ദോഹ:ഖത്തറിൽ റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് രണ്ടു മലയാളികൾ മരിച്ചു.മലപ്പുറം തിരൂർ തെക്കൻ കുറ്റൂർ പറമ്പത്ത് വീട്ടിൽ മുഹമ്മദ് അലി(42), കോഴിക്കോട് ഒളവണ്ണ കുളങ്ങര പറമ്പ് പ്രവീൺ കുമാർ(52) എന്നിവരാണ് മരിച്ചത്.ഖത്തറിലെ അലി ഇന്റർനാഷണൽ ട്രേഡിങ്ങ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും.വ്യഴാഴ്ച രാത്രി ഇൻഡസ്ട്രിയൽ ഏരിയയിൽ റോഡ് മുറിച്ചു കടക്കവെയാണ് അപകടമുണ്ടായത്.
കായംകുളത്ത് ടാങ്കർ ലോറി ബൈക്കിലിടിച്ച് രണ്ടുപേർ മരിച്ചു
കായംകുളം:കായംകുളത്ത് കെഎസ്ആർടിസി ജംഗ്ഷന് സമീപം ടാങ്കർ ലോറി ബൈക്കിലിടിച്ച് രണ്ടുപേർ മരിച്ചു.ബൈക്ക് യാത്രക്കാരായ കൊല്ലം പുന്തലത്താഴം മംഗലത്ത് തറ തെക്കേവിളയിൽ ശരവണൻ (23 ), കൈലാസ് എന്നിവരാണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കായംകുളം താലൂക്കാശുപത്രിയിലും അവിടെ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാദാപുരത്ത് വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ ക്രൂരമർദനം
നാദാപുരം:നാദാപുരത്ത് സ്കൂൾ വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ ക്രൂരമർദനം.പെരിങ്ങത്തൂർ എൻഎഎം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ റിജാസിനാണ് അദ്ധ്യാപകന്റെ മർദനമേറ്റത്.മർദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്കൂളിലെ ഐടി അദ്ധ്യാപകനാണ് വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് മർദിച്ചത്.അദ്ധ്യാപകൻ ക്ലാസ്സെടുക്കുന്നതിനിടെ ചിരിച്ച മറ്റു വിദ്യാർത്ഥികളെ കാണിച്ചുകൊടുത്തില്ല എന്നതിനാണ് റിജാസിനെ മർദിച്ചത്.സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അദ്ധ്യാപകനെതിരെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. അദ്ധ്യാപകനെതിരെ നടപടി എടുക്കുന്നവരെ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ പറഞ്ഞു.
പാനൂരിൽ നാടൻ ബോംബുകൾ കണ്ടെത്തി
കണ്ണൂർ:പാനൂരിൽ നാടൻ ബോംബുകൾ കണ്ടെത്തി.പോലീസ് നടത്തിയ പരിശോധനയിൽ ഏഴ് നാടൻ ബോംബുകളും ഒരു കൊടുവാളും കണ്ടെടുത്തു.പുത്തൂർ പുല്ലംപ്ര ദേവീക്ഷേത്രത്തിന് സമീപത്തുള്ള സ്വാമി മഠത്തിനടുത്തുള്ള പറമ്പിൽ നിന്നാണ് ഇവ കണ്ടെടുത്തത്.അടുത്ത കാലത്തു നിർമിച്ച ഉഗ്ര സ്ഫോടന ശേഷിയുള്ള നാടൻ ബോംബുകളാണ് കണ്ടെത്തിയത്. കണ്ടെടുത്ത ബോംബുകൾ പാനൂർ സ്റ്റേഷനിലേക്ക് മാറ്റി.ഈ മേഖലയിൽ സിപിഎം-ബിജെപി സംഘർഷം തുടരുകയാണ്.കഴിഞ്ഞ ദിവസവും ഇവിടെ ഒരു സിപിഎം പ്രവർത്തകന് വെട്ടേറ്റിരുന്നു.സംഘർഷത്തെ തുടർന്ന് തലശ്ശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ ആണ് പോലീസ് പരിശോധന നടത്തിയത്.പതിനഞ്ചോളം പേരെ പോലീസ് മുൻകരുതലായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോടതിവളപ്പിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം
കൊല്ലം:കൊല്ലം ജില്ലാ മജിസ്‌ട്രേറ്റ് കോടതി വളപ്പിൽ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം. കൊല്ലം ട്രിനിറ്റി സ്കൂളിൽ വിദ്യാർത്ഥിയായ ഗൗരി നേഹ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളായ അദ്ധ്യാപികമാരുടെ ബന്ധുക്കളാണ് കോടതി പരിസരത്ത് അക്രമം നടത്തിയത്. ഹൈക്കോടതി ജാമ്യം അനുവദിച്ച അദ്ധ്യാപികമാർ ഇന്ന് കോടതിയിൽ ഹാജരാകാൻ എത്തിയിരുന്നു.ഇവരുടെ ചിത്രങ്ങൾ എടുക്കാൻ മാധ്യമ പ്രവർത്തകർ ശ്രമിച്ചതാണ് സംഘത്തിനെ പ്രകോപിപ്പിച്ചത്.മാധ്യമ പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ച സംഘം ക്യാമറകൾ അടിച്ച് തകർക്കാനും ശ്രമം നടത്തി.പോലീസ് നോക്കിനിൽക്കെയായിരുന്നു അക്രമം.സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം കോടതിയിൽ ഹാജരായ അധ്യാപികമാർ ജാമ്യമെടുത്തു.
ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ദിലീപ് ഹൈക്കോടതിയിൽ
ആലുവ:ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനമായ ദേ പുട്ടിന്റെ ദുബായ് ശാഖയുടെ ഉൽഘാടനത്തിന് പങ്കെടുക്കാൻ അനുവദിക്കണമെന്നും പാസ്പോർട്ട് തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ദിലീപ് തന്റെ പാസ്സ്‌പോർട് അങ്കമാലി കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.ഒരാഴ്ച ദുബായിൽ തങ്ങാൻ അനുവദിക്കണമെന്നാണ് താരത്തിന്റെ അപേക്ഷ.
കോഴിമുട്ടയുടെ വില ഉയരുന്നു
കൊച്ചി:കോഴിമുട്ടയുടെ വില ഉയരുന്നു.മുട്ടയുടെ വിലനിലവാരം നിശ്ചയിക്കുന്ന നാമക്കൽ എഗ്ഗ് കോ ഓർഡിനേഷൻ കമ്മിറ്റി കോഴിമുട്ടയുടെ വില വ്യാഴാഴ്ച ആറുരൂപ ആറ് പൈസയായി നിശ്ചയിച്ചു.എന്നാൽ കേരളത്തിലെ ചെറുകിട കച്ചവടക്കാർ വിൽക്കുമ്പോൾ വില ഇനിയും കൂടും.തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ എത്തിക്കാനുള്ള ലോറി വാടകയും തൊഴിലാളികളുടെ കൂലിയും കൂട്ടുമ്പോൾ ഒരു മുട്ടയ്ക്ക് മുപ്പതു പൈസ വർധിക്കും.ഉത്തരേന്ത്യയിൽ മഞ്ഞുകാലം തുടങ്ങിയതോടെ മുട്ടയ്ക്ക് ഡിമാൻഡ് വർധിച്ചതാണ് വിലകൂടാനുള്ള ഒരു കാരണം.മാത്രമല്ല തമിഴ്‌നാട്ടിൽ ഉണ്ടായ കനത്ത മഴ ഉൽപ്പാദനം കുറയാൻ ഇടയാക്കി.കോഴിത്തീറ്റയുടെ വില വർധനയും ഒരു കാരണമാണ്.
മണൽ ലോറി ആക്രിക്കാരന് മറിച്ചു വിറ്റ സംഭവത്തിൽ അഞ്ചു പോലീസുകാർക്ക് സസ്പെൻഷൻ
തളിപ്പറമ്പ്:തളിപ്പറമ്പിൽ അനധികൃത മണൽ കടത്തുകാർ ഉപേക്ഷിച്ച ലോറി ആക്രികച്ചവടക്കാർക്ക് മറിച്ചു വിറ്റ സംഭവത്തിൽ അഞ്ചു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ മാത്യു,സിവിൽ പോലീസ് ഓഫീസർ റിജോ നിക്കോളാസ്,ഡ്രൈവർമാരായ രമേശൻ, നവാസ്,സജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം ആണ് ഇവർക്കെതിരെ നടപടിയെടുത്തത്.ഗുരുതരമായ കൃത്യ വിലോപമാണ് സംഭവത്തിൽ പോലീസുകാരിൽ നിന്നും ഉണ്ടായിട്ടുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ലോറി അപകടത്തിൽപ്പെട്ടതും കത്തിയതും സ്റ്റേഷന്റെ ചാർജുള്ള എഎസ്ഐ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയോ പോലീസ് സ്റ്റേഷൻ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കത്തി നശിച്ച ലോറി പോലീസ് സ്റ്റേഷനിലോ യാർഡിലോ എത്തിക്കുന്നതിന് പകരം ആക്രിക്കടക്കാരനെ ഏൽപ്പിച്ചത് പൊലീസിന് നാണക്കേടുണ്ടാക്കി.വിദഗ്ദ്ധർ വാഹനം പരിശോധിച്ചുള്ള അന്വേഷണമാണ് ഇനി നടക്കുകയെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പാപ്പിനിശ്ശേരിയിൽ ചൈന ക്ലേ ആൻഡ് സിറാമിക്സ് തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു
പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരിയിൽ ചൈന ക്ലേ ആൻഡ് സിറാമിക്സ് തൊഴിലാളികൾ കഴിഞ്ഞ ഒരുമാസമായി പാപ്പിനിശ്ശേരി കേന്ദ്ര ഓഫീസിന് മുൻപിൽ നടത്തിവന്ന സമരം പിൻവലിച്ചു. വ്യാഴാഴ്ച വൈകുന്നേരം വ്യവസായ മന്ത്രി എ.സി മൊയ്ദീനുമായി സംയുക്ത സമര സമിതി നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.തൊഴിലാളികൾക്ക് 2018 മാർച്ച് വരെ ആഴ്ചയിൽ നാല് ദിവസം തൊഴിൽ നൽകാനും തുടർന്ന് വൈവിധ്യവൽക്കരണം പൂർത്തിയാക്കിയ ശേഷം മുഴുവൻ ദിവസവും തൊഴിൽ നൽകാനും ചർച്ചയിൽ തീരുമാനമായി. ഇതേ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു.
പുത്തൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു
പാനൂർ:പുത്തൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു.ഇന്നലെ രാത്രി പത്തുമണിയോടെ മടപ്പുര ബസ്‌സ്റ്റോപ്പിന് സമീപമാണ് അക്രമം നടന്നത്.കുണ്ടുംകരവയൽ തച്ചാറമ്പത്ത് റിയ മൻസിലിൽ അശ്രഫിനാണ് വെട്ടേറ്റത്.അക്രമത്തിൽ രണ്ടു കാലുകൾക്കും ഇടതു കൈക്കും വയറിനും പരിക്കേറ്റ അഷ്‌റഫിനെ പാനൂർ പോലീസ് എത്തിയാണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇയാളെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.അക്രമം നടന്ന സ്ഥലത്ത് രണ്ടു തവണ ബോംബ് സ്ഫോടനവുമുണ്ടായി.അക്രമത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.