തലശ്ശേരി:തലശ്ശേരി ജനറൽ ആശുപത്രിയിൽ അപ്പന്ഡിസെറ്റമി താക്കോൽദ്വാര ശസ്ത്രക്രിയ തുടങ്ങി.സർക്കാർ അനുവദിച്ച മുപ്പതുലക്ഷം രൂപ ചിലവ് വരുന്ന ലാപ്രോസ്കോപ്പ് ഉപകരണം ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.അടുത്തിടെയാണ് ഉപകരണങ്ങൾ ആശുപത്രിയിൽ സ്ഥാപിച്ചത്.സർജന്മാരായ ഡോ.ദേവരാജ്,ഡോ.ശ്യാംകൃഷ്ണൻ,അനസ്തറ്റിസ്റ്റ് ഡോ.കവിത എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.സ്വകാര്യ ആശുപത്രിയിൽ മുപ്പതിനായിരം രൂപയോളം ചെലവുവരുന്ന ഈ ശസ്ത്രക്രിയ സൗജന്യമായാണ് ഇവിടെ ചെയ്തുകൊടുക്കുന്നത്.താക്കോൽദ്വാര ശസ്ത്രക്രിയയാതിനാൽ ചെറിയമുറിവുമാത്രമേ ശരീരത്തിൽ ഉണ്ടാവുകയുള്ളൂ.ഇതിനാൽ പിറ്റേ ദിവസം തന്നെ രോഗിക്ക് ആശുപത്രിയിൽ നിന്നും പോകാം.പിത്താശയം നീക്കം ചെയ്യൽ,അണ്ഡാശയ മുഴ നീക്കംചെയ്യൽ,ഹെർണിയ,ഗർഭപാത്രം നീക്കം ചെയ്യൽ,വൻകുടലിലെ ശസ്ത്രക്രിയ എന്നിവയും ഇനി താക്കോൽദ്വാര ശസ്‌ത്രക്രിയവഴി ചെയ്യാൻ കഴിയും.
ചാല-നടാൽ ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നത് തുടർക്കഥയാകുന്നു
ചാല:ചാല-നടാൽ ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നത് തുടർക്കഥയാകുന്നു. ഭക്ഷണാവശിഷ്ടങ്ങളും കക്കൂസ് മാലിന്യമുൾപ്പെടെയുള്ളവയുമാണ് റോഡരികിൽ തള്ളുന്നത്. മൂന്നുമാസം മുൻപ് ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ബൈപാസ് റോഡരികുകൾ വൃത്തിയാക്കിയിരുന്നു.ഇതിനു ശേഷം കുറച്ചുനാളത്തേക്ക് മാലിന്യം തള്ളുന്നതിനു കുറവുണ്ടായിരുന്നു.മാലിന്യം തള്ളുന്നത് കാരണം ഇവിടെ തെരുവുനായകളുടെ ശല്യവും രൂക്ഷമാണ്.ഇതിനാൽ ചാല ബൈപാസ് കവലയിൽ ബസ്സിറങ്ങാൻ പലർക്കും ഭയമാണ്. റോഡരികുകളിൽ കടകളില്ലാത്തതു കാരണം സന്ധ്യകഴിഞ്ഞാൽ ഇതിലൂടെ ആൾസഞ്ചാരവും കുറവാണ്.ഇത് മാലിന്യം തള്ളാനെത്തുന്നവർക്ക് സഹായകരമാകുന്നു. റോഡിൽ നിന്നും സമീപത്തെ വയലിലേക്കാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നത്.
കണ്ണവത്ത് സിപിഎം നേതാക്കൾക്കുനേരെ ബോംബേറ്
കണ്ണൂർ:കണ്ണവത്ത് സിപിഎം നേതാക്കൾക്കുനേരെ ബോംബേറ്.ഇന്നലെ അർധരാത്രിയിലാണ് ബോംബേറുണ്ടായത്.സിപിഎം കൂത്തുപറമ്പ് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വ്യാഴാഴ്ച കണ്ണവത്ത് നടക്കുന്ന യുവജനസംഗമത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു ബോംബേറുണ്ടായത്. കാറിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് മുൻ പ്രെസിഡന്റും കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗവുമായ വി.ബാലൻ,കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം സി.ചന്ദ്രൻ എന്നിവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈദ്യുതിബന്ധം വിച്ഛേദിച്ചതിനു ശേഷമായിരുന്നു ആക്രമണം.സംഭവ സമയം പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇരുട്ടായതിനാൽ കൂടുതലൊന്നും ചെയ്യാനായില്ല.
നളിനി വധം;പ്രതിക്ക് ജീവപര്യന്തം തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും
തലശ്ശേരി:കമ്യുണിസ്റ്റ് നേതാവും എരഞ്ഞോളി പഞ്ചായത്തു പ്രെസിഡന്റുമായിരുന്ന കുണ്ടഞ്ചേരി കുഞ്ഞിരാമൻ മാസ്റ്ററുടെ മകൾ നളിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കർണാടക ചിക്കമംഗ്ലൂർ സ്വദേശി നസീറിന് ജീവപര്യന്തം തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും.നളിനിയെ(67) കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം പണവും ആഭരണങ്ങളും കവർന്നെന്നാണ് കേസ്. 2010 ഒക്ടോബർ 31 ന് രാവിലെ വീടിന്റെ അടുക്കളയോട് ചേർന്ന മുറിയിലാണ് നളിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.അടുത്തുള്ള സഹോദരിയുടെ വീട്ടിൽ രാത്രി ഉറങ്ങിയതിന് ശേഷം രാവിലെ സ്വന്തം വീട്ടിലേക്ക് വന്ന നളിനിയുടെ പിന്നാലെയെത്തിയ പ്രതി വീട്ടിനുള്ളിൽ കടന്ന് മാല പൊട്ടിക്കാൻ ശ്രമിച്ചു.ആളെ നളിനി തിരിച്ചറിഞ്ഞതോടെ ഇയാൾ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.ചിക്കമംഗളൂർ സ്വദേശിയായ നസീർ വിവാഹ ശേഷം വാടകവീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു. എരഞ്ഞോളി കുടക്കളത്തെ വാടകവീട്ടിൽ താമസിക്കുമ്പോഴാണ് കൊലപാതകം നടത്തിയത്.
നടനും മിമിക്രി താരവുമായ അബി അന്തരിച്ചു
എറണാകുളം:പ്രശസ്ത നടനും മിമിക്രി താരവുമായ അബി(56) അന്തരിച്ചു.അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.രക്തത്തിൽ പ്ലേറ്റ്ലറ്റ്സ് കുറയുന്ന അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അബി.ഇന്ന് രാവിലെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.അമിതാഭ് ബച്ചൻ അഭിനയിച്ചിട്ടുള്ള പരസ്യങ്ങൾക്ക് മലയാളത്തിൽ ഡബ്ബ് ചെയ്തിരുന്നത് അബി ആയിരുന്നു.കലാഭവനിലൂടെ മിമിക്രി രംഗത്തെത്തിയ അബി അൻപതിലേറെ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.താത്ത എന്ന ഹാസ്യകഥാപാത്രത്തിന്റെ ഉപജ്ഞാതാവും അബി ആണ്.യുവ നടൻ ഷെയ്ൻ നിഗം മകനാണ്.
മുൻമന്ത്രി ഇ.ചന്ദ്രശേഖരൻ നായർ അന്തരിച്ചു
തിരുവനന്തപുരം:മുതിർന്ന സിപിഐ നേതാവും മുൻമന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരൻ നായർ(89) അന്തരിച്ചു.ആദ്യ കേരള നിയമസഭയിൽ അംഗമായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളാവുകയും ബുധനാഴ്ച രാവിലെ മരണപ്പെടുകയുമായിരുന്നു. 1928 ഡിസംബർ രണ്ടിനാണ് ജനനം.ഗണിതശാസ്ത്രത്തിലും നിയമത്തിലും ബിരുദമുള്ള ഇദ്ദേഹം കൊട്ടാരക്കര ഹൈസ്കൂളിൽ കണക്ക് അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചിരുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം,ദേശീയ കൺട്രോൾ കമ്മീഷൻ അംഗം,സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ,എന്നീ നിലകളിൽ പ്രവർത്തിച്ചു.സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ മുൻ മാനേജിങ് എഡിറ്ററാണ്.ഒന്നാം കേരള നിയമസഭയിൽ ഭൂപരിഷ്‌ക്കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി അംഗമായിരുന്നു.കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം,മികച്ച പാർലമെന്റേറിയനുള്ള ആർ.ശങ്കരനാരായണൻ തമ്പി പുരസ്ക്കാരം,മികച്ച സഹകാരിക്കുള്ള സദാനന്ദൻ അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ പൊതുദർശനത്തിനു വെയ്ക്കും.12 മണിക്ക് കവടിയാർ പണ്ഡിറ്റ് കോളനിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.ഉച്ചയ്ക്ക് 2.30 ന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടുകൂടി സംസ്‌കരിക്കും.
കണ്ണൂർ വാരത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കണ്ണൂർ:കണ്ണൂർ വാരം പെട്രോൾ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് അപകടം നടന്നത്.ചട്ടുകപ്പാറ കുട്ട്യാട്ടൂർ പഞ്ചായത്ത് ഓഫീസിനു സമീപം കാനാക്കൽ ലക്ഷ്മണൻ(52),ചെറുപഴശ്ശി ചാലാടൻ വീട്ടിൽ രാജൻ(60) എന്നിവരാണ് മരിച്ചത്. ലക്ഷ്മണൻ സംഭവസ്ഥലത്തുവെച്ചും രാജൻ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന പ്രസാദം ബസ് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് പെട്രോൾ പമ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. Read more
കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് കേന്ദ്രം പിൻവലിക്കുന്നു
ന്യൂഡൽഹി:കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പിൻവലിക്കാനൊരുങ്ങുന്നു.ദേശീയമാധ്യമമായ ഇന്ത്യൻ എക്സ്പ്രെസ്സാണ് ഇതുസംബന്ധിച്ചുള്ള വാർത്ത പുറത്തുവിട്ടത്.സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരവ് പിൻവലിക്കുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഈ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു.കാർഷിക ആവശ്യങ്ങൾക്കല്ലാതെ കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം മെയ് 23 നാണ് പുറത്തിറക്കിയത്.1960 ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ 38 ആം ഉപവകുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടങ്ങൾക്ക് രൂപം നൽകി വിജ്ഞാപനം ഇറക്കിയത്. കാള,പശു,പോത്ത്,ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്റെ പരിധിയിൽ ഉണ്ടായിരുന്നത്.
തെക്കൻ കേരളത്തിൽ കനത്ത മഴ;നെയ്യാർ ഡാമിന്റെ ഷട്ടർ തുറന്നു
തിരുവനന്തപുരം:തെക്കൻ കേരളത്തിൽ കനത്ത മഴ.മഴ നാളെവരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.കന്യാകുമാരിക്ക് സമീപം രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതാണ് മഴ ശക്തിപ്പെടാൻ കാരണം.കഴിഞ്ഞ ദിവസം രാത്രി മുതലാണ് തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെട്ടത്.7 മുതൽ 11 സെന്റിമീറ്റർ വരെ മഴപെയ്യുമെന്നാണ് അറിയിപ്പ്.മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പലയിടങ്ങളിലും കടൽ പ്രക്ഷുബ്ധമായതിനാൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി ജില്ലകളിൽ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു.ഡാമിന്റെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയുടെ വിവിധപ്രദേശങ്ങളിൽ കനത്ത കാറ്റിലും മഴയിലും പലയിടത്തും മരങ്ങൾ വീണതിനെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. Read more
കൺസെഷൻ തർക്കം;ബസ് ജീവനക്കാരൻ വിദ്യാർത്ഥികളെ കുത്തിപ്പരിക്കേൽപ്പിച്ചു
അരൂർ:ബസിൽ കയറ്റാത്തത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ജീവനക്കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു.എറണാകുളം-നെട്ടൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്‌ളീനറാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്.മരട് ഐടിഐയിലെ വിദ്യാർത്ഥികളായ ജിഷ്ണു ജ്യോതിഷ്,ഗൗതം, അഭിജിത് എന്നിവർക്കാണ് കുത്തേറ്റത്.ഇവരെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് കൺസെഷൻ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വിദ്യാർത്ഥികളെ ആക്രമിച്ച ബസ് ജീവനക്കാരെയും ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.