ഗൗരി നേഹയുടെ ആത്മഹത്യ;അധ്യാപികമാർക്ക് ഹൈക്കോടതി മുൻക്കൂർ ജാമ്യം അനുവദിച്ചു

keralanews gouri nehas suicide high court issued anticipatory bail for the teachers

കൊല്ലം:കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗൗരി നേഹ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ട്രിനിറ്റി സ്കൂളിലെ അധ്യാപികമാർക്ക് ഹൈക്കോടതി ഉപാധികളോടെ  മുൻ‌കൂർ ജാമ്യം അനുവദിച്ചു.ഈ മാസം പതിനേഴാം തീയതി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യമെടുക്കണമെന്നും കോടതി നിർദേശിച്ചു.18,19,20 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.മരിക്കുന്നതിന് തൊട്ടുമുൻപ് ഈ അദ്ധ്യാപികമാർ കുട്ടിയെ വിളിച്ചു കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും ടീച്ചർമാർ ഗൗരിയെ ചീത്തപറഞ്ഞെന്നും പ്രോസിക്യൂഷൻ വാദിച്ചു.ഈ കുട്ടിയോട് അദ്ധ്യാപികമാർ കാണിച്ചത് ക്രൂരതയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.എന്നാൽ തങ്ങൾ നിരപരാധികളാണെന്നും കേസിൽ അറിയാതെ പ്രതികൾ ആകുകയായിരുന്നുവെന്നും അദ്ധ്യാപികമാർ കോടതിയെ അറിയിച്ചു.ഇതേ തുടർന്നാണ് കോടതി ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണ സമിതിയുടെ കാലാവധി വെട്ടിക്കുറച്ചു സർക്കാർ തയ്യാറാക്കിയ ഓർഡിനൻസ് ഗവർണർ മടക്കി

keralanews the governor returned the ordinance which cut the term of travancore devaswom executive board

തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണ സമിതിയുടെ കാലാവധി വെട്ടിക്കുറച്ചു സർക്കാർ തയ്യാറാക്കിയ ഓർഡിനൻസ് ഗവർണർ മടക്കി.ബോർഡിന്റെ കാലാവധി രണ്ടുവർഷമാക്കി കുറച്ച തീരുമാനത്തിന്റെ അടിയന്തിര പ്രാധാന്യം വ്യക്തമാക്കാൻ ആവശ്യപ്പെട്ടാണ് ഗവർണർ ഓർഡിനൻസ് മടക്കിയത്.ഓർഡിനൻസിൽ ഒപ്പുവെയ്ക്കരുതെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും ബിജെപിയും ഗവർണറെ കണ്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ബോർഡിന്റെ കാലാവധി മൂന്നു വർഷത്തിൽ നിന്നും രണ്ടുവർഷമായി കുറച്ചു സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. പ്രയാർ ഗോപാലകൃഷ്ണൻ പ്രെസിഡന്റായ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷം തികയുന്നതിന് തലേദിവസമാണ് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്.

തലശ്ശേരി നഗരസഭാ ഉപാധ്യക്ഷയുടെ വീടിനു നേരെ അക്രമം

keralanews attack against thalasseri municipal vice chairpersons house

തലശ്ശേരി:തലശ്ശേരി നഗരസഭാ ഉപാധ്യക്ഷ നജ്മ ഹാഷിമിന്റെ വീടിനു നേരെ അക്രമം. അക്രമത്തിൽ നജ്മ ഹാഷിമിനും ഭർത്താവ് വി.സി ഹാഷിമിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു.ശനിയാഴ്ച രാത്രിയാണ് അക്രമം നടന്നത്.അക്രമത്തിൽ വീടിന്റെ ജാനാലകൾ തകരുകയും അടുക്കളഭാഗത്തു നിർത്തിയിട്ടിരുന്ന സ്കൂട്ടർ വെട്ടിക്കീറി  നശിപ്പിക്കുകയും ചെയ്തു. ജനാലചില്ല് തെറിച്ചാണ് നജ്മയ്ക്കും ഭർത്താവിനും പരിക്കേറ്റത്.അക്രമികളെ കണ്ടെത്താൻ സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.അതേസമയം വീടിനു നേരെയുണ്ടായ അക്രമത്തിനു ശേഷം നജ്മയുടെ മകളുടെ പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീടിന്റെ ചില്ലുകളും മറ്റും എറിഞ്ഞു തകർക്കുന്ന ശബ്ദം കേട്ട് ഭയന്ന് നിലവിളിച്ചതുകൊണ്ടാണ് കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്.ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് നജ്മയുടെ വീട് സന്ദർശിച്ചതിനു ശേഷം സിപിഎം ജില്ലാ സെക്രെട്ടറി പി.ജയരാജൻ പറഞ്ഞു.എന്നാൽ അക്രമത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആർഎസ്എസ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

പൊയിലൂരിൽ ബിജെപി-സിപിഎം സംഘർഷം

keralanews bjp cpm conflict in poyiloor

കൂത്തുപറമ്പ്:പൊയിലൂരിൽ ബിജെപി-സിപിഎം സംഘർഷം.അക്രമത്തിൽ ബിജെപി ബൂത്ത് കമ്മിറ്റി സെക്രെട്ടറിയും ഓട്ടോ ഡ്രൈവറുമായ ചമതക്കാട്ടെ അനീഷിന്(36) മർദനമേറ്റു.ഇയാളെ പാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.അക്രമത്തിനു പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.ഇന്നലെ വൈകുന്നേരം 3.30 ഓടെ മേപ്പാട്ടാണ് അക്രമം നടന്നത്. വൈകുന്നേരം നാലരമണിയോട് കൂടി സിപിഎം തട്ടിൽപീടിക ബ്രാഞ്ച് കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ  താഴത്തെ നിലയിലുള്ള കൈരളി സാംസ്ക്കാരിക കേന്ദ്രത്തിനു നേരെ അക്രമം നടന്നു.മുറിയിലുണ്ടായിരുന്ന കസേരകളും ഇരുമ്പലമാരയും അടിച്ചു തകർത്തു.ഓഫീസിനു സമീപമുണ്ടായിരുന്ന കൊടിമരവും തകർത്തു.അക്രമത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.സംഘർഷ സാധ്യത കണക്കിലെടുത്തു പൊയിലൂർ മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കി.ആക്രമണങ്ങളിൽ അഞ്ചു സിപിഎം പ്രവർത്തകർക്കെതിരെയും 10 ബിജെപി പ്രവർത്തകർക്കെതിരെയും കൊളവല്ലൂർ പോലീസ് കേസെടുത്തു.അനീഷിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വിളക്കോട്ടൂർ, പൊയിലൂർ പ്രദേശങ്ങളിൽ ഓട്ടോ പണിമുടക്കിന് ബിഎംഎസ് ആഹ്വാനം ചെയ്തു.

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സെക്രെട്ടറിയേറ്റ് വളയുന്നു

keralanews bjp protests in front of secretariat demanding thomas chandis resignation

തിരുവനന്തപുരം:ഭൂമി കയ്യേറ്റ പ്രശ്നത്തിൽ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ സെക്രെട്ടറിയേറ്റ് വളയുന്നു.മൂന്നു ഗെയ്റ്റുകൾ അടച്ചാണ് സംസ്ഥാന വ്യാപകമായി പ്രവർത്തകരെ അണിനിരത്തി ഉപരോധ സമരം. ജീവനക്കാർക്ക് സെക്രെട്ടറിയേറ്റിനു ഉള്ളിൽ കടക്കുന്നതിനായി ഒരു ഗേറ്റ് മാത്രമാണ് ഒഴിച്ചിട്ടിരിക്കുന്നത്.പത്തുമണിക്ക് സമരം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉൽഘാടനം ചെയ്യും.ഉപരോധത്തിൽ പങ്കെടുക്കുന്നതിനായി  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പ്രവർത്തകർ സെക്രെട്ടറിയേറ്റിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിന് സർക്കാരിന്റെ ഒത്താശയുണ്ട്.മുഖ്യമന്തി തോമസ് ചാണ്ടിയെ ഭയപ്പെടുന്നു.അഴിമതിയും അവിഹിത ബന്ധങ്ങളും ചേർന്ന രണ്ടു മൂലകങ്ങളാണ് സർക്കാരിനെ വേട്ടയാടുന്നതെന്നും തോമസ് ചാണ്ടിയെ പുറത്താക്കിയാൽ അദ്ദേഹം ഇത് പുറത്തു വിടുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നതായും ബിജെപി നേതാവ് കൃഷ്ണദാസ് ആരോപിച്ചു.

ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവം;ഗുരുവായൂരിൽ നിരോധനാജ്ഞ,ഹർത്താൽ

keralanews rss workers murder harthal in guruvayoor

ഗുരുവായൂർ:ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ തൃശൂർ ജില്ലയിലെ മൂന്നു പോലീസ് സ്റ്റേഷൻ പരിധിയിൽ കലക്റ്റർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുരുവായൂർ,ഗുരുവായൂർ ടെമ്പിൾ,പാവറട്ടി എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ഇന്നലെയാണ് ആർഎസ്എസ് പ്രവർത്തകനായ നെന്മിനി സ്വദേശി ആനന്ദ്(28) ഗുരുവായൂരിൽ വെട്ടേറ്റു മരിച്ചത്.കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് തൃശൂർ ജില്ലയിലെ മണലൂർ,ഗുരുവായൂർ നിയോജക മണ്ഡലങ്ങളിൽ ബിജെപി ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.നാല് വർഷം മുൻപ് സിപിഎം പ്രവർത്തകനായിരുന്ന ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്.ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു ആനന്ദ്. കാറിലെത്തിയ നാലംഗ സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ചെന്നൈയിൽ വീണ്ടും കനത്ത മഴ;സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

keralanews heavy rain in chennai holiday for school

ചെന്നൈ:ഞായറാഴ്ച രാത്രി മുതൽ കനത്ത മഴ പെയ്തതോടെ ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായി.മഴ ഇന്നും തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈ,തിരുവള്ളൂർ,കാഞ്ചിപുരം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അധികൃതർ അവധി പ്രഖ്യാപിച്ചു.ഒക്ടോബർ അവസാന വാരം പെയ്ത വടക്കുകിഴക്കൻ കാലവർഷവും ചെന്നൈയിൽ അതിശക്തമായിരുന്നു.ഇതേ തുടർന്ന് അടച്ചിട്ട സ്കൂളുകൾ കഴിഞ്ഞ  ചൊവ്വാഴ്ചയാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.2015 ഇൽ ഉണ്ടായ പ്രളയ ഭീതി നിലനിൽക്കുന്നതിനാൽ കനത്ത ജാഗ്രത നിർദേശമാണ് ചെന്നെയിൽ നൽകിയിരിക്കുന്നത്. ചെന്നൈയിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യത ഇപ്പോഴില്ലെന്നു ഇ പളനിസ്വാമി അറിയിച്ചിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നത്. ജയലളിത മുഖ്യമന്ത്രി ആയിരിക്കുമ്പോൾ നിർമാണം ആരംഭിച്ച വാട്ടർ ഡ്രെയിൻ പദ്ധതി അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

പായ്ക്കറ്റ് ചപ്പാത്തി കഴിച്ച മൂന്നു വയസ്സുകാരന് ഭക്ഷ്യ വിഷബാധയേറ്റു

keralanews three year old affected with food poisoning after he ate packet chappathi

തൃശൂർ:പായ്ക്കറ്റ് ചപ്പാത്തി കഴിച്ച മൂന്നു വയസ്സുകാരന് ഭക്ഷ്യ വിഷബാധയേറ്റു.ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അടുത്ത ബുധനാഴ്ച വരെ ഉപയോഗിക്കാം എന്ന കാലാവധി രേഖപ്പെടുത്തിയ പായ്‌ക്കറ്റിലെ എല്ലാ ചപ്പാത്തിയിലും പൂപ്പൽ ബാധിച്ചിരുന്നതായി കുട്ടിയുടെ പിതാവ് പറഞ്ഞു. ചപ്പാത്തിയിൽ വെളുത്ത പൊടി കണ്ടിരുന്നെങ്കിലും ഗോതമ്പ് പൊടി ആകുമെന്ന് കരുതി വീട്ടുകാർ ആദ്യം ശ്രദ്ധിച്ചില്ല.എന്നാൽ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മറ്റു ചപ്പാത്തികൾ ശ്രദ്ധിച്ചപ്പോഴാണ് പൂപ്പൽ ബാധ കണ്ടെത്തിയത്.സംഭവത്തിൽ ഭക്ഷ്യ വകുപ്പിന് പരാതി നൽകുമെന്ന് വീട്ടുകാർ അറിയിച്ചു.

നഷ്ടപരിഹാരം ഇരട്ടിയാക്കാനുള്ള സ​ർ​ക്കാ​ർ തീരുമാനം തള്ളി;സമരം തുടരുമെന്ന് ഗെയിൽ സമര സമിതി

keralanews the anti gail strike will continue

കോഴിക്കോട്:നഷ്ടപരിഹാരം ഇരട്ടിയാക്കാനുള്ള സർക്കാർ തീരുമാനം തള്ളിയ ഗെയിൽ വിരുദ്ധ സമര സമിതി സമരം തുടരുമെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങളാണ് സമര സമിതി തള്ളിയത്.ജനവാസ മേഖലകളിലൂടെയുള്ള ഗെയില്‍ വാതക പൈപ്പ് ലൈനിന്‍റെ അലൈന്‍മെന്‍റ് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് സമര സമിതി. ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി ലഭ്യമാക്കണം, ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്‍റെ അലൈന്‍മെന്‍റ് മാറ്റണം, സമരത്തിനിടെ അറസ്റ്റുചെയ്ത് ജയിലിലടച്ചവരെ വിട്ടയക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം തുടരുന്നത്.ഏഴ് ജില്ലകളില്‍ നിന്നുള്ള സമരസമിതി നേതാക്കളെ ഉള്‍പ്പെടുത്തി 18 ന് മുക്കത്ത് യോഗം ചേരാനും സമര സമിതി തീരുമാനിച്ചു.

ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു

keralanews rss activist killed in guruvayoor

തൃശൂർ:ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു.നെന്മിനി സ്വദേശി ആനന്ദിനെയാണ് വെട്ടിക്കൊന്നത്.ഇന്ന് ഉച്ചയ്ക്ക് 1.30 നാണ് സംഭവം.നാല് മാസം മുൻപ് സിപിഎം പ്രവർത്തകനായ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്. കാറിലെത്തിയ അക്രമി സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ ഇടിച്ചിട്ട ശേഷം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി പ്രാദേശിക നേതൃത്വം ആരോപിച്ചു.