ചാലക്കുന്നിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ

keralanews two men who sold drugs were caught by excise in chalakkunnu

ചാല:ചാലക്കുന്നിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി.ഈ പ്രദേശങ്ങളിൽ മയക്കു മരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്.തിങ്കളാഴ്ച്ച രാത്രിയാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.25 ഗ്രാം മയക്കുമരുന്നുമായാണ് ഒരാൾ പിടിയിലായത്.എക്‌സൈസ് സംഘത്തെ കണ്ട ഒരു സംഘം കടന്നു കളഞ്ഞതായും സംശയിക്കുന്നു.മറ്റു ജില്ലയിലെ രെജിസ്ട്രേഷൻ ഉള്ള വാഹങ്ങളും ഇവിടെ ഉണ്ടായിരുന്നു.ഇതും ഉടനെ തന്നെ കടന്നു കളഞ്ഞു.രാത്രിയിൽ മയക്കുമരുന്നുമായി ഇവിടെയെത്തുന്ന സംഘം ആവശ്യക്കാർക്കും ഏജന്റുമാർക്കും ഇത് കൈമാറുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെ നടക്കുന്ന മയക്കുമരുന്ന് വിൽപ്പന രക്ഷിതാക്കളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

സ്കൂട്ടർ യാത്രക്കാരന്റെ മൂന്നരലക്ഷം രൂപ തട്ടിപ്പറിച്ചതായി പരാതി

keralanews stolen 3 5lakh rupees from a scooter passenger

പാനൂർ:സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി മൂന്നര ലക്ഷം രൂപ തട്ടിപ്പറിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ പാറാട്-ചെറുവാഞ്ചേരി റോഡിൽ മീത്തലെ കുന്നോത്ത്പറമ്പ് ചേരിക്കൽ കിടാരിയിലാണ് സംഭവം.മൽസ്യ വ്യാപാരിയായ ഷറഫുദീന്റെ പണമാണ് കവർന്നത്.ഇയാൾ പാനൂരിലെ മീൻകടയിൽ നിന്നും ശേഖരിച്ച രണ്ടുലക്ഷം രൂപയും,പാറാട്ടെ കടയിൽ നിന്നും വാങ്ങിയ ഒരുലക്ഷം രൂപയും കയ്യിലുണ്ടായിരുന്ന 50,000 രൂപയുമാണ് തട്ടിപ്പറിച്ചതെന്നാണ് പരാതി.ചെറുവാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഷറഫുദീനെ കാറിലെത്തിയ രണ്ടുപേരും മുഖം മൂടി ധരിച്ചു ബൈക്കിലെത്തിയ മൂന്നുപേരും ചേർന്ന് ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം പണം കവരുകയായിരുന്നു.കാർ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.

ഹാജി റോഡിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ കോർപറേഷൻ ഓഫീസ് ഉപരോധിച്ചു

keralanews workers besieged the corporation office asking for a solution to the waste problem in haji road

കണ്ണൂർ:മുനീശ്വരൻ കോവിലിനു സമീപം ഹാജി റോഡിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ കോർപറേഷൻ ഓഫീസ് ഉപരോധിച്ചു.സി ഐ ടി യു,എസ് ടി യു,ഫുഡ് ഗ്രൈൻ മെർച്ചന്റസ് അസോസിയേഷൻ,ബനാന മർച്ചന്റ് അസോസിയേഷൻ,വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളാണ് ഉപരോധത്തിൽ പങ്കെടുത്തത്.കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ ഓടയിൽ നിറഞ്ഞതോടെ നിരവധി പരാതികൾ തൊഴിലാളി സംഘടനകളും പരിസരവാസികളും ഉയർത്തിയിരുന്നു. എന്നാൽ ഈ കാര്യത്തിൽ കോർപറേഷൻ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.സംഭവത്തിൽ ഉടൻ  നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഹർത്താലുൾപ്പെടെയുള്ളവ നടത്തുമെന്നും തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.തുടർന്ന് പ്രശ്നത്തിന് ഉടൻ പരിഹാരം കാണാം എന്ന കോർപറേഷൻ സെക്രെട്ടറിയുടെ ഉറപ്പിനെ തുടർന്ന് സമരക്കാർ പിരിഞ്ഞു പോവുകയായിരുന്നു.

തലശ്ശേരി ബ്രെണ്ണൻ കോളേജിൽ എബിവിപി ജില്ലാ കൺവീനർക്ക് മർദനമേറ്റു

keralanews abvp district convener attacked in brennen college campus

തലശ്ശേരി:തലശ്ശേരി ഗവ.ബ്രെണ്ണൻ കോളേജിൽ എബിവിപി ജില്ലാ കൺവീനർക്ക് മർദനമേറ്റു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി പി.പി പ്രിജുവിനാണ് മർദനമേറ്റത്.ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാമ്പസിനുള്ളിൽ വെച്ച് ഒരു സംഘം വിദ്യാർത്ഥികളാണ് പ്രിജുവിനെ മർദിച്ചത്.ബോധരഹിതനായി വീണ പ്രിജുവിനെ ഏറെനേരത്തിനു ശേഷം ധർമടം പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമത്തിനു പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്ന് എബിവിപി ആരോപിച്ചു.

ജില്ലയിലെ ഭൂവുടമകളുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ കംപ്യൂട്ടർവൽക്കരിക്കും

keralanews land information of land owners in kannur district will be computerized

കണ്ണൂർ:ജില്ലയിലെ ഭൂവുടമകളുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ കംപ്യൂട്ടർവൽക്കരിക്കും.ഇനി മുതൽ ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. ഇതിനായി ഒരു ഏകീകൃത സംവിധാനം നിലവിൽ വരുന്നു.ഭൂമി സംബന്ധിച്ച വിവരങ്ങൾ കമ്പ്യൂട്ടർ വൽക്കരിക്കുന്നതിന്റെ ഭാഗമായുള്ള വിവര ശേഖരണത്തിന്റെ ഉൽഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.ഭൂമി സംബന്ധിച്ചുള്ള വിവരങ്ങൾ നൽകുന്നതിനുള്ള അപേക്ഷ ഫോറം  കലക്റ്റർ മിർ മുഹമ്മദലി മന്ത്രിക്ക് കൈമാറി.ഭൂനികുതി ഓൺലൈനായി അടയ്ക്കുന്നതിന്റെ ജില്ലാതല ഉൽഘാടനവും മന്ത്രി നിർവഹിച്ചു.വിവര ശേഖരണത്തിന്റെ ആദ്യഘട്ടത്തിൽ ജില്ലയിലെ നാലു താലൂക്കുകളിലെ രണ്ടു വീതം വില്ലേജുകളിൽ പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കും.നാറാത്ത്,വലിയന്നൂർ,പെരന്തളം, പെരിന്തട്ട,പന്ന്യന്നൂർ,പാനൂർ, കീഴൂർ,തില്ലങ്കേരി എന്നീ വില്ലേജുകളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുക.പങ്കെടുക്കുന്നവർ വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സൗജന്യ അപേക്ഷ ഫോമുകൾ പൂരിപ്പിച്ചു നൽകണം.ഇതിനൊപ്പം ഭൂനികുതി അടച്ച രശീതിയുടെ പകർപ്പും സമർപ്പിക്കണം.ക്യാമ്പിലേക്ക് വരുമ്പോൾ ഭൂമിയുടെ ഒറിജിനൽ രേഖയും(രേഖ പണയത്തിലാണെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ്),ആധാർ കാർഡും കൊണ്ടുവരണം.ഒരു വില്ലേജിലെ ഒരു ദേശത്തിന്റെ പരിധിയിൽ ഒരാൾ കൈവശം വെയ്ക്കുന്ന എല്ലാ ഭൂമിയുടെയും വിവരങ്ങൾ ഒരു അപേക്ഷയിൽ ഉൾപ്പെടുത്തണം.

കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷനിൽ ശിശു സൗഹൃദ ബ്ലോക്ക് തുറക്കും

 

kerala news a child friendly block will be opened at kannur town police station

കണ്ണൂർ:കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷനിൽ ശിശു സൗഹൃദ ബ്ലോക്ക് തുറക്കും നവംബർ 14 ശിശുദിനത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.ഇഷ്ട്ട കാർട്ടൂൺ കഥാപാത്രങ്ങളും പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ഇവിടെ ഒരുക്കും.പരാതിയുമായി വരുന്നവർ,കേസുകളിൽ അകപ്പെട്ടവർ,പ്രത്യേക പരിഗണന കിട്ടേണ്ട കേസുകളിലെ കുട്ടികൾ തുടങ്ങിയവർക്ക് ഇനി പേടിക്കാതെ സ്റ്റേഷനിലേക്ക് വരാം.പുസ്തകങ്ങൾ വായിക്കാനും ടി.വി കാണാനുമുള്ള സൗകര്യങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.ഇതിനു പുറമെ കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്കായി പഞ്ഞിക്കിടക്കയുമുണ്ട്.ഒപ്പം തൊട്ടിലും  ശുചിമുറിയും വിശാലമായ വിശ്രമമുറിയും ഒരുക്കും.കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള പ്രത്യേക മുറിയും സജ്ജമാക്കും. ലൈബ്രറി സൗകര്യവും  ഉണ്ടാകും.അരക്ഷിത സാഹചര്യങ്ങളിൽ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കേണ്ടിവരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയാണു ഇത്തരത്തിലൊരു സംവിധാനം നടപ്പിലാക്കുന്നതിന് എസ്.ഐ ഷൈജു പറഞ്ഞു.കണ്ണൂർ കൂടാതെ സംസ്ഥാനത്തെ മറ്റ് ആറ് ടൌൺ സ്റ്റേഷനുകളും ശിശുസൗഹൃത സ്റ്റേഷനാകാൻ ഒരുങ്ങുന്നുണ്ട്. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ബ്ലോക്കിന്റെ സംസ്ഥാനതല ഉൽഘാടനം നടത്താനാണ് അധികൃതരുടെ തീരുമാനം.

കണ്ണൂർ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ ഈമാസം 26 ന് അടച്ചിടും

keralanews akshaya centers in kannur district will be closed on 26th

കണ്ണൂർ:അക്ഷയ ഇ കേന്ദ്രങ്ങൾ എന്ന പേരിൽ അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അക്ഷയ കേന്ദ്രങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ ഈ മാസം 26 ന് അടച്ചിടും.ഇ ഗവേണൻസ് സർവീസുകൾ അക്ഷയയിലൂടെ മാത്രം നടപ്പാക്കുക,അക്ഷയ സെന്ററുകൾക്ക് സബ്‌സെന്ററുകൾ അനുവദിക്കുക,വ്യാജ ജനസേവന കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കുക,ആധാർ ഫണ്ട് വിനിയോഗം വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി 26 ന് ഐ.ടി മിഷൻ മാർച്ചും നടക്കും.

ആറളത്ത് വീണ്ടും കാട്ടാന ശല്യം;ചെക്ക് ഡാമും തെങ്ങുകളും നശിപ്പിച്ചു

keralanews wild elephant attack in aralam farm chek dam and coconut trees destroyed

ആറളം:ആറളം ഫാം പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാന ശല്യം.കഴിഞ്ഞ ദിവസം ഫാമിന്റെ അതിർത്തിയിലെ ആനമതിൽ തകർത്ത കാട്ടാനക്കൂട്ടം ഫാമിന്റെ അധീനതയിലുള്ള ചെക്ക് ഡാം നശിപ്പിച്ചു.പ്രദേശത്തെ ഏഴു തെങ്ങുകളും ആനക്കൂട്ടം കുത്തി വീഴ്ത്തി.തെങ്ങുകൾ വീണു ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി.നേരത്തെ നാല് ആനകളടങ്ങിയ ഒരു കൂട്ടം ഫാമിനകത്ത് മാസങ്ങളായി താവളമടിച്ചിരുന്നു.ഇവയെ കൂടാതെ രണ്ടു ആനകളും കൂടി ഫാമിലേക്ക് പ്രവേശിച്ചു.കഴിഞ്ഞ ദിവസം ആനമതിൽ  തകർത്ത ഭാഗത്തു കൂടിയാണ് പുതിയ സംഘം ഫാമിനകത്തേക്ക് പ്രവേശിച്ചത്.ഫാമിന്റെ ഒന്നാം ബ്ലോക്കിൽ പൂർണ്ണമായും രണ്ടാം ബ്ലോക്കിൽ ഭാഗികമായും ജലസേചന സൗകര്യം നൽകുന്ന ചെക്ക് ഡാം ആണ് നശിപ്പിക്കപ്പെട്ടത്.ഇതോടെ ജലസേചന സൗകര്യം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.ആറളം വന്യജീവി സങ്കേതത്തെ ജനവാസ മേഖലയുമായി വേർതിരിക്കുന്ന ആനമതിൽ തകർന്നതോടെ ആദിവാസികൾ ഭീതിയിലാണ് കഴിയുന്നത്.പുനരധിവാസ മേഖലയിൽ കാടുമൂടി കിടക്കുന്ന പ്രദേശത്ത് പകൽ സമയത്ത് നിലയുറപ്പിക്കുന്ന കാട്ടാനക്കൂട്ടം രാത്രിയോടെ ഫാമിലേക്ക് പ്രവേശിക്കും.ജനവാസ മേഖലയിൽ ഇറങ്ങിയ ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ഒരു നടപടിയും ഇത് വരെ സ്വീകരിച്ചിട്ടില്ല. ഇതോടെ രാത്രി വീടിനുള്ളിൽ പോലും സുരക്ഷിതമായി കഴിയാൻ സാധിക്കുന്നില്ല എന്നാണ് ആദിവാസികൾ പറയുന്നത്.

ഐ.വി ശശിയുടെ ശവസംസ്‌കാരം ഇന്ന് വൈകുന്നേരം ആറു മണിക്ക് ചെന്നൈയിൽ

keralanews director iv sasis funeral is today evening 6oclock in chennai

കൊച്ചി:പ്രശസ്ത സംവിധായകൻ ഐ.വി ശശിയുടെ ശവസംസ്‌കാരം ഇന്ന് വൈകുന്നേരം ആറു മണിക്ക് ചെന്നൈയിൽ നടക്കും.സാലിഗ്രാമം സ്റ്റേറ്റ് ബാങ്ക് കോളനി അബുസാലി സ്ട്രീറ്റിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം വൈകുന്നേരം ആറുമണിക്ക് പൊരൂർ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കും.അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഐ.വി ശശി ചൊവ്വാഴ്ച രാവിലെ ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചത്.പ്രശസ്ത നടി സീമയാണ് ഭാര്യ. അനി,അനു എന്നിവർ മക്കളാണ്.മകളെ കാണാൻ ചൊവ്വാഴ്ച വൈകിട്ട് ഓസ്‌ട്രേലിയയിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

ഷെറിൻ മാത്യൂസ് മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചതുമൂലമുണ്ടായ ശ്വാസതടസ്സത്തെ തുടർന്ന്

keralanews missing girl sherin mathews died after chocking on milk

യു.എസ്:യു എസ്സിലെ ടെക്‌സാസിൽ കാണാതായ ഷെറിൻ മാത്യൂസ് എന്ന കുട്ടി മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചതുമൂലമുണ്ടായ ശ്വാസതടസ്സത്തെ  തുടർന്നാണെന്നു കുട്ടിയുടെ വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ വെളിപ്പെടുത്തൽ.പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി.തുടർന്ന് അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി.പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു .പാൽ കുടിക്കാത്തതിനാൽ കുട്ടിയെ പുറത്തു നിർത്തിയിരുന്നു എന്നും കുറച്ചുനേരം കഴിഞ്ഞു നോക്കിയപ്പോൾ കുട്ടിയെ കാണാതായി എന്നുമാണ് വെസ്ലി ആദ്യം പൊലീസിന് മൊഴി നൽകിയത്.ഹൂസ്റ്റണിൽ വെസ്ലിയും കുടുംബവും താമസിക്കുന്ന സ്ഥലത്തു നിന്നും ഒരുകിലോമീറ്റർ അകലെനിന്നും ഷെറിന്റെത് എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയിരുന്നു.മൃതദേഹത്തിൽ കുട്ടിക്ക് ക്രൂരമായ പീഡനങ്ങൾ ഏറ്റതിന്റെ അടയാളങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.മൂന്നാഴ്ച മുൻപാണ് വെസ്ലി മാത്യു-സിനി ദമ്പതികളുടെ മകൾ ഷെറിനെ കാണാതായത്.ബീഹാറിലെ അനാഥാലയത്തിൽ നിന്നും ഇവർ എടുത്തു വളർത്തിയ കുട്ടിയാണ് ഷെറിൻ.