ഇടുക്കി:മൂന്നാർ കയ്യേറ്റങ്ങൾക്കെതിരെ റെവന്യൂ,വനം വകുപ്പ് അധികൃതർ സ്വീകരിച്ചു വരുന്ന നടപടികളിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ പത്തു പഞ്ചായത്തുകളിൽ മൂന്നാർ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.ഹർത്താലിനിടെ ചിലയിടങ്ങളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രാവിലെ വിദേശ വിനോദ സഞ്ചാരികളുമായി എത്തിയ വാഹനം തടഞ്ഞ് നിർത്തി ഹർത്താലനുകൂലികൾ ഡ്രൈവറെ മർദിച്ചതായി പരാതിയുണ്ട്. ഇതിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസുകളെ തടഞ്ഞ് നിർത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത് മൂലം ഗതാഗതവും സ്തംഭിച്ചു.സോഡാക്കുപ്പിയും മറ്റും റോഡിൽ പൊട്ടിച്ചിട്ട് ഗതാഗത തടസ്സം സൃഷ്ട്ടിച്ചിരിക്കുകയാണ്. കയ്യേറ്റക്കാർക്ക് വേണ്ടിയാണ് സിപിഎം ഹർത്താൽ നടത്തുന്നതെന്ന നിലപാടിൽ സിപിഐയും കോൺഗ്രസ്സും ഹർത്താലിനെ അനുകൂലിക്കുന്നില്ല.
സ്കൂൾ സമയത്ത് ഗെയിൽ ടിപ്പർ ലോറികൾ സർവീസ് നടത്തിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ;ലോറി പോലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്:സ്കൂള്‍ സമയത്ത് സര്‍വ്വീസ് നടത്തിയ ഗെയിലിന്‍റെ ടിപ്പര്‍ ലോറികള്‍ കാരശ്ശേരിയില്‍ നാട്ടുകാര്‍ തടഞ്ഞു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് മൂന്ന് ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു. ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കായി വയല്‍ നികത്താന്‍ മണ്ണുമായി എത്തിയതായിരുന്നു ടിപ്പര്‍ ലോറികള്‍. രാവിലെ ഒന്‍പതിനും പത്തിനുമിടയില്‍ സ്കൂള്‍ ആരംഭിക്കുന്ന സമയത്ത് ടിപ്പര്‍ ലോറികള്‍ സര്‍വ്വീസ് നടത്തരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് ലംഘിച്ച് സര്‍വ്വീസ് നടത്തിയ ഗെയിലിന്‍റെ മൂന്ന് ടിപ്പര്‍ ലോറികളാണ് കാരശേരിയില്‍ നാട്ടുകാര്‍ തടഞ്ഞത്.പകല്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ലോഡ് കയറ്റിയ ടിപ്പറുകള്‍ സുരക്ഷയ്ക്കായി ഷീറ്റ് ഉപയോഗിച്ച് മൂടണമെന്ന നിയമവും പാലിച്ചിരുന്നില്ലെന്നാണ് പരാതി.എന്നാൽ ഇതിന് തങ്ങൾ ഉത്തരവാദികളല്ലെന്നും കരാർ എടുത്തയാളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതാണെന്നുമാണ് ഗെയിലിന്‍റെ നിലപാട്.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്
ന്യൂഡൽഹി:രാഹുൽ ഗാന്ധിയെ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിച്ചു. ഡിസംബർ ഒന്നാം തീയതി വിജ്ഞാപനം ഇറങ്ങും.ഡിസംബർ നാല് വരെ നാമനിർദേശപത്രിക നൽകാം.എതിർ സ്ഥാനാർഥികളില്ലെങ്കിൽ 11ന് രാഹുൽ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിക്കും.എതിർ സ്ഥാനാർഥികളുണ്ടെങ്കിൽ ഡിസംബർ 16ന് വോട്ടെടുപ്പ് നടത്തുകയും 19ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. രാഹുലിനെ അധ്യക്ഷനാക്കുന്നതിനുള്ള പ്രമേയം യോഗം പാസാക്കി.അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണി ഉപാധ്യക്ഷനായേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ബൈക്കിലിടിച്ച കാർ നിയന്ത്രണം വിട്ട് ബസ്‌സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു;നാലുപേർക്ക് പരിക്കേറ്റു
തിരുവനന്തപുരം:തിരുവല്ലത്ത് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാർ ബസ്റ്റോപ്പിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു.ബസ് കാത്തുനിൽക്കുകയായിരുന്നു പാറവിള സ്വദേശി ദേവേന്ദ്രനാണ്(40) മരിച്ചത്.അപകടത്തിൽ സാരമായി പരിക്കേറ്റ പാറവിള സ്വദേശികളായ മധു,ധർമരാജ്,പ്രസാദ്, പ്രദീപ് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസ്;ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണസംഘം
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണസംഘം .തന്റെ വ്യാപാര സ്ഥാപനമായ ദേ പുട്ടിന്റെ ദുബായ് ശാഖയുടെ ഉൽഘാടനത്തിനായി ദുബായിൽ പോകാൻ അനുമതി ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.ഈ വിഷയത്തിൽ കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിലാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കാര്യം പോലീസ് ഉൾപ്പെടുത്തുക.ഇതിനാൽ ദിലീപിനെ വിദേശത്തു പോകാൻ അനുവദിക്കരുതെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെടും.ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരൻ അന്വേഷസംഘത്തിനു അനുകൂലമായി മൊഴി നൽകിയിരുന്നെങ്കിലും പിന്നീട് മൊഴി മാറ്റുകയായിരുന്നു.ഇത് ദിലീപിന്റെ സ്വാധീനത്താലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.അതുപോലെ തന്നെ കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്കൊപ്പം ജയിലിലുണ്ടായിരുന്ന ചാർളിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.ചാർളിയെ മാപ്പു സാക്ഷി ആക്കാനായിരുന്നു പോലീസിന്റെ നീക്കം.എന്നാൽ ചാർളി കോടതിയിൽ ഹാജരായില്ല.ഇതും ദിലീപിന്റെ സ്വാധീനം കൊണ്ടാണെന്നാണ് പോലീസ് പറയുന്നത്.കുറ്റപത്രത്തിലും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കാര്യം പോലീസ് ഉൾപ്പെടുത്തിയേക്കും.
നടിയെ ആക്രമിച്ച കേസ്;ദിലീപിനെതിരായ കുറ്റപത്രം നാളെ സമർപ്പിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം നാളെ സമർപ്പിക്കും.കുറ്റപത്രത്തിൽ ദിലീപ് എട്ടാം പ്രതിയായേക്കുമെന്നാണ് സൂചന.നേരത്തെ കേസിൽ ദിലീപ് ഒന്നാംപ്രതിയാകുമെന്ന് അന്വേഷണ സംഘം സൂചന നൽകിയിരുന്നു.അങ്ങനെ ചെയ്താൽ കുറ്റപത്രം മുഴുവൻ അഴിച്ചുപണിയേണ്ട സാഹചര്യം ഉണ്ടാകുമെന്നതിനാലാണ് എട്ടാം പ്രതിയാക്കുന്നതെന്നാണ് സൂചന.എന്നാൽ ചുമത്തുന്ന കുറ്റത്തിനാണ് പ്രസക്തിയെന്നും എത്രാമത്തെ പ്രതിയാണെന്നതിനു പ്രാധാന്യമില്ലെന്നും അഡ്വക്കേറ്റ് കാളീശ്വരം രാജ് പറഞ്ഞു.കുറ്റപത്രത്തിൽ സുനിയെ കൂടാതെ മാർട്ടിൻ,മണികണ്ഠൻ,വിജീഷ്, സലിം,പ്രദീപ്,ചാർളി എന്നിവരാണ് മറ്റു ഏഴുപ്രതികൾ.തന്റെ കടയുടെ ഉൽഘാടനത്തിനായി ദുബായിൽ പോകാൻ അനുമതി തേടി ദിലീപ് കോടതിയിൽ സമർപ്പിച്ച ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.ഈ സാഹചര്യത്തിലാണ് പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കുന്നതെന്നാണ് സൂചന.
വടകര തോടന്നൂരിൽ മുസ്ലിം ലീഗ് ഓഫീസ് തീയിട്ടു നശിപ്പിച്ചു
വടകര:വടകര തോടന്നൂരിൽ മുസ്ലിം ലീഗ് ഓഫീസ് തീയിട്ടു നശിപ്പിച്ചു.ഓഫീസിലെ ഫർണിച്ചറുകളും മറ്റും കത്തിനശിച്ചിട്ടുണ്ട്.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.ഇവിടെ സിപിഎം-ലീഗ് സംഘർഷം നിലനിൽക്കുന്നുണ്ട്.സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനായി സ്ഥലത്ത് പോലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
തിരുവനന്തപുരം:തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം.സംഘർഷത്തിൽ കരിക്കകത്ത് രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയും അക്രമമുണ്ടായി.പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി എത്തിയ ബിജെപി-ആർഎസ്എസ് സംഘമാണ് സിപിഎം കമ്മിറ്റി ഓഫീസ് ആക്രമിച്ചതെന്ന് ജില്ലാ സെക്രെട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.ഇതേ സമയത്താണ് കരിക്കകത്ത് മറ്റൊരു സംഘം രണ്ട് സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചത്.പരിക്കേറ്റ സിപിഎം പ്രവർത്തകരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ കാട്ടാക്കടയിൽ സിപിഎം പ്രവർത്തകന് നേരെ വധശ്രമം നടന്നിരുന്നു.എസ്‌ഡിപിഐക്കാരാണ് അക്രമിച്ചതെന്നാണ് ആരോപണം. തിരുവനന്തപുരം ജില്ലയിൽ പലയിടങ്ങളിലായി സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുകയാണ്.അതേസമയം ഞായറാഴ്ച വൈകിട്ട് റൂറൽ എസ്പി അശോക് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ അക്രമം ആവർത്തിക്കില്ലെന്ന് ഇരു വിഭാഗവും ഉറപ്പു നൽകിയതായും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
കണ്ണൂരിൽ വിവിധ സ്ഥലങ്ങളിൽ സിപിഎം,ബിജെപി, എസ്‌ഡിപിഐ സംഘർഷം;പുന്നാടും,ചക്കരക്കല്ലിലും ബോംബേറ്
കണ്ണൂർ:കണ്ണൂർ ജില്ലയിൽ വിവിധ ഇടങ്ങളിലായി സിപിഎം,ബിജെപി,എസ്‌ഡിപിഐ സംഘർഷം.പുന്നാട്,ചക്കരക്കൽ,അഴീക്കോട്,അഴീക്കൽ എന്നിവിടങ്ങളിലാണ് സംഘർഷം. അഴീക്കൽ ഒലാടതാഴെയിൽ സിപിഎം-എസ്‌ഡിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.സിപിഎം പ്രവർത്തകരായ കെ.വിനോദൻ,എ.കെ രഞ്ജിത് എസ്‌ഡിപിഐ പ്രവർത്തകരായ അമീർ,ഷാനി എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ പത്തുമണിയോടെ പോസ്റ്റർ നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സംഘഷമുണ്ടായത്. ഇരിട്ടി പുന്നാട് സിപിഎം പ്രവർത്തകരുടെ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി.സിപിഎം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഇവിടെ സ്ഥാപിച്ച ബോർഡുകളും പതാകകളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് നടത്തിനെ പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്.ബോംബേറിൽ ആർക്കും പരിക്കേറ്റിട്ടില്ല.പിന്നീട് നടന്ന സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രെട്ടറി കെ.റിജീഷിന് മർദനമേറ്റു.ഇയാളെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടി ചക്കരക്കൽ പള്ളിപ്പൊയിൽ എസ്‌ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് സി.പി ജാഫറിന്റെ വീടിനു നേരെ ബോംബേറുണ്ടായി.വീടിനു നേരെ രണ്ടുബോംബുകളാണ് എറിഞ്ഞത്.ഇതിൽ ഒരെണ്ണം മാത്രമാണ് പൊട്ടിയത്.ബോംബേറിൽ ജനൽചില്ലുകൾ പൊട്ടി. ചില്ലുകൾ തെറിച്ച് ജാഫറിന്റെ പിതാവിന് മജീദിന് ചെറിയ പരിക്ക് പറ്റി.ചൊക്ളിയിൽ എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗം എം.കെ വിഷ്ണുവിന് മർദനമേറ്റു.ശനിയാഴ്ച രാത്രി ഒൻപതരയോടെ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുത്തു മടങ്ങിവരുമ്പോൾ ബൈക്ക് തടഞ്ഞു നിർത്തി ഒരു സംഘം ആളുകൾ മർദിച്ചതായാണ് പരാതി.ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഴീക്കോട് നാല് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
അഴീക്കൽ:അഴീക്കോട് നാല് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു.അഴീക്കൽ വെള്ളക്കല്ലിലെ കെ.നിഖിൽ(22),നിതിൻ (25),അശ്വിൻ(25),ശ്രീരാഗ്(24) എന്നിവർക്കാണ് വെട്ടേറ്റത്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.പരിക്കേറ്റവരെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.രാത്രി കടയ്ക്കരുകിൽ ഇരിക്കുകയായിരുന്ന ഇവരെ കടപ്പുറം ഭാഗത്തുകൂടി എത്തിയ ഇരുപത്തഞ്ചോളം പേരാണ് ആക്രമിച്ചതെന്ന്ബിജെപി പ്രവർത്തകർ പറഞ്ഞു.നിഖിൽ,നിതിൻ എന്നിവർക്ക് തലയ്ക്കാണ് പരിക്കേറ്റത്.വെള്ളക്കലിൽ സംഘർഷത്തിനിടയാക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്.