തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിലും പേമാരിയിലും പെട്ട് തിരുവനന്തപുരത്ത് 150ഓളം മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി.കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതമാക്കി.ആറ് മൽസ്യബന്ധന ബോട്ടുകളെയും മറൈൻ എൻജിനീയറിങ് കപ്പലിനെയുമാണ് കാണാതായിരിക്കുന്നത്.നാവികസേനാ കപ്പലുകളായ ഷാർദുൽ,നിരീക്ഷക്, കബ്രാ,കൽപ്പേനി എന്നിവയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
സംസ്ഥാനത്ത് കനത്ത മഴയിലും ചുഴലിക്കാറ്റിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി
തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴയിലും ചുഴലിക്കാറ്റിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി.വിഴിഞ്ഞത്ത് മരം വീണു പരിക്കേറ്റ വീട്ടമ്മയായ സ്ത്രീ മരിച്ചു.നേരത്തെ കൊല്ലത്ത് ഓട്ടോയ്ക്ക് മുകളിൽ മരം വീണു ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു.കാട്ടാക്കടയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് രണ്ടുപേരും മരിച്ചു.ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് ശക്തിപ്രാപിച്ചു വരികയാണ്.മൽസ്യത്തൊഴിലാളികളോട് അടുത്ത 48 മണിക്കൂറിൽ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും നാലുപേർ മരിച്ചു.ചുഴലിക്കാറ്റ് തിരുവനന്തപുരം തീരത്തിന് അറുപതു കിലോമീറ്റർ അകലെയെത്തി. മണിക്കൂറിൽ 75 കിലോമീറ്ററാണ് ഇപ്പോൾ ചുഴലിക്കാറ്റിന്റെ വേഗത.
ഇരിട്ടിയിൽ റോഡ് പണിക്കിടെ മണ്ണിടിഞ്ഞു വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
ഇരിട്ടി:ഇരിട്ടി മാടത്തിയിൽ റോഡ് പണിക്കിടെ മണ്ണിടിഞ്ഞു വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു.പശ്ചിമബംഗാൾ സ്വദേശി രവി പാണ്ഡെ ആണ് മരിച്ചത്.മാടത്തി ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് അപകടം നടന്നത്.മണ്ണിനടിയിൽപെട്ട മറ്റു മൂന്നുപേരെ രക്ഷപ്പെടുത്തി.പള്ളിയുടെ കൊടിമരവും മറിഞ്ഞുവീണു.റോഡ് നിർമാണത്തിനായി കലുങ്ക് പൊളിക്കുമ്പോഴാണ് അപകടം ഉണ്ടായത്.
അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിനെത്തിയ എസ്ഐയെയും സംഘത്തെയും മർദിച്ചു;വീട്ടമ്മയ്ക്കും മകനുമെതിരെ കേസ്
കണ്ണൂർ: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിനെത്തിയ എസ്ഐയെയും സംഘത്തെയും വീട്ടുകാർ മർദിച്ചു.കണ്ണൂർ ടൗൺ എസ്ഐ ഷാജി പട്ടേരി, സിവിൽ പോലീസ് ഓഫീസർമാരായ പ്രകാശ്, രജീഷ് എന്നിവർക്കാണു മർദനമേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.എസ്ഐയുടെ കൈക്കും മുതുകത്തുമാണ് പരിക്കേറ്റത്. മേലെചൊവ്വയിലെ പുത്തൻപുരയിൽ വിനോദിന്‍റെ വീട്ടുകാരും അയൽവാസിയായ ജലീഷിന്‍റെ വീട്ടുകാരും തമ്മിൽ കഴിഞ്ഞ രണ്ടുമാസത്തോളമായി അതിർത്തി തർക്കം നിലനിൽക്കുകയായിരുന്നു. തർക്കം പരിഹരിക്കാൻ ടൗൺ എസ്ഐ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നോട്ടീസ് നൽകിയിട്ടും വിനോദും മാതാവ് നന്ദിനിയും സ്റ്റേഷനിൽ ഹാജരായില്ല. ഇന്നലെ രാവിലെ അയൽവാസിയുടെ മതിൽ തകർത്തതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് എത്തിയപ്പോഴാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.വീടിനകത്തുനിന്നും ചാടി പുറത്തിറങ്ങിയ വിനോദ് കൈക്ക് കടിക്കുകയും മാതാവ് നന്ദിനി മുതുകത്ത് മർദിക്കുകയും ചെയ്തതായി എസ്ഐ പറഞ്ഞു. കൂടെയുണ്ടായിരുന്ന പോലീസുകാർക്കും പരിക്കേറ്റു. പോലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും വിനോദിനും മാതാവിനുമെതിരേ ടൗൺ പോലീസ് കേസെടുത്തു. കവർച്ചാ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വിനോദെന്ന് പോലീസ് പറഞ്ഞു.
വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയ പത്തുപേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ആർടിഒ
കോട്ടയത്ത് ഇന്നലെ ബസ് സ്‌കൂട്ടറിലിടിച്ച് പരിക്കേറ്റ രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു
കോട്ടയം:കോട്ടയത്ത് ഇന്നലെ ബസ് സ്‌കൂട്ടറിലിടിച്ച് പരിക്കേറ്റ രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു.താഴത്തങ്ങാടി സ്വദേശി പാറയ്ക്കൽ ഷാജി പി. കോശിയുടെ മകൻ ഷെബിൻ ഷാജി (20) ആണ് മരിച്ചത്.വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണു ഷെബിൻ ഷാജി മരണത്തിനു കീഴടങ്ങിയത്.ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് കോടിമതയ്ക്കു സമീപമുള്ള പെട്രോൾ പമ്പിൽനിന്നും സ്കൂട്ടറിൽ പെട്രോൾ അടിച്ചശേഷം റോഡിലേക്കു ഇറങ്ങുകയായിരുന്നു പള്ളം സ്പീച്ച്ലി കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ രണ്ടാം വർഷ ബികോം വിദ്യാർഥികളായ കോടിമത കൗസ്തുഭം സ്വാമിനാഥനും ഷെബിൻ ഷാജിയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്വാമിനാഥൻ ആശുപത്രിയിൽ ചികിത്സയിലാണ്.അപകടമുണ്ടാക്കിയ കോട്ടയം-ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന നിത്യ ബസ് ബസ് ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചുഴലിക്കാറ്റ്;വിഴിഞ്ഞം മുതൽ കാസർകോഡ് വരെ ജാഗ്രത നിർദേശം
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് തീരദേശവാസികൾക്ക് കനത്ത മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.വിഴിഞ്ഞം മുതൽ കാസർകോഡ് വരെയുള്ള തീരപ്രദേശത്ത് നാളെ രാത്രി 11.30 വരെ ശക്തമായ കാറ്റ് അനുഭവപ്പെടും.സമുദ്രനിരപ്പിൽ നിന്നും പത്തു മുതൽ പതിനാലു അടി വരെ തിരമാലകൾ ഉയരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം:നബിദിനം പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ നാളെ അവധി പ്രഖ്യാപിച്ചു.നാളത്തെ അവധിക്ക് പകരം ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിവസം ആയിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം കേരളാ സർവകലാശാല നാളെ നടത്താനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല.
ഓഖി ചുഴലിക്കാറ്റ് കേരളതീരത്തേക്ക്;കനത്ത ജാഗ്രത നിർദേശം
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് കേരളാ തീരത്തേക്ക്.കാലാവസ്ഥ നിരീക്ഷണകേന്ദ്രം കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി.കന്യാകുമാരിക്ക് 170 കിലോമീറ്റര്‍ തെക്ക് കിഴക്കുള്ള തീവ്രന്യൂന മര്‍ദ്ദം വടക്കു പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും കേരള തീരത്തേക്ക് ചുഴലിക്കാറ്റ് കടക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത് ഇന്ന് വൈകിട്ടോടു കൂടി ചുഴലിക്കാറ്റ് ശക്തമാകുമെന്നാണ് അറിയിപ്പ്. ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. മഴയുടെ തീവ്രത തെക്കന്‍ ജില്ലകളായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി , കോട്ടയം ജില്ലകളില്‍ ആകും കൂടുതല്‍ അനുഭവപ്പെടുക. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും വൈകിട്ട് ആറിനും ഏഴിനും ഇടക്ക് ശബരി മലയിലേക്കുള്ള യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. കാനന പാതയിലൂടെ സന്നിധാനത്തേക്കുള്ള യാത്ര ഒഴിവാക്കുക, പുഴയില്‍ കുളിക്കാനിറങ്ങരുത് തുടങ്ങി കനത്ത ജാഗ്രതാ നിര്‍ദേശമാണ് കലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്നത്.
തെക്കൻ കേരളത്തിൽ കാറ്റും മഴയും ശക്തിപ്രാപിക്കുന്നു; കൊല്ലത്ത് മരം വീണ് ഒരാൾ മരിച്ചു
തിരുവനന്തപുരം:തെക്കൻ കേരളത്തിൽ കാറ്റും മഴയും ശക്തിപ്രാപിക്കുന്നു.അമ്പൂരിയിൽ ഉരുൾപ്പൊട്ടലുണ്ടായി.പത്തോളം വീടുകളിൽ വെള്ളം കയറി.ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക ശേഷം കലക്റ്റർ അവധി പ്രഖ്യാപിച്ചു.ന്യൂനമർദം ശക്തിപ്പെടുന്നതിനാൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.ഇതിനിടെ കൊല്ലത്ത് കനത്ത മഴയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണു ഓട്ടോഡ്രൈവർ മരിച്ചു.ഓട്ടോ ഡ്രൈവർ വിഷ്ണുവാണ് മരിച്ചത്. ന്യൂനമർദം വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നതിനാൽ കടലും പ്രക്ഷുബ്ധമാണ്.അതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.ശബരിമലയിലും രാവിലെ ശക്തമായ മഴപെയ്തു.സന്നിധാനത്ത് വാവരുനടയിലെ വന്മരങ്ങളുടെ ശാഖകൾ വെട്ടിമാറ്റുകയാണ്.