കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം സമർപ്പിച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരമണിയോട് കൂടിയാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രമനുസരിച്ച് കേസിൽ ദിലീപ് എട്ടാം പ്രതിയാകും.മൊത്തം 14 പ്രതികളാണ് കേസിൽ ഉള്ളത്.മഞ്ജു വാര്യർ കേസിൽ പ്രധാന സാക്ഷിയാകും.385 സാക്ഷികളും 12 രഹസ്യമൊഴികളും 450 ഇൽ അധികം രേഖകളുമടങ്ങുന്നതാണ് കുറ്റപത്രം.ആദ്യ ഭാര്യ മഞ്ജുവാര്യരുമായുള്ള തന്റെ വിവാഹബന്ധം തകർന്നതിന് പിന്നിൽ ആക്രമിക്കപ്പെട്ട നടിയാണെന്നുള്ള ധാരണയിൽ അവരോടുള്ള പകയാണ് കുറ്റകൃത്യത്തിന് പ്രേരകമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആക്രമിക്കപ്പെട്ട നടിയെ സിനിമയിൽ നിന്നും ഒഴിവാക്കാൻ ദിലീപ് ശ്രമം നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.
കോൺക്രീറ്റ് സ്ളാബ് ദേഹത്ത് പൊട്ടിവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
ഇരിണാവ്:ഇരിണാവ് ആനാംകൊവ്വലിൽ കോൺക്രീറ്റ് സ്ളാബ് ദേഹത്ത് പൊട്ടിവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു.വീട് കോൺക്രീറ്റ് ചെയ്യാൻ ഉറപ്പിച്ച പലക അശ്രദ്ധമായി ഇളക്കുമ്പോൾ സ്ളാബ് മറിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു.നാട്ടുകാരും ഫയർഫോഴ്സും എത്തി സ്ലാബിനടിയിൽ നിന്നും ഇയാളെ പുറത്തെടുത്ത് കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് വിട്ടുകൊടുക്കും.
കുടിയിറക്ക് ഭീഷണി;അത്തിയടുക്കത്ത് ഒരു കർഷകൻ കൂടി ജീവനൊടുക്കി
വെള്ളരിക്കുണ്ട്:കുടിയിറക്ക് ഭീഷണി നിലനിൽക്കുന്ന ബളാൽ പഞ്ചായത്തിലെ അത്തിയടുക്കത്തു വീണ്ടും കർഷക ആത്മഹത്യ.മണിയറ രാഘവനെയാണ് ഇന്നലെ വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അയൽവാസികൾ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇടിഞ്ഞു വീഴാറായ വീട്ടിലാണ് രാഘവന്റെയും കുടുംബത്തിന്റെയും താമസം.ഇയാളുടെ ഭാര്യ ലക്ഷ്മിയുടെ പേരിൽ ഇവിടെ ഒരേക്കർ ഭൂമിയുണ്ട്.എന്നാൽ നിയമക്കുരുക്കിൽപ്പെട്ട സ്ഥലമായതിനാൽ ഈ സ്ഥലത്തിന് കരമടയ്ക്കാൻ ആയിരുന്നില്ല.പ്രധാനമന്ത്രിയുടെ ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീടനുവദിക്കുന്നതിനായി രണ്ടരലക്ഷം രൂപ സഹായം നല്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കരമടച്ച രസീതില്ലാത്തതിനാൽ ഈ ആനുകൂല്യം ഇവർക്ക് ലഭിച്ചിരുന്നില്ല.ഇത് ഇവരെ വളരെയധികം വിഷമിപ്പിച്ചിരുന്നു.ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നു നാട്ടുകാർ പറയുന്നു.മാലോം വില്ലേജിൽപ്പെട്ട അത്തിയടുക്കത്ത് മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന 20 ഹെക്റ്റർ സ്ഥലം വനഭൂമിയാണെന്നു പറഞ്ഞാണ് കരമെടുക്കുന്നതു നിർത്തിവെച്ചത്.
ലോറികൾക്കിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം
കൊച്ചി:ടിപ്പർ ലോറിക്കും ട്രെയിലറിനുമിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു.ഇന്നലെ ഉച്ചയോടെ തൃപ്പുണിത്തുറ എസ് എൻ കവലയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.ഇരുമ്പനം ചിത്രപ്പുഴ ചിത്രാഞ്ജലി ഭാഗത്ത് കുതിരവട്ടത്ത് ബൈജു(41),ഭാര്യ സൗമ്യ(33) എന്നിവരാണ് മരിച്ചത്.സിഗ്‌നൽ കാത്തു കിടന്ന ഇവർ സിഗ്നൽ കിട്ടിയതിനെ തുടർന്ന് ബൈക്ക് മുന്നോട്ടെടുത്തപ്പോൾ തൊട്ടുപിറകിലുണ്ടായിരുന്ന ട്രെയിലർ ലോറി ഇവരുടെ ബൈക്കിനു പുറകിൽ ഇടിച്ചു.ഇതിനിടെ ബൈക്കിനു തൊട്ടു മുൻപിൽ ഉണ്ടായിരുന്ന ടിപ്പർ ലോറി ബ്രെയ്ക്ക് ചെയ്തു.ഇതോടെ ബൈക്കിലുണ്ടായിരുന്ന ദമ്പതികൾ രണ്ടു ലോറികൾക്കുമിടയിൽ കുടുങ്ങിപ്പോയി.ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.ഇതിനിടെ അപകടം കണ്ട ഭയന്ന് മറ്റൊരു ലോറി ഡ്രൈവർക്ക് ബോധക്ഷയമുണ്ടായി.ഗ്യാസ് കയറ്റിവന്ന ഈ ലോറി സമീപത്തെ ഗുരുദേവ മന്ദിരത്തിൽ ഇടിക്കുകയും ചെയ്തു.ലോറിയിലുണ്ടായിരുന്നത് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകൾ ആയതിനാൽ വൻ അപകടം ഒഴിവായി.മൃതദേഹം പോലീസ് പരിശോധനകൾക്ക് ശേഷം ഇന്ന് രാവിലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കീഴാറ്റൂർ ബൈപാസിനെതിരായുള്ള സമരം വയൽക്കിളികൾ ശക്തമാക്കുന്നു
തളിപ്പറമ്പ്:കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ വയൽക്കിളികൾ എന്ന സംഘടന നടത്തുന്ന സമരം ശക്തമാക്കുന്നു.വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നിലവിലുള്ള ദേശീയപാത വികസിപ്പിക്കേണ്ട ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ടൗണ്‍സ്‌ക്വയറില്‍ സെമിനാറും നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തിയാണ് പുതിയ സമരപ്രഖ്യാപനം നടത്തിയത്.സെമിനാറിൽ സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ ബൈപ്പാസിനെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ തീരുമാനം തള്ളിക്കളയുന്നതായും പുതിയ രണ്ടാംഘട്ടസമരപോരാട്ടത്തിന് വയല്‍ക്കിളികള്‍ രംഗത്തിറങ്ങുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.സമരത്തിന്റെ അടുത്ത ഘട്ടം അതിശക്തമായിരിക്കും.വലിയ ബഹുജനപങ്കാളിത്തവും ഇതിനുണ്ടാകും. കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെയുള്ള ജനങ്ങളെ സമരത്തിന്‍റെ ഭാഗമായി അണിനിരത്തുമെന്നും സുരേഷ് പറഞ്ഞു.
പാച്ചപ്പൊയ്കയിൽ സിപിഎം ഓഫീസിന് മുൻപിലെ സ്തൂപവും കൊടിമരവും തകർത്തു
കൂത്തുപറമ്പ്:പാച്ചപ്പൊയ്കയിൽ സിപിഎം ഓഫീസിന് മുൻപിലെ സ്തൂപവും കൊടിമരവും തകർത്തു.പാച്ചപ്പൊയ്ക ബസ് സ്റ്റോപ്പിനടുത്തായുള്ള സിപിഎം പാച്ചപ്പൊയ്ക സൗത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫീസായ കൃഷ്ണപ്പിള്ള സ്മാരക മന്ദിരത്തിനു മുൻവശം കോൺക്രീറ്റിൽ പണിത അരിവാൾ ചുറ്റിക സ്തൂപവും സമീപത്തെ കൊടിമരവുമാണ് തകർത്ത നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെയാണ് സ്തൂപം തകർത്തതായി സിപിഎം പ്രവർത്തകർ കാണുന്നത്.ഒരു വർഷം മുമ്പ് ഈ സ്തൂപം പൂർണമായും തകർത്തിരുന്നു. അതിനു ശേഷം പുനർനിർമിച്ചതായിരുന്നു ഇത്.സാമൂഹിക വിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കരുതുന്നതായി സി പി എം നേതാക്കൾ പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗം പി.രൂപേഷിന്‍റെ പരാതിയിൽ കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.
കനത്ത മഴയിൽ സൗദിയിൽ ജനജീവിതം സ്തംഭിച്ചു
ജിദ്ദ:കനത്ത മഴയിൽ സൗദിയിൽ ജനജീവിതം സ്തംഭിച്ചു.ഇടിമിന്നലോടുകൂടിയ ശക്തമായ മഴയിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വെള്ളം കയറിയതിനെ തുടർന്ന് ജിദ്ദ-മക്ക എക്സ്പ്രസ് ഹൈവേയിൽ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.ഇതോടെ എയർപോർട്ടിലേക്ക് എത്തിപ്പെടാനാകാത്തതിനാൽ പലരുടെയും യാത്ര മുടങ്ങിയിരിക്കുകയാണ്. ഇവർക്ക് ടിക്കറ്റ് ചാർജ് തിരിച്ചുകൊടുക്കുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു.കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ വീടുവിട്ടിറങ്ങരുതെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നും ജാഗ്രത വേണമെന്നും അധികൃതർ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
ഗുളിക തൊണ്ടയിൽ കുടുങ്ങി നാല് വയസ്സുകാരി മരിച്ചു
കോട്ടയം:കോട്ടയം ചിങ്ങവനത്ത് ഗുളിക തൊണ്ടയിൽ കുടുങ്ങി നാല് വയസ്സുകാരി മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോട് കൂടിയാണ് സംഭവം.ചുമയ്‌ക്കുള്ള ഗുളിക കഴിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.കോട്ടയം പരുത്തുംപാറ നടുവിലേപ്പറമ്പിൽ റിനു സ്കറിയയുടെയും റിന്റുവിന്റെയും മകൾ ഐലിൻ ആണ് മരിച്ചത്.ഗുളിക തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ട കുട്ടിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാച്ചിറ മാതാ ഇഎം എൽ പി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയാണ് മരിച്ച ഐലിൻ.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം ഇന്ന് സമർപ്പിക്കും
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരായുള്ള കുറ്റപത്രം അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും.കുറ്റപത്രം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്‌റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.അന്തിമ കുറ്റപത്രത്തിൽ ദിലീപ് ഉൾപ്പെടെ 11 പ്രതികൾ ഉണ്ടാകും.450 രേഖകളും മുന്നൂറിലേറെ സാക്ഷികളും കുറ്റപത്രത്തിന്റെ ഭാഗമാകും.ഗൂഢാലോചനയിൽ ദിലീപിന്റെയും പൾസർ സുനിയുടെയും പേര് മാത്രമാണുള്ളത്.പിഴവുകളില്ലാതെ കുറ്റപത്രം സമർപ്പിക്കാനുള്ള എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു.കേസിലെ അനുബന്ധ കുറ്റപത്രം നേരത്തെ സമർപ്പിക്കപ്പെട്ടിരുന്നു.അതിൽ ദിലീപ് പതിനൊന്നാം പ്രതിയായിരുന്നു.എന്നാൽ പുതുതായി സമർപ്പിക്കപ്പെടുന്ന കുറ്റപത്രത്തിൽ ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് സൂചന.കൂട്ട ബലാൽസംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിനുമേൽ ചുമത്തപ്പെട്ടിരിക്കുന്നത്.അങ്കമാലി കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.
വടകരയിൽ ട്രാവലർ വാൻ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
വടകര:വടകര ചോറോട് പുഞ്ചിരി മില്ലിന് സമീപം ദേശീയപാതയിൽ ട്രാവലർ വാൻ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അഞ്ചരക്കണ്ടി സ്വദേശികളായ മൂന്നുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുൻപാണ് ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് മൂന്ന് യുവാക്കൾ മരണപ്പെട്ടത്.