ഡാളസ്:അമേരിക്കയിലെ ടെക്സസിൽ മൂന്നു വയസുകാരി ഷെറിൻ മാത്യൂസ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വളർത്തമ്മ മലയാളി സിനി മാത്യൂസ് അറസ്റ്റിൽ. മൂന്നു വയസുകാരിയെ വീട്ടിൽ തനിച്ചാക്കിയത് അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. കേസിൽ ഭർത്താവ് വെസ്‌ലി മാത്യൂവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യുവും ഭാര്യ സിനിയും ചേർന്ന് ബിഹാറിലെ മദർ തെരേസ അനാഥ് സേവാ ആശ്രമത്തിൽ നിന്നാണ് ഷെറിനെ ദത്തെടുത്ത്.ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഷെറിനെ കാണാതാവുന്നത്.വളർച്ചാപ്രശ്നം നേരിടുന്ന കുട്ടി പാലു കുടിക്കാൻ വിസമ്മതിച്ചപ്പോൾ വീടിനു പുറത്തുനിർത്തി ശിക്ഷിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കാണാതാകുകയുമായിരുന്നെന്നാണ് വെസ്‌ലി പോലീസിന് നല്‍കിയ മൊഴി.എന്നാൽ രണ്ടാഴ്ചയ്ക്കു ശേഷം തിങ്കളാഴ്ച കുഞ്ഞിന്‍റേതെന്നു കരുതുന്ന മൃതദേഹം വീട്ടിൽനിന്ന് മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തി.എന്നാൽ പിനീടുള്ള ചോദ്യം ചെയ്യലിൽ നിർബന്ധിച്ചു പാലു കുടിപ്പിച്ചപ്പോൾ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കാസർകോട്ടെ വീട്ടമ്മയുടെ കൊലപാതകം;പ്രതി പിടിയിൽ
കാസർകോഡ്:കാഞ്ഞങ്ങാട് വീട്ടമ്മയെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായി.ലീലയുടെ വീട്ടിൽ തേപ്പുപണിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശി അപുൽഷെയ്ക്കാണ്(20) അറസ്റ്റിലായത്.സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ നാല് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.മൂന്നു ദിവസം മുൻപാണ് ഇയാൾ മറ്റു തൊഴിലാളികൾക്കൊപ്പം ഇവിടെ ജോലിക്കെത്തിയത്. അപുൽഷെയ്ക്ക് പണിയെടുക്കുന്നില്ലെന്നും ഇയാളെ പണിക്ക് വേണ്ടെന്നും ലീല കരാറുകാരനോട് പറഞ്ഞിരുന്നത്രെ. മറ്റുള്ളവർ പണിയെടുക്കുമ്പോൾ ഇയാൾ വെറുതെ നടക്കുന്നതിനു ലീല ഇയാളെ വഴക്കുപറയാറുണ്ടായിരുന്നു.സംഭവദിവസമായ ബുധനാഴ്ചയും പണിയെടുക്കാത്തതിന് ലീല ഇയാളെ വഴക്കു പറഞ്ഞിരുന്നു.പിന്നീട് ലീല കുളിമുറിയിലെത്തിയപ്പോൾ ഇയാളും അവിടെയെത്തി.എന്തിനാണ് കുളിമുറിയിൽ വന്നതെന്ന് ചോദിച്ചു ലീല ഇയാളെ വഴക്കുപറയുന്നതിനിടയിൽ ഇയാൾ ലീലയുടെ കഴുത്തിൽ ശക്തമായി കുത്തിപ്പിടിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ലീലയുടെ കഴുത്തിലെ എല്ലു നുറുങ്ങുകയും കുഴഞ്ഞു വീഴുകയും ചെയ്തു.പിന്നീട് ഇയാൾ ലീലയുടെ കഴുത്തിൽ കിടന്ന മാല ഊരിയെടുത്തു ടൗവ്വലിൽ പൊതിഞ്ഞു.ആശുപത്രിയിൽ നിന്നും തിരികെയെത്തിയ ലീലയുടെ മകനും ബന്ധുക്കളും മാല തിരയുന്നതിനിടയിൽ ആരും കാണാതെ പ്രതി ടൗവ്വലിൽ പൊതിഞ്ഞ മാല പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ലീലയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ആദ്യം കരുതിയത്.എന്നാൽ കഴുത്തിൽ കണ്ട പാടുകളും മാല കാണാതായതും സംശയത്തിനിടയാക്കി.തുടർന്നാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം രാജ്ഭവന് മുൻപിൽ നടന്ന കാറപകടത്തിൽ യുവാവ് മരിച്ചു;നാലുപേർക്ക് പരിക്കേറ്റു
തിരുവനന്തപുരം:തിരുവനന്തപുരത്ത് ഇന്നലെ രാത്രി നടന്ന കാറപകടത്തിൽ യുവാവ് മരിച്ചു.നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ആയിരുന്നു അപകടം.വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗറിൽ സുബ്രഹ്മണ്യന്റെ മകൻ ആദർശ് ആണ് മരിച്ചത്.കാറിലുണ്ടായിരുന്ന മൂന്നു പെൺകുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.പുതിയ കാറുമായി നടത്തിയ മത്സരയോട്ടമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെള്ളയമ്പലം ഭാഗത്തു നിന്നും കാവടിയാറിലേക്ക് ബെൻസ് കാറുമായി മത്സരയോട്ടം നടത്തിയ പുത്തൻ സ്കോഡ ഒക്റ്റാവിയ കാറാണ് അപകടത്തിൽപ്പെട്ടത്.കഴിഞ്ഞ ദിവസം എറണാകുളത്ത് താൽക്കാലിക രെജിസ്ട്രേഷൻ നടത്തി റോഡിലിറക്കിയതാണ് കാർ. കാർ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ അനന്യ,ഗൗരി,എറണാകുളളം സ്വദേശിനി ശില്പ, ഓട്ടോഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാർ എന്നിവർക്കാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന പെൺകുട്ടികളെ പോലീസെത്തി പുറത്തെടുത്തെങ്കിലും ആദർശ് ഡ്രൈവിംഗ് സീറ്റിനുള്ളിൽ കുടുങ്ങി പോയി.പിന്നീട് ഫയർ ഫോഴ്‌സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ആദർശിനെ പുറത്തെടുത്തത്.
ഉരുവച്ചാൽ ശിവപുരത്ത് നാലുപേർക്ക് കുറുക്കന്റെ കടിയേറ്റു
മട്ടന്നൂർ:ഉരുവച്ചാൽ ശിവപുരത്ത് നാലുപേർക്ക് കുറുക്കന്റെ കടിയേറ്റു.ശിവപുരം സ്വദേശികളായ അബൂട്ടി,മകൾ തസ്‌ലീന,ജാവീദ്,ദിലീപ് എന്നിവർക്കാണ് കടിയേറ്റത്. അബൂട്ടിയെ കുറുക്കൻ കടിക്കുന്നത് കണ്ട് രക്ഷപ്പെടുത്താൻ എത്തിയതാണ് മകൾ തസ്‌ലീന. ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാരായ ജാവീദ്,ദിലീപ് എന്നിവരെയും കുറുക്കൻ ആക്രമിക്കുകയായിരുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട
കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.അനധികൃതമായി കടത്താൻ ശ്രമിച്ച 6.5 കിലോഗ്രാം സ്വർണമാണ് ഡയറക്റ്ററേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ രണ്ടു കോടി രൂപ വിലവരുന്നവയാണ് പിടിച്ചെടുത്ത സ്വർണ്ണം. രണ്ടുപേരിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് മുക്കം സ്വദേശി ശിഹാബുദ്ധീൻ,മടവൂർ സ്വദേശി സജിൻ എന്നിവരെ ഡിആർഐ അറസ്റ്റ് ചെയ്തു.ശിഹാബുദ്ധീൻ ഷാർജയിൽ നിന്നും സജിൻ അബുദാബിയിൽ നിന്നുമാണ് വിമാനത്താവളത്തിലെത്തിയത്.
മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി;ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്
ശബരിമല:മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു.ഇന്ന് പുലർച്ചെ മുതൽ ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.ഈ തീർത്ഥാടന കാലത്തെ പൂജകൾക്ക് ഗണപതിഹോമത്തോട് കൂടിയാണ് തുടക്കമായത്.പുതിയ മേല്ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് ശേഷം രാത്രി പത്തുമണിക്ക് ഹരിവരാസനം പാടി നടയടച്ചു.പിന്നാലെ പഴയ മേല്ശാന്തിമാർ പടി ഇറങ്ങി.ഇന്ന് രാവിലെ മൂന്നു മണിക്ക് നിർമ്മാല്യ ദർശനത്തിനായി നട തുറന്നു. തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളിൽ രാവിലെ മൂന്നു മണിക്ക് നട തുറക്കും രാത്രി പതിനൊന്നു മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. ആയിരത്തിലധികം പൊലിസുകാരാണ് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ളത്.
എംബിബിഎസ് വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചു
കോഴിക്കോട്:മുക്കം കെഎംസിടി മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.തൃശൂർ ഇടതുരുത്തി സ്വദേശിനി ഊഷ്മൾ ഉല്ലാസാണ്(22) കെഎംസിടി ഡെന്റൽ കോളേജിന്റെ ആറാംനിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഇരുകാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ഊഷ്‌മലിനെ കെഎംസിടി മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടുകൂടി ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലെത്തിയ ഊഷ്മൾ 4.30 ഓടെ ഔട്ട് പാസ് എടുത്തു പുറത്തു പോവുകയായിരുന്നു.ഈ സമയം ഊഷ്മൾ ഫോണിൽ ആരോടോ കയർത്തു സംസാരിക്കുന്നതു കണ്ടതായി ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരൻ പറയുന്നു.കെട്ടിടത്തിന് മുകളിൽ നിന്നും ചാടുന്നതിനു മുൻപായി ഊഷ്മൾ മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിച്ചിരുന്നു.മരിക്കുന്നതിന് മുൻപ് ഊഷ്മൾ അച്ഛനും അമ്മയ്ക്കുമായി എഴുതിയ കത്ത് പൊലീസിന് ലഭിച്ചു.
തളിപ്പറമ്പ് നഗരസഭയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം അധികൃതർ നടത്തിയ മിന്നല്‍ പരിശോധനയിൽ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഹോട്ടലില്‍നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. നഗരസഭയുടെ ഹെല്‍ത്ത് സ്ക്വാഡ് ഇന്നലെ രാവിലെയാണ് പരിശോധന നടത്തിയത്. മെയിന്‍ റോഡിലെ തവക്കല്‍ റസ്റ്റോറന്‍റില്‍നിന്നും നാലു ദിവസം പഴക്കമുള്ള ചിക്കന്‍ഫ്രൈ, സാമ്പാര്‍, പൂപ്പല്‍ കയറിയ നാരങ്ങ അച്ചാര്‍, പഴകിയ ചോറ് തുടങ്ങിയവയാണ് പിടികൂടിയത്. കൂടാതെ മൂന്നോളം ഹോട്ടലുകളുടെ പരിസരം വൃത്തിഹീനമാണെന്നും കണ്ടെത്തി. തുടര്‍ന്ന് ഇവക്ക് നോട്ടീസ് നല്‍കി. ആര്‍.ശ്രീജിത്ത്, ശൈലേഷ്, എസ്.അബ്ദുറഹ്മാന്‍, മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 2400 പാക്കറ്റ് പാൻ ഉത്പന്നങ്ങൾ പിടികൂടി
ഇരിട്ടി:ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 2400 പാക്കറ്റ് പാൻ ഉത്പന്നങ്ങൾ പിടികൂടി.കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റിൽ എക്‌സൈസ് ഇൻസ്പെക്റ്റർ രജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവ പിടികൂടിയത്.ബസിനുള്ളിൽ രണ്ട് കാർഡ്ബോർഡ് പെട്ടിയിലാക്കി സൂക്ഷിച്ച നിലയിലാണ് ഉത്പന്നങ്ങൾ കണ്ടെത്തിയത്.ടൂറിസ്റ്റ് ബസിലെ ലെഗ്ഗേജുകൾക്കിടയിൽ വൻതോതിൽ നിരോധിത പാൻ ഉത്പന്നങ്ങൾ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.എന്നാൽ ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല.
ട്രെയിനിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ചു;കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെറുകുന്ന്:ട്രെയിനിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ചു.കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തളിപ്പറമ്പ് ചവനപ്പുഴയിലെ കണ്ടത്തിൽ ഹൗസിൽ മധുസൂദനന്റെയും തുളസിയുടെയും മകൾ ടിടിസി വിദ്യാർത്ഥിനിയായ ആതിരയാണ്(20) മരിച്ചത്.ആതിരയുടെ കൂടെയുണ്ടായിരുന്ന തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് ടു വിദ്യാർത്ഥി പൂവ്വം കാരക്കിൽ കോളനിയിലെ അക്ഷയ്(17) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി എട്ടരയോടെ മാവേലി എക്സ്പ്രെസ്സിൽ നിന്നാണ് ഇരുവരും വീണത്.ബുധനാഴ്ച രാവിലെ മുതൽ ഇരുവരെയും കാണാതായിരുന്നു.അന്വേഷണത്തിൽ ചെറുവത്തൂരിലുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് ചെറുവത്തൂരിലും പയ്യന്നൂരിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.പിന്നീടാണ് ഇവരെ പുന്നച്ചേരിയിലെ റെയിൽവേ ട്രാക്കിൽ വീണതായി കണ്ടെത്തിയത്.തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആതിര മരിക്കുകയായിരുന്നു.അക്ഷയിനെ പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും അവിടെ നിന്നും മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റി.