(22) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ പക്കൽ നിന്നും 31.40 ലക്ഷം രൂപയും ഇതുണ്ടാക്കാനുപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.19.40 രൂപ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകളും 12 ലക്ഷം രൂപ മൂല്യമുള്ള അഞ്ഞൂറിന്റെ നോട്ടുകളുമാണ് പിടികൂടിയത്.കൂടാതെ നാല് പ്രിന്ററുകൾ,രണ്ട് ലാപ്ടോപ്പ്,ഒരു സ്കാനർ,സ്ക്രീൻ പ്രിന്റിനുള്ള ഉപകരണം,നോട്ട് അച്ചടിക്കാനുള്ള 14 കിലോ കടലാസ് എന്നിവയും പിടിച്ചെടുത്തു.ഹൊസൂരിന് സമീപം ചന്തപ്പുരയിൽ വീട് വാടകയ്ക്ക് എടുത്താണ് ഇവർ കള്ളനോട്ട് നിർമാണം നടത്തിയിരുന്നത്. ഇത്തരത്തിൽ ഇവർ നിർമിച്ച ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന കള്ളനോട്ടുകൾ കേരളത്തിലും ബെംഗളൂരിലുമായി ഇവർ വിതരണം ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊടുവള്ളിയിൽ പെട്രോൾ പമ്പിൽ നിന്നും അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുമായി സാബു എന്നയാളെ പോലീസ് പിടികൂടിയിരുന്നു.പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും നൂറിലധികം കള്ളനോട്ടുകൾ പോലീസ് കണ്ടെത്തിയിരുന്നു.ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് ഷിഹാബാണ് ഇയാൾക്ക് കള്ളനോട്ട് നൽകിയതെന്നും ഹൊസൂരിൽ നിന്നാണ് ശിഹാബ് ഇത് സംഘടിപ്പിക്കുന്നതെന്നും പോലീസ് മനസ്സിലാക്കിയത്.ഇതിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി പോലീസ് ഹൊസൂരിൽ നടത്തിയ പരിശോധനയിലാണ് മൂന്നുപേരും പിടിയിലാകുന്നത്.